ADVERTISEMENT

ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്ന കോഴിക്കടകൾ അനിവാര്യമാവുകയാണ്. നിയമം കർക്കശമാവുന്ന മുറയ്ക്ക് നാടെങ്ങും ശാസ്ത്രീയ മാംസസംസ്കരണ സംവിധാനങ്ങൾ ഉണ്ടായേ മതിയാവൂ.  ഇത്തരം സംവിധാനങ്ങളോടെ ഒരു കോഴിക്കട ആരംഭിക്കാൻ നാലു ലക്ഷം രൂപ വേണ്ടിവരുമത്രെ. അതുകൊണ്ടുതന്നെ ഒരു വിഭാഗം ചെറുകിട കോഴിക്കച്ചവടക്കാർ സംസ്കരിച്ച കോഴിമാംസത്തിന്റെ വിപണനത്തിലേക്കു ചുവടു മാറേണ്ടിവരും. അതാവുമ്പോൾ ശരിയായി സംസ്കരിച്ച് പായ്ക്ക് ചെയ്ത് മാംസം വിൽപന നടത്തി കമ്മീഷൻ കൈപ്പറ്റുകയേ വേണ്ടൂ.

ഈ സാഹചര്യത്തിൽ കോഴിയെ കൊന്നു മൂല്യവർധന നടത്തുന്ന  സംസ്കരണ യൂണിറ്റുകൾക്ക് അവസരമേറുകയാണ്. ‍‌ മൃഗസംരക്ഷണ– ആരോഗ്യ– പരിസ്ഥിതി വകുപ്പുകളുടെ മാനദണ്ഡങ്ങൾ പാലിച്ചു കോഴിയെ കൊല്ലുന്നതിനും അവയുടെ മാംസം സംസ്കരിക്കുന്നതിനും ഇത്തരം യൂണിറ്റുകളിൽ സൗകര്യമുണ്ടായിരിക്കും. ഇത്തരമൊരു സംരംഭമാണ് പയ്യന്നൂരിനു സമീപം ചൂരലിലെ സ്വാദിയ പൗൾട്രി പ്രോസസിങ് കമ്പനി.  ഒരു ഷിഫ്റ്റിൽ  4000 കോഴികളുടെ മാംസം സംസ്കരിക്കുന്നതിനു ശേഷിയുള്ള ഈ പ്ലാന്റിൽ  15 സംരംഭകരാണ് മുതൽമുടക്കിയിരിക്കുന്നത്. അവശിഷ്ടമാലിന്യങ്ങൾ സംസ്കരിക്കുന്നതിനുള്ള  റെൻഡറിങ് യൂണിറ്റും ഇതോടനുബന്ധിച്ച് പ്രവർത്തിക്കുന്നു. നാലരക്കോടി രൂപയോളം  ഈ സംരംഭത്തിനു മുതൽമുടക്കുണ്ടെന്ന് മാനേജിങ് ഡയറക്ടർ കെ. അരവിന്ദാക്ഷൻ പറഞ്ഞു. ‌

രണ്ടു രീതിയിലാണ് ഈ  സെമി ഓട്ടമാറ്റിക് യൂണിറ്റ് പ്രവർത്തിക്കുന്നത്.  കർഷകരിൽനിന്നു ബ്രോയിലർ കോഴികളെ വാങ്ങി സംസ്കരിച്ച് സ്വാദിയ ചിക്കൻ എന്ന പേരിൽ ചില്ലറവിപണിയിലെത്തിക്കുന്നു.  അതോടൊപ്പം മറ്റു സംരംഭകർക്കു വേണ്ടി കോഴിയിറച്ചി സംസ്കരിച്ചു നൽകുന്നുമുണ്ട്. പ്ലാൻറിന്റെ ഒരറ്റത്ത് എത്തിക്കുന്ന കോഴികൾ കൺവെയർ സംവിധാനത്തിലൂടെ നീങ്ങുന്നതിനിടെ, അവയെ കൊന്നു ശാസ്ത്രീയമായും വൃത്തിയായും ഡ്രസ് ചെയ്യുന്നു. തുടർന്ന് ആവശ്യാനുസരണം മുറിച്ച കഷണങ്ങളായാണ് ഓരോ കോഴിയും പ്ലാന്റിന്റെ പുറംകവാടത്തിൽ എത്തുന്നത്. സംസ്കരിച്ച കോഴിമാംസം ചിൽ ചെയ്തു തണുപ്പിക്കുന്നതിനും ഫ്രീസ് ചെയ്യുന്നതിനുമൊക്കെ ഇവിടെ സംവിധാനമുണ്ട്. 

സ്വാദിയ ചിക്കൻ ഉൽപന്നങ്ങൾ കണ്ണൂർ, കോഴിക്കോട്, തൃശൂർ, മധുര എന്നിവിടങ്ങളിലെ  വിപണിയിലെത്തുന്നുണ്ട്. കൂടാതെ മംഗലാപുരത്തുനിന്നുള്ള  അനുപമ ഫീഡ്സിനുവേണ്ടി ഐഡിയൽ ചിക്കൻ എന്ന ബ്രാൻഡിൽ കോഴിയിറച്ചി സംസ്കരിച്ചു നൽകുന്നുമുണ്ട്. ഒരു കോഴിയെ ഡ്രസ് ചെയ്തു നൽകുന്നതിന് 11 രൂപ വീതം കമ്പനിക്കു ലഭിക്കും.  മൂല്യവർധിത കോഴി ഉൽപന്നങ്ങൾക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്ന് അരവിന്ദാക്ഷൻ പറഞ്ഞു. 

ഫോൺ– 9447774745

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com