ADVERTISEMENT

കേരളവിപണിയിലെ ഏറ്റവും ഡിമാൻഡുള്ള  ഉൽപന്നമേതാണ്? വില എത്ര ഉയർന്നാലും, എത്ര പ്രയാസപ്പെട്ടായാലും മലയാളി സ്ഥിരമായി വാങ്ങുന്ന ഉൽപന്നമുണ്ടോ? മദ്യത്തെക്കുറിച്ചാവും പലരും ചിന്തിക്കുക. എന്നാൽ, അതിലും മോശം സാഹചര്യത്തിൽപോലും ഏറെ ആഗ്രഹത്തോടെ നാം വാങ്ങുന്ന മറ്റൊരു ഉൽപന്നം കൂടിയുണ്ട്– മാംസം. ഒരു അമേരിക്കക്കാർ ഒരു വർഷം ശരാശരി 15 കിലോ കോഴിയിറച്ചി കഴിക്കുമ്പോൾ മലയാളികൾ അകത്താക്കുന്നത് 30 കിലോയാണ്! ഏറക്കുറെ 90 ശതമാനമാളുകളും മാംസാഹാരികളായ ഇവിടെ പക്ഷേ, മാംസത്തിന്റെ ഉൽപാദനത്തിനും വിപണനത്തിനും മദ്യത്തിനുള്ള സംവിധാനംപോലും ഇല്ലെന്നതാണ് വാസ്തവം. മദ്യവിപണനത്തിനായി ഒരു പൊതുമേഖലാ സ്ഥാപനവും നാടുനീളെ അതിന്റെ ശൃംഖലയുമുണ്ട്. എന്നാൽ മാംസസംസ്കരണരംഗത്തെ പൊതുമേഖലാ സ്ഥാപനങ്ങളെല്ലാം ചില പോക്കറ്റുകളിൽ സൗകര്യപൂർവം ഒതുങ്ങിയിരിക്കുകയാണിവിടെ.

ആവശ്യക്കാരേറെ, ലഭ്യത കുറവ്, നിലവാരം മോശം– ഇത്തരമൊരു ഉൽപന്നവിപണിയിൽ സംരംഭകർക്ക് അവസരങ്ങൾ ഏറെയാണ്. ഉറപ്പുള്ള വിപണിയിൽ ധൈര്യമായി മുതൽ മുടക്കാം. നിലവാരം വർധിപ്പിച്ചു മുന്നേറാം. എന്നാൽ, കേരളത്തിൽ കാര്യങ്ങൾ നേരേ വിപരീതമാണ്. ഉൽപാദനമായാലും വിപണനമായാലും നമ്മുടെ മാംസവിപണിയിൽ മുതൽമുടക്കാൻ ധൈര്യപ്പെടുന്നവർ തുച്ഛം. മാർജിൻ കുറവുള്ള പാലും പച്ചക്കറിയുമൊക്കെ കൃഷി ചെയ്യുന്നതിനുള്ള ഉത്സാഹം പോലും മാംസത്തിനായുള്ള സംരംഭങ്ങളോടു നാം കാണിക്കാറില്ല.

ഒരു വർഷം കേരളത്തിൽ 10,000 കോടി രൂപയുടെ മാംസം വിൽക്കപ്പെടുന്നുണ്ടെന്നാണ് കണക്ക്. ഇതിന്റെ 90 ശതമാനവും അയൽസംസ്ഥാനങ്ങളിൽ നിന്നെത്തുന്നതാണ്. ഇറച്ചി വാങ്ങാനായി നാം അയൽക്കാർക്കു നൽകുന്ന പണത്തിന്റെ പകുതിയെങ്കിലും ഇവിടുത്തെ കൃഷിക്കാർക്ക് നേടാനായാൽ 5000കോടി രൂപയാവും കേരളത്തിലെ കൃഷിക്കാർക്ക് അധികവരുമാനമായി ലഭിക്കുക. പക്ഷേ, നമുക്ക് അതു നേടിയെടുക്കാനാകുമോ?  എന്താണു വഴി?

പാലും പച്ചക്കറിയും മുട്ടയുമൊക്കെ അയൽസംസ്ഥാനങ്ങളിൽനിന്നു വാങ്ങേണ്ടിവരുന്നുണ്ടെങ്കിലും മാംസത്തിന്റെ കാര്യത്തിലാണ് കേരളത്തിന് ഏറ്റവും പരാശ്രയത്വം. മിൽമയുടെ കുത്തക നിലനിൽക്കുന്നതിനാൽ പാൽവിപണിയുടെ 90 ശതമാനവും നമ്മുടെ കൈവശം തന്നെ. പച്ചക്കറി ഉൽപാദനത്തിലും മട്ടുപ്പാവുകൃഷിയും കൃഷിവകുപ്പിന്റെ വിത്തുവിതരണംപോലുള്ള പദ്ധതികളും വിഎഫ്‌പിസികെ പോലുള്ള സംവിധാനങ്ങളുമൊക്കെ ഒരു പരിധി വരെ കേരളത്തിന്റെ താൽപര്യങ്ങൾ സംരക്ഷിക്കുന്നുണ്ട്. മുട്ടയുടെ  കാര്യത്തിൽ നാം തീരെ പിന്നിലാണെങ്കിലും മാംസവിപണിയുടെ അത്ര പരിതാപകരമല്ല കാര്യങ്ങൾ.  സംഘടിതവും ആസൂത്രിതവുമായ സംരംഭങ്ങളിലൂടെ മാംസവിപണിയെ  കേരളത്തിലെ കൃഷിക്കാരുടെ വരുമാനസ്രോതസാക്കി മാറ്റാനാകും.

എന്തൊക്കെയാണ് മാംസോൽപാദന വിപണനരംഗത്തെ കേരളത്തിന്റെ വെല്ലുവിളികളും അവയ്ക്കുള്ള  പരിഹാരവുമെന്നു നോക്കാം. ഒപ്പം ഈ പരിഹാരങ്ങൾ നൽകുന്ന അവസരങ്ങളും.

‌1. നിലവാരക്കുറവ്

വാങ്ങുന്നവർ അറിയുന്നില്ല, അറിയുന്നവർ വാങ്ങുകയുമില്ല എന്നതാണ് മാംസക്കച്ചവടത്തിലെ പല യാഥാർഥ്യങ്ങളും.  സുനാമി ഇറച്ചി മുതൽ  നായമാംസം വരെ ഇവിടെ വിൽപനയ്ക്കുണ്ടത്രെ. നല്ല മാംസം ഉറപ്പാക്കാൻ ചട്ടങ്ങളും സംവിധാനങ്ങളുമൊക്കെ  നിലവിലുണ്ടെങ്കിലും അവ പാലിക്കുന്ന സംരംഭങ്ങൾ തുച്ഛം. ഉയർന്ന ഉൽപാദനച്ചെലവും  തെറ്റായ നയങ്ങളും യുക്തിസഹമല്ലാത്ത ചട്ടങ്ങളുമൊക്കെ മാംസോൽപാദനത്തിലൂടെ നേട്ടമുണ്ടാക്കുന്നതിനു തടസ്സമാകുന്നു. ശാസ്ത്രീയമായ അറവുശാലകളുടെ കുറവും ശീതീകൃത വിതരണശൃംഖലയുടെ അസാന്നിധ്യവുമൊക്കെ നാം കഴിക്കുന്ന മാംസത്തിന്റെ നിലവാരം മോശമാക്കുന്നുണ്ട്.

2.  അടിസ്ഥാനസൗകര്യങ്ങളുടെ അപര്യാപ്തത

കേരളത്തിലാകെ 15,680 അറവുശാലകളുണ്ട്. എന്നാൽ ശാസ്ത്രീയ മാനദണ്ഡങ്ങൾ പാലിച്ചു കശാപ്പ് നടത്തുന്നവ വിരലിലെണ്ണാവുന്നവ മാത്രം. ഇറച്ചിത്തോരണങ്ങൾ തൂക്കിയ കടകളിൽനിന്നു മാംസം വാങ്ങാൻ ഇപ്പോഴും നിർബന്ധിതരാണ് മലയാളികൾ. വലിയ മുതൽമുടക്ക് വേണ്ടിവരുമെന്നതാണ് ആധുനികഅറവുശാലകൾ വ്യാപകമാകുന്നതിനു തടസ്സം. എന്നാൽ ആനുപാതികമായ വരുമാനം നൽകുന്ന ഈ മേഖല വിദേശമലയാളികൾക്ക് മികച്ച നിക്ഷേപ അവസരം തന്നെ.

3. വിപണന ശൃംഖലയുടെ അസാന്നിധ്യം

മാംസോൽപാദനം നടത്തുന്നവർക്ക് സ്ഥിരതയുള്ള വിപണന സംവിധാനമില്ല. പാലും മുട്ടയും പച്ചക്കറിയുമൊക്കെ വിൽക്കുന്നതുപോലെ കോഴിയെയോ താറാവിനെയോ ആടിനെയോ വിൽക്കാൻ അവയെ വളർത്തുന്നവർക്ക് അവസരമില്ല.  നിശ്ചിതവിലയ്ക്ക് മൃഗങ്ങളെ മുടങ്ങാതെ വാങ്ങുന്ന സംവിധാനം ഇവിടെ സങ്കൽപം മാത്രം.

4. മാലിന്യസംസ്കരണം

മാംസ സംരംഭകരുടെ ഏറ്റവും വലിയ തലവേദനയെന്ന് മാലിന്യസംസ്കരണത്തെ വിശേഷിപ്പിക്കാം. മൃഗങ്ങളെ വളർത്തുന്നവർക്കും മാംസസംസ്കരണം നടത്തുന്നവർക്കും  മാലിന്യസംസ്കരണത്തിനുള്ള സാഹചര്യമോ സങ്കേതികവിദ്യയോ വേണ്ടത്രയില്ല.

5. മൂല്യവർധന പേരിനു മാത്രം

ഇവിടെ ഉൽപാദിപ്പിക്കുന്ന മാംസത്തിന്റെ 95 ശതമാനവും നേരിട്ട് ഉപഭോക്താക്കളിലെത്തുകയാണ്. നുറുക്കി നൽകുന്നതു മാത്രമാണ് കേരളവിപണിയിലെ ഏക മൂല്യവർധന. എല്ല് നീക്കിയത്, നെഞ്ച് മാത്രം, കാലുകൾ മാത്രം എന്നിങ്ങനെ വിവിധ രീതികളിൽ തരംതിരിക്കുന്നതോടെ ഇറച്ചിയുടെ വില കുത്തനെ വർധിക്കും. എന്നാൽ  വളർത്തുമൃഗങ്ങളുടെ മാംസം ഇപ്രകാരം മൂല്യവർധന നടത്തി വിൽക്കുന്ന രീതി കേരളത്തിലെ കൃഷിക്കാർക്കും കർഷകസംഘങ്ങൾക്കും ഇപ്പോഴും അന്യമാണ്.

പ്രശ്നങ്ങൾ പരിഹാരങ്ങളിലേയ്ക്കും പരിഹാരങ്ങൾ അവസരങ്ങളിലേയ്ക്കും നീങ്ങണമല്ലോ. മാംസോൽപാദനരംഗത്തെ അവസരങ്ങൾ എന്തൊക്കെയാണെന്നു നോക്കാം.

1. ഇറച്ചി ഫാമുകൾ

നല്ല  മാംസം എവിടെ കിട്ടും? പ്രാദേശികമായി ഉൽപാദിപ്പിച്ച മാംസം വിശ്വസിച്ചു വാങ്ങാം. എന്നാൽ നമുക്കാവശ്യമുള്ളതിന്റെ പകുതിപോലും ഇവിടെ ഉൽപാദിപ്പിക്കാൻ സാധിക്കുന്നില്ല. വീടുകളിൽ പാലിനും മുട്ടയ്ക്കുമായി  മൃഗങ്ങളെ  വളർത്തുന്നവരാണ് കേരളീയർ. എന്നാൽ ഇറച്ചിക്കായി മാത്രം അവയെ  വളർത്തുന്നവർ വിരളം. മുട്ടയ്ക്കായി വളർത്തുന്ന കോഴിയെയും താറാവിനെയും ഉൽപാദനകാലം കഴിയുമ്പോൾ കൊന്നു തിന്നുന്നതു മാത്രമാണ് നമുക്കു ശീലം. വാണിജ്യാടിസ്ഥാനത്തിലുള്ള ഇറച്ചിക്കോഴി വളർത്തലാണ് ഈ സ്ഥിതിക്കു മാറ്റമുണ്ടാക്കിയത്. വാണിജ്യസ്വഭാവമുള്ള ഇറച്ചിക്കോഴി ഫാമുകൾ വ്യാപകമായിക്കഴിഞ്ഞു. അതുകൊണ്ടുതന്നെ നിലവാരമുള്ള കോഴിമാംസത്തിന്റെ ലഭ്യതയും  വർധിച്ചിട്ടുണ്ട്. എന്നാൽ ഇതേ രീതിയിൽ മറ്റ് ഇറച്ചിമൃഗങ്ങളെ വളർത്താൻ ഇവിടെ സാഹചര്യമില്ല. ചെറുകിട കർഷകരുെട തുണ്ടുകൃഷിയിടങ്ങളിൽ വളർത്താവുന്ന മൃഗങ്ങൾക്ക് പരിമിതിയുണ്ട്. അതേസമയം നിശ്ചിത എണ്ണമെങ്കിലും വളർത്തുകൂട്ടത്തിൽ ഇല്ലെങ്കിൽ സംരംഭം ആദായകരമാവില്ലതാനും.  ചെറുകിട കർഷകർ പരസ്പരധാരണയോടെ ഉൽപാദനം ആസൂത്രണം ചെയ്താൽ ഈ പ്രശ്നത്തിനു പരിഹാരമാകും.

ഇന്റഗ്രേഷൻ മാതൃകയിലുള്ള കോഴിവളർത്തലാണ് ആ രംഗത്ത് നമുക്ക് ആത്മവിശ്വാസം നൽകിയത്. അയൽ സംസ്ഥാനത്തുനിന്നെത്തിയ ഈ മാതൃകയെ തള്ളിപ്പറയാനായിരുന്നു പലർക്കും വ്യഗ്രത. ചെറുകിട കൃഷിക്കാരുടെ നഷ്ടസാധ്യത പരമാവധി ഒഴിവാക്കുന്ന ഈ രീതി സർക്കാർ ഏജൻസികൾ ഏറ്റെടുത്താൽ ചൂഷണസാധ്യത മാറിക്കിട്ടും. കെപ്കോ (കേരള പൗൾട്രി ഡവലപ്മെന്റ് കോർപറേഷൻ) ഇത്തരം സംരംഭങ്ങൾ നടത്തുന്നുണ്ടെങ്കിലും ഏതാനും ജില്ലകളിൽ പരിമിതമായ തോതിൽ മാത്രമാണത്. കേരളത്തിലെ പരമാവധി കോഴിക്കർഷകർക്കു മെച്ചപ്പെട്ട വരുമാനം നൽകുന്ന സ്ഥാപനമായി കെപ്കോയെ വളർത്താൻ സാധിക്കണം. അതോടൊപ്പം താറാവ്, ആട്, പോത്ത് തുടങ്ങിയ മൃഗങ്ങളുടെ കാര്യത്തിലും ഇന്റഗ്രേഷൻ  വരേണ്ടിയിരിക്കുന്നു. ശാസ്ത്രീയ അറവുശാലകൾ യാഥാർഥ്യമാവുന്നതോടെ അവ കേന്ദ്രീകരിച്ച് ഇത്തരം സംരംഭങ്ങൾ ആരംഭിക്കാം.

മീറ്റ് പ്രോഡക്ട്സ് ഓഫ് ഇന്ത്യ, കെപ്കോ തുടങ്ങിയ പൊതുമേഖലാസംരംഭങ്ങൾ വേണ്ടത്ര ഉത്സാഹം പ്രകടിപ്പിച്ചിരുന്നെങ്കിൽ ഈ ആശയം ഒരു ദശകം മുമ്പെങ്കിലും യാഥാർഥ്യമാകുമായിരുന്നു.ജില്ലകൾതോറും ഈ സ്ഥാപനങ്ങളുടെ മാംസസംസ്കരണ ശാലയുണ്ടാവുകയും അവിടെ എത്തിക്കുന്ന ഉരുക്കൾക്കും ചെറുമൃഗങ്ങൾക്കും ആദായവില നൽകുകയും ചെയ്യുന്ന  വിപണനശൃംഖല സൃഷ്ടിക്കാൻ ഈ സ്ഥാപനങ്ങൾക്ക് കഴിയുന്നില്ല. ഈ സ്ഥാനത്ത് ഇനി പ്രതീക്ഷ സ്വകാര്യ മുതൽമുടക്ക് മാത്രം. അല്ലെങ്കിൽ തന്നെ സർക്കാർ എന്തിനു ഇറച്ചിക്കച്ചവടം നടത്തണം? എംപിഐയിലും കെപ്കോയിലുമൊക്കെ സ്വകാര്യനിക്ഷേപം അനുവദിച്ച് കൂടുതൽ കാര്യക്ഷമമാക്കുകയാവും പ്രായോഗികം.

പോത്ത്, ആട് എന്നിവയെ മാംസത്തിനുവേണ്ടി മാത്രം വളർത്തുന്ന വലിയ ഫാമുകൾക്ക് കേരളത്തിൽ സാധ്യത പരിമിതമാണ്. എന്നാൽ ചെറുകിട കൃഷിക്കാരുടെ കൂട്ടായ്മകൾക്ക് സംഘടിതമായി മുന്നേറാവുന്ന രംഗമാണിത്. ലൈവ് സ്റ്റോക്ക് ഫാർമേഴ്സ് അസോസിയേഷനും വേണാട്  പൗൾട്രി ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനിയും വട്ടംകുളം പഞ്ചായത്തിലെ വീട്ടമ്മമാരുടെ ബ്രോയിലർ സംരംഭങ്ങളുമൊക്കെ ഇതിനു മാതൃകയാക്കാം. സ്വകാര്യനിക്ഷേപകരുടെ വിപണനശൃംഖലകളും ചെറുകിടകർഷകർക്ക് അവസരമായി മാറാറുണ്ട്. പ്രാദേശികമായി വിൽപനശാലകൾ ആരംഭിക്കുക, ഓൺലൈൻ വിപണനശൃംഖലകളുമായി ധാരണയുണ്ടാക്കുക, പൊതുവായ ബ്രാൻഡിൽ പായ്ക്ക് ചെയ്ത് ചില്ലറ വിൽപനശാലകളിലെത്തിക്കുക എന്നിവയൊക്കെ ഇത്തരം കൂട്ടായ്മകളിലൂെട സാധിക്കാവുന്ന കാര്യങ്ങളാണ്.

2. ശാസ്ത്രീയ അറവുശാലകൾ

മാംസ ഉൽപാദന, വിപണന ശൃംഖലയിൽ ഏറ്റവും പരിഷ്കരിക്കപ്പെടേണ്ട മേഖലയാണ് അറവുശാലകൾ. പ്രാകൃതവും വൃത്തിഹീനവുമായ സാഹചര്യങ്ങളിൽ ക്രൂരമായി മൃഗങ്ങളെ കശാപ്പ് ചെയ്യുന്ന പഴഞ്ചൻ സമ്പ്രദായം നിയമവിരുദ്ധമായിക്കഴിഞ്ഞു. എന്നാൽ ഇന്നും സമാനമായ രീതിയിലാണ് പലയിടത്തും മാംസം വിപണിയിലെത്തുന്നത്. നിയമങ്ങൾ കർശനമാകുന്ന സാഹചര്യത്തിൽ  ശാസ്ത്രീയ അറവുശാലകൾക്കു നമ്മുടെ നാട്ടിൽ സാധ്യതയേറുകയാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നേരിട്ടുനടത്തുന്ന അറവുശാലകൾകൊണ്ടു മാത്രം വിപണിയുടെ ആവശ്യങ്ങൾ നിറവേറ്റാനാകില്ല. സ്വകാര്യസംരംഭകർക്ക് ധൈര്യമായി പണം മുടക്കാവുന്ന മേഖലയാണിത്. അവർക്ക് ആത്മവിശ്വാസം പകരുന്ന നയങ്ങളും പദ്ധതികളുമായി സർക്കാർ കൂടെ നിൽക്കണമെന്നു മാത്രം. ബ്ലോക്ക് പഞ്ചായത്തുകൾതോറുമെങ്കിലും ഓരോ അറവുശാല സ്ഥാപിക്കാൻ സാധിച്ചാൽ അവയെ കേന്ദ്രീകരിച്ച് ഒരു പിടി അനുബന്ധ സംരംഭങ്ങളും വളർത്തിയെടുക്കാനാവും. 

രണ്ടു കോടി രൂപ മുടക്കിയാൽ ദിവസേന  10–20 വലിയ മൃഗങ്ങളെ കശാപ്പു ചെയ്യുന്ന സംരംഭം ആരംഭിക്കാം. ഇത്തരമൊരു സംരംഭത്തിലൂടെ കുറഞ്ഞത് പ്രതിദിനം 50,000 രൂപ വരുമാനം കിട്ടും. അറവുകൂലി മാത്രമല്ല ഉപോൽപന്നങ്ങളായ തുകൽ, എല്ല്, രക്തം എന്നിവയെല്ലാം ഇവിടെ വരുമാനവഴികളാണ്. വേണ്ടത്ര സ്ഥലസൗകര്യവും  മലിനീകരണ നിയന്ത്രണസംവിധാനങ്ങളും ഉറപ്പാക്കണമെന്നു മാത്രം.  

അറവുശാലകൾ വലിയ നിക്ഷേപ അവസരമായി മാറുകയാണ്. വിവിധ സാമൂഹിക– രാഷ്ട്രീയ കാരണങ്ങളാൽ മിക്കവാറും ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ അറവുശാല നടത്താനാവാത്ത സ്ഥിതിയുണ്ട്. ഈ സാഹചര്യത്തിൽ അവിടങ്ങളിലെ മാംസവ്യവസായം കേരളത്തെയാണത്രെ ഉറ്റുനോക്കുന്നത്. വടക്കേ ഇന്ത്യയിൽനിന്നുള്ള നാൽക്കാലികളെ കേരളത്തിലെത്തിച്ച് അറവ് നടത്തി  വിദേശത്തെയും ഇന്ത്യയിലെയും നഗരവിപണികളിൽ എത്തിക്കാനാകും. ഇത്തരം സാധ്യതകൾ മുൻകൂട്ടി കണ്ടാവണം രണ്ട് വൻകിട മാംസ സംസ്കരണ സംരംഭങ്ങൾക്ക് കേരളത്തിൽ നിക്ഷേപമെത്തിക്കഴിഞ്ഞു. കണ്ണൂരിൽ ഈ മാസം ആരംഭിക്കുന്ന ഹൈജീൻ മീറ്റ് 8 കോടി രൂപ മുതൽമുടക്കുള്ള സംരംഭമാണ്. കോഴിക്കോട് ജില്ലയിലെ കക്കാടം പൊയിലിലാവട്ടെ 40 കോടി രൂപയുടെ  വമ്പൻ മാംസോൽപാദന– സംസ്കരണ സംരംഭമാണ് തയാറായിവരുന്നത്.  മാംസോൽപാദനരംഗത്തെ കൃഷിക്കാർക്ക് ഇത്തരം സംരംഭങ്ങളുെട സാന്നിധ്യം ആത്മവിശ്വാസം നൽകുന്നു.

നാട്ടിലെങ്ങുമുള്ള കോഴിക്കടകളാണ് അടിയന്തരമായി പരിഷ്കരണവും മുതൽമുടക്കും വേണ്ടിവരുന്ന മറ്റൊരു സംരംഭമെന്ന് മാംസ സംസ്കരണ രംഗത്തെ പ്രമുഖ കൺസൾട്ടന്റായ ഡോ. പി.വി. മോഹനൻ ചൂണ്ടിക്കാട്ടി. മരക്കുറ്റിയിൽ കോഴിയെ മുറിക്കുന്നതും കഴുത്തറുത്ത കോഴികളെ ഒരു വീപ്പയിൽ ഒരുമിച്ചിടുന്നതുമൊക്കെ ചട്ടങ്ങൾക്ക് വിരുദ്ധമാണ്. ഒരു പെട്ടിയും കുറ്റിയും കത്തിയുമുണ്ടെങ്കിൽ ആർക്കും കോഴിക്കട നടത്താവുന്ന സ്ഥിതിയാണിന്ന്. എന്നാൽ ഭക്ഷ്യസുരക്ഷാഅതോറിറ്റിയുടെ ലൈസൻസ് നിർബന്ധിതമാകുന്നതോടെ ഇത്തരം കടകളെല്ലാം കാലോചിതമായി പരിഷ്കരിക്കേണ്ടിവരും. മാനദണ്ഡങ്ങൾ പാലിക്കുന്ന ചെറിയ കോഴിക്കട നാലു ലക്ഷം രൂപ മുതൽമുടക്കിൽ തയാറാക്കാമെന്ന് ഡോ. മോഹനൻ പറയുന്നു.

3. ശാസ്ത്രീയ മാലിന്യ സംസ്കരണ യൂണിറ്റുകൾ

മാംസസംസ്കരണ രംഗത്തെ മുഖ്യവെല്ലുവിളിയായി മാലിന്യങ്ങളെ കാണുന്നവർ ഏറെയുണ്ട്. എന്നാൽ ഈ രംഗത്തെ സംരംഭസാധ്യതകൾ തിരിച്ചറിയുന്നവർ ചുരുക്കം.  ജൈവവളം മുതൽ സൗന്ദര്യവർധകവസ്തുക്കൾ വരെ മാംസാവശിഷ്ടങ്ങളിൽനിന്നു നിർമിക്കാം. പക്ഷേ, അവ ശരിയായി വേർതിരിച്ചെടുക്കണമെന്നു മാത്രം. ശാസ്ത്രീയ അറവുശാലകളിൽ ഇവ ശുചിയായി വേർതിരിച്ച് ആവശ്യക്കാർക്ക് എത്തിച്ചുനൽകി വരുമാനം നേടാം. കോഴിക്കടകളിലെ അവശിഷ്ടങ്ങൾ സംസ്കരിക്കുന്ന റെൻഡറിങ് പ്ലാന്റുകൾ കാസർകോട്, കണ്ണൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ  സ്ഥാപിച്ചുകഴിഞ്ഞു. ഇവയിൽ മൂന്നു ജില്ലകളിൽ രണ്ടാമത്തെ റെൻഡറിങ് യൂണിറ്റിനും നടപടിയായത് ഈ രംഗത്തെ സംരംഭസാധ്യതകൾ വ്യക്തമാക്കുന്നു. കണ്ണൂർ ജില്ലയിലെ പാപ്പിനിശ്ശേരിയിൽ കേരളത്തിലെ പ്രഥമ റെൻഡറിങ് യൂണിറ്റ് ആദായകരമായി പ്രവർത്തിക്കുന്നത് കൂടുതൽ സംരംഭകർക്ക് ആത്മവിശ്വാസം നൽകും. കോഴിക്കടകളിൽനിന്നു കിലോയ്ക്ക് 6 രൂപ നിരക്കിൽ മാലിന്യം സംഭരിച്ചു സംസ്കരിക്കുന്ന  വിധത്തിലാണ് റെൻഡറിങ് യൂണിറ്റുകൾ ശുചിത്വമിഷൻ വിഭാവനം ചെയ്തിട്ടുള്ളത്. 

ഇപ്രകാരം റെൻ‌ഡ‍റിങ് പ്ലാന്റുകളുമായി ധാരണയിലെത്തുന്ന കോഴിക്കടകൾക്ക് മാത്രമെ ഇനി ലൈസൻസ് നൽകാവൂ എന്നാണ് ആസൂത്രണബോർഡിന്റെയും ഹരിതകേരളമിഷന്റെയും ശുപാർശ. ലൈസൻസുള്ള കടകളിൽനിന്നു മാംസം വാങ്ങിയാൽ മാത്രമെ ഹോട്ടലുകൾക്കും കേറ്ററിങ് ഏജൻസികൾക്കും ലൈസൻസ് ലഭിക്കൂ. ചുരുക്കത്തിൽ കേരളത്തിലെമ്പാടുമായി ഇത്തരം മാലിന്യസംസ്കരണ യൂണിറ്റുകൾക്ക് വലിയ അവസരമൊരുങ്ങുകയാണ്. റെൻഡറിങ് പ്ലാന്റുകളിൽനിന്നുള്ള മുഖ്യ ഉൽപന്നമായ മീറ്റ് മീലിനാവട്ടെ വാണിജ്യസാധ്യതകളേറെ.  ഒട്ടും ദുർഗന്ധവുമില്ലാത്ത മീറ്റ്മീൽ പൂച്ച, നായ, മത്സ്യം എന്നിവയുടെ തീറ്റയിലെ മുഖ്യചേരുവയാണ്. ആവശ്യക്കാർ നേരിട്ടെത്തി വാങ്ങിക്കൊള്ളും. ഒരു കിലോ കോഴിഅവശിഷ്ടത്തിൽനിന്ന് 300 ഗ്രാം മീറ്റ്മീൽ കിട്ടും.  കിലോയ്ക്ക് 25 രൂപ വിലയുണ്ട്. നല്ലൊരു ജൈവവളമായും ഇത് വിൽക്കാനാവും. 500 കിലോ മുതൽ 5000 കിലോ വരെ ശേഷിയുള്ള റെൻഡറിങ് പ്ലാന്റുകൾക്ക് കേരളത്തിൽ സാധ്യതയുണ്ടെന്ന്  ശുചിത്വമിഷൻ മാസ്റ്റര്‍ ഫാക്കൽറ്റി കൂടിയായ ഡോ. പി.വി. മോഹനൻ ചൂണ്ടിക്കാട്ടി. വലിയ മൃഗങ്ങളുടെ അറവുശാലകളോടനുബന്ധിച്ചും റെൻഡറിങ് പ്ലാൻറുകൾ വേണ്ടിവരും. വിവിധ സ്ഥലങ്ങളിലെ അറവുശാലകൾ പൊതുവായി ഇത്തരം സൗകര്യം ഏർപ്പെടുത്തുന്നത് മുതൽമുടക്ക് കുറയ്ക്കാൻ സഹായകമാകും.

4.  വിപണന സംവിധാനങ്ങൾ

പത്തു കോഴിയും രണ്ട് ആടുമായി ഒരു കൃഷിക്കാരനു മാംസവിപണിയിൽ ഇടപെടാനാകില്ല. ഇടത്തട്ടുകാരായ കച്ചവടക്കാർ ലാഭമെടുത്ത ശേഷം നൽകുന്നത് വാങ്ങുകയേ അവർക്കു നിവൃത്തിയുള്ളൂ. എന്നാൽ ഈ രംഗത്തു വരുമാനം നേടാൻ ആഗ്രഹിക്കുന്ന കൃഷിക്കാരുടെ കൂട്ടായ്മകൾക്ക് ഗ്രാമങ്ങൾ തോറും വളർത്തുമൃഗങ്ങളുടെ വിപണി സൃഷ്ടിക്കാനാവും. ആഴ്ച തോറും 20 ആടും 200 കോഴിയും കിട്ടാനിടയുണ്ടെങ്കിൽ ആവശ്യക്കാർ തേടിയെത്തും. ഹോട്ടലുകാരും കേറ്ററിങ് ഗ്രൂപ്പുകളുമൊക്കെ കൃഷിക്കാരുമായി നേരിട്ടുള്ള ഇടപാടുകൾക്ക് സന്നദ്ധമാകും. ആഹാരവിപണിയിൽ ഓൺലൈൻ പോർട്ടലുകളും ബ്രാൻഡുകളും എക്സ്ക്ലൂസീവ് സെയിൽസ് പോയിന്റുകളുമൊക്കെ വർധിച്ചുവരുന്ന കാലമാണിത്.

 മൊബൈൽ ആപ്പിലൂടെ അഥവാ വെബ്സൈറ്റിലൂടെ ഓർഡർ നൽകിയാൽ മത്സ്യവും മാംസവും ഉപഭോക്താക്കളുടെ വീട്ടുപടിക്കലെത്തിക്കുന്ന രീതിയാണ് ഇപ്പോഴത്തെ ട്രെൻഡ്.   മലയാളികളായ സംരംഭകരുടെ നേതൃത്വത്തിൽ  ആരംഭിച്ച ഫ്രഷ് ടു ഹോം അത്തരമൊരു ഒോൺലൈൻ സംവിധാനമാണ്. ലിഷ്യസ് പോലുള്ള സ്റ്റാർട്ടപ് സംരംഭകരും ഈ രംഗത്തുണ്ട്. സൗകര്യവും നിലവാരവും ഉറപ്പുവരുത്തുന്ന ഈ രീതിയിൽ വില അൽപം കൂടുതലാണെങ്കിലും ഉപഭോക്താക്കൾ പ്രശ്നമാക്കാറില്ല. 

കർഷക കൂട്ടായ്മകൾക്ക് ഓൺലൈൻ വിപണന പ്ലാറ്റ്ഫോമുകളുണ്ടാക്കി  വിപണി വിശാലമാക്കാനാവും. അസംഘടിത മേഖലയിൽനിന്നു സംഘടിത മേഖലയിലേക്ക് മാംസക്കച്ചവടം പറിച്ചുനടുന്നതിനൊപ്പം ഈ ബിസിനസിൽ കൃഷിക്കാരുടെ വിഹിതം വർധിപ്പിക്കാനും സാധിക്കേണ്ടിയിരിക്കുന്നു. നേരിട്ടുള്ള വിപണനത്തിലൂെട മാത്രമേ ചൂഷണം അവസാനിപ്പിക്കാനും വരുമാനം വർധിപ്പിക്കാനും കഴിയൂ എന്ന തിരിച്ചറിവിലാണ് ലൈവ് സ്റ്റോക്ക് ഫാർമേഴ്സ് അസോസിയേഷൻ. ഇക്കഴിഞ്ഞ ക്രിസ്മസ് കാലത്ത് സ്വന്തമായി വിൽപനശാലകൾ നടത്തി ആദായം വർധിപ്പിക്കാൻ അസോസിയേഷൻ അംഗങ്ങളെ പ്രോത്സാഹിപ്പിച്ചു.  ഇടത്തട്ടുകാരെ ഒഴിവാക്കി അധികാദായം  നേടാൻ ഇതുവഴി സാധിച്ചെന്നു പ്രസിഡ‍ന്റ് ഭാസി ചൂണ്ടിക്കാട്ടി. ഇത്തരം ഫാം ഷോപ്പുകൾക്ക്  താരതമ്യേന വിശ്വാസ്യതയും കൂടുതലായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. 

5. മൂല്യവർധനയിലൂെട അധികനേട്ടം

മൂല്യവർധനയിലൂടെ വരുമാനം വർധിക്കുന്നതിനു മികച്ച ഉദാഹരണം ബ്രോയിലർ കോഴിയിറച്ചി തന്നെ. ഡ്രസ് ചെയ്ത കോഴിയെ മുഴുവനായി നൽകുന്നതിനു പകരം കാൽ, നെ‍ഞ്ച്, എല്ലു നീക്കിയത്, കറി കട്ട് എന്നിങ്ങനെ വേർതിരിച്ചു പായ്ക്കു ചെയ്തു നൽകുന്നത് ഉപഭോക്താക്കളുടെ താൽപര്യം വർധിപ്പിക്കും. ഇപ്രകാരം മുറിച്ചു വേർതിരിച്ച് വിൽക്കുന്നതുവഴി ഓരോ കോഴിയിൽനിന്നുമുള്ള വരുമാനം 35ശതമാനംവരെ വർധിപ്പിക്കാനാകും. മാംസം പാകം ചെയ്തു നൽകുന്ന ഭക്ഷണശാലകളും ഒരു സംരംഭ സാധ്യത തന്നെ . കെഎഫ്സിയും ചിക്ക് ബ്ലാസ്റ്റുമൊക്കെ പോലെ നമ്മുടെ കൃഷിക്കാർക്കും  കുട്ടനാടൻ ഫ്രൈഡ് ഡക്കിന്റെയും കോഴിക്കോടൻ റാബിറ്റ് റോസ്റ്റിന്റെയുമൊക്കെ ശൃംഖലകൾ നടത്താനാവില്ലേ. ഇടത്തട്ടുകാരെ അകറ്റി നേരിട്ടു കച്ചവടം നടത്തിയാൽ ഇത്തരം സംരംഭങ്ങളിലൂടെ ഇരട്ടിയിലേറെ നേട്ടം ഉറപ്പാക്കാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com