കോഴിയിറച്ചിക്ക് പച്ചനിറം, എന്താണ് കാരണം? ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

HIGHLIGHTS
  • രോഗം ഇറച്ചിക്കോഴികൾ അനാവശ്യമായി ചിറകടിക്കുന്നതു മൂലം
  • ആദ്യമായി ഇറച്ചിക്കോഴികളിൽ റിപ്പോർട്ട് ചെയ്തത് 1980ൽ
green-muscle-disease-chicken
SHARE

ഇന്നലെ ഉച്ചയ്‌ക്ക് സുഹൃത്തും കോഴിക്കോട് ഫുഡ്‌ സേഫ്റ്റി ഓഫീസറുമായ ഡോ. വിഷ്ണു ഷാജി വിളിച്ചിരുന്നു. ഇറച്ചിക്കോഴി കഴിക്കാനായി അറുത്തപ്പോൾ നെഞ്ചിന്റെ ഭാഗത്താകമാനം പച്ചനിറം കാണപ്പെട്ടു എന്ന് പറഞ്ഞു ലഭിച്ച ഒരു പരാതിയെപ്പറ്റി ചോദിക്കാനായിരുന്നു വിളിച്ചത്. സ്വാഭാവികമായും Bile duct പൊട്ടി ഒലിച്ചതോ, കൂടിന്റെ വശങ്ങളിൽ കോഴിയുടെ നെഞ്ച് ഉരഞ്ഞുള്ള Breast blister കണ്ടീഷൻ എന്നിവയിൽ ഏതെങ്കിലും  ആകാമെന്നാണ് കരുതിയത്.  എന്നാൽ വിഷ്ണു അയച്ച ഫോട്ടോകൾ കണ്ടപ്പോൾ ഇത് മറ്റെന്തോ ആണെന്നുള്ള സംശയം ബലപ്പെട്ടു. തുടർന്ന് നടത്തിയ അനേഷണങ്ങൾക്കും,  വായനകൾക്കുമൊടുവിലാണ് സംഭവം Deep Pectoral Myopathy അഥവാ Green Muscle Disease എന്ന രോഗാവസ്ഥയാണെന്ന് മനസിലാകുന്നത്. 1968 ഇൽ Dickinson ടർക്കി കോഴികളിൽ  കണ്ടെത്തിയ ഈ അസുഖം,  ആദ്യമായി ഇറച്ചിക്കോഴികളിൽ റിപ്പോർട്ട് ചെയ്തത്  1980ൽ റിച്ചാർഡ്സൺ ആണ്. 

എന്താണ് DPM/GMD? 

കോഴികളെ ചിറകടിക്കാൻ  സഹായിക്കുന്ന breast fillet,  tender എന്നീ മസിലുകൾ ഇറുകിപ്പോകുന്ന അവസ്ഥ മൂലം സംഭവിക്കുന്ന രോഗാവസ്ഥയാണ് DPM/GMD. ജനിതക പ്രജനന പ്രക്രിയവഴി  ഇറച്ചിക്കോഴികൾ  കൈവരിച്ച ഉയർന്ന വളർച്ചാനിരക്ക് മൂലം ചിറകടിക്കു സഹായിക്കുന്ന മസിലുകൾ  വീർത്ത്,  കോഴിയുടെ നെഞ്ചിൻകൂടിനുള്ളിൽപ്പെട്ടു മുറുകിപ്പോകുന്നത് മൂലമാണ് Green Muscle Disease സംഭവിക്കുന്നത്. മസിലുകൾ എല്ലുകൾക്കിടയിൽ മുറുകുന്നത് മൂലം അങ്ങോട്ടുള്ള രക്തയോട്ടം നിന്നുപോകുകയും,  അവിടുത്തെ കോശങ്ങൾ നശിച്ചു പോകുകയും (necrosis) ചെയ്യുന്നു. തന്മൂലം കോഴി ഇറച്ചിക്ക് സ്വാഭാവിക നിറം നൽകുന്ന Haemoglobin, Myoglobin എന്നീ പിഗ്മെന്റുകൾ വിഘടിച്ചു പോവുകയും, ഇറച്ചി പച്ചനിറത്തിൽ കാണപ്പെടുകയും ചെയ്യുന്നു  (Martindale et al., 1979).

ഇറച്ചിക്കോഴികൾ അനാവശ്യമായി ചിറകടിക്കുന്നതു മൂലവും ഈ രോഗം വരുമെന്ന് ചില  പഠനങ്ങൾ വ്യക്തമാക്കുന്നുണ്ട്. അതിനാൽ കൂട്ടിനുള്ളിലെ  സന്ദർശകർ, ആളുകളുടെ അനാവശ്യ ഇടപെടലുകൾ എന്നിവ പൂർണമായും  ഒഴിവാക്കണം. കൂടിനു പുറത്തുള്ള  ബഹളങ്ങൾ,  തീവ്ര ശബ്ദങ്ങൾ എന്നിവയും  അരുത്. കൂട്ടിനുള്ളിലെ കോഴികൾ യാതൊരുവിധ ആരോഗ്യ പ്രശ്നങ്ങളും കാണിക്കില്ല. ഇറച്ചിക്കായി വെട്ടുമ്പോൾ മാത്രമാണ് പച്ച നിറത്തിലുള്ള ഇറച്ചി ശ്രദ്ധിക്കപ്പെടുന്നത്. GMD മൂലമുള്ള ഇറച്ചിക്ക് രുചി വ്യത്യാസമൊന്നും ഉണ്ടാകില്ല. അത് കഴിക്കാനും മറ്റു പ്രശ്നങ്ങളില്ല. എന്നാൽ അസ്വാഭിവികമായുള്ള ഇറച്ചിയിലെ പച്ചനിറം മൂലം ഈ ഇറച്ചി പൊതുജനങ്ങൾക്കിടിയിൽ സ്വീകരിക്കപ്പെടാൻ ഇടയില്ല. രോഗാവസ്ഥ വെട്ടുമ്പോൾ മാത്രം കണ്ടെത്തുന്നതിനാൽ ഈ അവസ്ഥയിലേക്ക് കാര്യങ്ങൾ എത്താതിരിക്കാനാണ് കർഷകർ ശ്രദ്ധിക്കേണ്ടത്.

കൂടുകളിൽ കോഴികൾ അനാവശ്യമായി ചിറകടിച്ചു കുതിക്കാനുള്ള സാഹചര്യങ്ങൾ പൂർണമായും  ഒഴിവാക്കണം. ചത്ത കോഴികളെ സമയാസമയങ്ങളിൽ ശാസ്ത്രീയമായി മറവു ചെയ്യുകയും,  കോഴിക്കൂടുകളിൽ അമോണിയ ഗന്ധം തങ്ങി നിൽക്കാതിരിക്കാൻ ശ്രദ്ധിക്കുകയും വേണം. കൂടാതെ കൂടുകളിലെ താപനില,  വെന്റിലേഷൻ സൗകര്യം, വിരിപ്പിന്റെ ഗുണമേന്മ എന്നീ കാര്യങ്ങളിലും  പ്രത്യേകം ശ്രദ്ധിക്കണം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA