ADVERTISEMENT

കന്യാകുമാരിയിലെ സ്റ്റെല്ല മാരിസ് കന്യാസ്ത്രീ മഠത്തിന്റെ മുറ്റത്ത് രാവിലെ ഏഴു മണിക്കുതന്നെ യാത്രയ്ക്കുള്ള ജീപ്പ് തയാർ. കൂടംകുളം ആണവനിലയം കഴിഞ്ഞ് കിലോമീറ്ററുകൾ അകലെ തിരുനൽവേലി ജില്ലയിലെ രാധാപുരം, വള്ളിയൂർ ബ്ലോക്കുകളിലേക്കും പിന്നെ കുട്ടത്തേയ്ക്കുമെല്ലാമായി യാത്ര പോകുന്ന ജീപ്പിൽ യാത്രക്കാർ മാത്രമല്ല പായ്ക്കറ്റ് കണക്കിനു മുരിങ്ങവിത്തുകളും അവ പാകി മുളപ്പിക്കാനുള്ള പോളിത്തീൻ കവറുകളുമുണ്ട്. 

സ്റ്റെല്ല മാരിസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡവലപ്മെന്റ് സ്റ്റഡീസിന്റെ (SMIDS) എക്സിക്യൂട്ടീവ് ഡയറക്ടർ സിസ്റ്റർ അർച്ചനാ ദാസും ക്ലാസ്സുകളും പരിശീലനങ്ങളുമായി കാർഷികമേഖലയിൽ ദീർഘകാല  അനുഭവസമ്പത്തുള്ള ഡോ. കമലാസനൻപിള്ളയും സഹപ്രവർത്തകരും ഉൾപ്പെടുന്ന യാത്രാസംഘം പോകുന്നത് തിരുനൽവേലിയിലെ കൃഷിയിടങ്ങളിലേക്കാണ്. 

‘‘ആഭ്യന്തരവിപണിക്കപ്പുറം രാജ്യാന്തരവിപണിതന്നെ ലക്ഷ്യമിട്ട് തമിഴ്നാട്ടിൽ വൻവളർച്ച നേടുന്ന മുരിങ്ങയിലപ്പൊടി–മുരിങ്ങയെണ്ണ സംരംഭങ്ങൾ സാധാരണ കർഷകർക്കു കൂടി പ്രയോജനപ്രദമാക്കുക, സുനാമി ബാധിത മേഖലകളിലെ മൽസ്യത്തൊഴിലാളി സ്ത്രീകളെ മുരിങ്ങയിലൂടെ അധിക വരുമാനം നേടാൻ പ്രാപ്തരാക്കുക; നാളുകളായി തുടരുന്ന ഈ യാത്രകളുടെ ലക്ഷ്യം ഇതാണ്’’, സ്മിഡ്സിന്റെ ‘സെന്റർ ഓഫ് എക്സലൻസ് ഇൻ മുരിങ്ങ’ മേധാവി ഡോ. കമലാസനൻപിള്ള പറയുന്നു. 

കൃഷിയിലൂടെ ദരിദ്ര ഗ്രാമീണമേഖലയുടെ സുസ്ഥിതി ലക്ഷ്യമിടുന്ന യുഎൻ ഏജൻസി ഐഫാഡി(IFAD)ന്റെയും നബാർഡിന്റെയും പിന്തുണയോടെ പ്രവർത്തിക്കുന്ന സ്മിഡ്സിന്റെ ദൗത്യങ്ങളിൽ ഏറ്റവും പ്രാധാന്യം മുരിങ്ങക്കൃഷിക്കും മുരിങ്ങ വ്യവസായം ലക്ഷ്യമിട്ടുള്ള കർഷക കമ്പനിക്കും തന്നെയെന്ന് സിസ്റ്റർ അർച്ചനാദാസ്. സാമ്പത്തികശാസ്ത്രത്തിൽ ഡോക്ടറേറ്റുള്ള സിസ്റ്റർ അർച്ചന, തീരപ്രദേശങ്ങളിലെ ഗ്രാമീണ വനിതകളുടെ സാമ്പത്തിക ശാക്തീകരണത്തിന് മുഖ്യവഴിയായി കാണുന്നതും ഇല ലക്ഷ്യമിട്ടുള്ള മുരിങ്ങക്കൃഷിതന്നെ.

moringa-3
കർഷകർക്ക് മുരിങ്ങ വിത്ത് വിതരണം ചെയ്യുന്നു

മുരിങ്ങയിലൂടെ മുന്നേറാം

കന്യാകുമാരി കോട്ടക്കരി റോഡിലുള്ള ഡോട്ടേഴ്സ് ഓഫ് മേരി കോൺഗ്രിഗേഷന്റെ കീഴിലുള്ള സ്റ്റെല്ല മാരിസ് കോൺവെന്റാണ് സ്മിഡ്സിന്റെ ആസ്ഥാനം. മുരിങ്ങ സംരംഭങ്ങൾ ലക്ഷ്യമിട്ട് സ്മിഡ്സ് ആരംഭിച്ച സെന്റർ ഓഫ് എക്സലൻസ് ഇൻ മുരിങ്ങ ഇവിടെയൊരു രാജ്യാന്തര സെമിനാർ നടത്തിയിരുന്നു. കേരളത്തിലെ കൃഷി വിദഗ്ധരോ പഠിതാക്കളോ കാര്യമായി ശ്രദ്ധിച്ചില്ലെങ്കിലും മറ്റു സംസ്ഥാനങ്ങളിൽനിന്നും വിദേശരാജ്യങ്ങളിൽനിന്നും ഒട്ടേറെ സംരംഭകരും ഗവേഷകരും സെമിനാറിനെത്തി. പ്രബന്ധാവതരണങ്ങളും ചർച്ചകളുമെല്ലാം കഴിഞ്ഞപ്പോൾ ഒരു കാര്യം ഉറപ്പായെന്ന് ഡോ. കമലാസനൻപിള്ള, ‘നമ്മുടെ മുരിങ്ങ നാളെയുടെ ഡോളർ വിള തന്നെ.’ 

moringa-1
മുരിങ്ങോൽപന്നങ്ങൾ

കർഷകർ, കർഷകസംഘങ്ങൾ കൂട്ടിച്ചേർത്തു ഫെഡറേഷനുകൾ, ഉൽപന്നങ്ങൾ ആഭ്യന്തര–രാജ്യാന്തര വിപണികളിലെത്തിക്കാന്‍ കർഷക കമ്പനി എന്നിങ്ങനെ മൂന്നു തലങ്ങളിൽ  കന്യാകുമാരിയിലെയും സമീപ ജില്ലകളിലെയും കർഷകരെ മുരിങ്ങയിലക്കൃഷിക്കായി സംഘടിപ്പിക്കാനുള്ള ശ്രമമാണ് സ്മിഡ്സിന്റേത്. അഞ്ച് വനിതകൾ വീതം ഉൾപ്പെടുന്ന സ്വയംസഹായസംഘങ്ങൾ രൂപീകരിച്ചു പ്രവർത്തിക്കുന്ന പദ്ധതിയിൽ നിലവിൽ മൂന്നു ജില്ലകളിലായി 800 കർഷകരാണുള്ളത്. കർഷകർക്ക് ബാങ്കുവായ്പയും സ്മിഡ്സിന്റെ മേൽനോട്ടത്തിൽ ലഭ്യമാക്കുന്നു.

കോൺവെന്റിനുള്ളിൽത്തന്നെ രണ്ടരയേക്കർ സ്ഥലത്ത് മുരിങ്ങക്കൃഷി ചെയ്യുന്ന സ്മിഡ്സ് ഇപ്പോൾ മുരിങ്ങ കൃഷി 1000 ഏക്കർ സ്ഥലത്തേക്ക് വ്യാപിപ്പിച്ചിരിക്കുന്നു. ഒപ്പം‌ മുരിങ്ങയിൽനിന്ന് പതിനെട്ടോളം ഉൽപനങ്ങൾ ഇപ്പോൾ പുറത്തിറക്കിയിട്ടുമുണ്ട്.

ഫോൺ: 9387212005 (ഡോ. കമലാസനൻപിള്ള), 9443975588 (സിസ്റ്റർ അർച്ചനാദാസ്)

മുരിങ്ങയിലക്കൃഷി കേരളത്തിനു യോജിക്കുമോ?

മുരിങ്ങയിലക്കൃഷിയുടെ നേട്ടങ്ങളെക്കുറിച്ച് കേരളവും ചിന്തിക്കണം. നമുക്കും കൃഷി സാധ്യമാണ്. ആഭ്യന്തരവിപണിയിൽ മുരിങ്ങപ്പൊടിയുടെ ഉപഭോഗം കൂടുന്നുണ്ടെങ്കിലും രാജ്യാന്തര വിപണി ലക്ഷ്യമിട്ട് ജൈവ സാക്ഷ്യപത്രത്തോടെ മുരിങ്ങ ഉൽപന്നങ്ങൾ വിപണിയിലെത്തിക്കാൻ കഴിയണം. വെള്ളം കുറച്ചു മാത്രം വേണ്ട വിളയാണ് മുരിങ്ങ. ജലക്ഷാമം കൂടുതലുള്ളതും മറ്റു വിളകൾക്കൊന്നും അത്ര യോജിക്കാത്തതുമായ സ്ഥലങ്ങളിലാണു തമിഴ്നാട്ടിൽ ഇലയ്ക്കു വേണ്ടിയുള്ള മുരിങ്ങക്കൃഷി. ജലാവശ്യം കുറഞ്ഞ വിളകൾ തേടുന്ന കേരളത്തിന് ഇതും അനുകൂലഘടകമാണ്. മുരിങ്ങപ്പരിപ്പും പരിപ്പിൽനിന്നുള്ള എണ്ണയും കയറ്റുമതി ചെയ്യുന്ന ഒട്ടേറെ സംരംഭകർ തമിഴ്നാട്ടിലുണ്ട്. ഇല നീക്കിയ ശേഷമുള്ള തണ്ട് കാലിത്തീറ്റയാക്കാനും മുരിങ്ങപ്പൂവ് ഉണക്കി  മൂല്യവർധിത ഉൽപന്നങ്ങൾ നിർമിക്കാനും ശ്രമങ്ങൾ നടക്കുന്നു. ചുരുക്കത്തിൽ, സമൂലം സാധ്യതയുണ്ട് മുരിങ്ങയ്ക്ക്.

‘‘മുരിങ്ങയുടെ ആരോഗ്യമേന്മകളെക്കുറിച്ചുള്ള ഗൗരവമായ പഠനങ്ങൾ ജർമനിയുൾപ്പെടെയുള്ള രാജ്യങ്ങളിൽ നടക്കുന്നുണ്ട്. തമിഴ്നാട്ടിൽ ഉത്ഭവിച്ച സിദ്ധ വൈദ്യശാഖയിൽ മുരിങ്ങയ്ക്ക് ഔഷധപ്രാധാന്യം ഏറെയുണ്ട്. ലോകത്തു പല ഭാഗത്തും മുരിങ്ങയുണ്ടെങ്കിലും ഇനങ്ങൾ ഏറെയും തമിഴ്നാട്ടിലും ശ്രീലങ്കയിലുമാണ്. സിദ്ധ വൈദ്യം മുരിങ്ങയിൽ കണ്ടെത്തിയ ഔഷധമേന്മകളും ചികിൽസാസാധ്യതകളും, പിൽക്കാലത്ത് നടത്തിയ ശാസ്ത്രീയപഠനങ്ങള്‍ ശരിവയ്ക്കുന്നുണ്ട്’’ഡോ. കമലാസനൻപിള്ള

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com