ADVERTISEMENT

കൃഷിക്കാരന്റെ, എൻജിനീയറായ മകൻ നടത്തുന്ന അഗ്രി–സ്റ്റാർട്ടപ്പിനു ചില മികവുകളുണ്ടാവുക സ്വാഭാവികം. കൃഷിയെന്താണെന്നും കൃഷിക്കാരന്റെ പ്രശ്നങ്ങളെന്താണെന്നുമൊക്കെ ഗവേഷണം നടത്താതെ  കാര്യങ്ങളിലേക്കു കടക്കാമെന്നതുതന്നെ കാരണം. പ്രശ്നപരിഹാരങ്ങളിലേക്കു നയിക്കുന്ന എൻജിനീയറിങ് വഴികളുംകൂടി ചേരുമ്പോൾ അതിനു തിളക്കമേറും. അത്തരം ചില മികവുകളാണ് പ്രദീപിന്റെ ഫാർമേഴ്സ് ഫ്രഷ് സോണിന്റെ വിജയത്തിനു പിന്നിൽ. 

അച്ഛനും ചിറ്റപ്പനുമൊക്കെ കൃഷിയിൽ നേരിട്ട തിരിച്ചടികൾ പഠനകാലത്തേ പ്രദീപ് കണ്ടിട്ടുണ്ടായിരുന്നു. എന്നാൽ എൻജിനീയറിങ് പഠനത്തിനുശേഷം സ്വന്തം പറമ്പിൽ പച്ചക്കറിക്കൃഷി നടത്തിയപ്പോഴാണ് കൃഷിക്കാരുടെ ദുരിതങ്ങളുടെ തീക്ഷ്ണത പ്രദീപിനു  ബോധ്യപ്പെട്ടത്. പയറും പാവലുമൊക്കെ മികച്ച വിളവ് നൽകിയെങ്കിലും മാന്യമായ വില നൽകി വാങ്ങാൻ ആരുമുണ്ടായില്ല. കനത്ത വിളവ് കനത്ത ഭാരമായി മാറിയ നാളുകളിലാണ് കൃഷിക്കാരുടെ വിപണനപ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തണമെന്നു ചിന്തിച്ചുതുടങ്ങിയത്. 

pradeep-1

കൃഷിക്കാരെയും ഉപഭോക്താക്കളെയും നേരിട്ടു ബന്ധിക്കുന്ന സംരംഭമെന്ന ആശയം ഉയർന്നെങ്കിലും മുതൽമുടക്കാൻ പണം കണ്ടെത്തേണ്ടതുണ്ടായിരുന്നു. സോഫ്റ്റ്‌വെയർ എൻജിനീയറായി ജോലിയിൽ പ്രവേശിച്ചത് ഈ ലക്ഷ്യത്തോടെയാണ്. എറണാകുളം ഇടപ്പള്ളിയിലും ഇൻഫോപാർക്കിലുമായി ജോലി ചെയ്തു വേണ്ടത്ര പണം സമ്പാദിച്ചതോടെ പ്രദീപ് പഴയ ആഗ്രഹം പൊടിതട്ടിയെടുത്തു. അങ്ങനെയാണ് 2015 ജൂലൈയിൽ 8 കൃഷിക്കാരെയും 50 ഉപഭോക്താക്കളെയും കൂട്ടിയിണക്കി ഫാർമേഴ്സ് ഫ്രഷ്സോണിനു  തുടക്കം കുറിക്കുന്നത്. കൃഷിയിടങ്ങളിൽ ലഭ്യമായ ഉൽപന്നങ്ങൾ ഏതൊക്കെയാണെന്നു ഉപഭോക്താക്കളെ അറിയിക്കുകയായിരുന്നു ലക്ഷ്യം.  വേണ്ടത് ബുക്ക് ചെയ്യുന്നവർക്ക് കമ്പനി അവ എത്തിച്ചുകൊടുക്കുന്നു. പച്ചക്കറികൾ മാത്രമല്ല, പൈനാപ്പിൾ, വാഴപ്പഴം, പാഷൻ ഫ്രൂട്ട്, കാന്തല്ലൂർ ഓറഞ്ച് എന്നിങ്ങനെ കേരളത്തിൽ കിട്ടാവുന്ന മിക്കവാറും കാർഷികോൽപന്നങ്ങൾ ഫാർമേഴ്സ് ഫ്രഷ് സോണിന്റെ പട്ടികയിലുണ്ട്.

ഇൻഫോപാർക്കിലുണ്ടായിരുന്ന മുൻപരിചയം ഉപഭോക്താക്കളെ കണ്ടെത്താൻ സഹായകമായെന്നു പ്രദീപ്. കൃഷിക്കാർക്ക് ന്യായവില ഉറപ്പാക്കുന്നതിനായി കൂടുതൽ വില നൽകാൻ അവിടുത്തെ ഉപഭോക്താക്കൾക്ക് മടിയുണ്ടായിരുന്നില്ലതാനും. ആറു രൂപ വിലയുണ്ടായിരുന്ന വെണ്ടക്കായും മറ്റും അക്കാലത്ത് 20 രൂപയ്ക്കു സംഭരിച്ചിരുന്നതായി പ്രദീപ് ഓർമിക്കുന്നു.  ഉൽപന്നങ്ങൾക്കു നിലവാരം ഉറപ്പാക്കാനായി സൽകൃഷിരീതികൾ ( good agricultural practices)  സ്വീകരിക്കണമെന്നു മാത്രമാണ് കമ്പനി കൃഷിക്കാരോട് ആവശ്യപ്പെടുന്നത്.  നാലു വർഷത്തിനകം ഫാം ഫ്രഷ് സോണിനുണ്ടായ വളർച്ച അമ്പരപ്പിക്കുന്നതാണ്. എട്ടു കൃഷിക്കാരിൽ നിന്ന് 1500 കൃഷിക്കാരിലേക്കും  50  ഉപഭോക്താക്കളിൽനിന്ന് 15,000 ഉപഭോക്താക്കളിലേക്കും വളർന്ന കമ്പനിക്കുവേണ്ടി മാളയിലും വട്ടവടയിലും വയനാട്ടിലും കഞ്ഞിക്കുഴിയിലും ഊട്ടിയിലുമൊക്കെ കൃഷിക്കാർ ഇപ്പോൾ വിത്തിടുന്നുണ്ട്. വിൽപനയും കൂടുതൽ വ്യാപകമായി.

പച്ചക്കറിക്കും വരിസംഖ്യ

ആദ്യകാലങ്ങളിൽ ലഭ്യമായ പച്ചക്കറി ഇനങ്ങൾ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചശേഷം ആവശ്യക്കാർ  ബുക്ക് ചെയ്യുകയായിരുന്നു. എന്നാൽ, ഇപ്പോൾ സ്ഥിരമായി പച്ചക്കറി വാങ്ങുന്നവർക്കു വേണ്ടി വരിസംഖ്യാപദ്ധതിയും ആരംഭിച്ചിട്ടുണ്ട്.  ഇതനുസരിച്ച് നിശ്ചിത തുക വരിസംഖ്യ അടയ്ക്കുന്നവർക്ക് അവർ തെരഞ്ഞെടുക്കുന്ന പച്ചക്കറി ഇനങ്ങൾ നിശ്ചിത ഇടവേളകളിൽ വീട്ടിലെത്തിച്ചു കൊടുക്കും. ഏറ്റവും കുറഞ്ഞ വരിസംഖ്യ 1200 രൂപയാണ്. ഓരോ തവണയും വരിസംഖ്യയനുസരിച്ച് 10 മുതൽ 14 വരെ ഇനം പഴങ്ങളും പച്ചക്കറികളുമാണ് നൽകുക. കൂടാതെ, എറണാകുളത്തെ പ്രധാനകേന്ദ്രങ്ങളിൽ വിപണനശാലയുമുണ്ട്. തിരുവനന്തപുരത്തേക്ക് പ്രവർത്തനം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ 200 കൃഷിക്കാരിൽനിന്നുകൂടി വൈകാതെ പച്ചക്കറികൾ വാങ്ങിത്തുടങ്ങും.  ദിവസേന ശരാശരി1.2 ടൺ പച്ചക്കറിയാണ് കൃഷിക്കാരിൽനിന്നു സംഭരിച്ച് ഉപഭോക്താക്കളിലെത്തിക്കുന്നത്. ഓരോ കൃഷിയിടത്തിലും എത്രമാത്രം വിളവ് പ്രതീക്ഷിക്കാമെന്നു കണക്കാക്കി മൊത്തം ഉൽപാദനം ക്രമീകരിക്കുന്നതിന് നിർമിതബുദ്ധി പ്രയോജനപ്പെടുത്തുന്നു.

ശരിയായ രീതിയിലാണ് പച്ചക്കറികൾ ഉൽപാദിപ്പിക്കുന്നതെന്ന് ഉറപ്പാക്കാൻ കമ്പനി ഉദ്യോഗസ്ഥ‌ർ കൃഷിയിടങ്ങൾ സന്ദർശിക്കാറുണ്ടെന്നു പ്രദീപ് പറഞ്ഞു. പ്രശ്നങ്ങളുളള കൃഷിയിടങ്ങളിൽ സുസ്ഥിരപരിഹാരമാർഗങ്ങൾ നിർദേശിക്കും. 

ലാഭം ഉറപ്പാക്കി വിലനിർണയം

വിവിധ സ്ഥലങ്ങളിൽനിന്നു സംഭരിക്കുന്ന ഉൽപന്നങ്ങൾ കാക്കാനാടുള്ള കേന്ദ്രീകൃത പായ്ക്ക് ഹൗസിലെത്തിച്ചശേഷം വൃത്തിയാക്കി, തരംതിരിച്ചാണ് ഉപഭോക്താക്കളിലെത്തിക്കുക.  ഒരു കൃഷിക്കാരന് ഒരേക്കറിൽനിന്ന് ഒരു മാസം പതിനായിരം രൂപ അറ്റാദായം നേടിക്കൊടുക്കാവുന്ന വിധത്തിലാണ് കാർഷികോൽപന്നങ്ങളുടെ വില നിശ്ചയിക്കുന്നത്. ഒരോ സീസണിലും മുൻകൂട്ടി നിശ്ചയിക്കുന്ന വിലയായിരിക്കും നൽകുക.  പ്രതീക്ഷിക്കുന്ന ഉൽപാദനവും ഉൽപാദനച്ചെലവും  അടിസ്ഥാനമാക്കി ഇത് നിർണയിക്കാനാവും. മതിയായ അളവിൽ പഴങ്ങളും പച്ചക്കറികളും നല്ല രീതിയിൽ സ്ഥിരമായി ഉൽപാദിപ്പിക്കുന്ന കൂടുതൽ കൃഷിക്കാരെ കമ്പനിക്ക് ഇനിയും ആവശ്യമുണ്ടെന്ന് പ്രദീപ് പറഞ്ഞു. കടത്തുകൂലിയ്ക്ക് ആനുപാതികമായ അളവിൽ അവ നൽകാൻ സാധിക്കണമെന്നുമാത്രം. 

ഫോൺ: 7293943993

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com