ADVERTISEMENT

എന്റെ വീടിന്റെ അടുക്കളയിൽനിന്ന് ഞാനിപ്പോഴും പുറത്തു കടക്കുന്നില്ല. ഊത്തകാലത്തെ പ്രധാന തീറ്റ മീൻ തന്നെ. ചോറിനേക്കാളും ഇരട്ടി മീൻ കൂട്ടാൻ (അടുക്കള ഭാഷ) കൂട്ടുന്ന ഒരു കാലം കൂടിയാണത്. ഊത്തകാലത്ത് കിട്ടുന്ന മീനുകളിൽ ഭൂരിഭാഗത്തിനും മുട്ട കാണും. മീൻ നന്നാക്കുമ്പോൾ ആ മുട്ട സഞ്ചിയോടെ തന്നെ എടുത്തുമാറ്റി ഒന്നുകിൽ പാളയിൽ അല്ലെങ്കിൽ വാഴയിലയിൽ വയ്ക്കും. ഞാനിന്നുമോർക്കുന്നു, നല്ല ചുവന്ന ഓറഞ്ചിന്റെ നിറമായിരിക്കും. ഇന്ന് ഞാൻ മനസിലാക്കുന്നു, ശരീരത്തിൽനിന്നു വെള്ളത്തിൽ വീഴാൻ കൊതിച്ചും, വീണാൽ വിരിയാൻ കൊതിച്ചും നിൽക്കുന്ന മുട്ടകളോരോന്നുമാണതെന്ന്

മീനുകളുടെ വയറ്റിൽനിന്നും സഞ്ചിയോടെ എടുക്കുന്ന മുട്ടകൾ അമ്മൂമ്മ വാഴയില കീറി അതിൽ വയ്ക്കും. രണ്ടടുക്ക് വാഴയിലയിൽ വച്ചതിനു ശേഷം വാഴയിലയിൽനിന്ന് ഒരരിക് കീറി വള്ളിയാക്കി ഇത് പൊതിഞ്ഞു കെട്ടുന്നു. അക്കാലത്ത് ഇന്ധനമായി ഉപയോഗിച്ചിരുന്നത് വിറകുകളായിരുന്നു, അതും വൈവിധ്യമുള്ള വിറകുകൾ. അടുക്കളയിൽ മേൽക്കോയ്മ നേടിയ വിറകുകൾ തെങ്ങുംപട്ട, കൊലിഞ്ഞിൽ, കൊതുമ്പ് എന്നിവരും രണ്ടാംതരക്കാരായി അടുപ്പിലേക്ക് പ്രവേശനം തേടിയത് താരതമ്യേന കനലായി നില്ക്കാൻ കഴിവില്ലാത്തവിധം ദുർബലരായ കോഞ്ഞാട്ട തണങ്, പാള, എന്നിവരും ആയിരുന്നു. അപ്പൻ ചൂടുവെള്ളത്തിൽ കുളിക്കുന്ന ആളായതുകൊണ്ട് വെള്ളം ചൂടാക്കാൻ പുറത്തൊരു അടുപ്പുണ്ടായിരുന്നു. ആ അടുപ്പിൽ കരിയിലയായിരുന്നു പ്രധാന ഇന്ധനം, ഇവർക്കൊക്കെ തീ കൊളുത്തുക എന്ന ജോലി ഭംഗിയായി നിർവഹിച്ചത് വെയിൽ മുഴുവൻ ആവാഹിച്ചെടുത്ത തെങ്ങിൻ ചൂട്ടായിരുന്നു. അന്നെനിക്ക് പരിചയമുള്ള ഏക ഗ്യാസ് വേലായുധൻ ചേട്ടന്റെ കടയിലെ ഗാസ് മിട്ടായി മാത്രമായിരുന്നു.

പെട്ടന്ന് ആളിക്കത്താത്ത കുറ്റിപ്പട്ട അമ്മൂമ്മ പതിയെ അടുപ്പിലേക്കു തള്ളിവയ്ക്കും. അതിന് തീ പിടിച്ച് ചുവന്ന കനലാകുമ്പോൾ അമ്മൂമ്മ വാഴയിലയിൽ പൊതിഞ്ഞ മീൻമുട്ട അകത്തേക്ക് വയ്ക്കും. കനൽ ആദ്യം അതിന്റെ നീരസം ഒന്നറിയിക്കും പിന്നെ പെട്ടന്ന് തന്നെ അതിന്റെ ഇരയെ ആക്രമിക്കുന്നത് നോക്കി അമ്മൂമ്മയും ഇരിക്കും. അഗ്നിയെ അനുസരണയുള്ള ഭൃത്യനായി നിലനിർത്താൻ വേണ്ട ഒരു വടി അമ്മൂമ്മയുടെ കൈവശമുണ്ടാവും. മുട്ട പൊതിഞ്ഞ വാഴയില സഞ്ചിയെ അമ്മൂമ്മയുടെ നിയന്ത്രണത്തിൽ ചൂടാക്കും. വടിയിട്ടു കുത്തിയിളക്കി ഇടയ്ക്കിടെ തീ നിയന്ത്രണ വിധേയമാക്കും. അവസാനം തീയോട് സന്ധിചെയ്ത് അമ്മൂമ്മ അവിടെയും ഇവിടെയുമായി പൊള്ളിക്കരിഞ്ഞ വാഴയിലസഞ്ചി അടുപ്പിന് പുറത്തേക്കു തോണ്ടിയിടും. ഊതിയും തല്ലിയും അതിന്റെ പുറത്തുള്ള ചെറിയ തീക്കനലുകൾ കെടുത്തും. അൽപസമയത്തിനുശേഷം ചൂടേറ്റു അടഞ്ഞ ആ വാഴയിലപ്പൊതി തുറന്ന് അതിനുള്ളിലെ മുട്ട എടുക്കുന്നു. അനിയന് കുറച്ചും എനിക്ക് കൂടുതലുമായി ഒരു മുട്ടപ്പുഴുക്ക് വച്ച് നീട്ടുന്നു. അമ്മൂമ്മയുള്ള കാലത്ത് അമ്മൂമ്മയുടെ മാനസപുത്രൻ ഞാനായിരുന്നു, അതായത് അനിയനെക്കാൾ ഇഷ്ടം എന്നോടായിരുന്നു അത്രമാത്രം.

ഊത്തകയറുന്ന മീനുകളുടെ ശരീരത്തിൽ നെയ്യിന്റെ (Fat) അളവ് വളരെ കൂടുതലായിരിക്കും. ഒരു വർഷം മുഴുവൻ അവർ ഭക്ഷണം കഴിക്കുന്നത് സ്വന്തം ജീവൻ നിലനിർത്തുന്നതോടൊപ്പം വംശവർധനയ്ക്കുള്ള കരുതൽ ഇന്ധനം ശേഖരിക്കാനുമാണ്. പ്രജനനത്തിനും, പ്രജനനകേന്ദ്രങ്ങൾ തേടിയുള്ള യാത്രക്കും ഇണയെ കണ്ടെത്തുന്നതിനും ഇണചേരുന്നതിനും ഒക്കെ വലിയ തോതിൽ ഊർജം വേണം. അതിനുവേണ്ട ഊർജം കരുതിവയ്ക്കുന്നത് ഈ നെയ്യു‌ടെ രൂപത്തിലാണ്. ഊത്തമീന് നെയ്യുണ്ടെന്നുള്ള നാട്ടറിവ് തെറ്റല്ല. നെയ്യോടുകൂടിയ ഈ മീനിന് നല്ല രസമുണ്ടായിരിക്കും. “നുറുക്കി ചീനച്ചട്ടിയിലിട്ടാൽ മതി മൊരിഞ്ഞോളും”, “വെളിച്ചെണ്ണയില്ലാതെ വറുക്കാൻ പറ്റും” എന്നൊക്കെ ഊത്തപിടിത്തക്കാരും അത് തിന്നുന്നവരും പറയുന്നത് മറ്റൊന്നും കൊണ്ടല്ല, മേൽപ്പറഞ്ഞ നെയ്യുള്ളതുകൊണ്ടാണ്. എത്ര കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയാലും ഈ രുചി നാവിലുള്ളവരെ നിയന്ത്രിക്കുക അത്ര എളുപ്പമുള്ള കാര്യമല്ല. ഊത്തപിടിക്കാനും ഊത്തമീൻ തിന്നാനും ഗൾഫിൽനിന്നും മറ്റുമൊക്കെ അവധിയെടുത്ത് വരുന്നവരെ ഈയുള്ളവനറിയാം.

ഊത്തകാലം അങ്ങിനെ മീൻ മാത്രമല്ല മീനിന്റെ മുട്ടയും തിന്ന ഓർമ്മകളുടേതാണ്. പ്രത്യേകം വാഴയിലയിൽ പൊതിയാൻ മാത്രം മുട്ടയുള്ള രണ്ടു മീനുകളാണ് നമ്മുടെ ശുദ്ധജലത്തിലുള്ളത്, ഒന്ന് തൂളിക്കും പിന്നെ മഞ്ഞക്കൂരിക്കും. കുറുവപ്പരൽ, കാരി, ഇവ മുട്ട കുറവുള്ള മീനുകളാണ്. ഇലയിൽ പൊതിയാൻ മാത്രമില്ലെങ്കിൽ, “അവൈലബിൾ മുട്ടസഞ്ചിയെ” അവയെ വറക്കുന്ന ചീനച്ചട്ടിയുടെ അരിക് ചേർത്തുവച്ച് ഇളക്കാതെ വറക്കും. ചിലപ്പോൾ വേവ് നോക്കുന്ന അമ്മയ്ക്കും പിന്നെ അപ്പന്റെ കൂട്ടാൻ (മീൻസ് ഡിഷ്; കറിക്ക് അങ്ങിനെയും ഒരു പേരുണ്ട്) പാത്രത്തിലേക്കുമായി വിഭജിക്കപ്പെടും. പലതും മാറിയ ഇക്കാലത്ത്, സെപ്റ്റംബർ മാസം മുതൽ കിട്ടുന്ന ചാളയിൽനിന്നും നന്നാക്കുന്ന സമയത്ത് ഈ മുട്ടകൾ മാറ്റി ഇതുപോലെ വറുത്ത് അരുണിനും അജിത്തിനും നൽകി മേരീസ് (എന്റെ ബെറ്റർ ഹാഫ് അല്ല മുഴുവൻ പീസും), സിൻസ് 1869 മുതലുള്ള ഈ പാരമ്പര്യം കണ്ണിപൊട്ടാതെ കാക്കുന്നു.

manjakkoori
മഞ്ഞക്കൂരി

ഊത്തയുടെ അഞ്ചാം ദിവസം പിടിക്കുന്ന മഞ്ഞക്കൂരിക്ക് എന്തായാലും വയർ നിറയെ മുട്ട കാണും. കൃത്യമാണ് കാലാവർഷാഗമനം എങ്കിൽ മേയ് 25നു ശേഷം ഏകദേശം പൂർണ വളർച്ചയിലെത്തിയ മുട്ടകൾ കാണാം. കോഴിമുട്ട കൂടാതെ ഞാൻ ജീവിതത്തിൽ കഴിച്ച ഏക മുട്ട മീനിന്റെയാണ് അത് മഞ്ഞക്കൂരിയുടേതും പിന്നെ കടൽ മത്സ്യമായ ചാളയുടേതും ആണ്. ആ മഞ്ഞക്കൂരിയെക്കുറിച്ചു പറഞ്ഞേക്കാം. നിലവിൽ മഞ്ഞക്കൂരിയെക്കുറിച്ച് ആവോളം വിവരങ്ങൾ ഇന്റർനെറ്റിൽ ലഭ്യമാണ്, എങ്കിലും.

മഞ്ഞക്കൂരിയെക്കുറിച്ച് നാട്ടുകാർക്ക് നല്ല വിവരം ഉണ്ടായിരുന്നുവെങ്കിലും ശാസ്ത്രജ്ഞന്മാർക്ക് വല്ല്യ ജ്ഞാനം ഉണ്ടായിരുന്നില്ല. ഇതിനെക്കുറിച്ചുള്ള ജ്ഞാനസമ്പാദനം 1864 ൽ ആരംഭിച്ചു. അതും പൊരുത്തക്കേടുകൾക്കു കൂടി പേരെടുത്ത ബ്രിട്ടീഷ് മ്യൂസിയം ക്യുറേറ്റർ ആയ ആൽബർട്ട് ജി ഗന്തറിൽ നിന്നും

വെറും അഞ്ചിഞ്ച് നീളമുള്ള ഒരു മഞ്ഞക്കൂരിയെ വച്ചാണ് ഗന്തർ ഇതിന് പ്സ്യൂബഡോബാഗ്രസ് ബ്രാക്കിസോമ എന്ന ശാസ്ത്രനാമം നൽകിയത്. ഫ്രാൻസിസ് ഡേയുടെ ശാപമാണോ അതോ ഇനി ഡേ എന്തെങ്കിലു കൂടോത്രം ചെയ്തതുകൊണ്ടാണോ എന്നറിയില്ല മഞ്ഞക്കൂരിയെ കിട്ടിയ സ്ഥലം ഗന്തർ രേഖപ്പെടുത്തിയത് കൊച്ചിൻ ചൈന എന്നായിപ്പോയി. കൊച്ചിയും കൊച്ചിൻ ചൈനയും തമ്മിൽ ചെറിയ വ്യത്യാസമേയുള്ളൂ-ആട്ടിൻകാട്ടവും കൂർക്ക ഉപ്പേരിയും തമ്മിലുള്ള വ്യത്യാസം മാത്രം. കൊച്ചിയിൽനിന്നും ബ്രിട്ടീഷുകാർ കൊണ്ടുപോയ, ഗന്തർ പഠിച്ച ആ മഞ്ഞക്കൂരി ലണ്ടനിലെ ബ്രിട്ടീഷ് മൂസിയത്തിൽ Holotype, Regd. No. 62.9.18.5 എന്ന മേൽവിലാസത്തിൽ അതിന്റെ അഴുകാത്ത ശരീരവും ഒരിക്കലും അടയാത്ത കണ്ണുകളുമായി 150 വർഷങ്ങൾക്കിപ്പുറവും വിശ്രമിക്കുന്നു.

ഈ കൊച്ചിൻചൈന ഇന്നത്തെ ഇന്നത്തെ വിയറ്റ്‌നാം ആണെന്നും അതിന്റെ പിന്നാമ്പുറങ്ങളും എനിക്ക് പറഞ്ഞുതന്നതും ഡോ. ഇ.ജി. സൈലാസ് സാർ ആണ്. ഡോ. ഇ.ജി. സൈലാസ്, ഡോ. കെ. സി. ജയറാം, ഡോ. എ.ജി. കെ. മേനോൻ എന്നിവരുടെ അറിവ് മത്സ്യങ്ങളിൽ പരിമിതപെട്ടുപോയതല്ലായിരുന്നു. ഭൂമി ശാസ്ത്രവും സൂജിയോഗ്രാഫിയും അവർക്ക് കാണാപ്പാഠമാണ്. ജോൺ ബാറോ 1806ൽ എഴുതിയ എ വോയേജ് ടു കൊച്ചിൻ ചൈന ഇൻ ദി യേർസ് ഓഫ് 1792 -1793 പുസ്തകം കൊച്ചിൻ ചൈനയുടെ ചരിത്രങ്ങൾ അനാവരണം ചെയ്യാൻ പോന്നതാണ്. 1862 മുതൽ ഫ്രഞ്ച് കോളനിയായിരുന്ന കൊച്ചിൻ ചൈന രണ്ടാം ലോകയുദ്ധത്തിന് ജപ്പാൻ കീഴടക്കിയെങ്കിലും പിന്നീട് ഫ്രാൻസിന് വിട്ടുകൊടുത്തു. ഫ്രാൻസിന്റെ കൈയിലായ കൊച്ചിൻ ചൈനയെ പിന്നീട് ഫ്രാൻസ് 1946 ൽ സ്വതന്ത്ര റിപ്പബ്ലിക്ക് ആയി പ്രഖ്യാപിച്ചു. ഇത് ഹോചിമിനും ഫ്രഞ്ചും തമ്മിലുള്ള ഇൻഡോ ചൈന യുദ്ധത്തിലേക്ക് വഴിവച്ചു. സ്വാതന്ത്ര്യത്തിലേക്കു ജയിച്ചുകയറിയ വിയറ്റ്‌നാം ജനത കോളനി ഭരണകാലത്തിന്റെ ശേഷിപ്പെന്നോണം അവരെ പിന്തുടർന്ന ഇന്തോചൈന എന്ന പേര് 1948 ആയപ്പോഴേക്ക് വിസ്മൃതിയിലേക്കും ചരിത്രത്തിലേക്കുമായി ഉപേക്ഷിച്ചു.

1862ൽ ഡോ കെ.സി. ജയറാം, ഗന്തർ പറഞ്ഞ കൊച്ചിൻചൈന എന്ന് തെറ്റാണെന്നും അത് ശരിക്കും നമ്മടെ കൊച്ചിയാണെന്നും പറഞ്ഞു തിരുത്തി (ഗന്തർക്ക് പാകൊള്ളു). 1955 ൽ ഡോ. കെ.സി. ജയറാം മഞ്ഞക്കൂരിയെ ഉൾപ്പെടുത്താനായി ഹോറബാഗ്രസ് എന്ന പുതിയ ജനുസിനു രൂപം നൽകി. ഹോറബാഗ്രസ് എന്ന ജനിതകനാമം ഹോറ+ബാഗ്രസ് എന്ന രണ്ടു വാക്കുകൾ സംയോജിപ്പിച്ചെടുത്തതാണ്. ഹോറ എന്ന വാക്ക് എക്കാലത്തെയും പ്രശസ്തനായ മത്സ്യശാസ്ത്രജ്ഞാനും, സുവോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ ആദ്യ ഇന്ത്യക്കാരനായ ഡയറക്ടറും ആയിരുന്ന സുന്ദർ ലാൽ ഹോറയെ ഓർമ്മിപ്പിക്കും, കൂരിപോലുള്ള മത്സ്യങ്ങളെ ബാഗ്രസ് എന്നാണ് പറയുക. മത്സ്യങ്ങളുടെ ചെകിളയുടെ ഭാഗത്തിന് പറയുക ബ്രാൻകിയാൽ റീജിയൻ എന്നാണ്. സോമ എന്നാൽ പൂരപ്പറമ്പ് വട്ടത്തിലുള്ള പൊട്ടിനു പറയുന്ന ലാറ്റിൻ പേര്. രണ്ടും ചേർത്തുപറഞ്ഞാൽ ബ്രാക്കിസോമ. ചെകിളയ്ക്കു പുറകിൽ വലിയപൊട്ടുള്ളത് എന്നർഥം.

വടക്ക് കാനറാ മുതൽ അതായത് പഴയ തുളുനാടിന്റെ അതിർത്തിയായ ഗാംഗവല്ലി നദിമുതൽ തെക്ക് നെയ്യാറ്റിൻകര വരെ മഞ്ഞക്കൂരിയുടെ വിഹാരം എന്ന് ഡോ. ജയറാം പറയുന്നു. ആലുവ, ആലപ്പുഴ, തൃശൂർ എന്നിവിടങ്ങളിലെ കായലുകളിൽ സുലഭമാണെന്നും പറയുന്നു ഡോ. ജയറാം.

മഞ്ഞക്കൂരിയെക്കുറിച്ചു സംസാരിക്കുമ്പോൾ പക, പോര്, ജാതി, മതം, വ്യാപാരം, വ്യവഹാരം ഒക്കെ അറിയാതെ മനസിലേക്ക് വരും. 1864 ഗന്തർ മഞ്ഞക്കൂരിക്കു ശാസ്ത്രനാമം നൽകിയതിനു ശേഷം അദ്ദേഹത്തിന്റെ ശാസ്ത്രീയ ശത്രുവായ (ശത്രുക്കളെ ഞാൻ രാഷ്ട്രീയ, സാമ്പത്തിക, ശാസ്ത്രീയ, കുടുംബ, തൊഴിൽ എന്നിങ്ങനെ വകയിരുത്തുന്നു) ഫ്രാൻസിസ് ഡേ അറിഞ്ഞിട്ട് ഒരു മുട്ടൻ പണികൊടുത്തതാവണം അതേ നീളം, അതേ വണ്ണം, അതേ നിറം ഇതൊക്കെയുള്ള മഞ്ഞക്കൂരിക്ക് പ്സ്യുഡോബഗ്രസ് ക്രൈസിയസ് എന്ന പുതിയൊരു പേര് നൽകി പ്രസിദ്ധീകരിച്ചു. ഈ മഞ്ഞക്കൂരി കരുവന്നൂർ നദിയിൽ ധാരാളമുണ്ടെന്നും കരൂപ്പടന്നയിൽനിന്നും കാലവർഷക്കാലത്ത് കണ്ടമാനം പിടിച്ചുകേറ്റുന്നുണ്ടെന്നും വിവരങ്ങൾ നൽകി. പിന്നീടു വന്ന ശാസ്ത്രജ്ഞർ ഇത് രണ്ടും ഒന്നാണെന്ന് സ്ഥാപിച്ചു. പക്ഷേ, വിജയം ആസ്വദിക്കാൻ ഗാന്തറോ പരാജയം സഹിക്കാൻ ഫ്രാൻസിസ് ഡേയോ ജീവിച്ചിരുപ്പുണ്ടായില്ല.

മഞ്ഞക്കൂരിയടക്കമുള്ള ചെതുമ്പലുകളില്ലാത്ത കൂരിവർഗങ്ങളെ മുഹമ്മദീയരും ജൂതന്മാരും തിന്നാറില്ലയെന്നും അവ ക്രിസ്ത്യാനികൾക്ക് കൊടുക്കുകയാണ് പതിവെന്നും ഫ്രാൻസിസ് ഡേ പറയുന്നു. നമ്മുടെ വാള ഒഴിച്ച് ഒരു കൂരിവർഗമീനെയും യൂറോപ്പ്യന്മാരും തിന്നാറില്ലെന്നും പറയുന്നു. അവ ദഹിക്കുകയില്ലായെന്നും വയറ്റിൽ ചെന്നാൽ വലിയ പ്രശ്നങ്ങൾ ഉണ്ടാക്കുമെന്നും ഡേ കൂട്ടിച്ചേർക്കുന്നു. എന്നാൽ, ഇവയുടെ വായുസഞ്ചി ഉപയോഗിച്ച് ഐസിംഗ് ഗ്ളാസ് എന്നൊരു വസ്തു സംസ്കരിച്ചെടുക്കുന്നു. വീഞ്ഞ് ശുദ്ധീകരിക്കുന്നത് ഇതുപയോഗിച്ചാണ്. ഏട്ടയുടെ വായുസഞ്ചിയാണ് ഇതിന് കൂടുതലായി ഉപയോഗപ്പെടുത്തുന്നതത്രെ.

പകയാവാനൊന്നും വഴിയില്ല, ഹൊറാബാഗ്രസ് മെലാനോസോമ എന്ന വേറൊരിനം മഞ്ഞക്കൂരിയെ മണിമല നദിയിൽനിന്നും 2013ൽ അത്ഭുതകരമായ രീതിയിൽ കണ്ടെത്തുകയുണ്ടായി. നിറം കറുത്തതുകൊണ്ടാണ് അത് പുതിയൊരു വംശമായത് എന്ന വാദം നിരത്തി, കണ്ടുപിടിച്ചയാളുകൾ. ഡോ. അൻവർ അലിയടക്കമുള്ള ഗവേഷകർ ചേർന്ന് അത് തിരുത്തുകയും അത് മഞ്ഞക്കൂരി തന്നെ എന്ന് സ്ഥാപിക്കുകയും ചെയ്തു.

മഞ്ഞക്കൂരിയെ കൃത്രിമ പ്രജനനം നടത്തിയ ഡോ. പദ്‌മകുമാർ (കേരളാ കാർഷിക സർവകലാശാല), എൽ. ബിന്ദു, ഡോ. എ. ഗോപാലകൃഷ്ണൻ (ഡയറക്ടർ, CMFRI), ഡോ. അബ്ദുൾ ബഷീർ (Sr.സയന്റിസ്റ്റ്, NBFGR) തുടങ്ങിയവരെ വിസ്മരിക്കാവുന്നതല്ല. ഒരുപാട് ഇംഗ്ലീഷ് പേരുകൾ അക്വേറിയത്തിലെ ഈ സുന്ദരിക്കുണ്ട്. യെല്ലോ ക്യാറ്റ് ഫിഷ്, ഗോൾഡൻ ക്യാറ്റ് ഫിഷ്, ഗന്തേഴ്‌സ് ക്യാറ്റ് ഫിഷ് അങ്ങനെ പല പേരുകൾ. മഞ്ഞക്കൂരി സമ്പന്നയാണ്, പേരുകൊണ്ടും പെരുമകൊണ്ടും.

ഇപ്പോൾ വംശനാശത്തിന് വിധേയമായേക്കാവുന്ന വൾനറബിൾ എന്ന ഗണത്തിലാണ് മഞ്ഞക്കൂരിയുടെ സ്ഥാനം. എന്തുകൊണ്ട് അവ വംശനാശത്തിലേക്കു നീങ്ങുന്നു എന്നതിന്റെ കാരണം 2012 ലെ ഊത്തക്കാലത്ത് എടുത്ത ചിത്രങ്ങൾ നിങ്ങളോട് പറയും.

manjakkoori-1
മഞ്ഞക്കൂരിയുടെ ബീജം ഒഴുകുന്നു

2012 ജൂൺ 5 മണിയോടെ ഊത്തപിടുത്തം ചിത്രീകരിക്കാൻ ഞാനും ശശി ചേട്ടനും എരവത്തൂർ പാലത്തിന്റെ അടുത്തെത്തി. ഷിബു പ്ലാക്കലിന്റെ വലയിൽ കിട്ടിയ മഞ്ഞക്കൂരിയെ ഞാൻ എടുത്ത് കൈയിൽ വെച്ചതും അതിന്റെ ബീജം പുറത്തേയ്ക്ക് ഒഴുകി. എന്റെ നേരെ നിന്ന സ്‌മൈൽ ശശിച്ചേട്ടൻ അത് അഭ്രപാളിയിലേക്കാകുകയും ചെയ്തു.

ഞാൻ നിറുത്തുകയാണ്. മഞ്ഞക്കൂരി ഇനി എന്നെക്കൊണ്ട് പലതും പറയിപ്പിക്കും, ചരിത്രം, ഭൂമിശാസ്ത്രം, തർക്കങ്ങൾ, പിടലിപിണക്കങ്ങൾ, മൂപ്പിളത്തർക്കങ്ങൾ, അമ്മായിയമ്മപ്പോരുകൾ, നാട്ടുവർത്തമാനങ്ങൾ എന്നുവേണ്ട വീട്ടുകാര്യങ്ങൾ വരെ. ദേ, എന്നെക്കൊണ്ട് കൂടുതലൊന്നും പറയിപ്പിക്കണ്ടാട്ടാ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com