കാലാവസ്ഥാവ്യതിയാനം: മാവും പ്ലാവും തെങ്ങുമൊക്കെ മലയാളിയുടെ ഓർമയിൽ മാത്രമാകുമോ?

HIGHLIGHTS
  • കൂട്ടത്തോടെ മാവുകൾ പൂത്തത് അപൂർവം
  • ചക്കയ്ക്ക് നല്ലകാലം വന്നപ്പോഴേക്കും അതുകിട്ടാക്കനി
tree
SHARE

കേരളം കുംഭച്ചൂടിലേക്കു കടക്കുകയാണ്. വൃശ്ചികക്കുളിരും മകരത്തിലെ മരംകോച്ചുന്ന തണുപ്പൊന്നും അനുഭവിക്കാൻ ഇക്കുറി നമുക്കു ഭാഗ്യമുണ്ടായില്ല. കാലാവസ്ഥയിലെ മാറ്റം നമ്മുടെ ചുറ്റുപാടും പ്രതിഫലിക്കാൻ തുടങ്ങി. പൂത്തുനിൽക്കുന്ന മാവുകൾ എവിടെയെങ്കിലും കണ്ടിട്ടുണ്ടോ ഇക്കുറി? ഒറ്റയ്ക്കും തെറ്റയ്ക്കും അങ്ങിങ്ങായി പൂത്ത മാവുകൾ കാണാം. എന്നാൽ, കൂട്ടത്തോടെ മാവുകൾ പൂത്തത് അപൂർവമേയുള്ളൂ. അതുപോലെത്തന്നെ ചക്കയും. വേരുമുതൽ മുകളറ്റം വരെ ചക്ക കായ്ച്ചുനിന്നിരുന്ന സുന്ദരക്കാഴ്ച ഇക്കുറിയുണ്ടാകില്ല. 

ചക്കയ്ക്കും മാങ്ങയ്ക്കും വലിയ ക്ഷാമമുള്ള സീസണായിരിക്കും ഇതെന്നുറപ്പായി. ധനു–മകരം മാസങ്ങളിലാണു കേരളത്തിൽ മാവു പൂക്കാറുള്ളത്. ധനുമാസത്തിലെ തണുപ്പാകുന്നതോടെ പൂവിടാൻ തുടങ്ങും. കാറ്റും മഞ്ഞും തണുപ്പുമെല്ലാം ചേരുന്നതോടെ കേരളത്തിന്റെ അന്തരീക്ഷമാകെ മാറാറുണ്ട്. മാവും പറങ്കിമാവും പൂത്തുതുടങ്ങുന്നതിനു തൊട്ടുപിന്നാലെയായി ചക്ക വിരിയും. 

കാലാവസ്ഥാ വ്യതിയാനം കൊണ്ടാണ് ഇക്കുറി ചക്കയും മാങ്ങയും കുറയുന്നതെന്നാണു കാലാവസ്ഥാ നിരീക്ഷകർ പറയുന്നത്. കണ്ണിമാങ്ങയുടെ സീസണാണിപ്പോൾ. കായ്ച്ച നാട്ടുമാവുകളിലെല്ലാം വഴിയോരക്കച്ചവടക്കാർ കണ്ണിമാങ്ങ പറിച്ചുവിൽപ്പനയും തുടങ്ങി. പഴുക്കുന്ന സീസണാകുമ്പോഴേക്കും മാങ്ങ അന്യസംസ്ഥാനങ്ങളിൽനിന്നു കൊണ്ടുവരേണ്ടി വരും. 

ചക്കയ്ക്ക് നല്ലകാലം വന്നപ്പോഴേക്കും അതുകിട്ടാക്കനിയായി. കഴിഞ്ഞ സീസണിൽ കേരളത്തിൽ ചക്കയും മാങ്ങയും നന്നായി ഉണ്ടായിരുന്നു. അതുകൊണ്ടു തന്നെ നല്ലൊരു വിപണിയായിരുന്നു ലഭിച്ചിരുന്നത്. മുൻവർഷങ്ങളെ അപേക്ഷിച്ച് ചക്കയുടെ വൈവിധ്യ ഉൽപന്നങ്ങൾക്കായിരുന്നു ആവശ്യക്കാരേറെ. ഇതര സംസ്ഥാനങ്ങളിലേക്കും അന്യരാജ്യങ്ങളിലേക്കും ചക്ക ഉൽപന്നങ്ങൾ ധാരാളം കയറ്റിയയച്ചിരുന്നു. 

ചക്കയിൽനിന്ന് വ്യത്യസ്ത ഉൽപന്നങ്ങൾ നിർമിക്കുന്ന ഒട്ടേറെ കമ്പനികൾ കഴിഞ്ഞ രണ്ടുവർഷമായി കേരളത്തിൽ ആരംഭിച്ചിരുന്നു. അവർക്കൊക്കെ ആഭ്യന്തര–വിദേശ മാർക്കറ്റുകളിൽനിന്ന് നല്ല ഓർഡറുകളും ലഭിച്ചിരുന്നു. ഇക്കുറി ആവശ്യത്തിന് ചക്കവിഭവങ്ങൾ നൽകാനാവാതെ ഈ കമ്പനികളെല്ലാം പ്രതിസന്ധിയിലാകും. ലക്ഷങ്ങൾ മുടക്കി ആരംഭിച്ച സ്ഥാപനങ്ങളുടെ നിലനിൽപിനെ തന്നെ ഇതു ബാധിച്ചേക്കാം. 

മാവിന്റെയും പ്ലാവിന്റെയും അവസ്ഥ തന്നെയാണു തെങ്ങിനും. പ്രളയാനന്തരം കേരളത്തിൽ തേങ്ങ ഉൽപാദനം കുറഞ്ഞിരിക്കുകയാണ്. തെങ്ങിലൊന്നും പുതിയ കരിക്കുകൾ പിടിക്കുന്നില്ലെന്നാണു കർഷകർ പറയുന്നത്. ഷ‍ഡ്പദങ്ങൾ കുറഞ്ഞ് പരാഗണം വേണ്ടരീതിയിൽ നടക്കാത്തതാണു കരിക്കുപിടിക്കാതിരിക്കാൻ കാരണം. ശക്തമായ മഴയിൽ ഷഡ്പദങ്ങൾ ചത്തൊടുങ്ങിയതായിരിക്കാം ഇങ്ങനെയൊരു പ്രതിഭാസത്തിനു കാരണം. 

തേങ്ങയുടെ ലഭ്യത കുറഞ്ഞതോടെ വെളിച്ചെണ്ണയ്ക്കും വില കൂടാൻ തുടങ്ങി. 

കാർഷിക കേരളം വലിയൊരു പ്രതിസന്ധിയിലേക്കാണു നീങ്ങുന്നതെന്നാണ് ഇപ്പോഴത്തെ കാലാവസ്ഥ നൽകുന്ന സൂചന. കഴിഞ്ഞവർഷം വർഷം നല്ല വില ലഭിച്ചിരുന്ന നേന്ത്രക്കായയ്ക്ക് വില കുത്തനെ ഇടിഞ്ഞതും കർഷകരെ ആശങ്കയിലാക്കുകയാണ്. ഇനി പച്ചക്കറി കൃഷിയിലാണ് എല്ലാവരുടെയും പ്രതീക്ഷ. വിഷു വിപണി ലക്ഷ്യമിട്ട് വയലിലും പറമ്പുകളിലുമെല്ലാം പച്ചക്കറി നടുന്ന തിരക്കിലാണു കർഷകർ. അവിടെയെങ്കിലും പച്ചപിടിച്ചില്ലെങ്കിൽ നിൽക്കള്ളിയില്ലാത്ത അവസ്ഥയാകും. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
FROM ONMANORAMA