ADVERTISEMENT

കര്‍ഷകശ്രീ വാര്‍ഷികപ്പതിപ്പിലെ (ഡിസംബർ ലക്കം) വിചാരണ പംക്തിയില്‍ പ്രസിദ്ധീകരിച്ച ‘വിശുദ്ധ പശുവോ ജൈവകൃഷി’ എന്ന ലേഖനത്തിന് ഒട്ടേറെ പ്രതികരണങ്ങളാണ് ലഭിക്കുന്നത്. തിരഞ്ഞെടുത്ത ഏതാനും പ്രതികരണങ്ങളിൽ ഒന്ന് ചുവടെ കൊടുക്കുന്നു. വിലാസം: പത്രാധിപര്‍, കര്‍ഷകശ്രീ, മലയാള മനോരമ, കോട്ടയം. ഇ–മെയില്‍: karsha@mm.co.in

രാസകൃഷി മനുഷ്യനും പ്രകൃതിക്കും ദോഷകരം തന്നെ. രാസവളങ്ങൾ മണ്ണിൽ ചേർക്കുമ്പോൾ അവിടെ വിഷമയമായ വസ്തുക്കൾ എങ്ങനെ വരുന്നു എന്നു നോക്കാം. നാം ഉപയോഗിക്കുന്ന രാസവളങ്ങളായ ഫോസ്ഫറസ്, പൊട്ടാഷ് എന്നീ വളങ്ങൾ മണ്ണിൽനിന്നു കുഴിച്ചെടുക്കുന്നതാണ്. അവ ഖനനം ചെയ്തെടുക്കുമ്പോൾ അതിന്റെ അയിരിൽ കാഡ്മിയം, ലെഡ്, ക്രോമിയം, ആർസെനിക് എന്നീ ദോഷകരമായ ഘനലോഹങ്ങളും അടങ്ങിയിരിക്കും. അതു രാസവളത്തിൽകൂടി ചെടിയിൽ പ്രവേശിച്ച് ഭക്ഷ്യവിഭവങ്ങളുടെ ഭാഗമാകുന്നു. മേൽപറഞ്ഞ ഘനലോഹങ്ങൾ മനുഷ്യനു ഹാനികരമാണ്. കേരള കാർഷിക സർവകലാശാലയിൽ ഉഷാ മാത്യു നടത്തിയ പഠനത്തിൽ (1999) ‌ഘനലോഹങ്ങൾ കേരളത്തിലെ ചെടികളിലും മണ്ണിലും വളരെ കൂടുതലായി കണ്ടിരുന്നു.

ഘനലോഹങ്ങൾ അടങ്ങിയ ഭക്ഷണപദാർഥങ്ങൾ മനുഷ്യൻ കഴിക്കുമ്പോൾ കരളിനും വൃക്കകൾക്കും രോഗങ്ങൾ വരും. അതുകൊണ്ടാണു കേരളത്തിൽ കരൾരോഗവും വൃക്കരോഗവും കൂടിയത്. രാസവളം ധാരാളമായി ഉപയോഗിച്ചു നെൽകൃഷി ചെയ്യുന്ന സ്ഥലങ്ങളിൽ കാൻസർരോഗവും വർധിക്കുന്നുണ്ട്. ഭക്ഷണപദാർഥങ്ങളിലെ ഘനലോഹങ്ങളെപ്പറ്റിയുള്ള പഠനറിപ്പോർട്ടുകൾ സാധാരണയായി പ്രസിദ്ധീകരിക്കാറില്ല. രാസവള ഉപയോഗം കുറഞ്ഞാലോ എന്ന പേടികൊണ്ടാണ് ഇപ്രകാരം അധികാരികൾ പ്രവർത്തിക്കുന്നത്.

നൈട്രജന്‍ പ്രധാനമായ വളങ്ങൾ ഉപയോഗിക്കുമ്പോൾ അതിൽനിന്നു നൈട്രേറ്റ് എന്ന വിഷപദാർഥം ഉണ്ടാകുന്നു. ഇത് മനുഷ്യനും, മൃഗങ്ങൾക്കും പല രോഗങ്ങൾക്കു കാരണമാകുന്നു. പ്രമേഹം ഉണ്ടാകാനുള്ള ഒരു കാരണം വെള്ളത്തിലെ നൈട്രേറ്റിന്റെ അളവു കൂടുന്നതാണ്. നൈട്രജന്‍ അടങ്ങിയ വളങ്ങൾ ഉപയോഗിക്കു മ്പോൾ ചെടികൾ അതിനെ വലിച്ചെടുത്ത് പ്രോട്ടീൻ ഉൽപാദിപ്പിക്കുന്നു. നൈട്രജന്റെ അളവ് ചെടിയിൽ കൂടിയാൽ അതെല്ലാം പ്രോട്ടീനായി മാറ്റാൻ ചെടികൾക്ക് കഴിയില്ല. അതു നൈട്രജന്‍ ആയിത്തന്നെ ചെടിയിൽ നിലനിൽക്കും. ഇതിനെ പ്രോട്ടീനിൽ ഉൾപ്പെടാത്ത നൈട്രജന്‍   (Non- protein Nitrogen) എന്നു പറയുന്നു. ഇതു ചെടിയിൽ ഉണ്ടായാൽ ആ ചെടികളെ കീടങ്ങളും രോഗങ്ങളും ആക്രമിക്കും. അങ്ങനെയുള്ള ചെടികളെ മനുഷ്യൻ ഭക്ഷിച്ചാൽ അതു ദഹിക്കുകയില്ല. പല രോഗങ്ങൾക്കും അതു കാരണമാകും. എല്ലാ രാസകീടനാശിനികളും മനുഷ്യർക്കും മൃഗങ്ങൾക്കും ഉപദ്രവം ഉണ്ടാക്കുകയില്ല എന്നു പറഞ്ഞാണ് വിൽപനയ്ക്കു വയ്ക്കുന്നത്. പക്ഷേ, കുറച്ചുനാൾ കഴിയുമ്പോള്‍ പല കീടനാശിനികളും കമ്പോളത്തിൽനിന്നു പിൻവലിക്കുന്നു. ലാഭം നേടുന്നതിനായി കീടനാശിനി ഉൽപാദകർ പല കാര്യങ്ങളും ജനങ്ങളിൽനിന്നു മറച്ചുവയ്ക്കുന്നുണ്ട്. 

ജൈവകൃഷിയില്‍ ഉൽപാദനം കുറയുന്നു എന്നു ചിലര്‍ പറയുന്നുണ്ട്. ചിലപ്പോൾ ആദ്യ വർഷങ്ങളിൽ ഉൽപാദനം കുറയുമായിരിക്കാം. എന്നാൽ കാലക്രമേണ നല്ല തോതിൽ ജൈവവളങ്ങൾ ഉപയോഗിച്ചാൽ ഉൽപാദനക്കുറവു നികത്താൻ കഴിയും. 

ഇപ്പോൾ ഭാരതത്തിൽ ഉൽപാദിപ്പിക്കുന്ന ഭക്ഷ്യപദാർഥങ്ങൾ നമ്മുടെ ജനതയ്ക്ക് ആവശ്യമുള്ളതിലും കൂടുതലാണ്. നമുക്ക് ഇപ്പോള്‍ ആവശ്യത്തിന് ഉൽപാദനത്തിന്റെ 41.5% ഭക്ഷ്യപദാർഥങ്ങൾ മതി.  ഈ സാഹചര്യത്തില്‍ രാസവളവും രാസകീടനാശിനികളും ഉപയോഗിച്ച് ഭക്ഷ്യവിഭവങ്ങൾ ഉൽപാദിപ്പിക്കേണ്ടതുണ്ടോ? ധാരാളം ഭക്ഷ്യപദാർഥങ്ങൾ ഇപ്പോൾ സംഭരണശാലകളിൽ കിടന്നു നശിക്കുന്നുണ്ട്.

ജൈവകൃഷികൊണ്ടു മാത്രം ഉൽപന്നങ്ങളിൽ വേണ്ട അളവിൽ പോഷകപദാർഥങ്ങൾ കാണണമെന്നില്ല. വളരെ നാളത്തെ കൃഷികൊണ്ടും രാസവളങ്ങളുടെ ഉപയോഗംകൊണ്ടും മണ്ണിലെ പോഷകപദാർഥങ്ങൾ കുറയുന്നു. അതിനു പരിഹാരമായി മണ്ണു പരിശോധിച്ചു വേണ്ട അളവിൽ പോഷകമൂല്യങ്ങൾ ജൈവവളം വഴി നൽകണം. അപ്പോൾ ഭക്ഷണപദാർഥങ്ങളിൽ വേണ്ട അളവിൽ പോഷകമൂല്യങ്ങൾ ഉണ്ടാകും.

ഈ ലേഖകൻ എട്ടു വർഷമായി ജൈവകൃഷി നടത്തുന്നു.  എന്റെ കൃഷിയിടത്തിൽ മരച്ചീനി ഏക്കറിന് 12–15 ടൺവരെ ലഭിക്കുന്നു. പാളയംകോടൻ വാഴയിൽനിന്നു 12–15 കിലോ  തൂക്കമുള്ള കുലകളും ഏത്തവാഴയിൽനിന്ന് 10–15 കിലോ തൂക്കമുള്ള കുലകളും ലഭിക്കുന്നുണ്ട്. നമുക്കു വേണ്ട ഭക്ഷണപദാർഥങ്ങൾ ജൈവ രീതിയിൽ ഉൽപാദിപ്പിക്കാൻ കഴിയുമെങ്കില്‍ ഈ ലോകത്തിന്റെ  നിലനിൽപ്പിനെത്തന്നെ ബാധിക്കുന്ന തരത്തിൽ നാം രാസവളങ്ങളും മറ്റു രാസപദാർഥങ്ങളും മണ്ണിൽ വിതറി കൃഷി ചെയ്യണോ?

ആർ.സി. ശശിധരൻനായർ എംഎസ്‌സി (അഗ്രി.)

(റിട്ട.) ജോയിന്റ് കൃഷി ഡയറക്ടർ, ജയഭവൻ, അഴിയ്ക്കാൽ, കാട്ടാക്കട പി.ഒ., തിരുവനന്തപുരം ജില്ല. 695572

English Summary: Chemical Fertilizer vs Organic Fertilizer

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com