ADVERTISEMENT

പുതിയ തരം ജന്തുജന്യ രോഗങ്ങൾ പൊട്ടിപ്പുറപ്പെടുന്ന സാഹചര്യങ്ങളെ സംബന്ധിച്ച് പൊതുവായ ചില വസ്തുതകൾ ശാസ്ത്ര സമൂഹം രേഖപ്പെടുത്തിയിട്ടുണ്ട്. പാരിസ്ഥിതിക ഘടകങ്ങൾ, രോഗാണുവിന്റെ ജനിതക സവിശേഷതകളും അവയിൽ സംഭവിക്കുന്ന വ്യതിയാനങ്ങളും, മാറുന്ന കൃഷിരീതികൾ, സാമൂഹിക - സാംസ്കാരിക ശീലങ്ങൾ, ആഗോളവൽക്കരണം, നഗരവൽക്കരണം, കുടിയേറ്റങ്ങൾ, യുദ്ധങ്ങൾ എന്നിവയൊക്കെയും വരുത്തിവയ്ക്കുന്ന പ്രധാനമായും മൂന്നുതരം സാഹചര്യങ്ങളാണ് ഇത്തരം രോഗവ്യാപനങ്ങളിലേക്കു നയിക്കുന്നത്.

  1. 1മുൻപ് തന്നെ അറിയപ്പെട്ടിരുന്ന/കണ്ടുപിടിക്കപ്പെട്ടിരുന്ന രോഗാണു, അതുവരെ പരിചിതമല്ലാതിരുന്ന പ്രദേശങ്ങളിലും അവിടത്തെ ജീവികളിലും പെട്ടെന്ന് പ്രത്യക്ഷപ്പെടാൻ കാരണമാകുന്ന സാഹചര്യങ്ങൾ.
  2. രോഗാണു കടന്നുവന്ന് രോഗമുണ്ടാക്കാൻ സാധ്യതയില്ലാത്തവയായി അതുവരെ കണക്കാക്കപ്പെട്ടിരുന്ന ജീവികളിലേക്ക്‌, അപ്രതീക്ഷിതമായി അവ പ്രവേശിച്ച് രോഗത്തിലേക്കു നയിക്കുന്ന സാഹചര്യങ്ങൾ.
  3. അതുവരെ കണ്ടുപിടിക്കാൻ സാധിക്കാതെയോ അറിയപ്പെടാതെയോ കഴിഞ്ഞിരുന്ന രോഗാണുക്കൾ മനുഷ്യരിലേക്ക് പ്രവേശിച്ച് പുതിയ തരം രോഗങ്ങൾക്ക് കാരണമാകുന്ന സാഹചര്യങ്ങൾ.

മുൻപ് സൂചിപ്പിച്ചതു പോലെ, രോഗാണുവിൽ സംഭവിക്കുന്ന ജനിതകപരമായ വ്യതിയാനങ്ങൾ മുതൽ, മനുഷ്യ സംസ്കാരത്തിലെ സാമൂഹികപരമായ മാറ്റങ്ങളും ആഗോളവൽക്കരണം ഉൾപ്പെടെയുള്ള രാഷ്ട്രീയപരമായ നയങ്ങളും വരെ മേൽപ്പറഞ്ഞ സാഹചര്യങ്ങൾ ഒരുക്കിവയ്ക്കുന്നുണ്ട്. എന്തിനേറെ പറയുന്നു ഭക്ഷണ സംസ്കാരത്തിലെ ഇഷ്ടാനിഷ്ടങ്ങൾ വരെ രോഗാണുക്കൾക്ക് ഈ സാഹചര്യങ്ങൾ ഒരുക്കി കൊടുക്കുന്നുണ്ട്.

ക്രെഡിറ്റ്- കാപ്പിറ്റൽ സിസ്റ്റത്തിന്റെ വരവോടുകൂടിയാണ് യൂറോപ്പിലെ പ്രധാന കച്ചവട കേന്ദ്രങ്ങൾ ലോകത്തിന്റെ വിവിധ മേഖലകളിലേക്ക് കടൽ മാർഗം കടന്നു ചെല്ലുന്നത്. അവിടവിടെയായി അവർ വെട്ടിത്തെളിച്ച കാടുകളും, കൊളോണിയൽ വ്യവസ്ഥിതിയുടെ ഭാഗമായി നടപ്പിലാക്കപ്പെട്ട അടിമ വ്യാപാരവും, അവരുടെ യാത്രകളും കൈമാറ്റങ്ങളും മറ്റും വിവിധങ്ങളായ രോഗാണുക്കളുടെ വ്യാപനത്തിനും കാരണമായിത്തീർന്നിരുന്നു. ഉദാഹരണത്തിന് ആഫ്രിക്കൻ വൻകരയിൽ മാത്രം ഒതുങ്ങി നിന്നിരുന്ന Yellow fever എന്ന രോഗം അമേരിക്കൻ വൻകരകളിലേക്ക് വ്യാപിക്കുന്നത് കരിമ്പ് കൃഷിയുടെ ഭാഗമായി വന്ന അടിമവ്യാപാരത്തെത്തുടർന്നാണ്. പിന്നീട് പനാമ കനാലിന്റെ നിർമാണ സമയത്ത് കാടുവെട്ടിത്തെളിക്കാൻ നിയോഗിക്കപ്പെട്ട തൊഴിലാളികളിൽ ഈ മഹാമാരി പടർന്നു പിടിക്കുന്നുണ്ട്‌. ഈഡിസ് ഈജിപ്തി (Aedes aegypti) കൊതുകുകൾ വഹിക്കുന്ന Flaviviridae കുടുംബത്തിൽപ്പെട്ട Yellow fever virus ആണ് ഈ രോഗം പടർത്തുന്നത്. കനാലിന്റെ നിർമാണ സമയത്ത് ജോലിക്കിറങ്ങിയ തൊഴിലാളികളെ കൊതുകുകൾ കൂടുതലായി കടിക്കുന്ന സാഹചര്യമൊരുങ്ങുകയും രോഗം വളരെ വേഗം പടർന്നു പിടിക്കുകയും ചെയ്തു.

ജപ്പാൻ പോലെയുള്ള കിഴക്കനേഷ്യൻ രാജ്യങ്ങളിൽ നെൽക്കൃഷിയുടെ വ്യാപനവും ജലസേചന രീതികളും മറ്റുമാണ് ജപ്പാൻ ജ്വരം (Japanese Encephalitis) പടർന്നുപിടിക്കാൻ കാരണമായത്. ഫ്ലാവി വൈറസ് (Flaviviridae) കുടുംബത്തിൽ തന്നെ പെടുന്ന Japanese encephalitis virus ന്റെ വാഹകരാവുന്നത് Culex വിഭാഗത്തിൽപ്പെട ചില കൊതുകുകൾ ആണ്. ഇവയ്ക്ക് മുട്ടയിട്ട് പെരുകാൻ അക്കാലത്ത് സാഹചര്യം ഒരുക്കിയത് ജപ്പാനിലെ നെൽപ്പാടങ്ങളും ജലസേചന സൗകര്യങ്ങളും ആയിരുന്നു!!

ഇത്തരത്തിൽ ഓരോ രോഗത്തിനും വിവിധങ്ങളായ കാരണങ്ങളും കഥകളും പറയാനുണ്ടാകും. യാത്രാ സൗകര്യങ്ങളിലെ വളർച്ചയും സാങ്കേതികമികവുകളും വരെ രോഗങ്ങളുടെ വ്യാപനത്തിന് കാരണങ്ങളായി തീർന്നിട്ടുണ്ട്. ഏഷ്യാ വൻകരയിലെ ഇന്ത്യ പോലുള്ള ഒരു രാജ്യത്തേക്ക് ആഫ്രിക്കൻ നാടുകളിൽ മാത്രം കണ്ടു വന്നിരുന്ന ഡെങ്കിപ്പനി, ചിക്കുൻ ഗുനിയ പോലുള്ള രോഗങ്ങൾ പെട്ടെന്ന് പടർന്നു പിടിച്ചതിനു പിന്നിൽ ഇത്തരത്തിലെ ഒട്ടേറെ കാരണങ്ങൾ കാണാനാകും. AIDS പോലുള്ള രോഗങ്ങൾ വളരെ പെട്ടെന്ന് തന്നെ ലോകത്താകമാനം പടർന്നു പിടിക്കുന്നതും ലോകം കണ്ടതാണല്ലോ. 

എന്തുകൊണ്ടാണ് അടുത്തിടെയായി കൂടുതൽ ജന്തുജന്യ രോഗങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നത്? എന്തുകൊണ്ട് കൂടുതലും ചൈനയിൽനിന്ന്?

ചൈനയ്ക്ക് മാത്രമായി പ്രത്യേകതകൾ ഒന്നും തന്നെയില്ല എന്നതാണ് വാസ്തവം. എന്നാൽ, അടുത്തിടെ പൊട്ടിപ്പുറപ്പെട്ട മഹാമാരികളുടെയെല്ലം തന്നെ പ്രധാന കാരണങ്ങളായി വിലയിരുത്തപ്പെട്ടത് വന്യജീവികളുടെ ആവാസ വ്യവസ്ഥകളിലെ തകർച്ചയും ലോകരാജ്യങ്ങളിലെ നിയമവ്യവസ്ഥകൾക്ക് സമാന്തരമായി അരങ്ങേറുന്ന വന്യ ജീവി വ്യാപാരവും, ഭക്ഷ്യ, കപട -ചികിത്സാ മാർക്കറ്റുകളിൽ ഇത്തരത്തിൽ എത്തപ്പെടുന്ന അവയുടെ മംസവും മറ്റുമാണ്. അതുകൊണ്ടു തന്നെ, ചൈന ഇത്തരം രോഗങ്ങളുടെ പ്രഭവ കേന്ദ്രമായി മാറുന്നുവെങ്കിൽ പ്രത്യേകം കാരണങ്ങൾ തേടി അലയേണ്ടതില്ല.

ഏറ്റവും വേഗത്തിലുള്ള നഗരവൽക്കരണം നടക്കുന്ന രാജ്യമാണ് ചൈന. ഇതിന്റെ ഭാഗമായി, വളരെ പെട്ടെന്ന് തന്നെ വന മേഖലകൾ കൃഷിയിടങ്ങളോ വ്യവസായ ശാലകളോ ഒക്കെ ആയി മാറുന്ന സ്ഥിതിയുണ്ട്. നാട്ടു വൈദ്യം ഉൾപ്പെടെയുള്ള കപട ചികിത്സാ രീതികളുടെ ഭാഗമായി, വന്യജീവികളെ വേട്ടയാടാൻ എന്നും കൈയ്യയച്ച് സഹായം നൽകിയിട്ടുണ്ട് ചൈന. വന്യജീവികളുടെ മാംസ കച്ചവട- വ്യാപാര ശൃംഖലകളും അവിടെ പടർന്നു പന്തലിച്ച് കിടക്കുന്നു. വന്യ ജീവികളുടെ അവയവങ്ങൾ പാകം ചെയ്ത്, ജനിതകപരവും ശാരീരികവുമായ ന്യൂനതകൾക്കുള്ള മരുന്നെന്ന രീതിയിൽ കഴിച്ചുപോരുന്ന അശാസ്ത്രീയത രീതികൾ പോലും ഒരുപക്ഷേ ആ രാജ്യത്തിന്റെ ഭക്ഷ്യ സംസ്കാരം വരെ രൂപപ്പെടുത്തിയെടുക്കുന്നതിൽ ചെറുതല്ലാത്ത പങ്ക് വഹിച്ചിട്ടുണ്ട്. ഇത്തരത്തിൽ മറ്റിടങ്ങളിൽ സാധാരണയായി ഭക്ഷ്യ വസ്തുവായി കാണക്കാക്കപ്പെടുകയോ ഉപയോഗപ്പെടുത്തുകയോ ചെയ്യാതിരിക്കുന്ന വന്യ ജീവികളെ, വ്യാപകമായിത്തന്നെ മാർക്കറ്റുകളിൽ എത്തിക്കുന്നത് പുതിയ രോഗാണുക്കൾ വളരെപ്പെട്ടെന്ന് മനുഷ്യരിലേക്ക് എത്തിപ്പെടാൻ സാഹചര്യമൊരുക്കുന്നുണ്ടെന്ന് വിലയിരുത്താം.

കേരളത്തിൽനിന്ന് ഇത്തരത്തിൽ പുത്തൻ രോഗങ്ങൾ പൊട്ടിപ്പുറപ്പെടാൻ സാധ്യതകളുണ്ടോ?

നേരത്തെ സൂചിപ്പിച്ചതു പോലെ, വന്യജീവികളുടെ ആവാസവ്യവസ്ഥയ്ക്ക് സംഭവിക്കുന്ന തകർച്ചയും കാട്ടിറച്ചി ഉപയോഗവുമെല്ലാം ജന്തുജന്യ രോഗങ്ങളുടെ പകർച്ചയ്ക്ക് പ്രധാന കാരണങ്ങളായി കണക്കാക്കപ്പെട്ടിട്ടുണ്ട്.

ഏകദേശം 43 കിലോമീറ്ററാണ് വടക്ക് മുതൽ തെക്കുവരെ കേരള സംസ്ഥാനത്തിന്റെ ശരാശരി വീതി. അതിൽ കിഴക്കു ഭാഗത്തിന്റെ വലിയൊരു ശതമാനം ഉഷ്ണമേഖലാ മഴക്കാടുകൾ സ്ഥിതി ചെയ്യുന്ന പശ്ചിമഘട്ട മലനിരകളാണ്. അവയാകട്ടെ, ജൈവവൈവിധ്യത്താൽ ഏറെ സമ്പന്നമാണ്. തീരദേശ മേഖലയുൾപ്പെടുന്ന ബാക്കിയുള്ള ഇടങ്ങളിൽ ഇപ്പോൾത്തന്നെ ജനങ്ങൾ തിങ്ങിപ്പാർക്കുന്ന സ്ഥിതിവിശേഷമാണ്. ജൈവ വൈവിധ്യ മേഖലകൾ ശരിയായി സംരക്ഷിച്ചാൽ എല്ലാം ഏറെക്കുറേ സുരക്ഷിതമാണ്. എന്നാൽ, വനത്തോട് വളരെ ഒട്ടിനിൽക്കുന്ന നഗര ആവാസ വ്യവസ്ഥയും, വനമേഖലയെ നിരന്തരം നശിപ്പിക്കുന്ന തെറ്റായ വികസന മാതൃകകളും അവാസവ്യവസ്ഥകളുടെ തകർച്ചയ്ക്ക് വഴിയൊരുക്കുകയും അതുവഴി വന്യജീവികളിൽനിന്ന് പുത്തൻ വൈറസുകൾ മനുഷ്യരിലേക്ക് എത്തിപ്പെടാനുള്ള സാഹചര്യമൊരുക്കുകയും ചെയ്യും. വയനാടൻ കാടുകളോട് ചേർന്നു കിടക്കുന്ന പ്രദേശങ്ങളിൽ കാണപ്പെട്ട കുരങ്ങു പനി പോലുള്ള രോഗങ്ങൾ ഇതിന് ഉദാഹരണമാണ്.

വേട്ടയും വെടിയിറച്ചിയുമെല്ലാം ഹരമായി കരുതുന്ന വലിയൊരു വിഭാഗം ജനം ഇന്നും കേരളത്തിലുണ്ട് എന്നതാണ് സത്യം. സംസ്കാരങ്ങളുടെയും ആഘോഷങ്ങളുടെയും പേരിൽ വടക്കൻ മലബാറിലും മറ്റും പരസ്യമായ വന്യജീവി വേട്ട പ്രോത്സാഹിക്കപ്പെടുന്ന സാഹചര്യം നിലനിൽക്കുന്നുണ്ട്. നിപ്പാ വൈറസ് ഉൾപ്പെടെ ഒട്ടനവധി വൈറസുകളുടെ ഉറവിടമെന്ന് വ്യക്തമായ വവ്വാലുകളെ പോലും വേട്ടയാടി ഭക്ഷിക്കുന്ന ജനവിഭാഗങ്ങൾ കേരളത്തിലുണ്ട്.

വ്യത്യസ്ത മേഖലകളിലെ ജന്തുജന്യ രോഗങ്ങളുടെ ചരിത്രവും കാരണങ്ങളും പരിശോധിക്കപ്പെടുമ്പോൾ മറ്റു പ്രദേശങ്ങളിലും ഇത്തരത്തിൽ വ്യാപനമുണ്ടാകുന്നതിനുള്ള സാധ്യതകളും വെളിപ്പെടുന്നുണ്ട്. പരിസ്ഥിതി സംരക്ഷണം എന്നത് യഥാർഥത്തിൽ ആരോഗ്യ സംരക്ഷണം തന്നെയാണ്. അതിനനുസരിച്ചുള്ള നയങ്ങളും നിലപാടുകളും വിവിധ സർക്കാർ തലങ്ങളിൽനിന്നും കാലഘട്ടം ആവശ്യപ്പെടുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com