ADVERTISEMENT

മേയ് മാസത്തിൽ ജോസിന്റെ തേനീച്ചകൾ തേൻ തേടി കുളത്തൂപ്പുഴയിൽനിന്നു തൂത്തുക്കുടിയിലേക്കു പറക്കും. ജോസിന്റെ തേനീച്ചകളെ സ്വീകരിക്കാൻ പ്രദേശത്തെ മുരിങ്ങക്കർഷകർക്കും ഉൽസാഹം. പെട്ടി വയ്ക്കാൻ ഇടം നൽകിയാൽ പാട്ടമായി തേൻ ലഭിക്കുമെന്നതല്ല, തേനീച്ചകളെത്തുന്നതോടെ മുരിങ്ങയിൽ പരാഗണം വർധിച്ച് വിളവ് 30 ശതമാനത്തിലേറെ വർധിക്കുമെന്നതുതന്നെ കാര്യം. യാത്രയും അധ്വാനവും കൂടുതലെങ്കിലും മൂല്യമേറിയ മുരിങ്ങത്തേനിനു കിലോ 700 രൂപ വില ലഭിക്കും എന്നത് ജോസിന്റെയും നേട്ടം.

തേനീച്ചക്കൃഷിയിൽ ദീർഘകാലത്തെ പരിചയമുള്ള തിരുവനന്തപുരം പൂവാർ സ്വദേശി പ്ലാന്തോട്ടം മേലേവീട്ടിൽ ജോസ് തമിഴ്നാട്ടിലെ മുരിങ്ങത്തോട്ടങ്ങളിൽനിന്നു തേനെടുത്തു തുടങ്ങുന്നത് സമീപവർഷങ്ങളിലാണ്. തൂത്തുക്കുടി, തിരുനല്‍വേലി മേഖലകളില്‍ ഏക്കര്‍കണക്കിനാണ് മുരിങ്ങക്കൃഷി. അടുത്തകാലത്തു ചിലര്‍ ഇലയും ലക്ഷ്യമാക്കുന്നുണ്ടെങ്കിലും പൊതുവേ മുഖ്യ ലക്ഷ്യം കായതന്നെ. തൂത്തുക്കുടിയിലെ കർഷകനായ മുരുകന്റെ 20 ഏക്കർ തോട്ടത്തിലുൾപ്പെടെ 2000 തേനീച്ചപ്പെട്ടികളാണ് ജോസ് ഈ മേഖലയിൽ വിന്യസിച്ചിരിക്കുന്നത്. 

പല ഘട്ടങ്ങളിലായി, മേയ് മുതൽ ഒക്ടോബർ വരെ പൂത്തും കായ്ച്ചും വിളവെടുത്തും നീങ്ങുന്നതാണു തമിഴ്നാട്ടിലെ രീതി. മേയ് മാസത്തിൽ പെട്ടിവച്ചാൽ 20 –25 ദിവസം ഇടവിട്ട് ഒക്ടോബർ വരെ തേനെടുക്കാമെന്നു ജോസ്. റബർത്തോട്ടത്തിലോ തെങ്ങിൻതോപ്പിലോ പെട്ടി വയ്ക്കുമ്പോൾ ലഭിക്കുന്നത്ര തേൻ മുരിങ്ങത്തോട്ടത്തിൽ വച്ചാൽ ലഭിക്കില്ല. എന്നാൽ, മുരിങ്ങയുടെ ഔഷധഗുണങ്ങൾ കലർന്ന നല്ല സ്വർണനിറമുള്ള ഒന്നാന്തരം തേൻ ലഭിക്കുമെന്നതും അതിനു നല്ല ഡിമാൻഡുണ്ടെന്നതും നേട്ടം തന്നെ. 

കടുത്ത ചൂടിൽ തേനടകൾ ഉരുകിപ്പോവുമെന്നതിനാൽ മുരിങ്ങത്തോട്ടത്തിനുള്ളിലല്ല തേനീച്ചപ്പെട്ടികൾ  വയ്ക്കുക. തോട്ടത്തിന്റെ അതിരുകളിൽ കൃഷിചെയ്തിരിക്കുന്ന വാഴയുടെയും അതിനിടയിൽ വളർന്നു നിൽക്കുന്ന വേപ്പിന്റെയും പുളിയുടെയും തണലിലാണ്. വേപ്പും പുളിയും പൂക്കുന്ന ഘട്ടങ്ങളിൽ അവയുടെ ഔഷധമേന്മകൂടി മുരിങ്ങത്തേനിൽ കലരും. വി കെ ഹണി എന്ന ബ്രാൻഡിലാണ് ജോസ് തന്റെ മുരിങ്ങത്തേനും മൂല്യവർധിത തേനുൽപന്നങ്ങളും വിൽപനയ്ക്കെത്തിക്കുന്നത്.

ഫോൺ: 9745370086   

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com