ADVERTISEMENT

അടുക്കളമുറ്റത്തൊരു കുളം. അതിൽനിന്നു മത്സ്യങ്ങളെ പിടിച്ച് ഭക്ഷ്യാവശ്യത്തിന് ഉപയോഗിക്കുക. ഇപ്പോൾ  കേരളീയരുടെ ചിന്ത മാർക്കറ്റിലെ വിഷമുള്ള മത്സ്യങ്ങളിൽനിന്ന് വീട്ടിൽ വളർത്തിയ മത്സ്യങ്ങൾ എന്ന രീതിയിലേക്കായിട്ടുണ്ട്. ഈ കോവിഡ് കാലത്ത് കുളങ്ങൾ നിർമിച്ചവരും ഏറെ. ഗിഫ്റ്റ് (ജെനറ്റിക്കലി ഇംപ്രൂവ്ഡ് ഫാംഡ് തിലാപ്പിയ), നട്ടർ (റെഡ് ബെല്ലീഡ് പാക്കു), വാള, അനാബസ്, ജയന്റ് ഗൗരാമി തുടങ്ങിയ മത്സ്യങ്ങളാണ് ഇപ്പോൾ പ്രധാനമായും ചെറു കുളങ്ങളിൽ വളർത്തിവരുന്നത്. ഇതിൽത്തന്നെ പലരും ചോദിക്കുന്ന ഒരു ചോദ്യമാണ് ഗിഫ്റ്റ് മത്സ്യം എവിടെ കിട്ടും എന്നത്. ഗിഫ്റ്റ് എന്ന പേരിൽ സാധാരണ തിലാപ്പിയകളെ കൊൽക്കത്തയിൽനിന്നും ആന്ധ്രയിൽനിന്നുമൊക്കെ ഇറക്കി വിൽക്കുന്നവർ ഏറെയുള്ളതിനാൽ പലരും കബളിപ്പിക്കപ്പെടാറുണ്ട്. അതുകൊണ്ടുതന്നെ ഗിഫ്റ്റുമായി ബന്ധപ്പെട്ടുള്ളതാണ് ഈ ലേഖനം.

‌എവിടെ കിട്ടും?

ഇന്ത്യയിൽ രാജ്യാന്തര സമുദ്രോൽപ്പന്ന കയറ്റുമതി വികസന അഥോറിറ്റിയുടെ (എംപിഇഡിഎ) ഗവേഷണ വിഭാഗമായ രാജീവ് ഗാന്ധി സെന്റർ ഫോർ അക്വാകൾച്ചർ (ആർജിസിഎ) ആണ് ഗിഫ്റ്റിനെ ഉൽപാദിപ്പിക്കുന്നതും വിതരണം ചെയ്യുന്നതും. മലേഷ്യയിലെ വേൾഡ് ഫിഷ് എന്ന ഗവേഷണ സംഘടനയിൽനിന്നെത്തിച്ച മത്സ്യങ്ങളിൽനിന്നാണ് കുഞ്ഞുങ്ങളെ ഉൽപാദിപ്പിക്കുന്നത്. നിലവിൽ ആർജിസിഎ നേരിട്ടാണ് കുഞ്ഞുങ്ങളുടെ വിതരണം. നേരത്തെ വിജയവാഡയിൽനിന്ന് മാത്രമേ കുഞ്ഞുങ്ങളെ ലഭ്യമായിരുന്നുള്ളൂവെങ്കിൽ ഇപ്പോൾ കേരളത്തിൽ വല്ലാർപാടത്തുള്ള ആർജിസിഎയുടെ ഔട്ട്ലെറ്റിൽ കുഞ്ഞുങ്ങൾ ലഭ്യമാണ്. നിലവിൽ ഏഴു ലക്ഷം കുഞ്ഞുങ്ങളോളം ഇവിടെ സ്റ്റോക്കുണ്ട്.

പ്രൈവറ്റ് ഏജൻസികളിൽനിന്ന് ഗിഫ്റ്റ് ലഭിക്കുമോ?

കേരളത്തിൽ വല്ലാർപാടത്തുനിന്ന് മാത്രമേ ഇപ്പോൾ കുഞ്ഞുങ്ങളെ ലഭ്യമാകൂ. സ്വകാര്യ ഏജൻസികളിൽനിന്ന് ഗിഫ്റ്റ് മത്സ്യങ്ങളെ ലഭിക്കില്ല. സ്വകാര്യ സംഘടനകൾ തങ്ങളുടെ ഓഫീസിൽ റജിസ്റ്റർ ചെയ്താൽ ആർജിസിഎയിൽനിന്ന് ഗിഫ്റ്റ് ലഭിക്കും എന്ന് പ്രഖ്യാപിച്ചിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് ആർജിസിഎ കഴിഞ്ഞ മാസം പത്രക്കുറിപ്പ് ഇറക്കുകയും വഞ്ചനകളിൽ വീഴരുത് എന്നു ചൂണ്ടിക്കാട്ടി സോഷ്യൽ മീഡിയ കാമ്പയിൻ തുടങ്ങുകയും ചെയ്തു. ചുരുക്കത്തിൽ ഗിഫ്റ്റ് മത്സ്യക്കുഞ്ഞുങ്ങളെ ലഭിക്കണമെങ്കിൽ വല്ലാർപാടത്തെ ഓഫീസിൽ എത്തണം. അത് ഏതു ജില്ലക്കാരാണെങ്കിലും.

gift-1
തട്ടിപ്പിൽ വീഴരുതെന്ന് ചൂണ്ടിക്കാട്ടി ആർജിസിഎ പുറത്തിറക്കിയ പോസ്റ്റർ

എന്തൊക്കെ നടപടികൾ?

സംസ്ഥാന ഫിഷറീസ് വകുപ്പ് നൽകുന്ന ലൈസൻസ് ഉള്ളവർക്കാണ് പ്രധാനമായും ആർജിസിഎ ഗിഫ്റ്റ് മത്സ്യക്കുഞ്ഞുങ്ങൾ വിതരണം ചെയ്യുന്നത്. ലൈസൻസിൽ രേഖപ്പെടുത്തിയിട്ടുള്ള എണ്ണം മാത്രമാണ് ലഭിക്കുക. അക്വാപോണിക്സ്, റീസർക്കുലേറ്ററി അക്വാകൾച്ചർ സിസ്റ്റം (റാസ്), വലിയ ജലാശയം എന്നിങ്ങനെ മൂന്നു മത്സ്യക്കൃഷി രീതിക്കാണ് ലൈസൻസ് ലഭിക്കുക. ലൈസൻസ് ഉള്ളവർക്ക് ആർജിസിഎ ഓഫീസിൽ വിളിച്ച് മത്സ്യക്കുഞ്ഞുങ്ങളെ ബുക്ക് ചെയ്യാം. ഒരു തവണ കുഞ്ഞുങ്ങളെ വാങ്ങിയാൽ അതിന്റെ വളർച്ചാകാലം കഴിയുമ്പോൾ മാത്രമേ അടുത്ത ബാച്ച് കുഞ്ഞുങ്ങളെ ലഭിക്കൂ.

സാധാരണക്കാർക്ക് ബുദ്ധിമുട്ട്

നിലവിൽ 50 സെന്റിനു മുകളിൽ വലുപ്പമുള്ള ജലാശയങ്ങളിൽ മത്സ്യം വളർത്താനാണ് ഫിഷറീസ് വകുപ്പ് ലൈസൻസ് കൊടുക്കുക. അതുകൊണ്ടുതന്നെ ചെറിയ ജലാശയങ്ങളിൽ മത്സ്യക്കൃഷിക്ക് ശ്രമിക്കുന്ന സാധാരണക്കാർക്ക് ലൈസൻസ് ലഭിക്കാൻ ബുദ്ധിമുട്ടാണ്. ഫിഷറീസ് വകുപ്പിന്റെ ഈ രീതിക്ക് മാറ്റം വന്നാൽ സാധാരണക്കാർക്ക് ഉപകാരപ്പെടുമെന്നതിൽ സംശയമില്ല. കൂടാതെ ഈ മേഖലയിലെ തട്ടിപ്പുകൾക്ക് കുറവും വരും.

കൃഷി ചെയ്യുന്ന ജലാശയത്തിൽനിന്ന് ഗിഫ്റ്റ് മത്സ്യങ്ങൾ പുറത്തുപോകാൻ പാടില്ല. അത്തരം സൗകര്യങ്ങളുള്ള ജലാശയങ്ങൾക്ക് ലൈസൻസ് നൽകാം എന്നാണ് കേന്ദ്രസർക്കാർ മാനദണ്ഡം. അതിന് കുളത്തിന്റെ വലുപ്പം പ്രശ്നമല്ല. ഈ രീതി കേരളത്തിലും നടപ്പായാൽ സാധാരണക്കാർക്ക് ഉപകാരപ്പെടും.

സ്വകാര്യ ഏജൻസികളുടെ കൈകടത്തൽ

ചെറിയ കുളങ്ങൾക്ക് ലൈസൻസ് ലഭിക്കാത്തതിനാൽ പലരും നിലവാരം കുറഞ്ഞ തിലാപ്പിയകളിലേക്ക് ആകൃഷ്ടരാകുന്നു. അതുകൊണ്ടുതന്നെയാണ് കൊൽക്കത്തയിൽനിന്നും മറ്റും വൻതോതിൽ മത്സ്യക്കുഞ്ഞുങ്ങൾ കേരളത്തിലേക്കെത്തുന്നത്. കൂടാതെ ലൈസൻസ് ഇല്ലാത്തവർക്ക് ആർജിസിഎയുടെ ഗിഫ്റ്റ് കുഞ്ഞുങ്ങളെ ലഭ്യമാക്കാം, പണമടച്ച് അംഗമായാൽ മതി എന്നു പറഞ്ഞ് രൂപപ്പെട്ട സംഘടനകളും കേരളത്തിലുണ്ട്. സംഘടനയിൽ പണമടച്ച് ലഭിക്കുന്ന ബിൽ ആർജിസിഎയുടെ ഓഫീസിൽ കാണിച്ചാൽ മത്സ്യങ്ങൾ ലഭ്യമാകും എന്നായിരുന്നു സംഘടനയുടെ വാഗ്‌ദാനം. ആർജിസിഎയിൽനിന്ന് കുഞ്ഞുങ്ങളെ ലഭിക്കാൻ ഇടനിലക്കാരുടെ ആവശ്യമില്ലെന്ന് ഈ കേന്ദ്രസർക്കാർ സ്ഥാപനം വ്യക്തമാക്കിക്കഴിഞ്ഞു.

കേരളത്തിൽ ഹാച്ചറി ഉൽപാദനം തുടങ്ങും

നിലവിൽ വിജയവാഡയിൽനിന്ന് കുഞ്ഞുങ്ങളെ എത്തിച്ച് ക്വാറന്റെയ്ൻ ചെയ്ത കുഞ്ഞുങ്ങളെയാണ് വല്ലാർപാടത്തുനിന്ന് കർഷകർക്ക് ലഭിക്കുന്നത്. എന്നാൽ, അടുത്ത മാസം മുതൽ വല്ലാർപാടത്ത് ഗിഫ്റ്റ് കുഞ്ഞുങ്ങളുടെ ഉൽപാദനം തുടങ്ങുമെന്ന് ആർജിസിഎ അധികൃതർ അറിയിച്ചു. ലോക്ക് ഡൗൺ പ്രശ്നങ്ങൾ മാറിയാൽ 2700 മത്സ്യങ്ങളോളമുള്ള മാതൃശേഖരം വല്ലാർപാടത്തെത്തും.

കേരളത്തിൽ 4 ഹാച്ചറികൾ

ആർജിസിഎയുടെ വല്ലാർപാടത്തെ ഹാച്ചറി കൂടാതെ സംസ്ഥാന സർക്കാരിന് 2 ഗിഫ്റ്റ് ഹാച്ചറികൾ അനുവദിച്ചിട്ടുണ്ട്. പണികൾ പൂർത്തിയാകുന്ന മുറയ്ക്ക് ഇവിടെയും ഉൽപാദനം തുടങ്ങും. ഇതുകൂടാതെ സ്വകാര്യ മേഖലയിൽ ഒരു ഹാച്ചറിക്കും അനുമതി ലഭിച്ചിട്ടുണ്ട്. പണം ഈടാക്കിയാണ് ഈ സാങ്കേതികവിദ്യാ കൈമാറ്റം നടക്കുക.  

വല്ലാർപാടത്ത് മത്സ്യക്കുഞ്ഞുങ്ങളുടെ വിതരണം നടക്കുന്നു

നിലവിൽ വല്ലാർപാടം ഔട്ട്ലെറ്റിൽ കുഞ്ഞുങ്ങളുടെ സ്റ്റോക്കുള്ളതിനാൽ കർഷകർക്ക് വിതരണം ചെയ്യുന്നുണ്ട്. റെഡ് സോണിൽ അല്ലാത്ത കർഷകർക്ക് മുൻകൂട്ടി ബുക്ക് ചെയ്യാം. ഇങ്ങനെ ബുക്ക് ചെയ്യുന്ന കർഷകരെ തിരികെ വിളിച്ച് നിശ്ചിത തീയതിയും സമയവും നൽകും. ഒപ്പം കേന്ദ്ര–സംസ്ഥാന സർക്കാരുകളുടെ ഓർഡറുകളും ഇൻവോയിസും അയച്ചുകൊടുക്കും. ഇത് പോലീസിനെ കാണിച്ച് അവർക്ക് മത്സ്യക്കുഞ്ഞുങ്ങളെ വാങ്ങാൻ ആർജിസിഎയിൽ എത്താം. അനുവദിച്ചിട്ടുള്ള സമയത്ത് എത്തിയെങ്കിൽ മാത്രമേ കുഞ്ഞുങ്ങളെ ലഭിക്കൂ. പരമാവധി ഒരു ദിവസം എട്ടു പേർക്ക് മാത്രമാണ് വിതരണം. കോവിഡ്–19 പ്രതിസന്ധി മുൻനിർത്തി തിരക്ക് കുറയ്ക്കാനാണ് ഈ നടപടികൾ.

ഫോൺ: 0484–2975595  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com