ADVERTISEMENT

കേരളത്തിലെ മികച്ച കർഷകന് മലയാള മനോരമ നൽകുന്ന കർഷകശ്രീ 2020 പുരസ്കാരത്തിന്റെ വിധിനിർണയത്തിൽ അവസാന പാദത്തിലെത്തിയവ്യക്തിയാണ് ജോയി

അപ്പനെയും അമ്മയെയും നഷ്ടപ്പെട്ട കൗമാരക്കാരൻ കൃഷിയിലൂടെ വളർന്ന കഥയാണ് വയനാട് നെന്മേനി പഞ്ചായത്തിലെ ജോയിയുടേത്. ഈ വളർച്ചയിൽ പങ്കുപറ്റാൻ അദ്ദേഹത്തോടൊപ്പം നല്ല പാതി സാലിയുമുണ്ട്. പതിനേഴാം വയസ്സിൽ സ്വന്തം കൃഷി ആരംഭിച്ച ജോയി അന്നും ഇന്നും പ്രതികൂല സാഹചര്യങ്ങളിലാണ് കൃഷി ചെയ്യുന്നത്. വന്യമൃഗശല്യം മുതൽ കാലാവസ്ഥാമാറ്റം വരെഇവയില്‍പ്പെടും. എന്നാൽ, കൈകോർത്തുള്ള കഠിനാധ്വാനത്തിലൂടെയും സ്ഥിരോൽത്സാഹത്തിലൂടെയും മികച്ച വരുമാനം കണ്ടെത്തുന്നതിൽ ജോയിയും സാലിയും എന്നും ഒരു പടി മുന്നിലായിരുന്നു. അര നൂറ്റാണ്ട് പിന്നിട്ട കാർഷികജീവിതം ആസ്വദിക്കുകയാണ് ഇരുവരും.  

കൃഷിയിലൂടെ ഇവർ എന്തൊക്കെ നേടിയെന്നറിയാൻ വീടും പരിസരവും നിരീക്ഷിക്കുകയേ വേണ്ടൂ. വല്യ പ്പൻ ഓഹരിയായി കൊടുത്തതും സ്വന്തമായി വാങ്ങിയതുമടക്കം ഒൻപതേക്കർ സ്ഥലം ഒരിഞ്ചുപോലും വിടാതെ വിളയിറക്കി സുസ്ഥിര ആദായത്തിന് സജ്ജമാക്കിയിരിക്കുന്നു. ഭാര്യയും ഭർത്താവും മൂന്നു മക്കളും ഒതുങ്ങിക്കഴിഞ്ഞിരുന്ന ഇരുമുറി കെട്ടിടത്തിന്റെ സ്ഥാനത്ത് ഇന്ന് എല്ലാ സൗകര്യങ്ങളുമുള്ള ഇരുനില മന്ദി‌രം. മുറ്റത്ത് വാഗണർആറും ജിപ്സിയും ബൈക്കുമൊക്കെയുണ്ട്. മൂന്ന് ആൺമക്കളും അവരുടെ ഭാര്യമാരും ബെംഗളൂരുവിലും ചെന്നൈയിലും ഗൾഫിലുമായി ഐടി, ഹോട്ടൽ മാനേജ്മെന്റ് മേഖലകളിൽ ജോലി ചെയ്യുന്നു. എല്ലാം തന്നത് കൃഷിയെന്നു ജോയി.

തെങ്ങും കമുകും കാപ്പിയും കുരുമുളകുമാണ് ജോയിയുടെ പ്രധാന വിളകൾ. ഒപ്പം ഏലം, കൊക്കോ, വാഴ, മരച്ചീനി, ജാതി, പച്ചക്കറികൾ, ഫലവൃക്ഷങ്ങൾ, പൂച്ചെടികൾ,ഔഷധസസ്യങ്ങൾ, തീറ്റപ്പുല്ല് എന്നിങ്ങനെ വിളകളുടെ പട്ടിക നീളുകയാണ്. മൂവായിരം കാപ്പിയും രണ്ടായിരം കമുകും 200 തെങ്ങും കുരുമുളകുമൊക്കെ ചേർന്ന് ഒമ്പതേക്കറിലെ സൂര്യപ്രകാശം പരമാവധി പ്രയോജനപ്പെടുത്തുന്നു. ആയിരത്തോളം നേ ന്ത്രനു പുറമെ പലവാഴകളുമുണ്ട്. ബട്ടർഫ്രൂട്ട്, റംബുട്ടാൻ, പാഷൻ ഫ്രൂട്ട്, കാരംബോള, എഗ്ഫ്രൂട്ട്, സബർ ജിൽ, ചാമ്പ തുടങ്ങിയ ഫലവർഗങ്ങളും ഇപ്പോൾ വരുമാനം നൽകുന്നു. കർണാടകയിൽ പാട്ടത്തിനെടുത്ത ഭൂമിയിൽ വലിയ തോതിൽ ഇഞ്ചിക്കൃഷിയും ചെയ്യുന്നു.  

സംയോജിതക്കൃഷിക്കു വഴിയൊരുക്കുന്ന മൃഗസംരക്ഷണവും കേമം. രണ്ടു കിടാരികളടക്കം 4 പശുക്കൾ, 2 മുട്ടനാടുകൾ ഉൾപ്പെടെ 10 ആടുകൾ, നായകൾ, നാടൻകോഴികൾ, അലങ്കാരക്കോഴികൾ, 20 ഇനങ്ങളിലായി നൂറിലേറെ പ്രാവുകൾ എന്നിവ ജോയിയുടെ ഫാമിലെ അന്തേവാസികളായുണ്ട്. തേനീച്ച വളർത്തലും മത്സ്യം വളർത്തലുമാണ് മറ്റു സംരംഭങ്ങൾ.  

joy-cheeral-2
വരുമാനം തേനീച്ചവളർത്തലിലൂടെയും

ചെരിവേറിയ കൃഷിഭൂമിയെ തട്ടുകളായി തിരിച്ച് കയ്യാല കെട്ടി സംരക്ഷിച്ചിട്ടുണ്ട്. മണ്ണും വെള്ളവും നഷ്ട പ്പെടുത്താതെയും സൂര്യപ്രകാശം പാഴാക്കാതെയും പരമാവധി ആദായം ഉറപ്പാക്കാൻ വേണ്ടതെല്ലാം ഇവിടെ ചെയ്തിരിക്കുന്നു. തൊണ്ടും മറ്റ് ജൈവവസ്തുക്കളുംകൊണ്ടുള്ള പുതയിടൽ, മഴക്കുഴി നിർമാണം എന്നിവയൊക്കെ ഇതിന്റെ ഭാഗമായുണ്ട്. തൊഴുത്തിൽനിന്നുള്ള ചാണകവും ഗോമൂത്രവും മാത്രമല്ല അവയിൽനിന്നുള്ള സ്ലറി, പഞ്ചഗവ്യം, കമ്പോസ്റ്റ് തുടങ്ങിയവയും ജോയിയുടെ കൃഷിയിടത്തിലെ വിളകളുടെ ചുവട്ടിൽ മുടങ്ങാതെയെത്തുന്നു. ബയോഗ്യാസ് പ്ലാന്റിൽനിന്നുള്ള സ്ലറി പമ്പ് ചെയ്ത് പറമ്പിന്റെ എല്ലാ ഭാഗത്തും എത്തിക്കും. രാസവളപ്രയോഗം മണ്ണുപരിശോധനാഫലത്തിന്റെ അടിസ്ഥാനത്തിൽ മാത്രം. കിണറുകളിൽനിന്നും കുളത്തിൽനിന്നുമുള്ള വെള്ളമുപയോഗിച്ച് സ്പ്രിങ്ക്ളറിന്റെ സഹായത്തോടെയാണ് നന.  

വിപണനവും വരുമാനവും

കമുകും കാപ്പിയുമാണ് മുഖ്യവരുമാനം. ഒരു കാപ്പിച്ചെടിയിൽനിന്നു ശരാശരി 4 കിലോ ഉണക്ക കാപ്പിക്കുരു കിട്ടുമെന്ന് ജോയി പറഞ്ഞു. കഴിഞ്ഞ സീസണിൽ ശരാശരി 67 രൂപ വില കിട്ടി. അടങ്കൽ വിൽപനയിലൂടെ കമുകിൻതോട്ടത്തിൽനിന്ന് 5.5 ലക്ഷം രൂപയും ഏലത്തോട്ടത്തിൽനിന്ന് ഒന്നേകാൽ ലക്ഷം രൂപയുമായിരുന്നു കഴിഞ്ഞ വർഷത്തെ വരുമാനം. പൂക്കളും പഴങ്ങളുമൊക്കെ വിറ്റു കാശാക്കാനും ഈ ദമ്പതികൾക്കറിയാം. കുരുമുളക്, ഏലയ്ക്ക, വെളിച്ചെണ്ണ, തേൻ, ചക്കവിഭവങ്ങൾ, അച്ചാർ, സ്ക്വാഷ്, വൈൻ, മു ട്ട, പാലുൽപന്നങ്ങൾ എന്നിവയൊക്കെ പായ്ക്ക് ചെയ്തു വിൽക്കുന്നു‌ണ്ട്. ഭാര്യ സാലിയുടെ ചുമതലയിലാണിത്. വിവിധ വിളകളിൽനിന്നു മാത്രമുള്ള ആകെ വരുമാനം 10–12 ലക്ഷം രൂപ വരുമെന്നാണ് ജോയിയുടെ കണക്ക്. ഉൽപന്നസംസ്കരണത്തിനായി ഡ്രയറും മറ്റ് സംവിധാനങ്ങളുമുണ്ട്. നടീൽവസ്തുക്കളുടെ വിപണനം വലിയ വരുമാനമാണിവിടെ. കാപ്പി, ഏലം, കുരുമുളക്, കമുക്, ഓർക്കിഡ്, ആന്തൂറിയം എന്നിവയുടെ നടീൽ വസ്തുക്കളാണ് പ്രധാനമായും ഉൽപാദിപ്പിക്കുന്നത്. ഏലത്തട്ടയ്ക്ക് 70 രൂപ വരെ ഈ സീസ ണിൽ വില കിട്ടി.

ക്ഷീരസംഘത്തിലൂടെയാണ് പാൽവിപണനം. എന്നാൽ പാൽ വിൽക്കുമ്പോൾ കിട്ടുന്നതിലുമധികം വരുമാനം തൊഴുത്തിലുണ്ടാകുന്ന കിടാരികളെ വിൽക്കുമ്പോഴാണെന്നു ജോയി പറയുന്നു. നല്ലയിനം പശുക്കിടാങ്ങളെ വളർത്തി ചെന നിറച്ചുവിൽക്കും. മലബാറി– ജംനാപ്യാരി സങ്കരയിനം ആട്ടിൻകുട്ടികളുടെ വിൽപന യിലൂടെയും അധിക വരുമാനം ലഭിക്കും. കൂടാതെ മുട്ട, നായ്ക്കുട്ടികൾ, പ്രാവുകൾ, വർണമത്സ്യങ്ങൾ എന്നിവയും ഈ ഫാമിന്റെ വരുമാനസ്രോതസ്സുകളാണ്. കൃഷിയിടത്തിലെ വലിയ കുളത്തിൽനിന്നു വള ർത്തുമത്സ്യങ്ങളെ ജീവനോടെ പിടിച്ചുകൊടുക്കുന്നതാണ് മറ്റൊരു വരുമാനം. പക്ഷി– മൃഗ– മത്സ്യസംരംഭ ങ്ങളിലൂടെ അഞ്ചു ലക്ഷം രൂപ ഓരോ വർഷവും കിട്ടുന്നുണ്ടെന്ന് ജോയി കണക്കുകൂട്ടുന്നു.

joy-cheeral-1
കന്നുകാലികളും വരുമാനമേകും

കുടുംബ പങ്കാളിത്തമാണ് ഈ കൃഷിയിടത്തിന്റെ വിജയരഹസ്യം. കൃഷിപ്പണികളും പശുക്കറവയും ഏറ ക്കുറെ ജോയിയും സാലിയും തനിച്ചു ചെയ്യും. അധ്വാനം എളുപ്പമാക്കാൻ പലതരം യന്ത്രങ്ങൾ ഉപയോഗിക്കാറുണ്ട്. ഉൽപന്നങ്ങളുടെ മൂല്യവർധന നടത്തുന്നതു സാലിതന്നെ. മക്കളായ ലിൻസും ലിജിനുമാണ് ഫാം ടൂറിസം എന്ന ആശയം വീട്ടിൽ അവതരിപ്പിച്ചത്. ജോയിയും സാലിയും മാത്രം സ്ഥിരതാമസമുള്ള വീടിന്റെ രണ്ടാം നില ഹോം സ്റ്റേ സംരംഭമായി മാറ്റിയിരിക്കുകയാണ്. മക്കൾ അവരുടെ കൂട്ടുകാരെയും പരിചയക്കാരെയുമൊക്കെ ഇവിടേക്കു പറഞ്ഞുവിടും. ഒന്നോ രണ്ടോ ദിവസം ഇവിടെ കഴിയുന്ന സന്ദർശകരെ ജോയി തന്റെ ജിപ്സിയിൽ ചുറ്റിനടത്തി കൃഷിയിടവും നാട്ടിൻപുറവുമൊക്കെ കാണിക്കുന്നു. തിരിച്ചുപോകുമ്പോഴേക്കും കൃഷിയിടത്തിലെ വിവിധ ഉൽപന്നങ്ങൾ മികച്ച വിലയ്ക്ക് അവർ വാങ്ങാറുണ്ടെന്നതാണ് കർഷകനെന്ന നിലയിൽ ജോയിയുടെ സന്തോഷം.

കൃഷിയിലെ അനുഭവങ്ങളും സവിശേഷരീതികളും മറ്റു കർഷകരുമായി പങ്കുവയ്ക്കാൻ ജോയി–സാലി ദമ്പതികൾ എപ്പോഴും തയാർ. കൃഷിവകുപ്പിന്റെയും മറ്റും പരിശീലനപരിപാടികൾ ഈ കൃഷിയിടത്തിൽ പതിവായി നടക്കാറുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com