ADVERTISEMENT

സാദാ കോഴിക്കടയായിരുന്നു കണ്ണൂർ മുണ്ടേരിയിലെ സലാമിന്റെ എൻകെഎസ് ചിക്കൻ.  ശരാശരി 100 കോഴികളുടെ വിൽപനയുമായി ആരംഭിച്ച ഈ സ്ഥാപനം ഇപ്പോൾ ദിവസേന രണ്ടായിരം ബ്രോയിലർ കോഴികളെ ഉപഭോക്താക്കളിലെത്തിക്കുന്ന സംരംഭമാണ്.  ഡ്രസ് ചെയ്ത കോഴിയെ മുഴുവനായി വിറ്റിരുന്ന സലാം ഇപ്പോൾ 17 തരം  കോഴി ഉൽപന്നങ്ങൾ വിപണിയിലെത്തിക്കുന്നു.  കണ്ണൂർ നഗരത്തിലെ ഒരു കോഴിക്കടയ്ക്കുണ്ടായ ഈ വളർച്ച കേരളത്തിലെ എല്ലാ പട്ടണങ്ങളിലും ആവർത്തിക്കാനാകുമെന്ന വസ്തുത തിരിച്ചറിയപ്പെടേണ്ടതുതന്നെ.

ബ്രോയിലർ ഫാം, മീറ്റ് പ്രോസസിങ് പ്ലാന്റ്, ചിക്കൻ സ്റ്റാൾ, ചിക്കൻ ഈറ്ററി എന്നിങ്ങനെ കോഴിയിറച്ചിയുടെ മൂല്യവർധിത ശൃംഖലയിലെ എല്ലാ കണ്ണികളിലും സലാം കൈവച്ചുകഴിഞ്ഞു. ഫുൾ ചിക്കൻ, ഷവർമ ചിക്കൻ, ലോലിപോപ്പ്, ഡ്രം സ്റ്റിക്,  ബ്രസ്റ്റ്, പാർട്സ്, തൈ വിത്ത് ഡ്രംസ്റ്റിക്, ബോൺലെസ് തൈ, മാരിനേറ്റഡ് ചിക്കൻ, വിങ്സ്, ബോൺ മിക്സ്, ലിവർ, ഗിസാർഡ്,  തൊലിയുള്ളത്, ഇല്ലാത്തത് എന്നിങ്ങനെ കോഴിയിറച്ചി ഏതു രൂപത്തിൽ വേണമെങ്കിലും നൽകുന്ന ചിക്കൻ ബ്രാൻഡായി എൻകെഎസ് . ഹോട്ടലുകൾക്ക് ബിരിയാണി കട്ട്, ചില്ലി കട്ട്, ലഗോൺ ബിരിയാണി കട്ട് എന്നിങ്ങനെ വേറെയും.

കാരണം ഒന്നു മാത്രം– മാറുന്ന കാലത്തിന്റെ ആവശ്യങ്ങൾ മുൻകൂട്ടി തിരിച്ചറിയാൻ സലാമിനു കഴിയുന്നു. കാൽനൂറ്റാണ്ടായി കോഴിബിസിനസിലുണ്ടെങ്കിലും ശാസ്ത്രീയ മാംസസംസ്കരണത്തിനും മൂല്യവർധനയ്ക്കുമുള്ള പ്രാധാന്യം സലാം തിരിച്ചറിഞ്ഞത് 3 വർഷം മുമ്പാണ്.   സീനിയർ വെറ്ററിനറി സർജൻ ഡോ. പി. മോഹനനാണ് ഇക്കാര്യങ്ങളിൽ സലാമിനു ഗുരു.  കേരളത്തിലാദ്യമായി സ്വകാര്യമേഖലയിൽ ആരംഭിച്ച കോഴിസംസ്കരണ ശാലയായിരിക്കും സലാമിന്റേത്. മലിനീകരണ നിയന്ത്രണബോർഡ് മുതൽ ആരോഗ്യവകുപ്പ്, പഞ്ചായത്ത്, മൃഗസംരക്ഷണവകുപ്പ്, ഫുഡ് സേഫ്റ്റ് അതോറിറ്റി  എന്നിങ്ങനെ സകല ഏജൻസികളുടെയും ലൈസൻസ് നേടി പ്രവർത്തിക്കുന്ന ഈ സംസ്കരണശാലയ്ക്ക് ഒന്നരക്കോടി രൂപ മുതൽമുടക്ക് വേണ്ടിവന്നു.

എങ്ങനെ കൊന്നാലും കോഴിയിറച്ചിക്ക് ഒരു രുചിയല്ലേയെന്നു ചോദിക്കുന്നവരോട് അല്ലെന്നു പറയാൻ സലാമിനു മടിയില്ല. ശരിയായ സംസ്കരണ പ്രക്രിയയിലൂടെ കടന്നുപോയ കോഴിമാംസത്തിന്റെ രുചിയും മൃദുലതയും ഒരിക്കലെങ്കിലും മനസിലാക്കാത്തവരാണ് ഇങ്ങനെ ചിന്തിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർക്കുന്നു.

chicken-2
ഹലാലായും ശാസ്ത്രീയമായും

എന്താണ് ഈ സംസ്കരണശാലയും സാദാ കോഴിക്കടയും തമ്മിലുള്ള വ്യത്യാസമെന്നു നോക്കാം. സാദാ കോഴിക്കടയിൽ കോഴിയെ കഴുത്തറുത്ത് ഒരു വീപ്പയിലേക്കിടുന്നു. രണ്ടു കോഴികളെ കൊല്ലുന്നുണ്ടെങ്കിൽ രണ്ടിനെയും ഒന്നിച്ചാവും ഇടുക.  വീപ്പയ്ക്കുള്ളിൽ രണ്ടും പിടഞ്ഞും പറന്നും ചോര വാർന്നു ചാകുന്നു. എന്നാൽ, ഇതെല്ലാം നിയമപ്രകാരവും ശാസ്ത്രപ്രകാരവും തെറ്റാണ്.  കോഴികളുടെ രക്തം പുരണ്ട വീപ്പയ്ക്കുള്ളിൽ അണുബാധയ്ക്ക് സാധ്യതയേറെയാണ്. പൂർണമായി രക്തം വാർന്നുപോകത്തക്കവിധത്തിൽ തല കീഴായി തൂക്കിയിട്ടുവേണം കോഴിയുടെ കഴുത്തറുക്കാൻ. ഒരു കോഴിയുടെ രക്തം മറ്റൊന്നിൽ പുരളരുത്.  ഇതിനായി പ്രത്യേകം തയാറാക്കിയ സ്റ്റെയിൻലെസ് സ്റ്റീൽ ഫണലുകളിലാണ് ഇവിടെ കോഴിയെ അറക്കുന്നത്. മറയുള്ളതിനാൽ കോഴികൾ പരസ്പരം കാണുന്നുമില്ല. ചാകുന്നതുവരെ തല കീഴായി തന്നെ കിടക്കുന്നതിനാൽ പരമാവധി ചോര വാർന്നു പോവുകയും ചെയ്യുന്നു.

ഹലാലായി അറുത്ത കോഴികളെ വൃത്തിയാക്കുന്നതിനു മുന്നോടിയായി ചൂടുവെള്ളത്തിൽ മുക്കുന്നു. തുടർന്ന് തൂവൽ പറിക്കുന്നു. ഇതിനായി പ്രത്യേക യന്ത്രമുണ്ട്. തൂവൽ നീക്കിയ കോഴികളുടെ തലയും കാൽ, ചിറക് എന്നിവയുടെ അഗ്രഭാഗവും ആന്തരികാവയവങ്ങളും നീക്കം ചെയ്യുന്നു. തുടർന്ന് തണുപ്പിച്ച ജലത്തിൽ മുക്കി കഴുകുന്നു. ക്ലോറിനേറ്റ് ചെയ്തു അണുനശീകരണം നടത്തിയ വെള്ളമാണ് ഇതിനായി ഉപയോഗിക്കുന്നത്. മൂന്ന് ഡിഗ്രി സെൽഷ്യസിൽ 5 മണിക്കൂറോളം സൂക്ഷിച്ചു മൃദുവാക്കിയ ശേഷമാവും മാംസം കഷണങ്ങളാക്കുക.  യന്ത്രസഹായത്തോടെ പ്രവർത്തിക്കുന്ന സ്റ്റെയിൻലെസ് സ്റ്റീൽ കട്ടറുപയോഗിച്ചാണ് ഇവിടെ കോഴിയെ മുറിക്കുന്നത്. വിപണിയിലെ ആവശ്യമനുസരിച്ച് പല വലുപ്പത്തിലും തരത്തിലും മുറിക്കാറുണ്ട്.

chicken
സ്റ്റെയിൻ‌ലെസ് സ്റ്റീൽ മെഷീനിൽ മാംസം നുറുക്കുന്നു

കോഴിയിറച്ചി വിവിധ ശരീരഭാഗങ്ങളായി  മൂല്യവർധന നടത്തുന്നത് ഉപഭോക്താക്കൾക്കും സംരംഭകർക്കും ഒരേ പോലെ നേട്ടമാണെന്നു സലാം ചൂണ്ടിക്കാട്ടി. ഡ്രസ് ചെയ്ത കോഴിയെ മുഴുവനായി നുറുക്കി നൽകിയാൽ കിലോയ്ക്ക് 190 രൂപ വില വരുമെങ്കിൽ ഡ്രം സ്റ്റിക്കിന് 210 രൂപയും ബോൺലെസ് ബ്രസ്റ്റിന് 280 രൂപയുമാണ് വില. ശേഷിക്കുന്ന ഭാഗങ്ങളും ഗിസാർഡും കരളുമൊക്കെ ചേർത്ത് കുറഞ്ഞ വിലയ്ക്കും നൽകാം. ഇതുവഴി എല്ലാ വിഭാഗം ഉപഭോക്താക്കളെയും ഇറച്ചിക്കോഴി വിപണിയിലേക്ക് ആകർഷിക്കാനാവും. 

ലോകമെമ്പാടും മാംസം അറുത്തുനൽകുന്ന രീതിയാണുള്ളത്. ജീവനോടെ തൂക്കമെടുത്തശേഷം കൺമുന്നിൽ കൊന്നുനൽകുന്ന രീതി നമ്മുടെ നാട്ടിൽ മാത്രമേ കാണൂ– അദ്ദേഹം പറഞ്ഞു. മുഴുവൻ കോഴിയെ ജീവനോടെ തൂക്കിവാങ്ങുന്നവർ കബളിപ്പിക്കപ്പെടാനും സാധ്യതയുണ്ടെന്ന് സലാം ചൂണ്ടിക്കാട്ടി. കൊല്ലുന്നതിനു തൊട്ടുമുമ്പ് ധാരാളം തീറ്റ നൽകുന്നതിനാൽ തീറ്റസഞ്ചി പരമാവധി നിറഞ്ഞിരിക്കും. അവശിഷ്ടമായി നീക്കം ചെയ്യപ്പെടുന്ന ഇതിന്  200 ഗ്രാം വരെ തൂക്കം കാണും. ജീവനോടെ തൂക്കിവാങ്ങുമ്പോൾ 200 ഗ്രാം അവശിഷ്ടഭാഗത്തിനു കൂടി നാം കോഴിയിറച്ചിയുടെ വില നൽകേണ്ടിവരുന്നു. എന്നാൽ കൊല്ലുന്നതിന് 24 മണിക്കൂർ മുമ്പ് ഇറച്ചിക്കോഴികൾക്ക് തീറ്റ നൽകരുതെന്ന നിബന്ധന പാലിച്ചാൽ പ്രശ്നം ഒഴിവാക്കാം. ഡ്രസ് ചെയ്യുമ്പോൾ തീറ്റസഞ്ചി പൊട്ടി അണുബാധയുണ്ടാക്കാനുള്ള സാധ്യതയും കുറയും.

സ്വന്തം ഫാമിലെ കോഴികൾക്കൊപ്പം നേരിട്ടു ബോധ്യമുള്ള ഫാമുകളിൽനിന്നും സലാം കോഴികളെ എടുക്കാറുണ്ട്. നേരിട്ടു നടത്തുന്ന 10 സെയിൽസ് കൗണ്ടറുകളുൾപ്പെടെ കണ്ണൂരിലെ 30 കടകളിൽ എൻകെഎസ് ഉൽപന്നങ്ങൾ വിൽക്കുന്നു. കൂടാതെ പാചകം ചെയ്ത കോഴിവിഭവങ്ങൾക്കായി ഒരു ഭക്ഷണശാലയുമുണ്ട്.  എന്നാൽ, എല്ലാ ഉപഭോക്താക്കളുടെയും ആവശ്യം നിറവേറാൻ കൂടുതൽ നിക്ഷേപകർ ഈ രംഗത്തെത്തണമെന്നാണ് സലാമിന്റെ നിലപാട്. അവസരങ്ങളേറെയുണ്ട്, അത് തിരിച്ചറിയാൻ പലർക്കും കഴിയുന്നില്ലെന്നു മാത്രം.

ഫോൺ: 9447090474

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com