ADVERTISEMENT

കര്‍ഷകശ്രീ വാര്‍ഷികപ്പതിപ്പിലെ (ഡിസംബർ ലക്കം) വിചാരണ പംക്തിയില്‍ പ്രസിദ്ധീകരിച്ച ‘വിശുദ്ധ പശുവോ ജൈവകൃഷി’ എന്ന ലേഖനത്തിന് ഒട്ടേറെ പ്രതികരണങ്ങളാണ് ലഭിക്കുന്നത്. തിരഞ്ഞെടുത്ത ഏതാനും പ്രതികരണങ്ങളിൽ ഒന്ന് ചുവടെ കൊടുക്കുന്നു. വിലാസം: പത്രാധിപര്‍, കര്‍ഷകശ്രീ, മലയാള മനോരമ, കോട്ടയം. ഇ–മെയില്‍: karsha@mm.co.in

ഞാൻ മുഴുവൻസമയ കൃഷിക്കാരനല്ല. എന്നാൽ  കൃഷി നന്നായി ചെയ്യാന്‍ ശ്രമിക്കുന്ന ആളാണ്. കുറെ നാളായി പല കൃഷിരീതികളെയും ഉയർത്തിപ്പിടിച്ച് രാസകൃഷിക്ക് എതിരെ  അതിശക്തമായ പ്രചാരണം ഇവിടെ നടക്കുന്നുണ്ട്. എന്തായാലും ‘രാജാവ് നഗ്നനാ’ണെന്നു പറയാൻ ഡോ. കെ.എം. ശ്രീകുമാർ കാണിച്ച ആര്‍ജവത്തെ  അഭിനന്ദിക്കുന്നു.   

രാസവസ്തുക്കൾ ഉപയോഗിച്ചുള്ള കൃഷി പാപകർമമാണെന്ന പ്രചാരണത്തിൽ അത്തരം കൃഷി  ചെയ്യുന്നവര്‍ അധമരാണെന്ന ധ്വനിയുണ്ട്. ഇത്തരം പ്രചാരണങ്ങളുടെ ചുക്കാൻ പിടിക്കുന്നത് ചില ‘ചാരുകസേര കൃഷിക്കാർ’ ആണെന്നു  സൂക്ഷ്മമായി നിരീക്ഷിച്ചാൽ മനസ്സിലാക്കാം. 

ജൈവകൃഷി, പ്രകൃതികൃഷി, സീറോ ബജറ്റ് കൃഷി എന്നിങ്ങനെയുള്ള കൃഷിരീതികൾക്കു ശാസ്ത്രീയ അടിത്തറ ഇല്ലെന്നതല്ലേ വാസ്തവം.  ഏതെല്ലാം ഓമനപ്പേരിട്ടു വിളിച്ചാലും ഈ കൃഷിരീതികൾ വിശ്വാസത്തിൽ ഊന്നിയുള്ളതു  തന്നെയാണ്. വിശ്വാസത്തിനു തെളിവ് ആവശ്യമില്ലല്ലോ. എന്നാല്‍ ശാസ്ത്രീയമായത് ആവർത്തനക്ഷമവും എവിടെ വച്ചു നടത്തിയാലും ഒരേ ഫലം തരുന്നതുമായിരിക്കും. വ്യക്തികള്‍ക്ക് ഇത്തരം വിശ്വാസമാകാം. എന്നാല്‍ കേന്ദ്ര, സംസ്ഥാന  സർക്കാരുകള്‍ ഇവയോടു കാണിക്കുന്ന അന്ധമായ വിശ്വാസം അപകടസൂചനയാണ്. നമ്മുടെ ഭക്ഷ്യസുരക്ഷയ്ക്കു ഭീഷണിയുമാണ്. 

സുഭാഷ് പലേക്കറിന്റെ കൃഷിരീതിയും വിശ്വാസത്തിൽ ഊന്നിയുള്ളതാണ്. വിശ്വാസപ്രമാണങ്ങൾ ഓരോന്നായി നോക്കുക. നാടൻ പശു ഒരു വിശിഷ്ട ജീവിയാണ്. അതിന്റെ ഒരുഗ്രാം ചാണകത്തിൽ രണ്ടു കോടി സൂക്ഷ്മജീവികളുണ്ട്! 30 ഏക്കർ കൃഷി നടത്താൻ ഇത്തരം പശു മതി. ഇന്ത്യൻ മണ്ണിരകളാണ് മണ്ണിരകൾ. ആഫ്രിക്കൻ മണ്ണിരകൾ മണ്ണിരകളല്ല. അവ ഘനമൂലകങ്ങളെ സാന്ദ്രീകരിക്കുന്നു. മണ്ണിരക്കമ്പോസ്റ്റ് മണ്ണിനെ മുടിക്കും. ‘ജീവാമൃതം’ തയാറാക്കുമ്പോൾ ഇടത്തുനിന്നു വലത്തോട്ടുമാത്രം ഇളക്കുക. ഈ വിശ്വാസപ്രമാണങ്ങൾക്ക് എന്തെങ്കിലും തെളിവുണ്ടോ? ഇല്ല. ഏതെങ്കിലും ലബോറട്ടറി റിപ്പോർട്ട് ഈ വിശ്വാസപ്രമാണങ്ങളെ സാധൂകരിക്കുന്നുണ്ടോ? ഇല്ല.  പക്ഷേ,  വിശ്വസിച്ചോളണം.  

പശുവിന്റെ ചാണകം മാത്രം ഉപയോഗിച്ചാൽ  സസ്യങ്ങൾക്ക് ആവശ്യമായ 16 മൂലകങ്ങളും മറ്റും താനേ ഉണ്ടായിക്കൊള്ളും എന്നു വിശ്വസിക്കുന്നവരെ അവരുടെ വിശ്വാസം രക്ഷിക്കട്ടെ. എന്നാൽ ശാസ്ത്രം ഇതിനു പിന്തുണ നൽകുന്നില്ല. ഇംഗ്ലണ്ടിലെ റൊഥാംസ്റ്റെഡ് വള പരീക്ഷണങ്ങൾ (Fertilizer Experiments) 1843–ൽ ആരംഭിച്ചതാണ്. ഇന്നും അവിടെ അതു മാറ്റമില്ലാതെ തുടരുന്നു. അവയിലെ ഒരു പരീക്ഷണ പ്ലോട്ടിൽ ഇന്നും രാസവളങ്ങൾ മാത്രം ചേർത്തു ഗോതമ്പുകൃഷി നടത്തുന്നുണ്ട്. 175 വർഷങ്ങളായി സമീകൃതമായ തോതിൽ രാസവളപ്രയോഗം മാത്രം നടത്തിവരുന്ന ആ പ്ലോട്ടിൽനിന്ന് ഇംഗ്ലണ്ടിലെ ശരാശരി ഗോതമ്പു വിളവിനെക്കാൾ കുറയാത്ത വിളവു ലഭിക്കുന്നുണ്ട്. മന്ത്രവാദ കൃഷിക്കാരുടെയും ചാരുകസേര കൃഷിക്കാരുടെയും ഭയപ്പെടുത്തലു കൾ വച്ചു നോക്കിയാൽ ആ പ്ലോട്ടിൽ ഒരു പുല്ലുപോലും കിളിർക്കാൻ സാധ്യതയില്ല. പക്ഷേ, അവിടെ 175 വർഷമായി ഗോതമ്പു വിളയുന്നുണ്ട്.  

നാം ഏതുതരം വളം മണ്ണിൽ ചേർത്താലും (രാസവളമോ ജൈവവളമോ ആകട്ടെ) അവയെ ചെടികൾ ആഗിരണം ചെയ്യുന്നത് രാസരൂപത്തിൽ (അയോണിക രൂപത്തിൽ) തന്നെയാണ്.  ആ രൂപത്തിലേക്ക് മാറ്റുന്നത് മണ്ണിലെ സൂക്ഷ്മ ജീവികളാണ് എന്നതും പരമാർഥം. രാസവളത്തിലെ പൊട്ടാഷും ചാരത്തിലെ പൊട്ടാഷും ചാണകത്തിലെ പൊട്ടാഷും ചെടികൾക്കു ലഭ്യമാകുന്നത് അയോണിക രൂപത്തിലാണെന്നതും സത്യം.

ഡോ. കെ.എം. ശ്രീകുമാർ ചൂണ്ടിക്കാണിച്ചതുപോലെ നാം അസുഖത്തിനെതിരെ കഴിക്കുന്ന മരുന്നുകളും രാസവസ്തുക്കൾ തന്നെയാണ്. വെള്ളം കൂടുതൽ കഴിച്ചാൽ വാട്ടർ പോയിസണിങ് എന്ന അവസ്ഥ ഉണ്ടാകാം എന്നതുപോലെയാണ് കൃഷിയിൽ രാസവസ്തുക്കളും. മിതമായി ഉപയോഗിച്ചാൽ രാസവളങ്ങളും കീട നാശിനികളും കുഴപ്പക്കാരല്ല.  

കേരളീയർ വളമിടുകയാണു ചെയ്യുന്നത്. അതു നമ്മൾ ചവറിട്ടും ചാണകമിട്ടും ചാരമിട്ടും ശീലിച്ചതുകൊണ്ടാണ്. ചവറും ചാണകവും ചാരവും നമുക്ക് എത്ര വേണമെങ്കിലും ഇടാം.  എന്നാല്‍ രാസവളം മണ്ണറിഞ്ഞു പ്രയോഗിക്കുകയാണു വേണ്ടത്. അതുപോലെയാണു രാസകീടനാശിനികളും. നമ്മൾ മരുന്ന് (കീട നാശിനി) അടിക്കുകയാണ്.  എന്നാല്‍ കീടനാശിനി മരുന്നല്ല, അതു പ്രയോഗിക്കുകയാണു വേണ്ടത്. ആധുനിക വൈദ്യശാസ്ത്രത്തിലെ മരുന്നുപോലെ ഇതിനും കൃത്യമായ മാത്ര(ഡോസ്)യുണ്ട്. നമ്മുടെ ആചാര്യന്മാർ പറഞ്ഞതുപോലെ ‘അമിതമായാൽ അമൃതും വിഷം’. ‘അതിസർവത്ര വർജ്ജയേത്’ ഇതാണ് ആധുനിക കൃഷിരീതിയിൽ അനുവർത്തിക്കേണ്ട പ്രമാണം.  

അഡ്വ. ടി.ബി. ബാബു, തേക്കുമലക്കുന്നേൽ, മുരിക്കാശേരി, ഇടുക്കി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com