കാടമുട്ടയ്ക്ക് വിലയിടിഞ്ഞോ? അച്ചാറിട്ട് മൂല്യവർധന നടത്തിയാലോ?

HIGHLIGHTS
 • കർഷകർക്കു മുടക്കുമുതൽ പോലും ലഭിക്കാത്ത അവസ്ഥ
 • പോഷക ഗുണങ്ങളിൽ ഒരു പടി മുന്നിലാണ് കാടമുട്ട
quail-egg
SHARE

പക്ഷി–മൃസംരക്ഷണത്തിലൂടെ ഉപജീവനം നടത്തിയിരുന്ന കർഷകരെ പക്ഷിപ്പനിയും കൊറോണയും ഏറെ ബധിച്ചിട്ടുണ്ട്. കോഴിമുട്ടയുടെ വില പല സ്ഥലങ്ങളിലും 3.5 രൂപയിലേക്കു താഴ്ന്നപ്പോൾ കാടമുട്ടയ്ക്ക് ആവശ്യക്കാർ പോലുമില്ല. കർഷകർക്ക് മുടക്കുമുതൽ പോലും ലഭിക്കാത്ത അവസ്ഥ. പലരും ആയിരക്കണക്കിന് മുട്ടകൾ കുഴിച്ചുമൂടേണ്ട അവസ്ഥയിലുമായി. ഈ സാഹചര്യത്തിൽ കാടമുട്ടയെ മൂല്യവർധിത ഉൽപന്നമാക്കി മാറ്റാനുള്ള അവസരം പ്രയോജനപ്പെടുത്താം.

കോഴിമുട്ടയുടെ അഞ്ചിലൊന്ന് വലുപ്പമേ ഉള്ളെങ്കിലും പോഷക ഗുണങ്ങളിൽ ഒരു പടി മുന്നിലാണ് കാടമുട്ട. 100 ഗ്രാം കോഴിമുട്ടയുടെയും കാട മുട്ടയുടെയും ഗുണങ്ങൾ തട്ടിച്ചു നോക്കുമ്പോൾ മാംസ്യത്തിന്റെയും കൊഴുപ്പിന്റെയും കാര്യത്തിൽ വലിയ വ്യത്യാസങ്ങളില്ലെങ്കിലും ഇരുമ്പിന്റെ അംശവും,  വൈറ്റമിൻ B2 (റൈബോഫ്‌ളാവിൻ) എന്നിവ ഏതാണ്ട് ഇരട്ടിയോളമുണ്ട് കാടമുട്ടയിൽ. വൈറ്റമിൻ B12 (സയനോകോബാലമിൻ) ന്റെ അളവും താരതമന്യേ കൂടുതലുള്ള കാട മുട്ടയിൽ കോളിന്റെ അളവ്  കോഴിമുട്ടയേക്കാൾ കുറവാണ്. പോഷകഗുണമുള്ള കാട മുട്ടകൾ പുഴുങ്ങിയും,  സലാഡ് ആയും, കറി വച്ചുമൊക്കെ ഉപയോഗിച്ച് വരുന്നുണ്ട്. വിവിധതരം അച്ചാറുകൾ കൂട്ടി ചോറുണ്ണാൻ താൽപര്യപ്പെടുന്ന മലയാളിക്ക് പോഷകഗുണമുള്ള കാടമുട്ട അച്ചാറും ഒന്ന് പരീക്ഷിച്ചു നോക്കാവുന്നതാണ്.

കാടമുട്ട അച്ചാറുണ്ടാക്കാൻ വേണ്ട ചേരുവകൾ:

 • നന്നായി പുഴുങ്ങി തോടു കളഞ്ഞ കാട മുട്ട -25 എണ്ണം 
 • നല്ലെണ്ണ - 3 ടീ സ്പൂൺ 
 • കടുക് - അര ടീ സ്പൂൺ 
 • മുളക് പൊടി - 2 ടീ സ്പൂൺ 
 • മല്ലിപ്പൊടി - 1 ടീ സ്പൂൺ 
 • മഞ്ഞൾപ്പൊടി - കാൽ ടീ സ്പൂൺ 
 • കായപ്പൊടി - കാൽ ടീ സ്പൂൺ 
 • ഇഞ്ചി,  വെളുത്തുള്ളി പേസ്റ്റാക്കിയത് - ഓരോ ടീ സ്പൂൺ 
 • ഉപ്പ് - ആവശ്യത്തിന് 
 • വിനാഗിരി - 1 ടീ സ്പൂൺ 
 • കറിവേപ്പില - ഒരു തണ്ട് 
 • ചെറുതായി പൊട്ടിച്ചെടുത്ത വറ്റൽ മുളക് - 3 എണ്ണം 

തയാറാക്കുന്ന വിധം:

ചീന ചട്ടിയിലോ,  മൺ ചട്ടിയിലോ 3 ടീ സ്പൂൺ നല്ലെണ്ണയൊഴിച്ച് നന്നായി ചൂടാക്കിയ ശേഷം കടുക് പൊട്ടിച്ച്, കറിവേപ്പില,  വറ്റൽ മുളക് എന്നിവ ചേർത്ത് നന്നായി ഇളക്കുക. തുടർന്ന് ഇഞ്ചി,  വെളുത്തുള്ളി എന്നിവ പേസ്റ്റാക്കിയത് ചീനച്ചട്ടിയിലിട്ട ശേഷം  മുളകുപൊടി,  മല്ലിപ്പൊടി,  മഞ്ഞൾപ്പൊടി,  കായപ്പൊടി, ഉപ്പ്  എന്നിവ ചേർത്ത് നന്നായി ഇളക്കണം. തീ കുറച്ചുവച്ചശേഷം പച്ചക്കുത്ത് മാറുന്നത് വരെ നന്നായി വീണ്ടും  ഇളക്കണം. പ്രസ്തുത കൂട്ടിലേക്ക് പുഴുങ്ങിയ മുട്ട ചേർത്ത് നന്നായി മിക്സ്‌  ചെയ്യുക. ഗ്രേവി ആവശ്യമുള്ളവർക്ക് അല്പം ചൂടുവെള്ളം കൂടി ചേർത്ത് നന്നായി മിക്സ്‌ ചെയ്ത് എടുക്കാം. ഇനി തീയണച്ച്  അര മണിക്കൂറോളം മൂടി വയ്ക്കണം. തുടർന്ന് ചൂട് മാറിയ ശേഷം ഈർപ്പമില്ലാത്ത ഒരു ചില്ലു കുപ്പിയിൽ ഒരു സ്പൂൺ വിനാഗിരി മുകളിൽ തൂവി  അടച്ചു വച്ചു സൂക്ഷിക്കാം. അച്ചാർ ഉണ്ടാക്കിയ ദിവസം തന്നെ ഉപയോഗിക്കാമെങ്കിലും ഒരു ദിവസം അടച്ചു സൂക്ഷിച്ച ശേഷം ഉപയോഗിക്കുമ്പോൾ സ്വാദേറും. ഒരു തവണ തുറന്ന് ഉപയോഗിച്ച ശേഷം വീണ്ടും ഉപയോഗിക്കാനായി ഫ്രിഡ്ജിൽ സൂക്ഷിക്കാം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
FROM ONMANORAMA