sections
MORE

വിതയ്ക്കുന്നില്ല, കൊയ്യുന്നില്ല, ശേഖരിക്കുന്നില്ല; കർഷകരുടെ പ്രതിസന്ധി വിചാരിക്കുന്നതിലും അപ്പുറം

HIGHLIGHTS
  • കുട്ടനാട് മേഖലയില്‍ കൊയ്ത്ത് പൂര്‍ത്തിയായിട്ടില്ല
avian-flu
SHARE

കോവിഡ്-19നെ പ്രതിരോധിക്കുന്നതിനായി രാജ്യം പൂര്‍ണമായി അടച്ചിട്ടപ്പോള്‍ പ്രതിസന്ധിയിലായത് അലങ്കാരപ്പക്ഷികളെയും മത്സ്യങ്ങളെയുമൊക്കെ വളര്‍ത്തുന്നവർ. കോവിഡ് -19ന്‌റെ ഭീതിയില്‍ ഇതര സംസ്ഥാനങ്ങളില്‍നിന്നുള്ള ചരക്കുനീക്കം കുറഞ്ഞതാണ് കര്‍ഷകരെ വെട്ടിലാക്കിയത്.

ഒരു അടച്ചിടീല്‍ മുന്നില്‍ക്കണ്ട് പല വന്‍കിട ഫാമുകളും മുന്‍കൂട്ടി തീറ്റ സംഭരിച്ചിട്ടുണ്ടെങ്കിലും ചെറുകിട ഫാമുകളും കര്‍ഷകരും പ്രതിസന്ധിയിലായിട്ടുണ്ട്. അലങ്കാരപ്പക്ഷി വളർത്തൽ മേഖലയിലെ പ്രധാന തീറ്റകളായ തിന, സൂര്യകാന്തി വിത്ത് മുതലായവ പ്രധാനമായും തമിഴ്‌നാട്, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളില്‍നിന്നാണ് ഇവിടേക്ക് എത്തുന്നത്. ഒരാഴ്ച മുമ്പ് ഓര്‍ഡര്‍ ചെയ്ത തീറ്റകള്‍ ഇതുവരെ ഇവിടെ എത്തിയിട്ടില്ല എന്നും പക്ഷികള്‍ക്കാവശ്യമായ ഭക്ഷണം സംഭരിക്കാന്‍ കര്‍ഷകരെ സഹായിക്കണമെന്നും ആവശ്യപ്പെട്ട് അലങ്കാരപ്പക്ഷി കര്‍ഷകനായ വി.എം. രഞ്ജിത് രംഗത്തെത്തി. ധാന്യങ്ങള്‍ മാത്രമല്ല പഴം, പച്ചക്കറി മുതലായവയും പക്ഷികള്‍ക്ക് ആവശ്യമുള്ളതിനാല്‍ പ്രതിസന്ധി രൂക്ഷമാണെന്നും അദ്ദേഹം പറയുന്നു.

സമാന പ്രശ്‌നങ്ങള്‍ കാര്‍ഷികമേഖല മുഴുവനും ബാധിച്ചിട്ടുണ്ട്. കുട്ടനാട് മേഖലയില്‍ കൊയ്ത്ത് പൂര്‍ത്തിയായിട്ടില്ല. തമിഴ്‌നാട്ടില്‍നിന്നുള്ള കൊയ്ത്ത് മെതിയന്ത്രങ്ങളാണ് ഇവിടെ കൊയ്ത്ത് നടത്തുന്നത്. കൊയ്ത്ത് നടക്കില്ലാത്തതിനാല്‍ തൊഴിലാഴികള്‍ തിരികെ പോയി. ഏക്കറുകണക്കിന് പാടത്തെ നെല്ല് നശിക്കാം. അതുപോലെ കൊയ്ത നെല്ല് പലയിടത്തും വില്‍പന നടക്കാതെ കെട്ടിക്കിടക്കുന്നു. 

മത്സ്യക്കൃഷി മേഖലയും സമാന ദുരിതത്തിലാണ്. കേരളം ഈ മാസം 31 വരെ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതു മുതല്‍ മത്സ്യക്കര്‍ഷകര്‍ തീറ്റ സംഭരണത്തിനുള്ള നെട്ടോട്ടത്തിലായിരുന്നു. കോട്ടയത്തെ ഒരു മത്സ്യത്തീറ്റ വിപണനകേന്ദ്രത്തില്‍ കഴിഞ്ഞ വാരം വിറ്റുപോയത് നാലു ടണ്ണോളം മത്സ്യത്തീറ്റയാണ്. ഇതില്‍ത്തന്നെ പ്രധാനമായും കര്‍ഷകര്‍ വാങ്ങിയത് 3എംഎം 4എംഎം വലുപ്പത്തിലുള്ള തീറ്റകള്‍. വലിയ മത്സ്യങ്ങള്‍ക്കുള്ള തീറ്റയാണിത്. അതുകൊണ്ടുതന്നെ ഒരു കാര്യം ഉറപ്പിക്കാം, ഈസ്റ്റര്‍ വിപണി ലക്ഷ്യമിട്ടുള്ള മത്സ്യങ്ങള്‍ ഒട്ടേറെ കര്‍ഷകരുടെ കുളങ്ങളില്‍ വളരുന്നു. എന്നാല്‍, 21 ദിവസത്തേക്ക് രാജ്യം സമ്പൂര്‍ണ അടച്ചിടലിന് മുതിര്‍ന്ന സ്ഥിതിക്ക് ഈസ്റ്റര്‍ വിപണിയുടെ സാധ്യത മങ്ങി. എങ്കിലും മത്സ്യങ്ങളെ പരിപാലിക്കാതിരിക്കാന്‍ കഴിയില്ലല്ലോ. സമാന രീതിയില്‍ ഈസ്റ്റര്‍ വിപണി ലക്ഷ്യമിട്ട് താറാവുകളെയും കോഴികളെയും വളര്‍ത്തിയ കര്‍ഷകരും പ്രതിസന്ധിയിലാകും.

മത്സ്യത്തീറ്റയുടെ ലഭ്യതക്കുറവുണ്ടായേക്കാമെന്ന ഭീതിയില്‍ പകരം തീറ്റകള്‍ കര്‍ഷകര്‍ പരീക്ഷിക്കുന്നുണ്ട്. പെല്ലറ്റ് തീറ്റയ്‌ക്കൊപ്പം പപ്പായഇല, ചേമ്പില, കോവല്‍ വള്ളി, സിഒ3 തീറ്റപ്പുല്ല്, അസോള, ഡക്ക് വീഡ്, ബിഎസ്എഫ് ലാര്‍വ, തവിട് തുടങ്ങിയവയും നല്‍കാന്‍ തുടങ്ങിയിട്ടുണ്ട്. തീറ്റ നല്‍കുന്നതിന്‌റെ അളവും തവണയും കുറച്ചും ചെലവ് കുറയ്ക്കാനും പലരും ശ്രമിക്കുന്നു. 

ഹോട്ടലിലെ ഭക്ഷണാവശിഷ്ടങ്ങള്‍ ലഭ്യമല്ലാതായതോടെ പന്നിവളര്‍ത്തല്‍ മേഖലയും പ്രതിസന്ധിയിലാണ്. വാഴത്തടയും ചോളപ്പൊടി, തവിട്, കപ്പപ്പൊടി എന്നിവ സംഭരിച്ചാണ് പല വലിയ ഫാമുകളും പിടിച്ചുനില്‍ക്കുന്നത്. പച്ചക്കറി അവശിഷ്ടങ്ങളും നൽകാം. എന്നാല്‍, ഇത് എത്രനാള്‍ തുടരാനാകും?

വളര്‍ത്തുമൃഗങ്ങള്‍ക്കുള്ള തീറ്റകളും അവശ്യ സാധനങ്ങളുടെ പട്ടികയില്‍പ്പെടുത്തിയിട്ടുള്ളതിനാല്‍ ലഭ്യതക്കുറവ് ഉണ്ടാവില്ലെന്ന് മൃഗസംരക്ഷണ വകുപ്പ് മന്ത്രി കെ. രാജു ഇന്നലെ വ്യക്തമാക്കിയിരുന്നു. എന്നാല്‍, ഇത് എത്രത്തോളം പ്രാവര്‍ത്തികമാകുമെന്ന് കണ്ടറിയണം. 

ഇന്നത്തെ സാഹചര്യത്തില്‍ കരുതല്‍ ആവശ്യമാണ്. കോവിഡ്-19നെ നിയന്ത്രിക്കാന്‍ അത് വേണം. പക്ഷേ, നാളെ എന്തു ചെയ്യും?

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
FROM ONMANORAMA