ADVERTISEMENT

ഒരു കവിയും ക്ഷേത്രചരിത്രകാരനുമായ നാലാങ്കൽ കൃഷ്ണപിള്ള, പ്രഗത്ഭനായ ഒരധ്യാപകനും, ഗവേഷകനുമായ ഡോ.എൻ. കൃഷ്ണപിള്ള, കൊല്ലം എസ്എൻ കോളേജിലെ അധ്യാപകനായ പുരുഷോത്തമൻ നായർ എന്നീ വിശിഷ്ടരും ഒപ്പം വിശ്വാസവഞ്ചനയും ചേർന്ന ഒരു കഥ അനാവരണം ചെയ്യും പരശുരാമൻ മഴുവെറിഞ്ഞുണ്ടായ കേരളത്തിലെ ഭൂമിക്കടിയിൽ മാത്രം കാണുന്ന കുരുടൻ മുഴി എന്ന മത്സ്യം.

1949ലെ ഓഗസ്റ്റ് മാസത്തിൽ സുവോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ ഡയറ്കടറായ ഡോ. സുന്ദർ ലാൽ ഹോറയ്ക്ക് ഒരു കത്തു വരുന്നു. ആ കത്തയച്ചത് തിരുവനന്തപുരത്തെ മറൈൻ ബൈയോളോജിക്കൽ ലാബിലുള്ള കെ. ഗോപിനാഥ് ആയിരുന്നു. കത്തിലെ പരാമർശം ചെറുതാണ്, അദ്ദേഹത്തിന്റെ സഹപ്രവർത്തകനായ ഡോ. എൻ. കൃഷ്ണപിള്ള കോട്ടയത്തെ കിണറുകളിൽനിന്നും ശേഖരിച്ച രണ്ടു മീനുകളെ തിരിച്ചറിയുന്നതിനു വേണ്ടി സമക്ഷത്തേക്ക് അയച്ചിട്ടുണ്ട് എന്ന് മാത്രം.

ഇനിയുള്ളത് അക്കാലത്ത് സുവോളജിക്കൽ സർവേ ഓഫ് ഇന്ത്യയിൽ ഗവേഷണ വിദ്യാർഥിയും ഒപ്പം തന്നെ ഡോ. ഹോറയുടെ ശിഷ്യനും ആയിരുന്ന ഡോ. എ.ജി.കെ. മേനോൻ പറയുന്നതുപോലെയാണ്. കത്തും കത്തിൽ പറഞ്ഞ മീനും എത്തിയപ്പോഴേക്കും ഡോ. ഹോറ അമേരിക്കയിലേക്ക് Scientific Conference on the conservation and utilization of Resources എന്ന സെമിനാറിൽ പങ്കെടുക്കാൻപുറപ്പെട്ടു കഴിഞ്ഞിരുന്നു. ഡോ. ഹൊറയുടെ അസാന്നിധ്യത്തിൽ ഡോ. മേനോൻ പഠനങ്ങൾ തുടർന്നു. ഇതിനിടെ ഈ മത്സ്യം അത്ഭുതകരമായ ഒരു കണ്ടുപിടുത്തമാണെന്നും ആയതിനാൽ കുറച്ചുകൂടി മീനുകളെ അയച്ചുതരുവാൻ അപേക്ഷിച്ചുകൊണ്ട് ഡോ. എ.ജി.കെ. മേനോൻ,  ഗോപിനാഥിന് കത്തയച്ചു.  ഗോപിനാഥിന്റെ മറുപടി ഇങ്ങനെ "കഴിഞ്ഞ വേനലിൽ കിണർ വറ്റിച്ചപ്പോൾ ആകെ നാലെണ്ണമാണ് കിട്ടിയത്, രണ്ടെണ്ണം അവിടെ സൂക്ഷിച്ചതിനു ശേഷം രണ്ടെണ്ണമാണ് അയച്ചത്." ആ കത്തവസാനിക്കുന്നത് കൂടുതൽ മീനുകളെ കണ്ടെത്താൻ പരിശ്രമിക്കാമെന്ന വാഗ്ധാനത്തോടെയാണ് അവരുടെ കൈവശം ശേഷിച്ചിരുന്ന രണ്ടെണ്ണം നഷ്ടപ്പെട്ടുപോയി എന്ന വിഷമജനകമായ വിവരവും ആ കത്തിൽ ഉണ്ടായിരുന്നു.

In reply, he wrote back to say that only four specimens were obtained from the well when it was drained during the last summer (July 1948), of which two kept behind had been accidently lost. സമ്മർ എന്ന് ഇംഗ്ലീഷിൽ പറഞ്ഞിടത് ബ്രാക്കെറ്റിൽ ജൂലൈ എന്നെഴുതിയിരിക്കുന്നത് തെറ്റാവാനാണ് സാധ്യത. ജനുവരിക്കും മേയ്ക്കും ഇടയിലുള്ള എന്തെങ്കിലും ഒരു സമയമാകും.

ഈ മത്സ്യം അത്ഭുതപ്പെടുത്തുന്ന ഒന്ന് തന്നെയായിരുന്നു. ക്രെട്ടേഷ്യസ് എന്ന അതിപുരാതന ജിയോളോജിക്കൽ കാലഘട്ടത്തിൽ വംശനാശം സംഭവിച്ചു എന്ന് കരുതിയ ലാറ്റിമേറിയ എന്ന ശാസ്ത്രനാമത്താൽ പ്രശസ്തമായ, മത്സ്യത്തിന്റെ ചിത്രം ആദ്യം കണ്ടപ്പോൾ ജെ.എൽ.ബി. സ്മിത്ത് (Living Fossil: The Story of the Coelacanth: Keith S Thompson) എന്ന ശാസ്ത്രജ്ഞനുണ്ടായ അതെ വികാരം ഡോ. എ.ജി.കെ. മേനോനും ഡോ. ഹോറയ്ക്കും ഉണ്ടായിക്കാണണം. കാരണം, അങ്ങിനെയൊന്നിനെ അവരുടെ ജീവിതത്തിൽ ആദ്യമായായിരിക്കും കാണുന്നതു തന്നെ. കണ്ണില്ല, നല്ല ചുവപ്പ്, അല്ലെങ്കിൽ പിങ്ക് നിറം, താമസം ഭൂമിക്കടിയിൽ മാത്രം, കേരളമോ, ഇന്ത്യയോ ഇന്നേവരെ ഇതുപോലൊരു മത്സ്യത്തെ കണ്ടിട്ടില്ല. ആ രണ്ടു ശാസ്ത്രജ്ഞന്മാർക്കും സംഭ്രമം ഉണ്ടായില്ലെങ്കിലെ അത്ഭുതപ്പെടേണ്ടതുള്ളൂ.

ഡോ. ഹോറയും ഡോ. മേനോനുമായുള്ള നിരന്തര ചർച്ചകൾക്കും പഠനങ്ങൾക്കും ശേഷം ഈ മത്സ്യം നമ്മുടെ മുഴി(മുഷി)യുടെ കുടുംബക്കാരാണെന്നും, ഇവർക്ക് ആഫ്രിക്കയിൽ കാണുന്ന കുരുടൻ മത്സ്യങ്ങളുമായി അഭേദ്യമായ ബന്ധമുണ്ടെന്നും കണ്ടെത്തി. 1941ൽ തേക്കടിയിലെ തടാകത്തിൽനിന്നു ബ്രാഹ്മണകണ്ട എന്നെ മത്സ്യത്തെ സുന്ദര രാജ് കണ്ടെത്തിയതിനു ശേഷം ശുദ്ധജലത്തിൽനിന്ന് ഒരു പുതിയ ജനുസ് മത്സ്യത്തെ കണ്ടെത്താൻ ഇല്ല എന്ന ഒരു വിശ്വാസവും നിലനിന്നിരുന്നു.

blind-fish-1

അത്ഭുതം സമ്മാനിച്ച ആ കുള്ളൻ കുരുടൻ മത്സ്യത്തെ ഉൾപ്പെടുത്താൻ ഡോ. സുന്ദർലാൽ ഹൊറയുടെ ബഹുമാനാർഥം ഹോറഗ്ലാനിസ് എന്ന പുതിയൊരു ജനുസ് സൃഷ്ടിച്ചു. ഈ മത്സ്യത്തെ കണ്ടെത്തിയ ഡോ. എൻ, കൃഷ്ണപിള്ളയുടെ ബഹുമാനാർഥം വംശനാമം കൃഷ്ണയി എന്നും നൽകി. അങ്ങിനെ 1950ലെ റെക്കോർഡ്സ് ഓഫ് ഇന്ത്യൻ മ്യൂസിയം എന്ന ജേർണലിൽ ഹൊറാഗ്ലാനിസ് കൃഷ്നയി (Horaglanis krishnai MENON) എന്ന പുതിയ ജനുസും പുതിയ വംശവുമായി കുരുടൻ മുഴി ഒരു മലയാളി പോലും അറിയാതെ ജന്മമെടുത്തു.

പ്രശസ്ത കവിയും ക്ഷേത്രചരിത്രകാരനുമായ നാലാങ്കൽ കൃഷ്ണപിള്ളയുടെ വീട്ടിലെ കിണർ (194ൽ ആയിരിക്കണം) വറ്റിച്ചപ്പോൾ പിങ്ക് നിറത്തിലുള്ള മീശയുള്ള കണ്ണില്ലാത്ത ഒരു മത്സ്യം ശ്രദ്ധയിൽപ്പെട്ട കൊല്ലം എസ്.എൻ കോളേജിലെ സ്റ്റാഫ് ആയ പുരുഷോത്തമൻ നായർ ഈ മത്സ്യത്തെ അദ്ദേഹത്തിന്റെ സുവോളജി മ്യൂസിയത്തിൽ, സൂക്ഷിച്ചുവച്ചത് തികച്ചും കൗതുകം ഒന്നുകൊണ്ടു മാത്രമാണ്. ആർക്കും എപ്പോഴും കാണാവുന്ന ആ കുഞ്ഞു മീൻ ആ മ്യൂസിയത്തിൽ വിശ്രമിച്ചത് ഒന്നോ രണ്ടോ ദിവസമോ, മാസമോ, കൊല്ലമോ അല്ല, നീണ്ട അഞ്ചു വർഷം ആരാലും ശ്രദ്ധിക്കപ്പെടാതെ ഫോർമാലിൻ ദ്രാവകത്തിൽ പിന്നീട് പൂരിപ്പിക്കപ്പെടേണ്ട ഒരുപാട് സമസ്യകൾ ഉള്ളിലൊളിപ്പിച്ച് അഴുകാതെ ഇരുന്നു.

പുരുഷോത്തമൻ നായരുടെ സുഹൃത്തും സഹപാഠിയുമായ ഡോ. എൻ. കൃഷ്ണപിള്ള ആകസ്മികമായി ഈ മത്സ്യത്തെ കാണുകയും PhD ബിരുദത്തിനായി ഈ മത്സ്യത്തെക്കുറിച്ച് പഠനം നടത്താമെന്നുള്ള മോഹത്തോടെ പുരുഷോത്തമൻ നായരുടെ അനുമതിയോടെ ഈ മത്സ്യത്തെ തിരുവന്തപുരത്തേക്കു കൊണ്ടുപോരുകയും ചെയ്തു. മത്സ്യങ്ങളെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ പരിമിതമായ അറിവ് ഗോപിനാഥ് മുഖേന കൽക്കട്ടയിലെ സുവോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ ഡയറക്ടറെ സമീപിക്കാൻ പ്രേരിപ്പിച്ചു.

ഡോ. അന്നാ മേഴ്സി പറയുംപ്രകാരം, കൃഷ്ണപിള്ളയുടെ പേരിട്ട് ആ മത്സ്യത്തെകുറിച്ചുള്ള പ്രസിദ്ധീകരണം വരുമ്പോൾ മാത്രമാണ് ഡോ. കൃഷണപിള്ള അതിനെക്കുറിച്ചു അറിയുന്നതു തന്നെ. എൻ. കൃഷണപിള്ളയെ പൂർണമായി ഒഴിവാക്കി പ്രശസ്തമായ ആ പ്രസിദ്ധീകരണം ഡോ. മേനോൻ സ്വന്തം പേരിലാക്കി മാറ്റി വിശ്വാസ്യതക്ക് തീരാകളങ്കം ചാർത്തി. ആ മത്സ്യത്തിന് എൻ. കൃഷ്ണപിള്ളയുടെ പേര് നൽകപ്പെട്ടു എന്ന ഔദാര്യം മാത്രമാണ് കൃഷണപിള്ളയ്ക്കു കിട്ടിയ ഏക നേട്ടം. തികച്ചും ഗോപ്യമായ ആവാസവ്യവസ്ഥയിലെ അതിന്റെ ജീവിതമെന്നപോലെതന്നെ പ്രശസ്തമായ ഈയൊരു വിശ്വാസവഞ്ചനയും കുരുടൻ മുഴി ഗോപ്യമായിതന്നെ 1981 വരെ പുറംലോകമറിയാതെ സൂക്ഷിച്ചു.

മത്സ്യങ്ങളിൽ ഗവേഷണം തുടരണമെന്നുള്ള ആഗ്രഹം അതോടെ ഡോ. കൃഷണ പിള്ള എന്നേക്കുമായി ഉപേക്ഷിച്ചു. എന്നാൽ, താൻ സ്വപ്നം കണ്ട, തന്റെ കൈകൊണ്ടു മാമോദീസ മുങ്ങപ്പെടേണ്ടിയിരുന്ന ഹൊറാഗ്ലാനിസ് കൃഷ്ണേയി എന്ന മത്സ്യത്തെ അതിന്റെ നിഗൂഢതകളിൽ തന്നെ ജീവിക്കാൻ അദ്ദേഹം അനുവദിച്ചില്ല. അദ്ദേഹത്തിന്റെ കീഴിൽ ഗവേഷണം ചെയ്യാൻ വന്ന വിദ്യാർഥികളിൽ പലരോടും ഈ മത്സ്യത്തെക്കുറിച്ച ഗവേഷണം നടത്തം അദ്ദേഹം അഭ്യർഥിച്ചെങ്കിലും ആരും തയാറായില്ല. കാണാൻ പോലും കിട്ടുമെന്നുറപ്പില്ലാത്ത ഒരു മത്സ്യത്തെക്കുറിച്ച് എങ്ങനെ ഗവേഷണം ചെയ്യും? അതായിരുന്നു പലരുടെയും ആശങ്ക.

ആ ആശങ്കയ്ക്ക് വിരാമമിട്ടത് 1976ൽ ഒരു ഒരു പെൺകുട്ടിയാണ്. MONOGRAPHIC STUDY OF THE FISH Horaglanis krishnai MENON എന്ന പേരിൽ കേരള സർവകലാശാലയിൽ ഈ മത്സ്യത്തെക്കുറിച്ച് ഒരു സമ്പൂർണ ഏക വിഷയ ഗവേഷണ പ്രബന്ധം സമർപ്പിക്കപ്പെട്ടിട്ടുണ്ട്. കേരള സർവകലാശാലയിലെ അക്വാട്ടിക് ബയോളജി ആൻഡ് ഫിഷറീസ് വിഭാഗത്തിൽനിന്ന് 1981 ഒക്ടോബറിൽ സമർപ്പിക്കപ്പെട്ട ആ ഗവേഷണ പ്രബന്ധം മാറ്റാരുടേതും ആയിരുന്നില്ല, സഹ്യാദ്രിയ ഡെനിസോണിക്ക് മിസ് കേരള എന്ന പേര് നൽകുകയും ആദ്യമായി അതിന്റെ കൃത്രിമ പ്രജനനം സാധ്യമാക്കുകയും ചെയ്ത ഡോ. അന്നാ മേഴ്സി തന്നെയായിരുന്നു ആ ഗവേഷണ പ്രബന്ധം സമർപ്പിച്ചത്. അവരുടെ ഗൈഡാകട്ടെ ആരുടെ പേരാണോ ഈ മത്സ്യം അതിന്റെ വംശനാമമായി സ്വീകരിച്ചത്, അതേ ആൾ തന്നെ- ഡോ. എൻ. കൃഷ്ണപിള്ള തന്നെയാണ് ഡോ. അന്നാ മേഴ്സിയുടെ സൂപ്പർവൈസിങ് ടീച്ചറും ഗൈഡും. ഈ കുരുടൻ മുഴിയെ തപ്പിയെടുത്ത കഥ മാത്രം പറഞ്ഞാൽ അത് തന്നെ ഒരു ഗവേഷണ പ്രബന്ധമാകും.

നാലാങ്കൽ കൃഷ്ണപിള്ളയുടെ വീട്ടിലെ കിണറിൽനിന്നു വീണ്ടും കിട്ടുമെന്ന പ്രതീക്ഷയിൽ കോട്ടയത്തെത്തി കൃഷ്ണപിള്ളയുടെ വീട്ടിലെ കിണർ തേവി വറ്റിച്ചു. നാലെണ്ണത്തെ കിട്ടി. കിണർ വറ്റിച്ചാൽ വേനക്ക് വെള്ളം വീറുകയില്ല എന്ന കാരണം പറഞ്ഞ് അവിടത്തെ തേക്കും കൃഷ്ണയി പിടുത്തവും നാലാങ്കൽ കൃഷ്ണപിള്ളയുടെ വീട്ടുകാർ അവസാനിപ്പിച്ചു. താഴത്തങ്ങാടി, പുത്തനങ്ങാടി, കാരാപ്പുഴ, നാഗമ്പടം, പിന്നെ ചിൽഡ്രൻസ് ലൈബ്രറിയുടെ അടുത്തുള്ള വീട്ടിലെ കിണർ അങ്ങനെ 45ലേറെ കിണറുകൾ തേവിതീർത്തു, അന്നാ മേഴ്സി ടീച്ചർ. ആ നാൽപത്തിയഞ്ചിൽ 9 കിണറുകൾ ടീച്ചർക്ക് 151 ജീവനുള്ള കുരുടൻ മുഴികളെ സമ്മാനിച്ചു.

1950ൽ നാമകരണ ചടങ്ങുകൾക്ക് ശേഷം തികച്ചും അജ്ഞാതമായിതുടർന്ന ഈ മത്സ്യവും അതിന്റെ നിഗൂഢതകളും ശാസ്ത്രലോകം അറിയുന്നത് 1981ൽ 296 പേജുകളിലായി ഡോ. അന്നാ മേഴ്സിയുടെ ഗവേഷണ പ്രബന്ധം സമർപ്പിക്കപ്പെടുമ്പോൾ മാത്രമാണ്. ഹോറഗ്ലാനിസ് കൃഷ്ണേയിയുടെ വംശനാമചരിത്രം, ദഹനവ്യവസ്ഥ, വിസർജന വ്യവസ്ഥ, ഘ്രാണവ്യവസ്ഥ, വായുസഞ്ചി, ശ്വസന വ്യവസ്ഥ, പ്രത്യുൽപാദന വ്യവസ്ഥ, ഉപാപചയ പ്രവർത്തനങ്ങൾ എന്നിങ്ങനെ എല്ലാം ആ ഒരൊറ്റ ഗവേഷണ പ്രബന്ധത്തിലുണ്ട്. ബ്രിട്ടീഷ് മൂസിയം അതിന്റെ നൂറാം വാർഷികം ആഘോഷിച്ചപ്പോൾ അതിൽ പ്രദർശനത്തിനുവച്ചത് ഇന്ത്യയിൽനിന്നുള്ള ഇത്തിരിപ്പോന്ന ഈ മത്സ്യമായിരുന്നു. ലോകമെമ്പാടുമുള്ള ശാസ്ത്രജ്ഞരുടെ ശ്രദ്ധയാകർഷിക്കാൻ കോട്ടയത്തെ ഭൂഗർഭ ഉറവകളിൽ താമസിച്ച ഈ കുരുടൻ മുഴിക്കു കഴിഞ്ഞു. കുരുടൻ മുഴി ആരെയും കണ്ടില്ല, പക്ഷേ, കുരുടൻ മുഴിയെ ലോകം മുഴുവനും കണ്ടു.

കുരുടൻമുഴികളിൽ ആണിനേയും പെണ്ണിനേയും തിരിച്ചറിയാൻ പാകത്തിൽ പ്രകടമായ വ്യത്യാസങ്ങളൊന്നും തന്നെയില്ല. ഈ മത്സ്യത്തിന്റെ വലുപ്പം 33-40 മില്ലിമീറ്ററിനിടയ്ക്കാണ്. 5 മീറ്റർ മുതൽ 20 മീറ്റർ വരെ ആഴമുള്ള കിണറുകളിലെ ഉറവുച്ചാലുകളിൽ മാത്രമേ ഇവ കാണപ്പെടുന്നുള്ളൂ. കോട്ടയം ജില്ലയുടെ ഭൗമ ഘടനയിലേക്കും വെളിച്ചം വീശുന്നുണ്ട് ഈ മത്സ്യത്തിന്റെ സാന്നിധ്യം.

ചെങ്കൽപ്പാളികളിൽ കുഴിച്ച കിണറുകളിലാണ് ഹൊറാഗ്ലാനിസ് കൃഷ്ണയിയെന്ന കുരുടൻ മുഴിയെ കാണുന്നത്. ചെങ്കൽപ്പാളികളിലെ ഉറവുചാലുകൾ ഇവയെ സംബന്ധിച്ച് വലിയ നദികൾ തന്നെയാണ്. ഈ ചാനലുകൾ എങ്ങനെ ഉണ്ടാവുന്നു എന്നത് ഭൗമശാസ്ത്രജ്ഞന്മാർ വിശദികരിക്കും. കോട്ടയം ജില്ലയിൽ കാണുന്ന വർക്കല ഫോർമേഷൻസ് എന്ന് ഭൗമശാസ്ത്രജ്ഞർ വിളിക്കുന്ന അവസാദങ്ങളും പിന്നെ അടുക്കിലല്ലാത്ത ചെങ്കൽപ്പാളികളുടെ പാളികളും ചേർന്ന് വാർത്തെടുക്കുന്ന അതിസൂക്ഷ്മ ആവാസവ്യവസ്ഥ ജലം ഒഴുകാൻ ചാലുകൾ തീർക്കുന്നതോടൊപ്പം ആ ആവാസവ്യവസ്ഥയിൽ Mysid (Spelaeomysis longipes) വർഗത്തിലുള്ള ചില സൂക്ഷ്മ ജീവികളെയും കുരുടൻ മുഴിക്കൊപ്പം പോറ്റുന്നു.

കുരുടൻ മുഴി ഒരു മാംസഭോജിയാണ്. കുരുടൻ മുഴിക്ക് ലബോറട്ടയിൽ നൽകിയത് കയ്റോണോമസ് എന്ന ലാർവയാണ്. ഈ ലാർവ കിണറുകളിൽ മറ്റു ചില ഷഡ്പദങ്ങളുടെ ലാർവയ്ക്കൊപ്പം സുലഭമായതിനാൽ ഇവയൊക്കെയായിരിക്കാം കുരുടൻ മുഴിയുടെ ഭക്ഷണം എന്ന നിഗമനത്തിൽ എത്തി നിൽക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com