ADVERTISEMENT

മസ്തകത്തിൽ രത്‌നം ഒളിപ്പിച്ചുവെച്ച ആനയെയും, വിചിത്രമായ ദന്തികളെയും, അമ്പരപ്പിക്കുംവിധം രത്നങ്ങളുമുള്ള ഒരു രാജ്യമായിരുന്നു ഇന്ത്യയിലെത്തും മുമ്പുള്ള യൂറോപ്യന്മാരുടെ ഇന്ത്യ. അവിശ്വനീയമായ കഥകളും അമ്പരപ്പിക്കുന്ന സമ്പത്തും പ്രതീക്ഷിച്ചെത്തിയ യൂറോപ്യന്മാർക്ക് തെറ്റി എന്ന് കരുതാനാവില്ല. അവർ ഒരിക്കലും അവരുടെ നാട്ടിൽ കാണാനിടയില്ലാത്ത വിധം സമൃദ്ധമായ സുഗന്ധദ്രവ്യങ്ങൾ, ധാതുസമ്പന്നമായ ഭൂമി, മത്സ്യങ്ങൾകൊണ്ട് സമൃദ്ധമായ പുഴകൾ അത്ഭുതപെടുത്തുന്ന ഈ സമ്പന്നതയാണ് അവരെ ഇവിടം കീഴടക്കാൻ പ്രേരിപ്പിച്ചത്. പരമ്പരാഗതമായ അധികാരങ്ങൾ നിലനിർത്തി ഭരിച്ചുപോന്ന രാജാക്കന്മാരെ ഭിന്നിച്ചും ഭയപെടുത്തിയും ഒപ്പം നിറുത്തിയും, അവർ ഈ ജൈവസമ്പത്തിന്റെ മേലുള്ള അധീശത്വം നിലനിറുത്തി.

യൂറോപ്യൻ അധിനിവേശകാലത്തെ ഇന്ത്യയിലെ രാജഭരണത്തിന്റെ നേർക്കാഴ്ച ഫ്രീഡം അറ്റ് മിഡ്‌നെറ് എന്ന പുസ്തകം മനോഹരമായി വിവരിക്കും. മൈസൂർ രാജാവിന്റെ 600 മുറികളുള്ള കൊട്ടാരത്തിന്റെ 20 മുറികൾ ഉപയോഗിച്ചിരുന്നത് അവർ വധിച്ച കടുവകളുടെയും പുലികളുടെയും ആനകളുടെയും കാട്ടുപോത്തുകളുടെയും അവശിഷ്ടങ്ങൾ സൂക്ഷിക്കാൻ മാത്രമായിരുന്നു. എട്ടാം വയസിൽ ആദ്യമായി കടുവ വേട്ട നടത്തിയ ഭരത്പുർ രാജാവ് അദ്ദേഹത്തിന്റെ 35 വയസിനുള്ളിൽ കൊന്ന കടുവകളുടെ തോൽ വിശാലമായ സ്വീകരണ മുറിയിൽ പരവതാനി വിരിക്കാൻ മതിയായതായിരുന്നു. ഗ്വാളിയാർ മഹാരാജാവ് അദ്ദേഹത്തിന്റെ ജീവിതകാലത്തിനിടക്ക് 1400 കടുവകളെയാണ് വേട്ടയാടിയത്.

അപ്രകാരം ശരാശരി 11 ബിരുദനാമങ്ങളും 5.8 ഭാര്യമാരും 12.6 സന്താനങ്ങളും 9.1 ആനകളും 1.8 സ്വകാര്യ കാറുകളും 3.4 റോൾ റോയ്‌സ് കാറുകളും 11.9 കടുവകളെ വേട്ടയാടിയിട്ടുള്ളവരുമായ സ്വേച്ഛാധിപതികളും സുഖലോലുപരുമായ ഇന്ത്യയിലെ 565 നാട്ടുരാജാക്കന്മാർക്ക് എന്നും അപവാദമായി മികച്ച ഭരണം കാഴ്ചവെച്ച തിരുവതാംകൂറെന്ന ഒരു നാട്ടുരാജ്യത്തിലെ മുണ്ടക്കയത്തുനിന്നും ഹെൻറി ബേക്കർ (ജൂണിയർ) എന്ന ക്രിസ്ത്യൻ മിഷനറിയാണ് മിസ് കേരളയെന്ന സുന്ദരി മത്സ്യത്തെ കണ്ടെത്തുന്നത്.

മുണ്ടക്കയം ഭാഗത്ത് മലയരയൻമാരുടെ ഇടയിൽ മിഷണറി പ്രവർത്തങ്ങൾ നടത്തിയ ഇംഗ്ലീഷ് മിഷനറിയാണ് റവ. ഹെൻറി (ബേക്കർ ജൂണിയർ). “മലയരയൻമാരുടെ അപ്പസ്തോലൻ” എന്ന ഒരു വിശേഷണവും ഇദ്ദേഹത്തിനുണ്ട്. ‘The Hill Arrians of Travancore and the Progress of Christianity Among Them എന്നൊരു പുസ്തകവും ഇദ്ദേഹത്തിന്റെ പേരിലുണ്ട് (63 പേജ് മാത്രമേ ഉള്ളു).

ലംഘിക്കാനാവാത്ത ചരിത്രവിധികളാൽ കൃത്യം 82 വർഷങ്ങൾക്കിപ്പുറം തങ്ങൾ ഒരിക്കൽ ഉപേക്ഷിക്കേണ്ടിവരുന്ന ഈയൊരു രാജ്യത്തിന്റെ ചെറിയ ഒരിടത്തിൽ മാത്രം കാണുന്ന ഈ മത്സ്യം അന്താരാഷ്ട്ര പ്രശസ്തിയാർജിക്കുമെന്നും ആ പ്രശസ്തി ബ്രിട്ടീഷ് ഇന്ത്യയിലെ തന്റെ പ്രവർത്തങ്ങളിലേക്ക് ചരിത്ര വിദ്യാർഥികൾ വഴിയിടുമെന്നും ഇന്ത്യയിലാദ്യമായി മെഡിക്കൽ വിദ്യാഭ്യാസം ആരംഭിച്ച വില്യം ബെന്റിക്ക് പ്രഭുവിന്റെയോ, ഇന്ത്യയിലാദ്യമായി ഇംഗ്ലീഷ് വിദ്യാഭ്യാസം നടപ്പാക്കിയ മെക്കാളെ പ്രഭുവിന്റെയോ പോലെ യാതൊന്നും അവകാശപ്പെടാനില്ലാത്ത വില്യം ഡെനിസൺ എന്ന പ്രഭു അന്ന് ചിന്തിച്ചു കാണില്ല. ഫ്രാൻസിസ് ഡേ പലപ്പോഴും ചെയ്തിട്ടുള്ളതുപോലെ ആ സുന്ദരി മത്സ്യത്തിന്, ഇന്ത്യയിലേക്കാദ്യമായി ഇന്തോനേഷ്യയിൽനിന്നും ഗൗരാമിയെ കൊണ്ടുവരികയും വളർത്തുകയും പ്രജനനം നടത്തുകയും ചെയ്ത വില്യം ഡെണിസൺ എന്ന അന്നത്തെ മദ്രാസ് ഗവർണരുടെ പേര് ചേർത്ത് ലേബിയോ ഡെനിസോണി എന്ന പേര് നൽകി. ഒരുപക്ഷേ, ട്രൗട്ട് എന്ന മത്സ്യത്തെ നീലഗിരിയിൽ കൊണ്ടുവരാനായി മദ്രാസ് ഗവർണർ എന്ന നിലയിൽ ഔദ്യോഗിക അനുവാദം നൽകിയതും ഫ്രാൻസിസ് ഡേ വിസ്മരിച്ചിട്ടുണ്ടാവില്ല.

ഫ്രാൻസിസ് ഡേ ആദ്യം ശാസ്ത്രനാമം നൽകിയപ്പോൾ ലേബിയോ ഡെനിസോണി എന്നാണ് നൽകിയതെങ്കിലും പിന്നീട് അത് ബാർബസ് ഡെനിസോണി എന്നും, പിന്നെ പൂണ്ടിയസ് ഡെനിസോണി എന്നും മാറ്റി. ഈ നൂറ്റാണ്ടിൽ അതിനെ സഹ്യാദ്രിയ ഡെനിസോണി എന്ന പേരിലേക്കും മാറ്റി. ഇതിന് സഹ്യാദ്രിയ എന്ന ജനിതക നാമം നൽകിയത് ഡോ. രാജീവ് രാഘവനും കൂട്ടരുമാണ്.

ലോർഡ് ഡെനിസൻ എന്ന ഗവർണറെപ്പറ്റി അൽപം:

1861 മുതൽ 1863 വരെയും 1864 മുതൽ 1866 വരെയും ലോർഡ് ഡെനിസൺ രണ്ടു വട്ടം മദ്രാസ് ഗവർണർ ആയി സേവനം ചെയ്തിട്ടുണ്ട്. ഗവർണർ ജനറലായിരുന്ന ലോർഡ് എൽജിൻ മരണപെട്ടതിനെത്തുടർന്ന് രണ്ടു മാസത്തേക്ക് ഗവർണർ ജനറലായും സേവനം ചെയ്തിട്ടുണ്ട്. ഒരു പ്രകൃതി സ്നേഹിയും നാച്ചുറൽ ഹിസ്റ്ററി പഠിതാവും ആയ ഡെനിസണിന്റെ ശേഖരത്തിൽ 8000 ഓസ്ട്രേലിയൻ കക്കകളുടെ ശേഖരം തന്നെയുണ്ടായിരുന്നു. നീലഗിരി മേഖലയിൽ സിൻചോണ തോട്ടം ഉണ്ടാക്കുന്നതിൽ നിർണായക പങ്കും വഹിച്ചു. മക്കളുടെ കാര്യത്തിലും ഡെനിസൺ അനുഗൃഹീതനായിരുന്നു. പതിമൂന്നു മക്കളുടെ പിതാവായിരുന്നു അദ്ദേഹം. ഡെനിസൻ ബാർബ് എന്ന മത്സ്യത്തെക്കൂടാതെ ലോർഡ് ഡെനിസണിന്റെ പേരിൽ നീലഗിരിയിൽനിന്നും കണ്ടുപിടിച്ച ഒരു ബാൾസം (നമ്മടെ വാൽസ്യം, ഓണത്തിനു പൂക്കണണതില്ല്യേ അത് തന്നെ) ഉണ്ട്. ആസ്‌ട്രേലിയയിൽനിന്നുള്ള ഒരു വിഷപ്പാമ്പിന് ഡെനിസോണിയ എന്ന ജനിതക നാമം നൽകി ഡെനിസൻ പ്രഭുവിന്റെ സ്മരണ നിലനിറുത്തി.

അതിരുകവിഞ്ഞ ഇഷ്ടം കൊണ്ട് കടിഞ്ഞൂൽ സന്താനത്തിന് കണ്ണൻ, ടുട്ടു, മൊട്ടു, പൊട്ടു, ചിക്കു എന്നിങ്ങനെ പേരുകൾ നൽകിയതുപോലെ മിസ് കേരളയ്ക്കും ഡെനിസൻ ബാർബ്, മിസ് കേരള, റെഡ് ലൈൻ ടോർപിഡോ ബാർബ്, റോസ് ലൈൻ ഷാർക്, ഗോൾഡ് റോസ് ലൈൻ ഷാർക് അങ്ങനെ ആംഗലേയ പേരുകൾ നിരവധിയാണ്. മലയാളത്തിൽ ചോരക്കണിയാൻ, ചെങ്കണിയാൻ, ചെങ്കണ്ണി, ചോരക്കണ്ണി എന്നീ പേരുകളാൽ അറിയപ്പെട്ടു. ചാലക്കുടിപ്പുഴയിൽ കാണുന്ന ചോരക്കണിയാൻ പൂണ്ടിയസ് ചാലക്കുടിയെൻസിസ് പ്രത്യക വംശമാണെന്ന് തിരിച്ചറിഞ്ഞ് പേര് നൽകിയത് 1999ൽ ഡോ. എ.ജി.കെ. മേനോൻ, ഡോ. രമാദേവി, ഡോ. തോബിയാസ് എന്നിവരാണ്. ചാലക്കുടിപ്പുഴ കൂടാതെ പമ്പയിലും അച്ചൻകോവിലിലും പെരിയാറിലും സഹ്യാദ്രിയ ചാലക്കുടിയെൻസിസ് ഉണ്ടെന്ന് പഠനങ്ങൾ പറയുന്നു.

കേരളത്തിന്റെ അലങ്കാരമത്സ്യ സമ്പത്തിനേയും അതിന്റെ വിപണി സാധ്യതകളെയും ലോകത്തോട് വിളംബരം ചെയ്യാൻ തക്കവണ്ണം പ്രചാരംനേടിയ “മിസ് കേരള" എന്ന അത്യാകർഷകമായ പേര് ആരുടെ ചുണ്ടിൽനിന്നാദ്യമായി \പിറവിയെടുത്തുവെന്നും എന്ന് ജന്മമെടുത്തുവെന്നും അറിയാൻ ഫിഷറീസ് വകുപ്പിലെ അഡിഷണൽ ഡയറക്ടറും ഒരു പക്ഷിനിരീക്ഷകനും സർവോപരി എന്റെ അത്മാർഥ സുഹൃത്തുമായ ഡോ. ദിനേശ് ചെറുവാട്ടുമായി ചേർന്ന് മത്സ്യ അലങ്കാർ പ്രൊസീഡിങ്സ് അടക്കം നിരവധി രേഖകൾ പരിശോധിക്കുകയുണ്ടായി. ഡോ. അൻവർ അലി, ഡോ. ദിനേശ് കൈപ്പിള്ളി എന്നിവരും ഈ അന്വേഷണത്തിൽ എനിക്ക് നിർണയക വിവരങ്ങൾ നൽകി.

തികച്ചും യാദൃയ്ചികം എന്ന് തോന്നിയേക്കാം ഈ മത്സ്യം “മിസ് കേരള” ആണെന്ന് ആദ്യം തോന്നിയത് ഒരു വനിതയ്ക്കു തന്നെയാണ്-കേരള യൂണിവേഴ്സിറ്റി ഓഫ് ഫിഷറീസ് ആൻഡ് ഓഷ്യൻ സയൻസിലെ പ്രൊഫസറും മിസ് കേരളയെ ആദ്യമായി കൃത്രിമ പ്രജനനം നടത്തുകയും ചെയ്ത ഡോ. അന്നാ മേഴ്‌സിയുടെ നാവ് തന്നെയാണ് “മിസ് കേരള” എന്ന ഈ പേര് ചൊല്ലിയത്. ഡോ. അന്നാ മേഴ്‌സി ഓർത്തെടുക്കുന്നതിങ്ങനെയാണ്. "2000-2004 ലെ NBFGR-NATP (National Agricultural Technology Project) പ്രോജെക്ടിൽ കേരളത്തിലെ അലങ്കാര മത്സ്യങ്ങളുടെപ്രജനനം നടത്തുന്ന ഗവേഷണങ്ങൾ പുരോഗമിക്കുന്ന സമയം. ഡോ. ഗോപാലകൃഷ്ണൻ, ഡോ. പദ്മകുമാർ തുടങ്ങിയവർ പലപ്പോഴായി സന്ദർശനം നടത്താറുണ്ട്.

miss-kerala-fish
ഡോ. അന്ന മേഴ്യസി (ഇൻസെറ്റിൽ)

2001ലെ ഏതോ ഒരു ദിവസം കാട്ടിൽനിന്നു ശേഖരിച്ച ജീവനുള്ള ഡെനിസോണിയെ കാണാൻ ഡോ. ഗോപാലകൃഷ്ണൻ എത്തി. അന്നവിടുത്തെ സംസാരം മുഴുവനും ഡെനിസോണിയെയും അതിന്റെ സൗന്ദര്യത്തെയും ചുറ്റിനിന്നു. അൽപം നീണ്ടുപോയ ആ സംസാരത്തിനിടയിൽ ഡോ. അന്നാ മേഴ്‌സി പറഞ്ഞു "എന്ത് ഭംഗിയാ അല്ലേ, ശരിക്കും “മിസ് കേരള” തന്നെ" ഔപചാരികമായ ആഘോഷങ്ങളോ, ആൾക്കൂട്ടമോ ഇല്ലാതെ ലളിതമായി നടന്ന ആ പേരിടൽ കർമ്മം, പിന്നീട് ആ പേരും ആ മത്സ്യവും കൊണ്ടുവന്ന പ്രശസ്തിക്ക് ഒട്ടും തന്നെ അനുയോജ്യമല്ലാത്തതായിരുന്നു.

“മിസ് കേരള” അതിന്റെ പ്രശസ്തിയിലേക്ക് കുതിക്കുന്നത് 1996ൽ ആദ്യമായി അലങ്കാര മത്സ്യമെന്ന ഔദ്യോഗിക വേഷത്തിൽ ജർമനിയിലേക്ക് അവളുടെ കന്നിയാത്ര നടത്തിയതിനു ശേഷമാണ് . അക്വരാമ -2003 എന്ന പേരിൽ സിംഗപ്പൂരിൽ നടന്ന ലോക അക്വേറിയം പ്രദർശനത്തിൽ അക്വേറിയം വിപണിയിലേക്ക് പരിചയപ്പെടുത്താൻ എത്തിയ പുതിയ ഇനങ്ങളുടെ മത്സരത്തിൽ ഒന്നാം സ്ഥാനം ശ്രീലങ്കയിൽ നിന്നെത്തിയ പൂണ്ടിയാസ് നൈഗ്രോഫാസിയാറ്റസ് എന്ന സുന്ദരിക്കും മൂന്നാം സ്ഥാനം നമ്മുടെ ചെങ്കണിയാനും കരസ്ഥമാക്കി. ഇത് ചെങ്കണിയാന് വലിയ പ്രശസ്തിയും ഒപ്പം തന്നെ അന്താരാഷ്ട്ര ആവശ്യക്കാരേയും വിപണിയെയും സൃഷ്ടിച്ചു നൽകി.

അലങ്കാര മത്സ്യക്കയത്തുമതിയിലൂടെ ഇന്ത്യയുടെ 2007-2008 സാമ്പത്തിക വർഷത്തെ മൊത്തം വരുമാനം 1.44 ദശലക്ഷം അമേരിക്കൻ ഡോളറായിരുന്നു, ഇതിൽ 60-65 ശതമാനവും ഈ ചെങ്കണിയാന്റേതായിരിന്നു എന്ന് മിത്തൽ പറയുമ്പോൾ വ്യപാരത്തിന്റെ വ്യാപ്തി മാത്രമല്ല അത് ആവശ്യത്തിന്റെ കണക്കും രേഖപ്പെടുത്തും. 2005-2012 വരെയുള്ള ചെങ്കണിയാന്റെ വിപണിയുടെ 48.63 ശതമാനവും നിയന്ത്രിച്ചിരുന്നത് സിംഗപ്പൂരായിരുന്നു. ഹോങ്കോങ്ങും മലേഷ്യയും തൊട്ടുപുറകെത്തന്നെയുണ്ടായിരുന്നു. 2006ൽ കൊച്ചിയിൽ നടന്ന അക്വാഷോയിൽ വിദേശ സുന്ദരി മത്സ്യങ്ങൾക്കൊപ്പം മിസ് കേരളയും മികച്ച ആസ്വാദക ശ്രദ്ധ നേടിയതായി ഡോ. ദിനേശ് ചെറുവാട്ട് പറയുന്നു.

വർധിച്ച വിപണിയിലേക്കുള്ള മിസ് കേരളയെ മുഴുവനും കണ്ടെത്തിയത് അവയുടെ സ്വാഭാവിക ആവാസവ്യവസ്ഥയായ കേരളത്തിലെയും കർണാടകത്തിലെയും പടിഞ്ഞാട്ട് ഒഴുകുന്ന നദികളിൽനിന്ന് തന്നെയായിരുന്നു. വൻതോതിലുള്ള വിപണി ലക്ഷ്യമാക്കിയുള്ള ഇവയുടെ ശേഖരണം ഇവയെ വംശനാശത്തിന്റെ വക്കിലെത്തിച്ചു. 1998 മുതൽ ഇവ വംശനാശ ഭീഷണിയുടെ പട്ടികയിൽ തുടരുന്നു, ഇപ്പോഴും ആ ഭീഷണിയിൽനിന്നു മുക്തയല്ല.

മുമ്പ് കേരള കാർഷിക സർവകലാശാലയുടെ കീഴിലായിരുന്ന ഇന്നത്തെ KUFOSന്റെ പനങ്ങാട് ഫിഷറീസ് കോളേജിലെ പ്രൊഫ. അന്നാ മേഴ്‌സിയാണ് 2010 ൽ ആദ്യമായി മിസ് കേരളയുടെ കൃത്രിമ പ്രജനനം നടത്തി കുഞ്ഞുങ്ങളെ ഉൽപാദിപ്പിച്ചത്. ഇത് KUFOSന്റെ എക്കാലത്തെയും മികച്ച നേട്ടങ്ങളിൽ ഒന്നാണ്. ഈ ഗവേഷണത്തിലെമ്പാടും രാവും പകലും ഡോ. അന്നാ മേഴ്‌സിക്കൊപ്പം അധ്വാനിച്ച ഡോ. ഈപ്പൻ ജേക്കബ് എന്ന വിദ്യാർഥിയെയും മറക്കാവുന്നതല്ല. ഡോ. രാജു തോമസ്, ഡോ. പി സാജൻ എന്നിവരും ഈ യജ്ഞത്തിൽ നിർണായക പങ്ക് വഹിച്ചിട്ടുണ്ട്. മിസ് കേരളയുടെ വംശശാസ്ത്രം, വിന്യാസം, സംരക്ഷണ തന്ത്രങ്ങൾ എന്നിവയെക്കുറിച്ച നിരവധി ലേഖനങ്ങൾ പ്രസിദ്ധികരിച്ചത് ഡോ. രാജീവ് രാഘവൻ, ഡോ അൻവർ അലി തുടങ്ങിയവരാണ്. നിരവധി ഗവേഷണ പ്രബന്ധങ്ങൾ മിസ് കേരളയെക്കുറിച്ച് ഇതിനൊടകം സമർപ്പിച്ച് കഴിഞ്ഞു.

അധിനിവേശ ചരിത്രത്തെയും, ഭൂമിശാസ്ത്രത്തെയും, സൗന്ദര്യബോധത്തെയും, വിപണിയെയും, സമ്പത്തിനെയും ഒക്കെ ചൂഴ്ന്ന് നിൽക്കുന്ന ഒന്നാണ് സഹ്യാദ്രിയ ഡെനിസോണി എന്ന മിസ് കേരളയുടെ ചരിത്രം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com