കുറഞ്ഞ ചെലവിൽ 150 വീട്ടുമുറ്റത്ത് പച്ചക്കറിക്കൃഷി വിജയിപ്പിച്ച് സമന്വയയുടെ കൂട്ടുകൃഷി

HIGHLIGHTS
  • സംസ്ഥാന കൃഷിവകുപ്പിന്റെ പുരസ്കാരം നേടിയ റസിഡൻസ് അസോസിയേഷൻ
  • 10 മുതൽ 50 വരെ ബാഗുകളിലായിരുന്നു കൃഷി
association
SHARE

വാർഷികാഘോഷവും ഉല്ലാസയാത്രയും നടത്തി കൂട്ടായ്മ ശക്തിപ്പെടുത്തിയിരുന്ന കേരളത്തിലെ റസിഡൻസ് അസോസിയേഷനുകൾ ഇപ്പോൾ കൃഷിയിലും സജീവമായിരിക്കുകയാണ്. കൂട്ടുകൃഷിയുടെ വിജയഗാഥയാണ് മലപ്പുറം ജില്ലയിലെ ചേലേമ്പ്ര പഞ്ചായത്തിലെ സമന്വയ റസിഡൻസ് അസോസിയേഷനു പറയാനുള്ളത്. ഓരോ വ്യക്തിയും സ്വന്തമായി കൃഷി ചെയ്യുന്നതിനു പകരം എല്ലാവരും കൂടി എല്ലാ മുറ്റത്തും കൃഷി ചെയ്യുന്ന രീതി വിജയകരമായി നടപ്പാക്കിയപ്പോൾ സമന്വയ പ്രവർത്തകരെ തേടിയെത്തിയത് സംസ്ഥാന കൃഷിവകുപ്പിന്റെ ഒരു ലക്ഷം രൂപയുടെ പുരസ്കാരമായിരുന്നു. കേരളത്തിലെ റസിഡൻസ് അസോസിയേഷനുകൾക്കെല്ലാം നടപ്പാക്കാവുന്ന രീതിയാണ് സമന്വയ കുറഞ്ഞ ചെലവിൽ 150 വീട്ടുമുറ്റത്ത് വിജയിപ്പിച്ചത്.

വിപണിയിൽനിന്നു ലഭിക്കുന്ന പച്ചക്കറി വീട്ടിലെത്തുമ്പോൾ ഉണ്ടാക്കുന്ന ആരോഗ്യപ്രശ്നങ്ങളെക്കുറിച്ച് മിക്കവർക്കും അറിയാമായിരുന്നു. സ്വന്തമായി പച്ചക്കറി കൃഷി ചെയ്യാൻ പലരും ആഗ്രഹിച്ചിരുന്നെങ്കിലും മണ്ണ്, വളം, വിത്ത്, തൈകൾ എന്നിങ്ങനെ പലതരം പ്രതിസന്ധികളുടെ പേരിൽ നടക്കാതെ പോയി. അസോസിയേഷൻ പ്രസിഡന്റ്  ടി. കൃഷ്ണൻ നമ്പീശൻ, വർക്കിങ് പ്രസിഡന്റ് പി. ശശികുമാർ, ജനറൽ സെക്രട്ടറി കെ.പി. നിഷിദ്‌കുമാർ എന്നിവർ മറ്റ് അംഗങ്ങളോട് സ്വന്തമായി കൃഷി ചെയ്യുന്നതിനെക്കുറിച്ചു സംസാരിച്ചപ്പോൾ ഭൂരിഭാഗം പേരും താൽപര്യം കാണിച്ചു. ചേലേമ്പ്ര കൃഷി ഓഫിസർ കെ.പി. തുളസീദാസിന്റെ പ്രോത്സാഹനം കൂടി ലഭിച്ചതോടെ കൃഷി ആരംഭിക്കാൻ തീരുമാനിച്ചു.

ആദ്യം വിദഗ്​ധ ക്ലാസ്

തവനൂർ, അമ്പലവയൽ കാർഷിക കോളജുകളിൽനിന്നായിരുന്നു കൃഷിയെക്കുറിച്ചുള്ള ശാസ്ത്രീയ ക്ലാസ് ലഭിച്ചത്. താൽപര്യമുള്ള 50 പേരടങ്ങുന്ന സംഘങ്ങളാണ് ക്ലാസിൽ പങ്കെടുത്തത്. കൃഷി ഓഫിസറുടെ നേതൃത്വത്തിൽ മൂന്നു തവണയും ക്ലാസ് നൽകി. മണ്ണൊരുക്കം മുതൽ വിളവെടുപ്പ് വരെയുള്ള കാര്യങ്ങൾ എല്ലാവീട്ടുകാർക്കും സംശയമൊന്നുമില്ലാത്തവിധം മനസ്സിലാക്കിക്കൊടുക്കാൻ സാധിച്ചു. കൃഷി നല്ലരീതിയിൽ നടപ്പാക്കാൻ ഇത്തരം ക്ലാസുകൾ നിർബന്ധമാണെന്ന് വർക്കിങ് പ്രസിഡന്റ് പി. ശശികുമാർ പറയുന്നു.

ഓരോ 10 വീടിനും ഒരാളെന്ന നിലയിൽ ഒരു കമ്മിറ്റി രൂപീകരിച്ചു. അതോടൊപ്പം എല്ലാവരെയും ചേർത്തുകൊണ്ട് വാട്‍സാപ് ഗ്രൂപ്പും.

മണ്ണും വളവും നിറച്ച ഗ്രോബാഗ് വീട്ടുമുറ്റത്ത്

ഗ്രോ ബാഗിൽ കൃഷി ചെയ്യാനായിരുന്നു തീരുമാനം. ഓരോ വീടിനും വേണ്ട ബാഗുകളുടെ എണ്ണമെടുത്ത് മൊത്തം എണ്ണം വാങ്ങിയതോടെ വലിയ ലാഭമുണ്ടായി. 10 മുതൽ 50 വരെ ബാഗുകളിലായിരുന്നു കൃഷി.  മണ്ണ്, ചാണകപ്പൊടി, വേപ്പിൻപിണ്ണാക്ക്, ചകിരിച്ചോറ്, ജൈവവളം എന്നിവ ചേർത്തിളക്കിയ ഗ്രോബാഗ് ഓരോ വീട്ടിലും എത്തിച്ചുകൊടുക്കുകയായിരുന്നു. വിത്തുകളും തൈകളും കൃഷിഭവൻ നൽകി. മണ്ണു നിറച്ച  ഒരു ഗ്രോബാഗിന് 20 രൂപയേ ചെലവു വന്നുള്ളൂ. 

തക്കാളി, പച്ചമുളക്, ചീര, വഴുതന,  വെണ്ട,പയർ, മത്തൻ, കുമ്പളം എന്നിവയാണ് കൃഷി ചെയ്തത്. ഓരോ സമയത്തും ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ച് വാട്‍സാപ്പിൽ വിവരം നൽകും. ജൈവ കീടനാശിനികളായിരുന്നു ഉപയോഗിച്ചിരുന്നത്. എല്ലാവർക്കും വേണ്ട കീടനാശിനി 5 വീടുകളിൽ നിർമിച്ചു. ഗോമൂത്രം,  വേപ്പിൻ പിണ്ണാക്ക് ലായനി, പറങ്കിമുളക് എന്നിവ ചേർത്ത മിശ്രിതമായിരുന്നു കീടനാശിനി.

150 വീടുകളിലെ അറുന്നൂറോളം പേരും കൃഷിയിൽ സജീവമായിരുന്നു. വിളവെടുപ്പു തുടങ്ങിയപ്പോൾ വിൽപ്പന അസോസിയേഷൻ അംഗങ്ങൾ വഴിയായിരുന്നു. അതുകൊണ്ടു തന്നെ വിപണി തേടി നടക്കേണ്ടി വന്നില്ല. അസോസിയേഷൻ അംഗങ്ങളുടെ വീടുകളിൽനിന്നു തന്നെയായിരുന്നു ചാണകവും ഗോമൂത്രവും ശേഖരിച്ചിരുന്നത്. 

ഗ്രോ ബാഗ് കൃഷിക്കു പുറമെ 2.5 ഏക്കർ സ്ഥലത്ത് നെൽകൃഷിയും ചെയ്യുന്നുണ്ട്. വാഴക്കൃഷി, കിഴങ്ങുവർഗങ്ങൾ, ഇലക്കറികൾ എന്നീ കൃഷിക്കും അസോസിയേഷൻ പ്രാധാന്യം കൊടുക്കുന്നുണ്ട്. കേരളീയ സാഹചര്യത്തിൽ കൃഷി ചെയ്യാൻ പറ്റാത്തതെല്ലാം ഇവിടെത്തന്നെ കൃഷി ചെയ്യാനാണ് പുതിയ തീരുമാനം.

കൃഷി വകുപ്പിന്റെ അവാർഡ് തുകയായ ഒറു ലക്ഷം രൂപ കൃഷി ആവശ്യത്തിനു തന്നെ ഉപയോഗിക്കുമെന്ന് ശശികുമാർ പറഞ്ഞു.

വിവരങ്ങൾക്ക്

കൃഷി ഓഫിസർ കെ.പി. തുളസീദാസ്, 9847442313
പി. ശശികുമാർ 9746358102

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
FROM ONMANORAMA