ADVERTISEMENT

കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ രാജ്യവ്യാപകമായി ലോക്ക് ഡൗൺ പ്രഖ്യാപിച്ചപ്പോൾ ഏറെ പ്രതിസന്ധിയിലായത് കർഷകരാണ്. മൃഗസംരക്ഷണമേഖലയിൽ പ്രവർത്തിക്കുന്ന ചില കർഷകരാവട്ടെ തങ്ങളുടെ വളർത്തുമൃഗങ്ങൾക്കും പക്ഷികൾക്കും ഭക്ഷണം കണ്ടെത്താനാവാതെ വിഷമിക്കുകയാണ്. കർഷകരെ സഹായിക്കാനായി സർക്കാർ സ്ഥാപനമായ കേരള ഫീഡ്സ് തങ്ങളുടെ ഫാക്ടറികളുടെ പ്രവർത്തനം 24 മണിക്കൂറുമാക്കി ഉയർത്തിയിട്ടുണ്ട്. മാത്രമല്ല, കാലിത്തീറ്റ കൃത്യമായി വിതരണം ചെയ്യാനുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ട്. കാലിത്തീറ്റ വിതരണത്തിനുപോയ ഒരു വാഹനത്തിലെ ഡ്രൈവർ നേരിട്ട ബുദ്ധിമുട്ടുകൾ കേരള ഫീഡ്സ് ലിമിറ്റഡ് തങ്ങളുടെ ഫെയ്സ്‌ബുക്ക് പേജിൽ പങ്കുവച്ചിട്ടുണ്ട്. വായിക്കാം ഗിരീഷ് കുമാർ എന്ന ഡ്രൈവറുടെ കുറിപ്പ്....

കോവിഡ് 19 പ്രതിസന്ധി ഘട്ടത്തിൽ ആത്മാർഥതയോടുകൂടി കേരള ഫീഡ്സ് ഉൽപ്പന്നങ്ങൾ വിതരണം നടത്തുന്ന വേളയിൽ കമ്പനിയുടെ ഉൽപന്ന വിതരണ കോൺട്രാക്ടറുടെ ഡ്രൈവർ ഗിരീഷ് കുമാറിനുണ്ടായ അനുഭവങ്ങൾ അദ്ദേഹത്തിന്റെ തന്നെ വാക്കുകളിലൂടെ ഷെയർ ചെയ്യുന്നു.

ഫ്രണ്ട്‌സ്, കൊറോണക്കാലമാണ് പക്ഷേ, ഞങ്ങൾ ഡ്യൂട്ടിയിലാണ്. വെളുപ്പിന് കമ്പനിയിൽനിന്നു പോന്നു. ഏകദേശം 5.30 ആയപ്പോൾ ആദ്യത്തെ പാൽ സൊസൈറ്റിയിൽ എത്തി. തലേന്ന് പറഞ്ഞതനുസരിച്ചാണ് വെളുപ്പിന് എത്തിയത്. പതിവുപോലെ യൂണിയൻ ലോഡിങ്ങുകാർ വാക്കുപാലിച്ചു. ആറിന് വരേണ്ടവർ വന്നപ്പോൾ 7.30.

അങ്ങനെ അവിടെനിന്ന് പോന്നപ്പോൾ ഒൻപതു മണി. തലേന്ന് വൈകിട്ട് 4.30pmന് ഭക്ഷണം കഴിച്ചതിനാലാവാം വയറ്റിൽ വിശപ്പിന്റെ ചൂളം വിളിതുടങ്ങി. റോഡിലെങ്ങും ഒരു കടയും തുറന്നിട്ടില്ല, അടിപൊളി. ഒരു 9.30 ആയപ്പോൾ അടൂരെത്തി പോലീസ്, റോഡ് ബാരിക്കേ‌ഡ്‌വച്ച് അടച്ചിരിക്കുവാണ്.

വണ്ടിയിൽ കേരളഫീഡ്സ് ഗവണ്മെന്റ് ഡ്യൂട്ടി എന്ന ബോർഡ് കണ്ടപ്പോൾ വന്നു തുറന്ന് തന്നു. കൂട്ടത്തിൽ ഒരു ഓഫീസർ ചോദിച്ചു "നിങ്ങൾക്ക് പനിയോ വിമ്മിഷ്ടമോ എന്തെങ്കിലുമുണ്ടോ? ". ഇല്ല എന്ന് ഞങ്ങൾ ഒരേ സ്വരത്തിൽ പറഞ്ഞു. ഒരുമിച്ചു പറഞ്ഞത് കൊണ്ട് പുള്ളിക്കാരന് ഒരു സംശയം "നിങ്ങൾ നിൽക്ക്". അങ്ങനെ ഞങ്ങൾ പോസ്റ്റായി. ഉടനെ തന്നെ ഹെൽത്ത് ഡിപ്പാർ‌‌ട്ട്മെന്റിന്റെ ആൾക്കാർ വന്നു ഞങ്ങളെ ചെക്ക് ചെയ്തു. കുഴപ്പമില്ല. അങ്ങനെ പോകാൻ അനുവാദം കിട്ടി. വണ്ടി മുന്നോട്ടെടുത്തപ്പോൾ പുറകിൽനിന്ന് നീട്ടി ഒരു ചോദ്യം "മാസ്കും സാനിട്ടയ്‌സറും കൈയ്യിലുണ്ടോടാ?" ഉണ്ടെന്ന് മറുപടി കൊടുത്തു. വണ്ടി മുന്നോട്ടു നീങ്ങി. നിങ്ങൾ എന്തെങ്കിലും കഴിച്ചോ എന്നുമാത്രം ആരും ചോദിച്ചില്ല.

ജീവിതത്തിൽ ചില സമയത്തു നോട്ടിന് കടലാസിന്റെ വിലപോലുമില്ലെന്നും വിശപ്പും പട്ടിണിയും എന്താണെന്നും കൊറോണ പഠിപ്പിച്ചു തന്നു.

11.30 ആയപ്പോൾ തടിയൂരെത്തി. സൊസൈറ്റിയിൽ ആരുമില്ല. അടഞ്ഞുകിടക്കുന്നു. അടിപൊളി. കുറച്ചുകഴിഞ്ഞ് ഒരു ചേട്ടൻ വന്ന് തുറന്നു തന്നു. അപ്പോൾ യൂണിയൻകാരുടെ പതിവ് ഡയലോഗ്, "ഇപ്പോ വരാം അര മണിക്കൂർ".

എന്റെ ക്ലീനർ ചേട്ടൻ റോഡ്സൈഡിലെ പേരയിൽനിന്നും രണ്ടെണ്ണം പറിച്ച് ഇടക്കാലാശ്വാസം തന്നു. സമയം പിന്നെയും പോയി ഒരു മണിയായി, നോക്കുമ്പോൾ ഒരു യൂണിയൻകാരൻ ചേട്ടൻ ആക്ടിവയിൽ എത്തി. വന്നയുടനെ ഒരു പുച്ഛംവച്ചിട്ട് പുള്ളിപറഞ്ഞു, ചോറുണ്ടിട്ട് വരാം. വണ്ടിപോലും നിർത്താതെ പുള്ളിക്കാരൻ പോയി. ഞങ്ങൾ വീണ്ടും പോസ്റ്റ്.

അങ്ങനെ സമയം ഒന്നരയായി വയറ്റിൽ വിശപ്പിന്റെ ചൂളം വിളി കൂടി വന്നു. പെട്ടന്ന് ഒരു ബൊലേറോ മുന്നിൽ വന്ന് നിന്നു. അതിൽനിന്ന് ഒരു ചേട്ടൻ ഗ്ലാസ് താഴ്ത്തി ചോദിച്ചു "നിങ്ങൾ ലോഡുമായി വന്നതാണോ? എന്തേലും കഴിച്ചോ?".

kerala-feeds
ഗിരീഷ് കുമാറും സഹായിയും ഭക്ഷണം കഴിക്കുന്നു

ദൈവമേ വളയം പിടിക്കുന്നവന്റെ വിശപ്പ് വിളി ദൈവം കേട്ടു. ഞങ്ങൾ വിനയത്തോടെ പറഞ്ഞു "ഇല്ല ചേട്ടാ ഇന്നലെ കഴിച്ചതാണ്. "എന്നാൽ, രണ്ട് പൊതിച്ചോർ എടുത്തോളൂ കമ്മ്യൂണിറ്റി കിച്ചണിൽനിന്നാണ്." അതും പറഞ്ഞു പുള്ളിക്കാരൻ ഡോർ തുറന്നു തന്നു. അതിൽനിന്ന് ഞങ്ങൾ രണ്ടെണ്ണം എടുത്തു. ശരി കാണാം.. ഒരു ചെറിയ ചിരി പാസാക്കി ആ ചേട്ടൻ വണ്ടിയോടിച്ചു പൊയി. ആള് അവിടുത്തെ പഞ്ചായത്ത് പ്രസിഡന്റ് ആണെന്ന് പിന്നീടാണ് അറിഞ്ഞത്. ഞങ്ങൾ രണ്ടുപേരും ചോറുണ്ടു.

വിശപ്പുകൊണ്ടാണോ കറിയുടെ രുചിയാണോ ഒരു വറ്റും ഇല്ലാതെ കഴിച്ചുതീർന്നു. ദൈവമേ നിനക്ക് നന്ദി അരമണിക്കൂർ കഴിഞ്ഞു വരാമെന്നു പറഞ്ഞ ചേട്ടന്മാർ രണ്ടരയായപ്പോൾ എത്തി ലോഡിറക്കി. ഞങ്ങൾ അടുത്ത സ്ഥലത്തേക്ക് വണ്ടി തിരിച്ചു.

ഞങ്ങളുടെ കൂടെയുള്ള ഡ്രൈവർമാർ മിക്കവരും ലീവാണ്. കൊറോണപ്പേടിയാണ് കാരണം. ഞങ്ങൾ എല്ലാരും ലീവെടുത്താൽ കേരളത്തിലെ പശുക്കൾ പട്ടിണിയിലാകും(കാലിത്തീറ്റയുടെ ഓട്ടമാണേ). അന്നം തരുന്ന ആ മൃഗത്തോടുള്ള സ്നേഹവും വീട്ടിലെ റൈസ് പ്രോബ്ലെവും, ഞങ്ങൾ നാളെയും ലോഡ് എടുക്കാൻ തീരുമാനിച്ചു.

ഇന്നത്തെ എന്റെ അനുഭവമാണ് ഞാൻ പങ്കുവച്ചത്. പറഞ്ഞ കാര്യങ്ങൾ എല്ലാം സത്യസന്ധമാണ്. ഒരു കാര്യം എല്ലാരും അറിഞ്ഞു കൊള്ളുക. അവശ്യസാധങ്ങളുമായി വരുന്ന ഭൂരിപക്ഷം ഡ്രൈവർമാരും അരപ്പട്ടിണിയിലും ചിലർ മുഴുപ്പട്ടിണിയിലുമാണ്. ഇപ്പോഴത്തെ സാഹചര്യത്തിൽ ജീവൻ പണയം അവർ ജോലിചെയ്യുന്നത്. അവരോട് ഭക്ഷണം കഴിച്ചോ എന്ന് ചോദിക്കണേ ചേട്ടന്മാരെ... അവരും നമ്മുടെ സഹോദരന്മാരാണ്.

അപ്പോൾ എല്ലാവർക്കും നമസ്കാരം.

"ഈ പ്രതിസന്ധിയും നമ്മൾ അതിജീവിക്കും "

ഗിരീഷ്‌കുമാർ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com