ADVERTISEMENT

കൊല്ലം ജില്ലയിൽ ഈ വർഷം 29,000 മെ‍ട്രിക് ടൺ പച്ചക്കറി ഉൽപാദിപ്പിക്കാൻ പദ്ധതി. സുരക്ഷിത പച്ചക്കറി എന്ന ലക്ഷ്യത്തോടെ കൃഷിവകുപ്പ് നടപ്പാക്കുന്ന ജീവനി പദ്ധതിയുടെ ഭാഗമായി 4,179 ഹെക്ടർ സ്ഥലത്തു പച്ചക്കറി കൃഷി നടത്തും. പോഷകത്തോട്ടം, ചാത്തന്നൂരിൽ ആരംഭിച്ച നൂതന രീതിയായ മണ്ണില്ലാകൃഷി എന്നിവ ഉൾപ്പെടെ ഈ പദ്ധതിയിലുണ്ട്. സൗജന്യമായി പച്ചക്കറിത്തൈ വിതരണം ചെയ്യും. ഈ മാസം മുതൽ 2021 ഏപ്രിൽ വരെയാണു  ജീവനി പദ്ധതി. കഴിഞ്ഞ സാമ്പത്തിക വർഷം ജില്ലയിൽ 3599.5 ഹെക്ടർ സ്ഥലത്താണു പച്ചക്കറി കൃഷി നടത്തിയത്. 26,528 മെട്രിക് ടൺ ഉൽപാദിപ്പിച്ചു. കൃഷി വ്യാപിപ്പിച്ച് ഉൽപാദനം വർധിപ്പിക്കാനാണു പദ്ധതി.

കൂടുതൽ ഉൽപാദനം

കഴി​ഞ്ഞ വർഷം ജില്ലയിൽ കൂടുതൽ ഉൽപാദിപ്പിച്ചതു പാവൽ, പടവലം, പയർ, ചീര, വഴുതന, തക്കാളി, മുളക് എന്നിവയാണ്.

സംരക്ഷണം

ഓരോ പ്രദേശത്തെയും പരമ്പരാഗതമായ വിത്തിനങ്ങൾ സംരക്ഷിക്കുകയും വ്യാപിപ്പിക്കുകയും ചെയ്യും. ആനക്കൊമ്പൻ വെണ്ട, ചതുരപ്പയർ, പുള്ളിപ്പയർ, കറുത്ത പയർ തുടങ്ങിയവ കൃഷി ചെയ്യുന്നതോടൊപ്പം കൂടുതൽ സ്ഥലങ്ങളിലേക്കു വ്യാപിപ്പിക്കുകയും ചെയ്യും.

സ്കൂൾ കൃഷി

കൊല്ലം ജില്ലയിലെ സ്കൂളുകളിലും പൊലീസ് സ്റ്റേഷനുകളിലും പച്ചക്കറി കൃഷി ആരംഭിച്ചു. ജില്ലയിൽ 310 സ്കൂളിൽ  പച്ചക്കറി കൃഷിയുണ്ട്. വെട്ടിക്കവല, ചടയമംഗലം ബ്ലോക്ക് പഞ്ചായത്തുകളാണു മുന്നിൽ. വെട്ടിക്കവലയിൽ  90 സ്കൂളുകളിലും ചടയമംഗലം ബ്ലോക്കിൽ മിക്ക സ്കൂളുകളിലും പച്ചക്കറി കൃഷി നടത്തി. ജീവനി പദ്ധതിയുടെ ഭാഗമായി എല്ലാ കൃഷിഭവനുകളിലും പച്ചക്കറി കൃഷി നടത്തും.

പോഷകത്തോട്ടം

ഉയരം കുറഞ്ഞ അഗസ്തി, പപ്പായ, കറിവേപ്പ്, കോവൽ തുടങ്ങിയവയുടെ തൈയാണു പോഷകത്തോട്ടം പദ്ധതിയിലൂടെ വിതരണം ചെയ്യുന്നത്. ആദ്യം ഇത്തിക്കര ബ്ലോക്ക് പഞ്ചായത്തിലെ ജനപ്രതിനിധികൾക്കാണു നൽകുക. 

കൃഷി പാഠശാല

ആരോഗ്യ വകുപ്പിന്റെ സഹകരണത്തോടെ ബോധവൽകരണ ക്ലാസുകൾ നടത്തുന്നു. പ‍ഞ്ചായത്തുകളിൽ 81 ക്ലാസുകൾ പൂർത്തിയായി.  ബ്ലോക്ക്‌തല ബോധവൽകരണം ഉടൻ ആരംഭിക്കും. സുരക്ഷിത  പച്ചക്കറിയെക്കുറിച്ചാണു ക്ലാസുക‍ൾ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com