ADVERTISEMENT

വൂളിയെ അറിയാവുന്ന ചിലരെങ്കിലുമുണ്ടാകും. ആയിരക്കണക്കിനു വർഷങ്ങൾക്കു മുമ്പ് ഭൂമിയിൽനിന്ന് അപ്രത്യക്ഷമായ ഒരിനം മാമത്താണ് വൂളി. വേണ്ടത്ര തീറ്റ കിട്ടാതായപ്പോൾ പട്ടിണി കിടന്നാണത്രെ ഈ ഭീമാകാരന്മാരുടെ വംശനാശമുണ്ടായത്. ഭക്ഷ്യസുരക്ഷ അപകടത്തിലായാൽ ആധുനിക മനുഷ്യനും മാമത്തിന്റെ ഗതി വരുമെന്ന സന്ദേശമാണ് ബെംഗളൂരുകാർക്ക് വൂളി എന്ന അഗ്രി സ്റ്റാർട്ടപ്  നൽകുന്നത്. അമിതമായ നഗരവൽക്കരണം മൂലം ജീവിതം ദുസ്സഹമായ മെട്രോ നഗരത്തിൽ ചുറ്റുവട്ടത്തുതന്നെ ഭക്ഷണം ഉൽപാദിപ്പിക്കാനാവശ്യമായ സാങ്കേതികവിദ്യയും സാഹചര്യവും സൃഷ്ടിക്കുകയാണ് മലയാളികളായ യുവാക്കളുടെ ഈ സാമൂഹികസംരംഭം ചെയ്യുന്നത്. കാലാവസ്ഥാമാറ്റത്തിന്റെ കാലഘട്ടത്തിൽ നഗരങ്ങളുടെ ഭക്ഷ്യസുരക്ഷയ്ക്കുള്ള പുത്തൻമാർഗങ്ങൾ തെളിക്കുകയാണിവർ

എല്ലാവരും സ്വന്തമായി ഭക്ഷണം ഉൽപാദിപ്പിക്കുന്ന കാലമാണ് വൂളിയുടെ സ്വപ്നം. കോഴിക്കോടുകാരനായ നിഥുൻ കെ.വി., കൂട്ടുകാരായ ബുഷൈർ എ.പി., സത്യേന്ദ്ര പ്രഭു എന്നിവരാണ് ബാംഗ്ലൂർ ഐഐഎമ്മിന്റെ ഇൻകുബേഷൻ പിന്തുണയുള്ള ഈ സ്റ്റാർട്ടപ്പിനു പിന്നിൽ. മൂവരും പ്രഫഷണലുകൾ– നിഥുൻ ബയോടെക്നോളജിയിലും ബുഷൈർ മെക്കാനിക്കൽ എൻജിനിയറിങ്ങിലും സത്യേന്ദ്ര  ഫിനാൻസിലും പഠനം പൂർത്തിയാക്കിയവർ. ഒപ്പം സ്റ്റാർട്ടപ് മേഖലയിൽ മുൻപരിചയമുള്ളവരും. ഇവരുടെ സ്വപ്നങ്ങളിൽ നിക്ഷേപം നടത്തിയ ഇൻവെസ്റ്റർ  നസീബും  കോ–ഫൗണ്ടർ എന്ന നിലയിൽ വൂളിയുടെ നേതൃത്വത്തിലുണ്ട്.

നഗരത്തിൽ കൃഷി ചെയ്യണമെങ്കിൽ യോജ്യമായ സാഹചര്യങ്ങളും വേണം. കാലുകുത്താൻ മണ്ണില്ലാത്ത മെട്രോ നഗരത്തിൽ കൃഷി ചെയ്യാൻ മണ്ണെവിടെ? ഈ സാഹചര്യത്തിലാണ് മണ്ണില്ലാക്കൃഷി എന്നറിയപ്പെടുന്ന ഹൈഡ്രോപോണിക്സ് ഈ യുവസംരംഭകരുെട തുണയ്ക്കെത്തിയത്. സ്ഥലസൗകര്യം പരിമിതമായ നഗരഭവനങ്ങളുടെ മട്ടുപ്പാവിൽ ഹൈഡ്രോപോണിക്സ് കൃഷി കൂടുതൽ യോജ്യമാണെന്ന് നിഥുൻ ചൂണ്ടിക്കാട്ടുന്നു. ചെടിക്കാവശ്യമായ പോഷകങ്ങൾ മാത്രമായി യോജ്യമായ മാധ്യമത്തിലൂെട നൽകി  വളർത്തുന്ന രീതിയാണിത്. വെള്ളത്തിൽ സസ്യപോഷകങ്ങൾ ലയിപ്പിച്ചാണ് ഇത്തരം മാധ്യമങ്ങൾ തയാറാക്കുക. എന്നാൽ ലായനി  മാത്രമല്ല, ചകിരിച്ചോറു പോലുള്ള മാധ്യമങ്ങളും ഇതിനായി ഉപയോഗിക്കാം. ഹൈഡ്രോപോണിക്സിനു യോജ്യവും ഉയർന്ന വില കിട്ടുന്നതുമായ ഇലക്കറി വിളകളാണ് ഇവർ കൂടുതലായി ഉൽപാദിപ്പിക്കുന്നത്. പരമാവധി സ്ഥലലഭ്യത ഉറപ്പാക്കാനായി വിവിധ തരം വെർട്ടിക്കൽ ഫാമുകളും തയാറാക്കിയിട്ടുണ്ട്. ഇതുവഴി എത്ര സ്ഥലപരിമിതിയുള്ള വീടുകൾക്കും പദ്ധതിയുടെ ഭാഗമാകാൻ അവസരം ലഭിക്കുന്നു 

സവിശേഷമായൊരു ബിസിനസ് മാതൃകയും വൂളി പ്രവർത്തകർ രൂപീകരിച്ചിട്ടുണ്ട്. നഗരഭവനങ്ങളിലെ മട്ടുപ്പാവുകൾ ഹൈഡ്രോപോണിക്സ് കൃഷിക്കായി വിട്ടുകൊടുക്കുന്ന രീതിയാണിത്. പല രീതിയിൽ ഇതിൽ പങ്കാളികളാകാം. മട്ടുപ്പാവ് വിട്ടുകൊടുക്കുക മാത്രം ചെയ്യുന്നവർക്ക് പ്രതിഫലമായി എല്ലാ മാസവും നിശ്ചിത തോതിൽ പച്ചക്കറിയാവും കിട്ടുക. എന്നാൽ കൂടുതൽ വിസ്തൃതിയുള്ള മട്ടുപ്പാവുകൾക്ക് പണമായും പ്രതിഫലം നൽകും.  കൃഷി നടത്താനാവശ്യമായ മുതൽമുടക്കിന്റെ കാര്യവും ഇങ്ങനെതന്നെ. വീട്ടുടമസ്ഥൻതന്നെ മുതൽമുടക്കുകയാണെങ്കിൽ അതിനനുസരിച്ച് പ്രതിഫലത്തിൽ വ്യത്യാസമുണ്ടാകും. ഉടമസ്ഥനു മുതൽമുടക്കാൻ മടിയുണ്ടെങ്കിൽ  താൽപര്യമുള്ള മറ്റ് ആരെയെങ്കിലും വൂളി കണ്ടെത്തി ക്രമീകരിച്ചുകൊള്ളും.  പണം മുടക്കി നിർമിച്ച ഫാമിന്റെ നടത്തിപ്പ് ഏറ്റെടുക്കുന്നവർക്ക് കൂടുതൽ  പ്രതിഫലം നൽകും. ഓരോ മട്ടുപ്പാവിലും പൊതുവെ ഒരിനം മാത്രമാണ് ഉൽപാദിപ്പിക്കുക. അയൽപക്കങ്ങൾ ചേർന്ന് സ്വന്തം ആവശ്യത്തിനുള്ള മുഴുവൻ പച്ചക്കറികളും ഇങ്ങനെ ഉൽപാദിപ്പിക്കാനാവും. ഓരോ കുടുംബവും സ്വന്തം ആവശ്യത്തിനുള്ളത് എടുത്ത ശേഷം ബാക്കിയുള്ളത് മറ്റുള്ളവർക്കു കൈമാറുന്നു. പകരം മറ്റു പച്ചക്കറികളോ പണമോ വാങ്ങാം. കൂടുതൽ ഉൽപന്നങ്ങളുണ്ടെങ്കിൽ വൂളി ഏറ്റെടുത്ത് വിപണനം നടത്തിക്കൊള്ളും. ഇതിനായി നഗരത്തിലെ പ്രമുഖ ചില്ലറവിൽപനക്കാരുമായും റസ്റ്ററന്റുകളുമായും ഇവർ ധാരണയിലെത്തിയിട്ടുണ്ട്.

ഇതിനകം ഉദ്യാനനഗരത്തിലെ 80,000 ചതുരശ്രയടി മട്ടുപ്പാവിൽ  ഇവർ കൃഷി ആരംഭിച്ചുകഴിഞ്ഞു.  ഓരോ കൃഷിയിടത്തിലെയും വിളകളും അവയുടെ പരിപാലനവും കൃത്യമായി നിരീക്ഷിക്കുന്നതിന് ഐഒടി സാങ്കേതികവിദ്യയും വൂളി പ്രയോജനപ്പെടുത്തുന്നു. ഫാമുകൾതോറും ഘടിപ്പിച്ചിട്ടുള്ള സെൻസറുകളിലൂെടയും ക്യാമറകളിലൂടെയുമാണ് ഇതു സാധ്യമാകുന്നത്. ഏതെങ്കിലും ഫാമിൽ വെള്ളത്തിന്റെയോ വളത്തിന്റെയോ കുറവുള്ളതായി  സെൻസറുകൾ വിവരം നൽകിയാൽ അപ്പോൾ തന്നെ വൂളി പ്രവർത്തകർ മട്ടുപ്പാവിലെത്തി അവ നൽകിക്കൊള്ളും.   കൃത്യമായ പരിചരണം ഉറപ്പാക്കുന്നതിനാൽ അഴകും ആരോഗ്യവുമുള്ള ഇലക്കറിവിളകൾ വിപണിയിലെത്തിക്കാൻ സാധിക്കുന്നുണ്ട്. സംരക്ഷിത സാഹചര്യത്തിൽ വളർത്തുന്നതിനാൽ കീടനാശിനിപ്രയോഗം തീരെ വേണ്ടിവരുന്നില്ല. മണ്ണില്ലാക്കൃഷിയായതിനാൽ വേരു പോലും കഴിക്കാവുന്ന വിധത്തിൽ വൃത്തിയുള്ളതായിരിക്കുമെന്ന മെച്ചവുമുണ്ട്. കൃത്യമായ തോതിൽ പോഷകലഭ്യത ഉറപ്പാക്കുന്നതിനാൽ ഉൽപന്നങ്ങളുടെ പോഷകഗുണത്തിലും കുറവ് വരുന്നില്ല.

നൂറുകണക്കിനു കിലോമീറ്ററുകൾ താണ്ടിയെത്തുന്ന, ഉൽപാദനച്ചെലവിലേറെ ഇന്ധനച്ചെലവ് വേണ്ടിവരുന്ന, വിഷരഹിതമെന്ന് ഉറപ്പിക്കാനാവാത്ത, വാടിത്തുടങ്ങിയ പച്ചക്കറികൾ തേടിനടന്നു വാങ്ങുന്ന രീതി തിരുത്തപ്പെടുകയാണിവിടെ. ഓരോ അയൽക്കൂട്ടത്തിനും സ്വന്തം ആവശ്യത്തിനുള്ളത് ഏറ്റവും മികച്ച രീതിയിൽ ഉൽപാദിപ്പിക്കാം. അതിനുവേണ്ട സാഹചര്യമൊരുക്കാൻ ഇനി വൂളിയുണ്ട്. 

ഫോൺ: 9072010018

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com