ADVERTISEMENT

കാർഷികമേഖലയ്ക്കായി സംസ്ഥാന സർക്കാർ സംഘടിപ്പിച്ച വൈഗ കാർഷികമേളയുടെ ഉദ്ഘാടനവേളയിൽ ഏറെ ശ്രദ്ധിക്കപ്പെട്ടത് സ്റ്റേജിലുണ്ടായിരുന്ന നിലവിളക്കാണ്. പൂർണമായും ചേനയിൽ തീർത്ത നിലവിളക്ക് കൃഷിമന്ത്രി വി.എസ്. സുനിൽകുമാറിന്റെ പ്രത്യേക നിർദേശപ്രകാരമാണ് സ്റ്റേജിൽ ഇടംപിടിച്ചത്. കൃഷിവകുപ്പിലെ എൻജിനിയറിങ് വിഭാഗം ജീവനക്കാരനായ ടി.കെ. സുഭാഷാണ് ചേനയിൽ വിരിഞ്ഞ നിലവിളക്കിനു പിന്നിൽ. സാധാരണ നിലവിളക്ക് വാടകയ്ക്കെടുത്ത് പരിപാടി സംഘടിപ്പിക്കുമ്പോൾ കർഷകരുടെ പരിപാടികളിൽ എന്തുകൊണ്ട് കർഷകരുടെ ഉൽപന്നങ്ങൾ ഉപയോഗിച്ചുകൂടാ എന്ന ചിന്തയാണ് ചേന നിലവിളക്കിന്റെ പിറവിക്കു പിന്നിൽ.

2016ലായിരുന്നു ആദ്യമായി ചേന ഉപയോഗിച്ച് നിലവിളക്ക് നിർമിച്ചത്. കർഷകദിനത്തോടനുബന്ധിച്ചായിരുന്നു അത്. അതിനുശേഷം ജില്ലാതല അവാർഡ് സമർപ്പണം, സർക്കാരിന്റെ രണ്ടാം വാർഷികം, ചക്കയെ സംസ്ഥാന ഫലമായി പ്രഖ്യാപിച്ച വേള, കോട്ടയത്തു നടന്ന പുനർജനി പരിപാടി എന്നിവയിൽ സുഭാഷിന്റെ കലാവിരുതുകൾ ഇടംപിടിച്ചിരുന്നു.

ചക്കയെ സംസ്ഥാന ഫലമായി പ്രഖ്യാപിച്ചപ്പോൾ സുഭാഷ് തയാറാക്കിയ മണി, നിലവിളക്ക്, ശിൽപങ്ങൾ, പറ, തൂക്കുവിളക്ക് എന്നിവ ഏറെ ശ്രദ്ധ പിടിച്ചുപറ്റി. എല്ലാം ചക്ക ഉപയോഗിച്ചുതന്നെ നിർമിച്ചവയായിരുന്നു. ചക്കയിൽ കാർവിങ് നടത്താമെന്നു ഈ പരിപാടിയിലൂടെ സുഭാഷ് തെളിയിച്ചു.

subhash
വൈഗയിൽ സുഭാഷിന് ആദരം

നിലവിളക്കിന് 100 കിലോഗ്രാം ചേന

നാലര അടിയാണ് നിലവിളക്കിന്റെ ഉയരം. ഈ ഉയരത്തിൽ ഒരു നിലവിളക്ക് തയാറാക്കാൻ നൂറു കിലോയോളം ചേന ആവശ്യമാണ്. ജോലിക്കൊപ്പം കാർഷികവൃത്തികൂടി കൈമുതലായുള്ള സുഭാഷ് തന്റെ പുരയിടത്തിൽ വിളഞ്ഞ ചേനയാണ് ഉപയോഗിക്കുക. അത് തികയാതെ വരുമ്പോൾ ചന്തകളിൽനിന്ന് ശേഖരിക്കും. ആകൃതിയും വലുപ്പവും എല്ലാം ഒത്തിണങ്ങിയത് കിട്ടാൽ അൽപം ബുദ്ധിമുട്ടാണെന്ന് സുഭാഷ് പറയുന്നു.

നിലവിളക്ക് നിർമിക്കുന്നതിന് വലിയ അധ്വാനം ആവശ്യമാണ്. ഏത് പരിപാടിക്കാണോ അത് ആവശ്യമായുള്ളത്, ആ പരിപാടിയുടെ തലേന്ന് രാത്രിയിലാണ് നിലവിളക്ക് നിർമിക്കുക. സുഭാഷിന്റെ വീടുതന്നെയാണ് പണിപ്പുര. കത്തി ഉപയോഗിച്ച് വളരെ സൂക്ഷ്മതയോടെയാണ് നിലവിളക്കിന്റെ ഓരോ ഭാഗവും ചെത്തിത്തയാറാക്കുന്നത്. ഉറപ്പിനുവേണ്ടി ഉള്ളിൽ ഒരു ദണ്ഡ് നൽകുമെന്നും സുഭാഷ് പറയുന്നു. 

subhash-3
ചക്കയിൽയിൽ വിരിഞ്ഞ കലാവിരുത്

നിലവിളക്കു മാത്രമല്ല

നിലവിളക്കു മാത്രമല്ല സുഭാഷ് നിർമിക്കുക. കച്ചി ഉപയോഗിച്ച് പറയും നിർമിക്കും. കാണാൻതന്നെ ഈ പറയ്ക്ക് പ്രത്യേക ചന്തമാണ്. 

കൈയിൽ കിട്ടുന്ന ഏതൊരു കാർഷികോൽപന്നത്തിലും ശിൽപം വിരിയിക്കാൻ സുഭാഷിന് പ്രത്യേക കഴിവാണ്. സന്ദർഭത്തിനനുസരിച്ചും ലഭ്യമാകുന്ന ഉൽപന്നമനുസരിച്ചും കാർവിങ് നടത്തും. അതിന് വഴുതനയെന്നോ കൈതച്ചക്കയെന്നോ തണ്ണിമത്തനെന്നോ ചക്കയെന്നോ ഒന്നുമില്ല. എന്തിനെയും കാഴ്ചയ്ക്ക് ഇമ്പമുള്ളതാക്കാൻ സുഭാഷിന് പ്രത്യേക ഇഷ്ടമാണ്.

ഇതുവരെ സർക്കാർ അധിഷ്ഠിത പൊതു പരിപാടികളിൽ മാത്രമാണ് സുഭാഷിന്റെ കരവിരുതുകൾ പ്രദർശിപ്പിച്ചിട്ടുള്ളത്. അവസരം ലഭിച്ചാൽ ആർക്കും ഇത്തരത്തിലുള്ള ഉൽപന്നങ്ങൾ തയാറാക്കി നൽകാനും സുഭാഷിന് മടിയില്ല.

ഭാര്യ രമ അസിസ്റ്റന്റ് കൃഷി ഓഫീസർ ആണ്. മകൻ അഭിജിത്ത് പ്ലസ് വൺ വിദ്യാർഥിയും. 

ഫോൺ: 9495876957

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com