ADVERTISEMENT

കോവിഡ് കാലത്ത് നാട്ടിൻപുറങ്ങളിൽ ലഭിക്കുന്ന കടൽ മത്സ്യങ്ങളുടെ ശുദ്ധി ചോദ്യച്ചിഹ്നമാണെന്നിരിക്കേ കടപ്പുറത്തുനിന്ന് നേരിട്ട് മത്സ്യങ്ങൾ വീട്ടിലെത്തിയാൽ ആരെങ്കിലും നോ പറയുമോ? ലോക്ക് ഡൗണിൽ പുറത്തേക്കിറങ്ങാൻ പറ്റാത്ത സാഹചര്യത്തിൽ വീട്ടിൽ മീനെത്തുമെങ്കിൽ ആരും വാങ്ങും. ആലപ്പുഴ ജില്ലയിലെ കാട്ടൂരിന്റെ പരിസരപ്രദേശങ്ങളിലുള്ളവർക്കാണ് ഈ സൗകര്യം ലഭ്യമാകുക. കൈയിൽ വേണ്ടത് ഒന്നു മാത്രം, ഒരു സ്മാർട്ട്ഫോണും വാട്‌സാപ് അക്കൗണ്ടും. ആലപ്പുഴയിൽ കാട്ടൂരിൽ പ്രവർത്തിക്കുന്ന ഫ്രഷ് മീൻ ഡെയ്‍ലി എന്ന വാട്‍സാപ് കൂട്ടായ്‍മയിലൂടെയാണ് മീൻ വാങ്ങാൻ കഴിയുക.

ഫ്രഷ് മീൻ ഡെയ്‌ലി, ഫ്രഷ് മീൻ ഡെയ്‌ലി പ്രീമിയം എന്നിങ്ങനെ രണ്ടു പേരുകളിലായി 40 വാട്‌സാപ് കൂട്ടായ്മകളും 10,500ൽപ്പരം ഉപഭോക്താക്കളുമാണ് ഇന്ന് ഫ്രഷ് മീൻ ഡെയ്‌ലിക്കുള്ളത്. 40 ഗ്രൂപ്പുകളിൽ ആറെണ്ണം പ്രമീയം ഗ്രൂപ്പുകളാണ്. ദിവസവും മീൻ വാങ്ങുന്നവരാണ് ഈ പ്രീമിയും ഗ്രൂപ്പുകളിലുള്ളത്. ലോക്ക് ഡൗണിന്റെ ആദ്യ ആഴ്ചയിൽ മത്സ്യവിതരണം നിർത്തിവച്ചിരുന്നെങ്കിലും സർക്കാരിന്റെ ഇളവ് മത്സ്യബന്ധന–വിതരണ മേഖലയിലുള്ളതിനാൽ വിതരണം പുനരാരംഭിക്കുകയായിരുന്നു. ആദ്യ കാലങ്ങളിൽ കടൽമത്സങ്ങൾ മാത്രമായിരുന്നു വിതരണം ചെയ്തിരുന്നതെങ്കിൽ ഇപ്പോൾ ആവശ്യക്കാർക്ക് വളർത്തുമത്സ്യങ്ങളും ഫ്രഷ് മീൻ ഡെയ്‌ലിയിലൂടെ ലഭ്യമാണ്. 

25 വിതരണക്കാരും 15 ക്ലീനിങ് ജീവനക്കാരും ഉൾപ്പെട്ടതാണ് ഫ്രഷ് മീൻ ഡെയ്‌ലിയുടെ പ്രവർത്തനം. സർക്കാർ മാനദണ്ഡങ്ങൾ പാലിച്ച് മാസ്ക്, ഗ്ലൗസ് എന്നിവ ധരിച്ചാണ് മത്സ്യങ്ങളുടെ വൃത്തിയാക്കലും വിതരണവും നടത്തുന്നത്. വൃത്തിയും സുരക്ഷയും പരിശോധിക്കാൻ സർക്കാർ അധികൃതരും ഇവിടെ എത്താറുണ്ട്. കാട്ടൂരിൽനിന്ന് അമ്പലപ്പുഴ, തങ്കിക്കവല, വെച്ചൂർ, കൈനകരി പ്രദേശങ്ങൾ വരെ മത്സ്യങ്ങളുടെ ഹോം ഡെലിവറി ഇപ്പോൾ നടക്കുന്നു. 

വിതരണക്കാർക്ക് തിരിച്ചറിയൽ കാർഡ്

കോവിഡ്–19ന്റെ പശ്ചാത്തലത്തിൽ പൊതുനിരത്തിൽ വാഹനങ്ങൾക്ക് നിയന്ത്രണമുള്ളതിനാൽ വിതരണക്കാർക്കു പ്രത്യേക യുണിഫോമും തിരിച്ചറിയൽ കാർഡും ഫ്രഷ് മീൻ ഡെയ്‌ലി നൽകിയിട്ടുണ്ട്. പോലീസിന്റെയും സർക്കാരിന്റെയും നിർദേശപ്രകാരമാണ് ഈ നടപടി.

പ്രവർത്തനമാരംഭിച്ചിട്ട് 10 മാസം

മത്സ്യത്തൊഴിലാളിയായ സുഹൃത്തിനെ സഹായിക്കുക എന്ന ലക്ഷ്യത്തോടെ രൂപീകരിച്ച കൂട്ടായ്മയിൽനിന്ന് വലിയൊരു സംരംഭം പിറവിയെടുത്തിട്ട് 10 മാസം ആയിട്ടേയുള്ളൂ. കാട്ടൂർ സ്കൂളിലെ പൂർവവിദ്യാർഥി സംഗമത്തിൽനിന്നാണ് വാട്‍സാപ്പിലൂടെ മത്സ്യവിൽപന നടത്താം എന്ന ആശയം സോണി ജോൺസൺ എന്ന അധ്യാപകനു തോന്നിയത്. മത്സ്യബന്ധന വള്ളമുള്ള സുഹൃത്തിന് ഇടനിലക്കാരുടെ ചൂഷണത്തെത്തുടർന്ന് കാര്യമായ വരുമാനം ലഭിക്കുന്നില്ല എന്നു പറഞ്ഞപ്പോഴായിരുന്നു സോണിയും സുഹൃത്തുക്കളായ ജോസഫ് ബിനുവും എൻ.ആർ. രാജേഷും മറ്റു സഹപാഠികളെക്കൂടി ഉൾപ്പെടുത്തി വാട്‍സാപ് കൂട്ടായ്മ തുടങ്ങിയത്. അന്ന് തുടങ്ങിയ ഒരു കൂട്ടായ്മ വളർന്ന് ഇന്ന് 40 വാട്‍സാപ് കൂട്ടായ്മകളും 10,500നു മുകളിൽ അംഗങ്ങളുമായിരിക്കുന്നു. ആലപ്പുഴയിലെ പോലീസുകാരും ഡോക്ടർമാരും വക്കീലന്മാരുമൊക്കെ ഇപ്പോൾ ഫ്രഷ് മീൻ ഡെയ്‌ലിയുടെ ഗുണഭോക്താക്കളാണ്.

fresh-meen-daily
മത്സ്യങ്ങൾ വൃത്തിയാക്കുന്നു

സംഭരണം നേരിട്ട്

ചെല്ലാനം മുതൽ തോട്ടപ്പള്ളി വരെയുള്ള തീരദേശ മേഖലകളിൽനിന്നാണ് മത്സ്യങ്ങൾ എടുക്കുന്നത്. കൂടാതെ ഇപ്പോൾ വളർത്തുമത്സ്യങ്ങളും വിതരണം ചെയ്യുന്നു. തിലാപ്പിയ, വാള, കരിമീൻ, ചെമ്പല്ലി, വരാൽ എന്നിവയാണ് പ്രധാനമായുള്ളത്. ഈ മത്സ്യങ്ങൾ വലിയ തോതിൽ വിൽക്കാനുള്ള കർഷകർക്ക് തങ്ങളുമായി ബന്ധപ്പെടാമെന്ന് ഫ്രഷ് മീൻ ഡെയ്‌ലിയുടെ സ്ഥാപകരിലൊരാളായ സോണി ജോൺസൺ അറിയിച്ചു.

കോവിഡ് നിയന്ത്രണങ്ങളുള്ളതിനാൽ കടപ്പുറത്ത് അതിരാവിലെ (ചിലപ്പോൾ അർധരാത്രി മുതൽ) വരി നിന്നാണ് മത്സ്യഫെഡ് വഴി മത്സ്യങ്ങൾ വാങ്ങുക. മത്സ്യങ്ങൾ ലഭിച്ചാൽ വൈകാതെതന്നെ ഫോട്ടോയും വിലയും വാട്‍സാപ് ഗ്രൂപ്പുകളിൽ എത്തിയിരിക്കും. ആവശ്യക്കാർക്ക് അവർക്കിഷ്ടമുള്ളതനുസരിച്ച് ഓർഡർ ചെയ്യാം.

ബുക്കിങ് കമന്റിലൂടെ

ഗ്രൂപ്പിൽ വിലവിവരങ്ങൾ ചേർത്ത് മത്സ്യങ്ങളുടെ ചിത്രം ഇടുമ്പോൾ ചിത്രത്തിനു താഴെ തൂക്കവും സ്ഥലവും വിലാസവും നൽകിയാണ് ബുക്ക് ചെയ്യേണ്ടത്. കുറഞ്ഞത് ഒരു കിലോഗ്രാമെങ്കിലും വാങ്ങണമെന്നാണ് നിബന്ധന. ഇങ്ങനെ ബുക്ക് ചെയ്യുന്നവരെ നേരിട്ട് ബന്ധപ്പെട്ട് രണ്ടു മണിക്കൂറിനുള്ളിൽ മത്സ്യം എത്തിച്ചുനൽകും.

സൗജന്യ ഡെലിവറി

കാട്ടൂരാണ് ആസ്ഥാനം. കാട്ടൂരിന് ആറു കിലോമീറ്റർ ചുറ്റളവിലുള്ള ആവശ്യക്കാർക്ക് സൗജന്യമായി മത്സ്യം എത്തിക്കും. അതിനു പുറത്തേക്ക് ഡെലിവറി ചാർജ് നൽകണം.

fresh-meen-daily-2
മേരി ഷീബ, സോണി, എൻ.ആർ. രാജേഷ്, ശിൽപ, ജോസഫ് ബിനു

ഇവർ സാരഥികൾ

സോണി ജോൺസൺ, ജോസഫ് ബിനു, എൻ.ആർ. രാജേഷ് എന്നിവരാണ് ഫ്രഷ് മീൻ ഡെയ്‍ലി എന്ന സീ ടു ഡോർ ഡെലിവറി സിസ്റ്റത്തിന്റെ അമരക്കാർ. ഇവർക്കൊപ്പം സോണിയുടെ ഭാര്യ മേരി ഷീബയും ജോസഫ് ബിനുവിന്റെ ഭാര്യ ശിൽപയും സംരഭത്തിന്റെ ഭാഗമാണ്. 

കൂടുതൽ വിവരങ്ങൾക്ക് : 8138016161

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com