ADVERTISEMENT

സംസ്ഥാന കൃഷിവകുപ്പിന്റെ വിള ഇൻഷുറൻസ് പദ്ധതി തുടങ്ങിയിട്ട് 25 വർഷമെത്തുന്നു. 18 ലക്ഷം കർഷകരുള്ള കേരളത്തിൽ പക്ഷേ പദ്ധതിയിൽ അംഗമായുള്ളവർ മൂന്നു ലക്ഷം മാത്രം. കേന്ദ്ര സർക്കാർ നടപ്പാക്കുന്ന രണ്ട് വിള ഇൻഷുറൻസ് പദ്ധതികളുടെ കേരളത്തിലെ സ്ഥിതിയും മെച്ചമല്ല. ഈ പദ്ധതികളില്‍ ചേര്‍ന്ന കർഷകർ മുപ്പതിനായിരത്തിലൊതുങ്ങും. 

സംസ്ഥാന പദ്ധതിയില്‍ അംഗങ്ങളുടെ എണ്ണം 3 ലക്ഷം എത്തിയതുതന്നെ ഈയിടെയാണ്. മുമ്പ് 80,000 മാത്രമായിരുന്നു. നാമമാത്രമായിരുന്ന നഷ്ടപരിഹാരത്തുക 2017ൽ പല മടങ്ങായി വർധിപ്പിച്ചും വിപുലമായ ബോധവൽക്കരണം നടത്തിയുമാണ് കൃഷിവകുപ്പ് കൂടുതൽ കർഷകരെ ഇൻഷുറൻസിനോട് അടു പ്പിച്ചത്. കഴിഞ്ഞ രണ്ടു വർഷങ്ങളില്‍ വ്യാപക നാശം വിതച്ച പ്രകൃതിക്ഷോഭങ്ങളും പദ്ധതിയിൽ ചേരാൻ കർഷകർക്കു പ്രേരണയായി. കാർഷിക വായ്പ എടുക്കുന്നവർക്ക് ഇൻഷുറൻസ് നിർബന്ധമാക്കിയതും കുറെയൊക്കെ ഫലം ചെയ്തു.

ഇത്രയൊക്കെ ഉത്സാഹിച്ചിട്ടും പക്ഷേ കേരളത്തിലെ കർഷകരിൽ നല്ല പങ്കും ഇപ്പോഴും ഇൻഷുറൻസി നോട് മുഖം തിരിച്ചുതന്നെ നിൽക്കുന്നു. എന്താവാം കാരണം? കൃഷിവകുപ്പും ആലോചനയിലാണ്. തീവ്ര പ്രചാരണം നടത്തിയ സ്ഥിതിക്ക് കർഷകർക്കിടയിലെ അവബോധമില്ലായ്മയല്ല, താൽപര്യക്കുറവു തന്നെയാണു പ്രശ്നമെന്നുറപ്പ്. എന്താവും താൽപര്യക്കുറവിനു കാരണം? അത് അന്വേഷിച്ചു കണ്ടെത്താൻ ഏജൻസിയെ തേടുകയാണ് സംസ്ഥാന സർക്കാർ. അതിനായി രാജ്യാന്തര ടെൻഡറും വിളിച്ചിട്ടുണ്ട്.

കേന്ദ്രം, കേരളം 

കേന്ദ്രത്തിന്റേതായി രണ്ടു വിള ഇൻഷുറൻസ് പദ്ധതികളാണുള്ളത്. നെല്ല്, കപ്പ, വാഴ എന്നീ വിളകൾക്കായുള്ള പ്രധാനമന്ത്രി ഫസൽ ഭീമാ യോജനയും ശീതകാല പച്ചക്കറികൾ ഉൾപ്പെടെ 12 വിളകൾക്കു പരിരക്ഷ നല്‍കുന്ന കാലാവസ്ഥാധിഷ്ഠിത വിള ഇൻഷുറൻസ് പദ്ധതിയും.  കൃഷിനാശത്തിന് സാമാന്യം ഉയർന്ന നഷ്ടപരിഹാരത്തുക നൽകുന്നതാണു രണ്ടും. കേന്ദ്ര ഇൻഷുറൻസ് പദ്ധതികളുടെ നിബന്ധനകൾ പക്ഷേ സങ്കീർണമാണെന്ന് സംസ്ഥാന കൃഷി വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു. കർഷകരുടെ താൽപര്യക്കുറവിനു കാരണം അതാവാമെന്നാണ് അവരുടെ നിഗമനം. 

ഇരുപത്തിയേഴു വിളകൾക്ക് പരിരക്ഷ നൽകുന്ന സംസ്ഥാന പദ്ധതിയുടെ നിബന്ധനകൾ പക്ഷേ, ലളിതമാണ്. കേന്ദ്രപദ്ധതിയുമായി തട്ടിച്ചു നോക്കുമ്പോൾ  നഷ്ടപരിഹാരത്തുക അൽപം കുറവാണെങ്കിലും ആപൽക്കാലത്ത് പിടിച്ചു നിൽക്കാനുള്ള വക നൽകുന്നതാണ് സംസ്ഥാന ഇൻഷുറൻസും. ആ സ്ഥിതിക്ക് അതിൽ ചേരാൻ കർഷകർക്ക് ഉത്സാഹം തോന്നേണ്ടതാണ്. എന്നാലതു കാണുന്നില്ല. നിലത്തും മാവിലുമില്ലെങ്കിൽ പിന്നെ മാങ്ങ എവിടെപ്പോയി എന്നു പണ്ടാരോ ചോദിച്ചതുപോലെയാണ് കാര്യങ്ങൾ. 

ഇൻഷുർ ചെയ്യണോ

ഇൻഷുറൻസിനോട് കേരളത്തിലെ കർഷകർക്കുള്ള ഇഷ്ടക്കേടിനു കാരണം കൃഷിവകുപ്പ് നിയോഗിക്കുന്ന ഏജൻസി പഠിക്കട്ടെ. അതിനു മുമ്പു ഒരു പൊതു ചോദ്യം നമുക്കു സ്വയം ചോദിക്കാം. എന്തിനാണ് നാം ഇൻഷുറൻസ് പദ്ധതികളിൽ ചേരുന്നത്?  അത്യാഹിതം സംഭവിച്ചാൽ ഒരു പിടിവള്ളി, അതാണു കാ ര്യം. ആ സ്ഥിതിക്ക് സ്വാഭാവികമായും ജീവനോ, ജീവിതമോ, ജീവിതത്തിൽ നിർണായക പ്രാധാന്യമുള്ള വസ്തുക്കളോ ആയിരിക്കുമല്ലോ നാം ഇൻഷുർ ചെയ്യുക. സ്വന്തം മുടിയും നഖവുംവരെ വെവ്വേറെ ഇൻഷുർ ചെയ്യുന്ന മോഡലുകളും അഭിനേതാക്കളുമുണ്ട് ഹോളിവുഡ്ഡിൽ. അത്രയൊന്നുമില്ലെങ്കിലും നിക്ഷേപ പദ്ധതികളോ വായ്പകളോ ആയി ബന്ധപ്പെട്ട്  ഇൻഷുര്‍ ചെയ്യുന്നവരാണ് കേരളത്തിലെ സാധാരണക്കാരും. ആരും നിർബന്ധിക്കാതെ അവരൊക്കെ ഇൻഷുറൻസിൽ ചേരുന്നതിന് ഒറ്റക്കാരണമേയുള്ളൂ. വിലപിടിപ്പുള്ള ഒന്ന് നഷ്ടപ്പെട്ടാൽ നഷ്ടം നികത്താനുള്ള ജാഗ്രത. 

അങ്ങനെ ചിന്തിക്കുമ്പോൾ കേരളത്തിലെ കർഷകര്‍, വിശേഷിച്ച്  പരമ്പരാഗത കർഷകരിൽ  നല്ല പങ്കും വിള ഇൻഷുറൻസ് എടുക്കാത്തതിന്റെ കാരണം വ്യക്തം; കൃഷി അവരുടെ ജീവിതത്തിലെ നിർണായക ഘടകമല്ലാതായിരിക്കുന്നു.  10–15 വർഷങ്ങൾക്കിടയിൽ കേരളത്തിൽ സംഭവിച്ച സാമൂഹിക, സാമ്പത്തിക മാറ്റങ്ങളുടെ ഫലം. മലയോര മേഖലയിലെ നല്ല പങ്ക് കാര്‍ഷിക കുടുംബങ്ങളിലെയും പെൺമക്കൾ നഴ്സിങ് പഠിച്ച് വിദേശത്തു പോയി കുടുംബത്തിനു സാമ്പത്തികാശ്വാസം നൽകുന്നത് ഈ കാലയളവിലാണ്.  മിക്ക വീടുകളിലെയും ആൺമക്കളും പ്രവാസ ജീവിതത്തിലേക്കോ മറ്റ് ഉദ്യോഗത്തിലേക്കോ തിരിഞ്ഞു. 

മേൽപ്പറഞ്ഞ കുടുംബങ്ങളില്‍ മുതിർന്ന തലമുറ കൃഷി തുടരുന്നുവെന്നത് വസ്തുത തന്നെ. എന്നാല്‍ കൃഷിയിൽനിന്നുള്ള വരുമാനം അവരുടെ നിലനിൽപിനുള്ള മുഖ്യ ഘടകമല്ല, ഇപ്പോള്‍. ചുരുക്കത്തിൽ, കേരളത്തിലെ മധ്യവർഗ ‘കൃഷി കുടുംബങ്ങൾ’ കൃഷിയിതര വരുമാനം കണ്ടെത്തിയതോടെ ഇൻഷുർ ചെയ്യാൻ മാത്രം പ്രാധാന്യം കൃഷിക്കില്ല എന്ന നില വന്നു.  വാഹന–ഭവന വായ്പകളുമായി  ബന്ധപ്പെട്ട് ഒന്നിലേറെ ഇൻഷുറൻസുകളുടെ പ്രീമിയം അടയ്ക്കുകയും ഉപരി, മധ്യവർഗ സമൂഹത്തിലേക്ക് വളരാൻ വെമ്പുകയും ചെയ്യുന്ന ഈ ‘കർഷക കുടുംബങ്ങൾ’ ഇനിയൊരു ഇൻഷുറൻസിനു കൂടി തുക അടയ്ക്കാൻ, അതെത്ര തുച്ഛമാണെങ്കിൽക്കൂടിയും, തയാറല്ല.  

മുന്‍കാലങ്ങളില്‍  ഇൻഷുറൻസ് പദ്ധതികളില്‍ ചേര്‍ന്നവര്‍ക്ക് ആപത്തുകാലത്ത് അതു  ഗുണപ്പെടാതെ പോയതും ഇന്‍ഷുറന്‍സില്‍ താല്‍പര്യം നഷ്ടപ്പെടാന്‍ കാരണമായിട്ടുണ്ട്.  അവബോധമില്ലായ്മ, തുച്ഛമായ നഷ്ടപരിഹാരം, സങ്കീർണമായ നടപടിക്രമങ്ങൾ, നഷ്ടപരിഹാരം ലഭിക്കാനുള്ള അലച്ചിലുകൾ, നീണ്ട കാത്തിരിപ്പ്, ഉദ്യോഗസ്ഥരുടെ നിഷേധാത്മക സ്വഭാവം എന്നിവയൊക്കെ മുൻ കാലങ്ങളിൽ വിള ഇൻഷുറൻസിനോട് കർഷകർക്ക് മടുപ്പുണ്ടാക്കിയിരുന്നു.

ഇനിയെങ്കിലും  

കേരളത്തിൽ കൃഷിയും കൃഷിക്കാരും തളർന്നുവെന്നല്ല ഇതിനർഥം. ഇന്നു കേരളത്തിലെ കൃഷിയുടെ ശക്തിസ്രോതസ്സ് പാട്ടക്കൃഷിക്കാരാണ്. പച്ചക്കറി മുതൽ പൈനാപ്പിൾവരെ നീളുന്ന വിളയിനങ്ങൾ വാണി ജ്യാടിസ്ഥാനത്തിൽ കൃഷി ചെയ്യുന്നവർ. ഇവരില്‍ നല്ല പങ്കും ചെറുപ്പക്കാരുമാണ്.  പുതുതലമുറ പാട്ടക്കൃഷിക്കാരിൽ മിക്കവരും  കൃഷിക്ക് ഇൻഷുറൻസ് പരിരക്ഷ എടുത്തിട്ടുള്ളവരല്ല. അതേസമയം നമ്മുടെ കൃ ഷിഭവനുകളാവട്ടെ,  ഇപ്പോഴും ആദ്യം പറഞ്ഞ ‘പരമ്പരാഗത കൃഷിക്കാരെ’ വലംവച്ചു നീങ്ങുകയാണ്. കൃഷിയിതര വരുമാനമുള്ള അവരിലേക്കാണ് കൃഷി ആനുകൂല്യങ്ങളിൽ നല്ല പങ്കും ഇപ്പോഴുമെത്തുന്നത്. ഗുണഭോക്താക്കളെ കണ്ടെത്താൻ ഉദ്യോഗസ്ഥർ കാണുന്ന എളുപ്പവഴി കൂടിയാണത്. പാട്ടക്കൃഷിക്കാരെ കണ്ടെത്തുക, കൃഷിയും കരാറുകളുമായി ബന്ധപ്പെട്ട രേഖകൾ പരിശോധിക്കുക, അവരെ ഇൻഷുറൻസില്‍ ചേര്‍ക്കുക എന്നിവയൊക്കെ അൽപം ബദ്ധപ്പാടുള്ള കാര്യങ്ങളാണല്ലോ.   

കൃഷിവകുപ്പിന്റെ ശ്രദ്ധയും പിന്തുണയും ഇനി എത്തേണ്ടത് പാട്ടക്കൃഷിക്കാർ ഉൾപ്പെടുന്ന മുഴുവൻ സമയ കൃഷിക്കാരിലേക്കാണ്, പലയിടങ്ങളിലായി ചിതറിക്കിടക്കുന്ന പാട്ടക്കൃഷിയിടങ്ങൾ തുന്നിക്കൂട്ടി കൃഷി യിറക്കുന്നവരോടുള്ള സമീപനം ഉദാരമാവണം. അവരെ ഇൻഷുറൻസ് പരിരക്ഷയുടെ തണലിലെത്തിക്കാ ന്‍ ഊര്‍ജിതശ്രമം വേണം. പല പാട്ടക്കൃഷിക്കാരും വാക്കാലുള്ള കരാറിൽ മാത്രം ഉടമകളിൽനിന്ന് സ്ഥലമെടുത്ത് കൃഷിയിറക്കുന്നവരാണ്. തരിശുകിടക്കുകയാണെങ്കിൽക്കൂടിയും പാട്ടത്തിനു നൽകാൻ ഉടമകളിൽ പലർക്കും വിമുഖതയുണ്ട്. അതു മാറണം. കൃത്യമായ കരാറിലൂടെ പാട്ടക്കൃഷി ചെയ്യുന്നവര്‍ക്ക്   ആനുകൂല്യങ്ങൾ ലഭിക്കും, കൃഷി വിസ്തൃതമാകും, നല്ല പങ്കു കൃഷിക്കാരും ഇൻഷുറൻസ് എടുക്കാൻ സന്നദ്ധരുമാവും.

തുണ്ടുകൾ തുന്നിച്ചേർക്കാം

കേരളത്തിന്റെ ആകെ ഭൂവിസ്തൃതി 38.86 ലക്ഷം ഹെക്ടറോളം വരും. അതിൽ 20.50 ലക്ഷം ഹെക്ടർ, അതായത് 52 ശതമാനം സ്ഥലത്താണു കൃഷിയുള്ളത്. അതിൽത്തന്നെ വിസ്തൃതമായ കൃഷിഭൂമി കൈ വശമുള്ളവർ കുറയും. കേരളത്തിലെ 66.5 ലക്ഷം കൃഷിയിടങ്ങളിൽ 95.17 ശതമാനത്തിനും ഒരു ഹെക്ട റിൽ താഴെയാണ്  വിസ്തൃതി. നല്ല പങ്കും 5– 25 സെന്റ് പരിധിയില്‍ വിസ്തൃതിയുള്ളവ. ചുരുക്കത്തിൽ തുണ്ടുഭൂമികൾ കൂട്ടിയിണക്കിയുള്ള കൃഷിയിടങ്ങളിലാണ് ഇനി  ഭാവി. 

സമർഥരായ ഒട്ടേറെ കർഷകർ ഇത്തരം തുണ്ടുകൃഷിയിടങ്ങൾ  വാടകയ്ക്കെടുത്ത് വാണിജ്യാടിസ്ഥാന‌ത്തിൽ കൃഷി ചെയ്തു  നല്ല ലാഭമുണ്ടാക്കുന്നുണ്ട്. വാഴ, പൈനാപ്പിൾ, കപ്പ, നെല്ല്, പച്ചക്കറി എന്നീ വിളകളിലാണ്  പാട്ടക്കൃഷിരീതി വ്യാപകം. ഏത്തവാഴക്കൃഷി 10 വർഷത്തിനിടയിൽ 54 ശതമാനംകണ്ട് വളർന്നതും പാട്ടക്കൃഷിയുടെ പിൻബലത്തിൽത്തന്നെ. ഈ കൃഷിയിടങ്ങൾക്കത്രയും ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാനുള്ള ശ്രമങ്ങളാണ് ഇനി വേണ്ടത്. 

ഓഖിയിൽനിന്ന് ഒരു വിധം

എറണാകുളം ജില്ലയിലെ അങ്കമാലി അയ്യമ്പുഴ സ്വദേശിയായ പുതുശ്ശേരിൽ ലിജോ ജോസിന്റെ വരുമാന‌ത്തെ കടപുഴക്കിയ ചുഴലിക്കാറ്റായിരുന്നു 2017ൽ വീശിയ ഓഖി. പാലക്കാട് കുന്ദമംഗലത്തുള്ള  പാട്ടഭൂ‌മിയില്‍ കൃഷിയിറക്കിയിരുന്ന ആറായിരത്തോളം നേന്ത്രവാഴകളാണ് ഒറ്റയടിക്കു നശിച്ചത്. അന്നു പിടിച്ചു നിൽക്കാൻ തുണയായത് സംസ്ഥാന കൃഷിവകുപ്പിന്റെ വിള ഇൻഷുറൻസ് പദ്ധതിയെന്നു ലിജോ. 3 രൂപ പ്രീമിയത്തിൽ, കുലച്ച നേന്ത്രവാഴ നശിച്ചാൽ 300 രൂപ ലഭിക്കുന്ന രീതിയിലേക്കു പദ്ധതി ആകർഷകമായി മാറിയതും അതേ കാലത്തുതന്നെയാണ്. ഈ നിരക്കിൽ അന്ന് ലിജോയ്ക്കു ലഭിച്ച ഇൻഷുറൻസ് തുക 15,90,000 രൂപ. പ്രകൃതിക്ഷോഭത്തിന് കലക്ടറുടെ ദുരിതാശ്വാസനിധിയിൽനിന്നുള്ള തുക കൂടിയാ യപ്പോള്‍ ആകെ 21 ലക്ഷത്തോളം രൂപ ലഭിച്ചു. 

ലക്ഷങ്ങൾ മുതൽമുടക്കിയ വാഴക്കൃഷിയിലുണ്ടായ നഷ്ടത്തിൽനിന്ന് ഒരു വിധം കരകയറിയത് ഈ സഹായത്തിന്റെ ബലത്തിലെന്നു ലിജോ. എന്നാല്‍ കൃഷിവകുപ്പുദ്യോഗസ്ഥർ  ഒപ്പം നിന്നിട്ടു പോലും അന്നു  തുക ലഭിക്കാൻ മാസങ്ങൾ അലയേണ്ടി വന്നു. നടപടിക്രമങ്ങളുടെ കുരുക്കുതന്നെ പ്രശ്നം.   നടപടിക്രമങ്ങൾ എളുപ്പമാക്കിയാല്‍ കൂടുതല്‍ പേര്‍ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ചേരുമെന്നാണ് ലിജോയുടെ അഭിപ്രായം.  

പാട്ടക്കൃഷിക്ക് നിയമ പരിരക്ഷ

കൃഷിഭൂമി തരിശിടുന്നവർക്കെതിരെയുള്ള നിയമനടപടികളെക്കുറിച്ചു നാം ആവേശപൂർവം സംസാരിക്കാറുണ്ട്. കാർക്കശ്യത്തിന്റെ വഴിയാണോ കരുതലിന്റെ വഴിയാണോ ഗുണകരമെന്നു ചിന്തിക്കുന്നതു നന്നായിരിക്കും. പാട്ടക്കൃഷി നിയമവിധേയമാക്കുക വഴി തരിശിടൽ ഒരളവോളം ഒഴിവാക്കാ നാവും. ഭൂപരിഷ്കരണം വന്നതോടെയാണ് കേരളത്തിൽ പാട്ടക്കൃഷി നിരോധിക്കപ്പെട്ടത്. ജന്മി–കുടിയാൻ വ്യവസ്ഥയുടെ ഭാരമില്ലാതെ ഇന്നതു പക്ഷേ സജീവമായി നടക്കുന്നുമുണ്ട്. പാട്ടക്കൃഷിക്കു നിയമ പരിരക്ഷ ലഭിച്ചാൽ, ഭൂബാങ്കുകൾ സ്ഥാപിച്ച്, തരിശിടുന്ന കൃഷിയിടങ്ങൾ പാട്ടത്തിനു നൽകാൻ കഴിയും. കർഷകർക്കോ സംഘടനകൾക്കോ തോട്ടം  പാട്ടത്തിനു നൽകി  തോട്ടം മേഖലയിലെ പ്രതിസന്ധികൾക്കു പരിഹാരം കാണാനും കഴിഞ്ഞേക്കും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com