ADVERTISEMENT

ഏറ്റവും മികച്ച തേനീച്ച കർഷകനുള്ള സംസ്ഥാന സർക്കാർ പുരസ്കാരം നേടിയ  ആർ.എസ്. ഗോപകുമാറിനെ പരിചയപ്പെടാം. അദ്ദേഹത്തിന്റെ കൃഷിരീതികളും 

ഇക്കൊല്ലത്തെ ഏറ്റവും മികച്ച തേനീച്ച കർഷകനുള്ള സംസ്ഥാന സർക്കാർ പുരസ്കാരം ലഭിച്ചത് കൊല്ലം ജില്ലയിലെ ഇട്ടിവ പഞ്ചായത്തിലെ ആർ.എസ്. ഗോപകുമാറിനാണ്. നാൽപത്തിരണ്ടുകാരനായ ഗോപകുമാർ തേനീച്ചകളോടുള്ള ചങ്ങാത്തം തുടങ്ങിയിട്ട് മൂന്നു പതിറ്റാണ്ടാവുന്നു. കർഷകൻ എന്നതിനൊപ്പം നല്ലൊരു ഗവേഷകൻകൂടിയാണ് ഗോപകുമാർ.

നാട്ടിലൊക്കെ തേൻ ശേഖരിക്കുകയും വിൽപന നടത്തുകയും ചെയ്തിരുന്ന അഷ്ടമൻ എന്ന ചേട്ടനായിരുന്നു ഗോപന്റെ ആദ്യ ഗുരു. അഷ്ടമനിൽനിന്നു കിട്ടിയ തേനറിവുമായാണ് സ്വന്തം നിലയിൽ തേനെടുത്തു തുടങ്ങിയത്. തേനീച്ചകളുടെ പിന്നാലെ നടക്കുന്ന ഗോപനെ മഞ്ഞപ്പാറ ഫിലിപ്പ് എന്ന ഗ്രാമസേവകൻ കണ്ടെ ത്തി. അദ്ദേഹം ആ ചെറുപ്പക്കാരനെ കൊട്ടാരക്കരയിലുള്ള പരിശീലനകേന്ദ്രത്തിലേക്കു പറഞ്ഞുവിട്ടു. അങ്ങനെ ശാസ്ത്രീയ പരിശീലനവും സബ്സിഡിയോടെ 15,000 രൂപയുടെ വായ്പയും ലഭിച്ച ഗോപന്‍ സ്വന്തമായി സംരംഭം തുടങ്ങിയെങ്കിലും വായ്പ തിരിച്ചടയ്ക്കാനുള്ള വരുമാനം ലഭിക്കാതെ വന്നു. 

തമിഴ്നാട്ടിലെ മാർത്താണ്ഡം ഭാഗത്ത് ഒട്ടേറെ തേനീച്ച കർഷകരുണ്ടെന്നു കേട്ടറിഞ്ഞ്  അവിടെയെത്തി പണിക്കാരനായി കൂടി. കൂലിയില്ലെങ്കിലും ഭക്ഷണം കിട്ടുമായിരുന്നു. തേനീച്ചവളർത്തലിന്റെ എല്ലാ വശവും കൃത്യ മായി പഠിച്ചെടുക്കാനായി. ആത്മവിശ്വാസത്തോടെ നാട്ടിലേക്കു മടക്കം. ഇന്ത്യൻ ബാങ്കിനെ സമീപിച്ച് സ്റ്റേറ്റ് ഹോർട്ടികൾച്ചർ മിഷൻ പദ്ധതിപ്രകാരം വായ്പയ്ക്ക് അപേക്ഷിച്ചു. 20 ലക്ഷം രൂപ വായ്പ അനുവദിച്ചു. 10 ലക്ഷം രൂപ ഉപയോഗപ്പെടുത്തി 22–ാം വയസ്സിൽ വാണിജ്യാടിസ്ഥാനത്തിൽ ശാസ്ത്രീയ തേനീച്ചക്കൃഷിക്കു തുടക്കമിട്ടു. നാട്ടിൽ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും പറമ്പുകളിൽ തേനീച്ചപ്പെട്ടികൾ വച്ചു. കുറെ ജോലിക്കാരെയും വച്ചു. വായ്പ കൃത്യമായി തിരിച്ചടയ്ക്കാനും അൽപം മിച്ചം വയ്ക്കാനുമുള്ള വരുമാനമായി. 

honey-1
പുരസ്കാരം ഏറ്റുവാങ്ങുന്നു

ഇന്ന് തേനീച്ചഗവേഷണത്തിലെ വഴികാട്ടി എന്ന നിലയിലേക്ക് ഗോപകുമാർ വളർന്നുകഴിഞ്ഞു. വിതുരയിലു ള്ള ഗവേഷണസ്ഥാപനമായ‘ ഐസറി’ല്‍ പ്രായോഗികപരിശീലനത്തിനായുള്ള ഫാക്കൽറ്റിയാണ് വർഷങ്ങളായി ഗോപകുമാർ. ഒരു ബാച്ചിന് മൂന്നു മാസത്തെ പ്രായോഗിക പരിശീലനമാണ് നൽകുന്നത്. കോളനി പിരിക്കൽ, റാണികളെ കൂടുതലായി സൃഷ്ടിക്കൽ, പുതിയതരം തേനീച്ചക്കൂടുകൾ ഉണ്ടാക്കൽ എന്നിവയിൽ വലി യ അറിവും പരിചയവും ഗോപകുമാറിനുണ്ട്. ആഗ്രഹമുള്ള ആർക്കും ഗോപകുമാർ പരിശീലനം നൽകും. 2008 മുതൽ  ഹോർട്ടി കോർപ്പിന്റെ അംഗീകൃത ‘ബീ–ബ്രീഡർ’ ആണ്. വർഷത്തിൽ 3000 തേനീച്ചക്കോളനികൾ വീതം ഹോർട്ടികോർ പ്പിനു നൽകി വന്നിരുന്നത് ഇപ്പോൾ ഇരട്ടിയാക്കിയിട്ടുണ്ട്.

പുതിയ തേനീച്ചയിനം

രണ്ടു തരത്തിൽ തേനീച്ചകളെ വർഗീകരിക്കാം. കാട്ടു തേനീച്ചകളെന്നും (ഹിൽ ബീസ്), നാട്ടു തേനീച്ചകളെ ന്നും (പ്ലെയിൻ ബീസ്). കാട്ടുതേനീച്ചകൾക്ക് (കറുത്ത തേനീച്ച) തേൻ അധികമുണ്ട്. വർഷത്തിൽ ഒരു കൂട്ടിൽ നിന്ന് 10 മുതൽ 20 കിലോവരെ തേൻ ലഭിക്കും. നാട്ടുതേനീച്ചകളിൽനിന്ന് 5 മുതൽ 10 കിലോ തേൻ മാത്രമേ ലഭിക്കുകയുള്ളൂ. ഇവയെ പരസ്പരം ഇണചേർത്താൽ മറ്റൊരു ജനുസ് ഉണ്ടായേക്കാമെന്ന ചിന്ത ഗോപകുമാറിലെ ഗവേഷകനുണ്ടായി. പുതിയൊരു ഇനത്തെത്തന്നെ സൃഷ്ടിച്ചു. അവയെ നിരന്തരം വളർത്തി. ഉയർന്ന രോഗപ്രതിരോധശക്തിയും ഉൽപാദനശേഷിയുമുള്ളതാണ് പുതിയ ഇനം എന്നു ബോധ്യമായി. ഒരു കൂട്ടിൽ നിന്ന് വർഷം 35 മുതൽ 40 കിലോ വരെ തേൻ ലഭിക്കുന്ന പുതിയ ഇനത്തിന് ‘ഇട്ടിവ’ എന്നു പേരിട്ടു ഗോപകുമാർ. ഈ ഇനം തേനീച്ചകളെയാണ് ഹോർട്ടികോർപ്പുവഴി ഇപ്പോൾ വിതരണം ചെയ്തുവരുന്നത്. 

ഒരു കോളനിയിൽനിന്ന് പരമാവധി റാണിമാര്‍

കൂടുതൽ മുട്ടകൾക്ക് കൂടുതൽ റോയൽ ജല്ലി നൽകി കൂടുതലായി റാണിമാരെ സൃഷ്ടിച്ച് അവയെ പ്രത്യേകം വേർതിരിക്കുന്നു. അവയ്ക്ക് ഏതാനും ആണുങ്ങളെ കൂട്ടായി നൽകി മറ്റു കൂടുകളിൽനിന്നു പ്രത്യേകം പിടി കൂടിയ വേലക്കാരികളെ കയറ്റിവിട്ട് ഇണക്കി പുതിയ കോളനികൾ ഒരുക്കുന്നു. 

പരിചരണങ്ങൾ

തേന്‍ക്ഷാമകാലമായ ജൂൺ, ജൂലൈ, ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ എട്ടു ദിവസത്തിലൊരിക്കൽ 250–300 ഗ്രാം പഞ്ചസാര സിറപ്പായി നൽകണം. വെളിച്ചെണ്ണയുടെ സാന്ദ്രതയുള്ള ഈ സിറപ്പ് ഉണ്ടാക്കാൻ ശുദ്ധമായ പഞ്ചസാര തന്നെ ഉപയോഗിക്കുക. ഈ അളവിൽ ഒരു കൂട്ടിന് 10 മുതൽ 12 കിലോ പഞ്ചസാര വേണ്ടി വരും. പഞ്ചസാര സിറപ്പിൽ ശുദ്ധമായ ഒരു നുള്ള് മഞ്ഞൾപ്പൊടിയും, കുടങ്ങലിന്റെ ഇല 5 എണ്ണം ഞെരടിയ നീരും ചേർത്തു നൽകുന്നത് രോഗങ്ങൾ വരാതിരിക്കാൻ സഹായിക്കും.

തേനീച്ചക്കൂട്ടിൽ മെഴുകുപുഴു വരാനിടയുണ്ട്. വാക്സ് ബീറ്റിൽ എന്നൊരു ശത്രുകീടം തേനറകളിലെ മുട്ടകൾ തിന്നു നശിപ്പിക്കും. നിരന്തര ശ്രദ്ധയും പരിചരണവുംകൊണ്ട് ഇവയെ തുരത്താം.  ക്ഷാമകാലത്ത് 20 ദിവസ ത്തിലൊരിക്കൽ കൂടിന്റെ അടിപ്പലക തുടച്ചുവൃത്തിയാക്കുമ്പോൾ മഞ്ഞൾപ്പൊടിയിൽ നനച്ച തുണി ഉപയോഗിക്കാൻ ശ്രദ്ധിക്കുക. ഉറുമ്പു കയറാതെ ശ്രദ്ധിക്കണം. തേനീച്ചക്കൂടിന്റെ സ്റ്റാൻഡിൽ ഗ്രീസും കരി ഓയിലും കൂട്ടി കലർത്തി പൂശുന്നത് ഉറുമ്പു കയറാതിരിക്കാൻ ഉപകരിക്കും.   

ഫോണ്‍: 9447585258

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com