ADVERTISEMENT

പ്ലാസ്റ്റിക് നിരോധനവും വിരോധവുമൊക്കെ കൃഷിക്കാർക്കു പ്രയോജനപ്പെടുത്താനാകുമോ? സാധ്യതയുണ്ടെന്നാണ് യുക്രെയ്നിലും ബംഗാളിലും നിന്നുള്ള സൂചനകൾ. യുക്രെയ്നിലെ പ്രമുഖ കണ്ണടക്കമ്പനിയായ ഒഷിസ് ഐവെയറിന്റെ പരിഷ്കാരമാണ് ഇവയിലൊന്ന്. കാപ്പിത്തൊണ്ടുപയോഗിച്ച് സൺഗ്ലാസിന്റെ ഫ്രെയിം നിർമിക്കുകയാണവർ. ഇതുവഴി കണ്ണടയിൽനിന്ന് പ്ലാസ്റ്റിക്  ഒഴിവാകുമെന്നു മാത്രമല്ല, മൂക്കിലേയ്ക്ക് സദാ കാപ്പിയുടെ സുഗന്ധം പ്രസരിക്കുകയും ചെയ്തേക്കും. ഒരേസമയം പരിസ്ഥിതിസൗഹൃദവും  ഫാഷൻ സങ്കൽപങ്ങൾക്കു ചേരുന്നതുമായ സൺഗ്ലാസ് ഉണ്ടാക്കാൻ ഒഷിസ് സിഇഒ മാക്സിം ഹെറിലെങ്കോ  നടത്തിയ പരിശ്രമങ്ങളാണ് ഇതിനിടയാക്കിയത്. ഫ്രെയിമുണ്ടാക്കാൻ പല തരം സസ്യഭാഗങ്ങൾ ഹെറിലെങ്കോ പരീക്ഷിച്ചെങ്കിലും കാപ്പിത്തൊണ്ടാണ് ഏറ്റവും യോജ്യമെന്ന് ഒടുവിൽ കണ്ടെത്തുകയായിരുന്നു. സംസ്കരണശാലകളിൽ പാഴാകുന്ന ടൺകണക്കിനു കാപ്പിത്തൊണ്ടിനു പുതിയ വിപണിയൊരുക്കാൻ ഇത്തരം പരിഷ്കാരങ്ങൾക്കു കഴിഞ്ഞേക്കാം. ആത്യന്തികമായി കാപ്പിക്കർഷകർക്ക് അധികവില കിട്ടാനും ഇതുപകരിക്കും. ബംഗാളിലാകട്ടെ, പ്ലാസ്റ്റിക് നിരോധനത്തെത്തുടർന്ന് ചണവ്യവസായവും കൃഷിയും ഉയർത്തെഴുന്നേൽപ്പിന്റെ പാതയിലാണ്. പ്ലാസ്റ്റിക് കൂടുകൾ വഴിമാറുന്നതോടെ പകരക്കാരായെത്തുന്ന ചണക്കൂടുകൾക്കും ചാക്കുകൾക്കും വലിയ ഓർഡറാണ് ലഭിക്കുന്നത്.  ചണമില്ലുകൾക്ക് ഉൽപാദനശേഷി മുഴുവൻ പ്രയോജനപ്പെടുത്തിയിട്ടും ഓർഡറുകൾ പാലിക്കാൻ കഴിയുന്നില്ല. ചണം കൊണ്ടുള്ള ഷോപ്പിങ് ബാഗുകൾക്ക് ആവശ്യക്കാരേറെയാണ്.

കയറും വാഴനാരുമൊക്കെയുള്ള നമ്മുടെ നാട്ടിലെ കൃഷിക്കാർക്കും ഇതൊരു അവസരമാക്കാം. അൽപം പരിശ്രമവും ഭാവനയും വേണമെന്നു മാത്രം.

കൊക്കോക്കൃഷിയുടെ നല്ല കാലം

ഉൽപാദനം കുറയുമെന്ന ആശങ്ക അവസാനിപ്പിച്ചുകൊണ്ട് കേരളത്തിലെയും കർണാടകത്തിലെയും കൊക്കോത്തോട്ടങ്ങളിൽനിന്ന് മികച്ച വിളവിന്റെ റിപ്പോർട്ടുകളാണ് വരുന്നത്. കഴിഞ്ഞ ഏപ്രിലിലെ ആദ്യസീസണും മികച്ചതായിരുന്നെങ്കിലും പിന്നീടുള്ള മാസങ്ങളിലെ തുടർച്ചയായ മഴ ഉൽപാദനം കുറയ്ക്കുമെന്നാണ്  കരുതപ്പെട്ടിരുന്നത്. കഴിഞ്ഞ സാമ്പത്തികവർഷം കൊക്കോയുടെ ആഭ്യന്തര ഉൽപാദനം 20 ശതമാനം ഉയർന്ന് 23981 ടണ്ണിലെത്തിയിരുന്നു. ഇന്ത്യയിൽ ഏറ്റവുമധികം കൊക്കൊ ഉൽപാദിപ്പിക്കുന്നത് ആന്ധ്രപ്രദേശാണ്. തൊട്ടുപിന്നിൽ കേരളം, കർണാടകം, തമിഴ്നാട് സംസ്ഥാനങ്ങളും. 

ഉൽപാദനം എത്ര വർധിച്ചാലും ഇവിടുത്തെ ചോക്കലേറ്റ് വ്യവസായത്തിനു മതിയാകില്ലെന്നതാണ് യാഥാർഥ്യം. കഴിഞ്ഞ വർഷം 52,739ടൺ കൊക്കൊക്കുരുവാണ് അവർ ഇറക്കുമതി ചെയ്തത്. മുൻവർഷത്തെക്കാൾ 60 ശതമാനം കൂടുതൽ.  

ഈ വർഷം ഉൽപാദനം കൂടുന്നത് ഇറക്കുമതിയുടെ ഭാരം കുറയ്ക്കുമെന്ന പ്രതീക്ഷയാണ് ചോക്കലേറ്റ് നിർമാതാക്കൾക്കുള്ളത്.  ഇറക്കുമതിച്ചെലവ് ഉയരുന്നതിലുള്ള ആശങ്കയിലാണവർ. രാജ്യാന്തരവിപണിയിൽ വില കുറവുണ്ടെങ്കിലും 30 ശതമാനം തീരുവ നൽകിവേണം ഇറക്കുമതി നടത്താൻ. ഇതിനു പുറമെ മുഖ്യഉൽപാദകരായ ആഫ്രിക്കൻ രാജ്യങ്ങൾ ഇറക്കുമതിക്ക് നിശ്ചിതവില ഉറപ്പാക്കാൻ നടത്തുന്ന നീക്കങ്ങളും  ആഭ്യന്തരഉൽപാദനത്തെ കൂടുതലായി ആശ്രയിക്കാൻ അവരെ നിർബന്ധിതമാക്കും.

നാടൻകൂർക്ക വിപണിയിൽ

നേന്ത്രപ്പഴത്തിന് സംസ്ഥാനത്ത് പൊതുവേ 30–38 രൂപ വിലയാണ് ലഭിച്ചത്. എന്നാൽ, കൽപറ്റയിൽ മൊത്തവില 24 രൂപ മാത്രമായിരുന്നു. കിലോയ്ക്ക് 38 രൂപ ലഭിച്ച കോട്ടയത്തും എറണാകുളത്തുമായിരുന്നു ഏറ്റവും ഉയർന്ന വില. പാലക്കാട്ട് 45 രൂപ വിലയുണ്ടായിരുന്ന നാടൻ ഞാലിപ്പൂവനു  തൊട്ടടുത്ത തൃശൂരിൽ 28 രൂപ മാത്രം. ഈ രണ്ടു വിപണികൾക്കു പുറമെ കൽപറ്റയിൽ (30) മാത്രമാണ് നാടൻ ഞാലിപ്പൂവൻ എത്തിയത്. നാടൻ പാളയംകോടന്റെ ലഭ്യതയും നാലു വിപണികളിലായി ഒതുങ്ങി. കൽപറ്റ (24), മ‍ഞ്ചേരി(22), പെരുമ്പാവൂർ(17), തൃശൂർ(18) എന്നിങ്ങനെയായിരുന്നു വില. റോബസ്റ്റയ്ക്ക് കൽപറ്റയിൽ19 രൂപ കിട്ടിയപ്പോൾ മഞ്ചേരിയിൽ 17 രൂപയും തൃശൂരിൽ 18 രൂപയും ലഭിച്ചു.  

പല നാടൻ പച്ചക്കറികളും വിപണിയിൽ വേണ്ടത്ര കിട്ടാനില്ലാത്ത അവസ്ഥയുണ്ട്.  നാടൻ പാവക്കായ്ക്ക് ഏറ്റവും വില കിട്ടിയത് ചാല വിപണിയിലാണ്–55 രൂപ. തലശ്ശേരി (47), കോട്ടയം(46), പെരുമ്പാവൂർ, ആലപ്പുഴ (40), തൃശൂർ(35), മഞ്ചേരി(34), പാലക്കാട് (32) എന്നിങ്ങനെയായിരുന്നു മറ്റിടങ്ങളിലെ വില. വിളവെടുപ്പുകാലമായതോടെ നാടൻ കൂർക്ക വിപണിയിലെത്തിത്തുടങ്ങി. കൽപറ്റയിലും കോട്ടയത്തുമാണ് കൂർക്കയ്ക്ക് ഏറ്റവും കൂടുതൽ വില രേഖപ്പെടുത്തിയത്– 40 രൂപ. ആലപ്പുഴയിലും തൃശൂരും 35 രൂപയും പെരുമ്പാവൂരിൽ 34 രൂപയും മഞ്ചേരിയിൽ 32 രൂപയും പാലക്കാട് 30 രൂപയുമായിരുന്നു കൂർക്കയുടെ വില. ചാല മാർക്കറ്റിൽ 35 രൂപ വിലയുണ്ടായിരുന്ന ചുവന്ന ചീരയ്ക്ക് അതേ ദിവസം  മഞ്ചേരിയിൽ 18 രൂപയും പാലക്കാട് 20 രൂപയും മാത്രമാണ് രേഖപ്പെടുത്തിയത്. ആലുവ(30), കൽപറ്റ(32), തലശ്ശേരി (30) എന്നിങ്ങനെയായിരുന്നു മറ്റിടങ്ങളിൽ ചുവന്ന ചീരയുടെ വില. തേങ്ങയ്ക്ക കൽപറ്റയിൽ 37 രൂപ വിലയുള്ളപ്പോൾ ആലപ്പുഴയിൽ 25 രൂപയും പാലക്കാട്ട് 18 രൂപയും മാത്രം. 

ഇഞ്ചിവിലയിലും വലിയ അന്തരം പ്രകടമായി. ആലപ്പുഴയിൽ കിലോയ്ക്ക് 80 രൂപയും പെരുമ്പാവൂരിലും തലശേരിയിലും 70 രൂപയും  ചാലയിൽ 60 രൂപയും കിട്ടിയ ഇഞ്ചിക്ക്  കൽപറ്റയിൽ 45 രൂപയും തൃശൂരിൽ 55 രൂപയും മാത്രം. കോട്ടയത്തും മഞ്ചേരിയിലും 60 രൂപയായിരുന്നു ഇഞ്ചിവില. ചാല, എറണാകുളം വിപണികളിൽ ശീമച്ചേമ്പിന് 60 രൂപ വില കിട്ടിയപ്പോൾ മഞ്ചേരിയിലും തൃശൂരിലും 40 രൂപ മാത്രം. കൽപറ്റ, കോട്ടയം(50), തലശ്ശേരി (46),ആലപ്പുഴ(45), ആലുവ(43) എന്നിങ്ങനെയായിരുന്നു മറ്റിടങ്ങളിലെ വില. ചേനയ്ക്ക് മികച്ച വില കിട്ടിയത് ആലപ്പുഴയിലാണ്–30 രൂപ.  ചാലയിലും തലശ്ശേരിയിലും പെരുമ്പാവൂരും 25 രൂപയും എറണാകുളത്ത് 26 രൂപയും വിലയുണ്ടായിരുന്ന ചേനയ്ക്ക് തൃശൂരിൽ 16 രൂപയും പാലക്കാട് 18 രൂപയും മാത്രമാണ് കിട്ടിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com