ADVERTISEMENT

കുഞ്ഞുങ്ങളെ ബാധിക്കുന്ന രോഗാണുബാധകളിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് അഞ്ചാംപനി (measles). മനുഷ്യരിലെ രോഗാണുക്കളിൽ ഏറ്റവുമധികം സംക്രമണ ശേഷിയുള്ളത്, വായുവിലൂടെ പകരാൻ കഴിവുള്ള അഞ്ചാംപനി വൈറസിനാണ്. ലോകമാകെ പടർന്നുപിടിക്കുന്ന കോവിഡ് 19 വൈറസിന്റെ രോഗസംക്രമണശേഷിയെ സൂചിപ്പിക്കുന്ന അടിസ്ഥാന പ്രത്യുൽപാദന തോത് (basic reproduction number (R0) 2-2.5 ആണെങ്കിൽ അഞ്ചാംപനിയുടേത് 12 -18 ആണ്! 2018ൽ പോലും ഒരു കോടിയോളം കുഞ്ഞുങ്ങൾക്ക് രോഗബാധയുണ്ടായെന്നും, 1,40,000 കുഞ്ഞുങ്ങൾ മരണപ്പെട്ടുവെന്നുമാണ് ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ പറയുന്നത്.

'അഞ്ചാംപനി' ഏവർക്കും പരിചിതമായ രോഗമാണെങ്കിൽ 'കാലിവസന്ത' (Rinderpest) എന്ന രോഗത്തെക്കുറിച്ച് ഇന്ന് പശുക്കളെ വളർത്തുന്ന ആളുകൾക്കുപോലും അറിയണമെന്നില്ല. കാരണം 24 വർഷം മുൻപ് ഇന്ത്യയിൽ നിന്നും, 2001ൽ ഭൂലോകത്തുനിന്ന് മുഴുവനായും കാലിവസന്ത എന്ന രോഗം തുടച്ചുനീക്കപ്പെട്ടു. വസൂരിക്കു ശേഷം വാക്സിനേഷൻ വഴി ഭൂമിയിൽ നിന്ന് നിർമ്മാർജനം ചെയ്യപ്പെടുന്ന രോഗമായി കാലിവസന്ത മാറിയത് വൈദ്യശാസ്ത്ര ചരിത്രത്തിലെ തന്നെ ഏറ്റവും നിർണായകമായ നേട്ടങ്ങളിലൊന്നാണ്.

അഞ്ചാംപനി രോഗാണു മൂലം മരിച്ചതുപോലെ ലക്ഷക്കണക്കിന് പേർ കാലിവസന്ത മൂലവും മരണപ്പെട്ടിട്ടുണ്ട്. വായുവിലൂടെ പകരുന്ന, നൂറു ശതമാനം വരെ മരണനിരക്ക് റിപ്പോർട്ട് ചെയ്തിട്ടുള്ള, ഈ രോഗം കാലികളെ മുഴുവൻ ഇല്ലാതാക്കി മനുഷ്യരെ പട്ടിണിയിലേക്ക് തള്ളിവിട്ടാണ് മരണം വിതച്ചിരുന്നത്. 1889ൽ എത്യോപ്യയിൽ മൂന്നിലൊന്നു മനുഷ്യർ മരിച്ചതടക്കം, ആഫ്രിക്കയിൽ ലക്ഷക്കണക്കിന് മനുഷ്യരുടെ മരണങ്ങൾക്ക് കാരണമായത് കാലിവസന്ത മൂലമുണ്ടായ കന്നുകാലികളുടെ കൂട്ടമരണവും തുടർന്നുണ്ടായ പട്ടിണിയുമാണ്.

(കാലിവസന്തയെക്കുറിച്ച് പഠിക്കാൻ പോപ്പ് ക്ലമന്റ് പതിനൊന്നാമൻ നിയമിച്ച ലാൻഷീസി എന്ന ഡോക്ടർ നിർദേശിച്ച പ്രതിരോധ നടപടികൾ (Lancisi's principles) മൃഗചികിത്സകരെ പഠിപ്പിക്കാനാണ് പ്രധാനമായും 1761ൽ ഫ്രാൻസിൽ ലോകത്തെ ആദ്യത്തെ വെറ്ററിനറി വിദ്യാലയം സ്ഥാപിതമാകുന്നത്. 1889ൽ ഇന്ത്യയിലെ ആദ്യ ശാസ്ത്രഗവേഷണ സ്ഥാപനങ്ങളിലൊന്നായ ഇന്ത്യൻ വെറ്ററിനറി റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ട്  സ്ഥാപിതമായതും, 1924ൽ ലോക മൃഗാരോഗ്യ സംഘടന രൂപീകരിക്കാൻ കാരണമായതുമൊക്കെ കാലിവസന്ത നിർമാർജനമെന്ന ലക്ഷ്യത്തിനായിരുന്നു. കേരളത്തിന്റെ നവോത്ഥാന ശിൽപ്പികളിലൊരാളായ ഡോ. പൽപ്പു തിരുവിതാംകൂറിലെ ജാതീയത മൂലം മെഡിക്കൽ പ്രാക്റ്റീസ് നടക്കാനാകാതെ, മൈസൂരിലെത്തി കാലിവസന്ത വാക്സിൻ ഗവേഷകനായി മാറിയത് മറ്റൊരു ചരിത്ര കൗതുകം)

കാലിവസന്തയും അഞ്ചാം പനിയും തമ്മിൽ എന്താണ് ബന്ധം?

ഈ ചോദ്യത്തിന്റെ ഉത്തരം വരുന്നത് കാലിവസന്ത വൈറസും അഞ്ചാംപനി വൈറസുമുൾപ്പെടുന്ന മോർബില്ലി വൈറസു(Morbillivirus)കളുടെ (Paramyxoviridae family) ജനിതക താരതമ്യ പഠനങ്ങളിൽനിന്നാണ്. അഞ്ചാംപനി വൈറസുമായി ജനിതകപരമായി ഏറ്റവും സാമ്യമുള്ളത് കാലിവസന്ത വൈറസിനോടാണെന്ന് തെളിയിക്കപ്പെട്ടു. കൊവിഡ് 19 വൈറസ് ഏതോ മൃഗ സ്പീഷീസിൽനിന്ന് മനുഷ്യരിലേക്ക് കടന്നതു പോലെ, പശുക്കളെ ബാധിച്ചിരുന്ന കാലിവസന്ത വൈറസോ, പൂർവിക വൈറസോ മനുഷ്യരിലേക്ക് കടന്ന് പരിണമിച്ചുണ്ടായതാണ് അഞ്ചാം പനി വൈറസ് എന്നാണ് ജനിതക പഠനങ്ങൾ പറയുന്നത്.

വൈറസിന്റെ ജനിതകമാറ്റ നിരക്ക് ഉപയോഗിച്ചുള്ള കാലഗണനാ പഠനങ്ങൾ പറയുന്നത് രണ്ട് വൈറസുകൾ ജനിതകപരമായി വേർതിരിയുന്നത് AD 11 - 12 നൂറ്റാണ്ടുകളിലാണെന്നാണ്. അഞ്ചാം പനിയെക്കുറിച്ച് പ്രശസ്തനായ ചികിത്സകൻ ബാഗ്ദാദിലെ റാസി എഴുതിയത് കണക്കിലെടുക്കുമ്പോൾ ചെറിയ വ്യത്യാസങ്ങൾ ഈ കാലഗണനയിൽ ഉണ്ടാകാമെങ്കിലും, വൈറസ് മനുഷ്യരിലെത്തിയിട്ട് ഏതാനും നൂറ്റാണ്ടുകളേ ആയിട്ടുള്ളൂ എന്ന് ഉറപ്പിക്കാൻ സാധിക്കും.

ഏതെന്ന് ഇനിയും തിരിച്ചറിഞ്ഞിട്ടില്ലാത്ത ഒരു മൃഗത്തിൽനിന്ന് മനുഷ്യരിലെത്തിയ കോവിഡ് 19 വൈറസ് മനുഷ്യരിൽ ഒരു മഹാമാരിക്ക് കാരണമായത് പോലെ, കന്നുകാലികളിൽ രോഗമുണ്ടാക്കിയിരുന്ന ഒരു പുതിയ വൈറസ് യാദൃശ്ചികമായി മനുഷ്യരിൽ പ്രവേശിക്കുകയും, കാലക്രമേണ മനുഷ്യരിൽനിന്ന് മനുഷ്യരിലേക്ക് പകരുന്ന, മൃഗങ്ങളെ ബാധിക്കാൻ കഴിവില്ലാത്ത മനുഷ്യരോഗാണുവായി പരിണമിക്കുകയുമാണുണ്ടായത്.

രോഗാണുക്കളുടെ ചരിത്രത്തിലെ പല 'പുതിയ വൈറസുകളും' ഇത്തരത്തിൽ യാദൃശ്ചികമായി മനുഷ്യരിലെത്തിയ മൃഗരോഗാണുക്കളാണ്. ആഫ്രിക്കൻ വൻകരയിൽനിന്ന് പുതിയ ഭൂവിഭാഗങ്ങളിലെത്തിയ നമ്മുടെ പൂർവികർക്ക് കണ്ടുമുട്ടേണ്ടിവന്നത് പുതിയ സാഹചര്യങ്ങൾക്കും, സഹജീവികൾക്കുമൊപ്പം പുതിയ രോഗാണുക്കളെ കൂടിയായിരുന്നു. പരിണാമപരമായി മനുഷ്യരുടെ ജനിതകഘടനയിൽ വന്ന ചില മാറ്റങ്ങൾ പോലും രോഗാണുക്കൾക്കെതിരെയുള്ള പ്രതിരോധത്തിന്റെ ബാക്കിപത്രങ്ങളാണ്. മനുഷ്യരാശിയുടെ ജീവചരിത്രം രോഗാണുക്കളുമായുള്ള നിരന്തര സംഘട്ടനങ്ങളുടെ കൂടി ചരിത്രമാണ്!

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com