കർഷകരോട് എന്തിനീ രോഷം? വെളുത്ത പാലിനു പിന്നിലുണ്ട് കുറേ കറുത്ത ജീവിതങ്ങൾ

HIGHLIGHTS
  • ക്ഷീരകർഷകരുടെ സമരമാർഗം
  • കേരളത്തിൽ മാത്രമല്ല
milk-1
SHARE

ഏതാനും ദിവസങ്ങളായി കോവിഡ്–19നൊപ്പം മിൽമയും ക്ഷീരകർഷകരും ചർച്ചാവിഷയമാണ്. ഇന്നലെ (ഏപ്രിൽ 1) മിൽമയുടെ മലബാർ മേഖലായൂണിയൻ കർഷകരിൽനിന്നു പാൽ സംഭരിച്ചില്ല, ഇന്നു മുതൽ പാൽ സംഭരണത്തിൽ നിയന്ത്രണവും ഏർപ്പെടുത്തി. ഇതേത്തുടർന്ന് ഇന്നെ പാൽ ഒഴുക്കിക്കളഞ്ഞ കർഷകർ ഒട്ടേറെയുണ്ട്. മാത്രമല്ല, ഇത് വാർത്തകളിൽ ഇടംപിടിക്കുകയും ചെയ്തു. കർഷകർ പാൽ ഒഴുക്കിക്കളഞ്ഞത് ശരിയായില്ല എന്ന രീതിയിൽ വിവിധ കോണുകളിൽനിന്ന് രൂക്ഷ വിമർശനമാണ് സമൂഹ മാധ്യമങ്ങളിൽ ഉയരുന്നത്. 

രാവിലെ മൂന്നിനും നാലിനുമൊക്കെ തൊഴുത്തിൽ കയറുന്ന ക്ഷീരകർഷകന്റെ അധ്വാനം അവസാനിക്കുക പലപ്പോഴും രാത്രിയോടെയാണ്. രാവന്തിയോളമുള്ള തന്റെ അധ്വാനത്തിന് ഫലം ലഭിക്കാതെവന്നാൽ കർഷകർ എന്തു ചെയ്യും. അതുകൊണ്ടുതന്നെ വിലയിടിവിനെതിരേ ലോകവ്യാപകമായി കർഷകർതന്നെ സ്വീകരിച്ചിട്ടുള്ള സമരമുറയാണ് പാലൊഴുക്കിക്കളയുക എന്നത്. പതിറ്റാണ്ടുകളുടെ ചരിത്രം പറയാനുണ്ട് ഈ സമരമുറയ്ക്ക്.

1933ലെ വിസ്കോൻസിൻ ക്ഷീര സമരം

രണ്ടാം ലോകമഹായുദ്ധത്തിനു മുമ്പ് ലോകമാകെ പടർന്നുപിടിച്ച മഹാ സാമ്പത്തികമാന്ദ്യത്തിന്റെ ചുവടുപിടിച്ചാണ് അമേരിക്കൻ സ്റ്റേറ്റായ വിൻസ്കോൻസിനിലെ വിസ്കോൻസിൻ ഡെയറി ഫാർമേഴ്സ് എന്ന കോ–ഓപ്പറേറ്റീവ് സംഘം സമരത്തിന് തുടക്കംകുറിച്ചത്. കേവലം ഒരു സമരം മാത്രമായിരുന്നില്ല അത്. സമരങ്ങളുടെ നീണ്ട ശ്രേണിതന്നെയായിരുന്നു. പാലിന് വില ലഭിക്കാത്തതിനാലാണ് കർഷകരുടെ ഈ വലിയ സമരം അരങ്ങേറിയത്. മൂന്നു തവണകളായി നടന്ന സമരത്തിൽ ഓരോ തവണയും കർഷകക്കെതിരേ അടിച്ചമർത്തൽ ശ്രമവുമുണ്ടായി. 

അത് എട്ട് പതിറ്റാണ്ട് മുമ്പുള്ള ചരിത്രം. മൂന്നു വർഷം മുമ്പ് അമേരിക്കയിലെ ക്ഷീരകർഷകർ വിളകൾക്കും മറ്റും വളമായാണ് പാൽ  ഉപയോഗിച്ചിരുന്നത്. 2016ലെ ആദ്യ എട്ടു മാസം അവർക്ക് ഇങ്ങനെ ചെയ്യേണ്ടിവന്നു. 66 ഒളിംപിക് സ്വിമ്മിങ് പൂളുകളിൽ നിറയ്ക്കാനുള്ള അത്രയും പാലായിരുന്നു കർഷകർ ഒഴുക്കിക്കളഞ്ഞിരുന്നത്. രണ്ടു പതിറ്റാണ്ടിനിടയിലെ ഏറ്റവുമധികം പാൽ പാഴാക്കിക്കളഞ്ഞ സംഭവം. 

ഇനി ഇന്ത്യയിലേക്ക് വന്നാൽ, 2019 ജൂലൈയിൽ ഗോവ നിയമസഭയുടെ കവാടത്തിലാണ് കർഷകർ പാൽപാത്രം മറിച്ചൊഴിച്ചത്. അതും 4000 ലീറ്റർ. പാലിന് നിലവാരമില്ലെന്ന് പറഞ്ഞ് ക്ഷീരസംഘം പാൽ സംഭരിക്കാൻ വിസമ്മതിച്ചതാണ് കർഷകരെ ഇത്തരത്തിലൊരു സമരമുറയ്ക്ക് പ്രേരിപ്പിച്ചത്. 

പഞ്ചാബിലെ കർഷകർ 2018 ജൂലൈയിൽ ഡൽഹിയിലെ ജന്തർ മന്ദറിനു മുന്നിലും ഓഡീഷയിലെ കർഷകർ 2019 ജൂലൈയിൽ ഒഡീഷ സ്റ്റേറ്റ് കോ–ഓപ്പറേറ്റീവ് മിൽക്ക് ഫെഡറേഷന്റെ ആസ്ഥാനത്തിനു മുന്നിലും പാലൊഴുക്കിക്കളഞ്ഞ് പ്രതിഷേധിച്ചിരുന്നു. 

എന്തുകൊണ്ട് കേരളത്തിലും?

കഴിഞ്ഞ രണ്ടു പ്രളയവും നിപ്പയും മലബാർ മേഖലയ്ക്കു നൽകിയ ആഘാതം ചെറുതൊന്നുമല്ല. 2019ലാവട്ടെ വ്യാപക കൃഷിനാശവും നേരിടേണ്ടിവന്നു. ഇവയിൽനിന്നെല്ലാം സാധാരണക്കാരായ കർഷകർ പിടിച്ചുനിന്നത് പാൽ വിൽപനയിലൂടെയായിരുന്നു. മിൽമ സംഭരിക്കുന്നതുകൂടാതെ നല്ലൊരു ശതമാനവും പ്രാദേശികമായായിരുന്നു കർഷകർ വിറ്റിരുന്നത്. ഹോട്ടലുകളും ബേക്കറികളുമൊക്കെയാണ് പ്രധാന വിൽപന കേന്ദ്രങ്ങൾ. എന്നാൽ, കോവിഡ്–19ന്റെ നിയന്ത്രണങ്ങൾ സംസ്ഥാനത്ത് പ്രാബലത്തിൽ വന്നപ്പോൾ ഹോട്ടലുകൾ അടച്ചു. അതോടെ, ക്ഷീരസംഘങ്ങളിലേക്കുള്ള പാലൊഴുക്ക് സ്വാഭാവികമായി വർധിച്ചു. വരവനുസരിച്ചുള്ള വിൽപനയുമില്ല. എന്നാൽ, കർഷകരെ സഹായിക്കാനായി മിൽമ മറ്റു സംസ്ഥാനങ്ങളിലേക്കു പാലയച്ച് പാൽപ്പൊടിയാക്കാൻ ശ്രമിച്ചപ്പോൾ അവിടെയും സമാന അവസ്ഥ. പാൽ സംഭരണത്തിന്റെ അളവ് അവിടെയും കൂടുതൽ. അങ്ങോട്ടേക്ക് പാൽ കൊണ്ടുചെല്ലണ്ടാ എന്ന് തമിഴ്നാട് അറിയിച്ചു. ഈ സാഹചര്യത്തിലാണ് മിൽമ നിയന്ത്രണം വരുത്താൻ തീരുമാനിച്ചത്.

അങ്ങനെ നിയന്ത്രണം വരുത്തുമ്പോൾ കർഷകർ എന്തു ചെയ്യും? ഒരു ദിവസത്തെ പാൽ അയൽക്കാർക്കും നാട്ടുകാർക്കും വിതരണം ചെയ്യാം. എന്നാൽ, എന്നും അങ്ങനെ ചെയ്യാൻ മറ്റു വരുമാനമാർഗമൊന്നുമില്ലാത്ത ഒരു കർഷകനു കഴിയുമോ? ഈ സാഹചര്യം മുന്നിൽക്കണ്ടുകൊണ്ടാണ് കർഷകർ ഇന്നലെ വ്യാപകമായി പ്രക്ഷോഭം സംഘടിപ്പിച്ചതും പാൽ ഒഴുക്കിക്കളഞ്ഞതും. സംസ്ഥാന സർക്കാർ കാര്യക്ഷമമായി ഇടപെട്ടപ്പോൾ പാൽ സംഭരണത്തിൽ താൽക്കാലിക ആശ്വാസമുണ്ടാകുകയും ചെയ്തു. ഇന്നു മുതൽ മലബാറിൽ രാവിലത്തെ പാൽ സംഭരിക്കുന്നു.

എന്തുകൊണ്ട് കമ്യൂണിറ്റി കിച്ചനിലേക്ക് കൊടുത്തില്ല?

പാൽ ഒഴുക്കിക്കളഞ്ഞ വാർത്തകളോട് പ്രതികരിച്ച പലരും ചോദിച്ച ചോദ്യമാണിത്. നൂറും ഇരുന്നൂറും ലീറ്റർ പാൽ ഉൽപാദിപ്പിക്കുന്ന ഫാമുകളിൽ എത്ര ലീറ്റർ പാൽ കമ്യൂണിറ്റി കിച്ചനുകളിൽ വിതരണം ചെയ്യാൻ കഴിയും? നിയന്ത്രണങ്ങളുള്ളതിനാൽ പശുക്കൾക്ക് തീറ്റ സംഘടിപ്പിക്കാൻതന്നെ പല കർഷകരും ബുദ്ധിമുട്ടുന്ന സാഹചര്യത്തിൽ എത്ര നാൾ ഇത്തരത്തിൽ സൗജന്യമായി പാൽ വിതരണം ചെയ്യാൻ കഴിയും? പലരും വായ്പയെടുത്തും സ്വർണം പണയംവച്ചുമാണ് ഫാമുകൾ നടത്തുന്നത്. അതുകൊണ്ടുതന്നെ ഉൽപാദിപ്പിക്കുന്ന പാലിന് കൃത്യമായ വില ലഭിച്ചെങ്കിൽ മാത്രമേ ക്ഷീരകർഷകനു നിലനിൽപ്പുള്ളൂ.

ഇന്നു മുതൽ 50 ശതമാനം പാൽ മാത്രമേ എടുക്കൂ എന്നാണ് കഴിഞ്ഞ ദിവസം  മലബാർ  മിൽമ അറിയിച്ചത്. ആ സാഹചര്യമുണ്ടായാൽ പശുക്കളുടെ തീറ്റച്ചെലവിനുള്ളത് മാത്രമേ ലഭിക്കൂ എന്ന് മലബാർ ഡെയറി ഫാർമേഴ്സ് അസോസിയേഷൻ സെക്രട്ടറി അഭിലാഷ് കർഷകശ്രീയോടു പറഞ്ഞു. തൊഴിലാളികളുടെ വേതനം, തന്റെയും കുടുംബത്തിന്റെയും ചെലവുകൾ എല്ലാം പ്രതിസന്ധിയിലാകുമെന്നും അദ്ദേഹം പറഞ്ഞു. പ്രതിദിനം രാവിലെയും വൈകുന്നേരവുമായി 200 ലീറ്ററോളം പാലുൽപാദനമുള്ള കർഷകനാണ് അഭിലാഷ്. 

‌ഇന്നലെ രാവിലെ മുതലുള്ള കർഷകരുടെ പ്രതിഷേധത്തിന്റെ ഫലമാണ് വൈകുന്നേരത്തോടുകൂടി സർക്കാർ തലത്തിൽ തീരുമാനമായത്. തമിഴ്നാട്ടിലേക്കും ഒപ്പം ആന്ധ്രാപ്രദേശിലെ ഗുണ്ടൂരിലേക്കും പാലയയ്ക്കാൻ തീരുമാനമായത്. ഒപ്പം പുതിയ പാൽപ്പൊടി പ്ലാന്റിനുള്ള ശ്രമവും നടക്കുന്നുണ്ട്. 

പാലും പാലുൽപന്നങ്ങളും

കാപ്പി, ചായ, തൈര്, പുളിശേരി, മോര്, നെയ്യ്, വെണ്ണ, ഷേയ്ക്ക് തുടങ്ങിയവയാണ് മലയാളിയുടെ പാലുൽപന്നങ്ങൾ. ഇതിൽ കൂടുതൽ ഉൽപന്നങ്ങൾ വ്യാപകമായി ഉപയോഗിക്കപ്പെടുന്നില്ല. അതുകൊണ്ടുതന്നെ ഷെൽഫ്‌ലൈഫ് കുറവുള്ള പാൽ പോലുള്ള ഉൽപന്നം കൂടുതൽ ദിവസം സൂക്ഷിക്കാനും കഴിയില്ല. ഈ സാഹചര്യത്തിൽ വിമർശനത്തിനു നിൽക്കാതെ ക്ഷീരകർഷകരിൽനിന്നോ ക്ഷീരസംഘങ്ങളിൽനിന്നോ പാൽ വാങ്ങി കർഷകർക്കു പിന്തുണ കൊടുക്കാം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA