കുട്ടികളെ കൃഷി പഠിപ്പിക്കാനൊരു ഹൈടെക് അങ്കണവാടിയും ടീച്ചറും

HIGHLIGHTS
  • 37 കുട്ടികളും വീട്ടിൽ കൃഷി ചെയ്യുന്നു
  • സംസ്ഥാനത്തെ ഏറ്റവും മികച്ച അങ്കണവാടി
pre-school-1
SHARE

കൊച്ചു കുട്ടികളെ കൃഷി ചെയ്യാൻ പഠിപ്പിക്കുന്ന അങ്കണവാടി. കൊല്ലം ജില്ലയിലെ ഓച്ചിറ പഞ്ചായത്തിലെ ചങ്ങംകുളങ്ങര 13–ാം വാർഡിലെ 59–ാം നമ്പർ അങ്കണവാടിയിലാണ് പഠനത്തോടൊപ്പം കുട്ടികൾക്ക് കൃഷിയുടെ ബാലപാഠങ്ങളും ചൊല്ലിക്കൊടുക്കുന്നത്. 2016 മുതൽ ഇവിടുത്തെ ടീച്ചറായ ജെനറ്റ് മദനരാജനാണ് കുട്ടികളെ കൃഷിയിലേക്ക് അടുപ്പിച്ചത്. കുട്ടികൾക്കു മാത്രമല്ല അവരുടെ മാതാപിതാക്കൾക്കും കൗമാരക്കാരായ കുട്ടികൾക്കുമൊക്കെ പ്രത്യേക മത്സരങ്ങൾ സംഘടിപ്പിക്കുന്നുണ്ട് ജെനറ്റ് ടീച്ചർ.

കോവിഡ്–19ന്റെ പശ്ചാത്തലത്തിൽ കഴിഞ്ഞ മാസം മുതൽ അവധിയായതിനാൽ കുട്ടികൾ അവധിക്കാലം ആഘോഷിക്കുന്നത് കൃഷിയിലൂടെയാണ്. കുട്ടികൾ അവരുടെ വീടുകളിൽ കൃഷിചെയ്ത് വിളവെടുപ്പ് ആരംഭിച്ചു. ജനുവരിയിലാണ് കൃഷിക്കായി വിത്ത് നൽകിയത്. ഫെയ്‌സ്ബുക്ക് കാർഷിക കൂട്ടായ്മയായ കൃഷിഭൂമിയിലെ അംഗങ്ങൾ കുട്ടികൾക്കുള്ള വിത്തുകൾ സൗജന്യമായി നൽകി. 

37 കുട്ടികളാണ് ജെനറ്റ് ടീച്ചറിന്റെ അങ്കണവാടിയിലുള്ളത്. എല്ലാവരും ഒരുപോലെ മാതാപിതാക്കളുടെ സഹായത്തോടെ വീടുകളിൽ കൃഷി ചെയ്യുന്നു. പുരയിടത്തിലും ഗ്രോബാഗുകളിലുമായാണ് കൃഷി. കുട്ടികളിൽ കൃഷിവാസന പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയുള്ള ഈ ഉദ്യമത്തിൽ അവർക്ക് പ്രത്യേക സമ്മാനങ്ങളും നൽകുന്നുണ്ട്. ഏറ്റവും മികച്ച മുന്നു കുട്ടിക്കർഷകർക്ക് അവരുടെ ഫോട്ടോ പതിച്ച ട്രോഫി നൽകും. കൂടാതെ ബാക്കി 34 പേർക്കും പ്രോത്സാഹനസമ്മാനമായി ട്രോഫികളുണ്ട്. സുമനസുകൾ സ്പോൺസർ ചെയ്യുന്നതാണ് ഈ സമ്മാനങ്ങൾ.

pre-school
ജെനറ്റ് ടീച്ചർ

അങ്ങണവാടിയുടെ പരിസരവും പച്ചക്കറികളാൽ സമ്പന്നമാണ്. രണ്ടു സെന്റിൽ കെട്ടിടവും കളിസ്ഥലവും കൂടാതെ പഴച്ചെടികളും പച്ചക്കറികളും പൂച്ചെടികളും നട്ടുവളർത്തുന്നു. പച്ചക്കറികൾ ഗ്രോബാഗുകളിലും ‌ചട്ടികളിലും വളരുമ്പോൾ പൂച്ചെടികൾ വെർട്ടിക്കൽ ഗാർഡൻ ട്രേകളിലാണ് വളരുന്നത്. ലോക്ക് ഡൗൺ ആണെങ്കിലും അങ്കണവാടി വഴിയുള്ള അവശ്യ സേനങ്ങൾ ജനങ്ങൾക്ക് ലഭ്യമാക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ജെനറ്റ് ടീച്ചർ എന്നും അങ്കണവാടിയിൽ എത്തുന്നു. ഇപ്പോൾ ഇവിടെ വിളയുന്ന പച്ചക്കറികൾ ഗർഭിണികളുടെ വീട്ടിൽ എത്തിച്ചുനൽകുകയാണ് ചെയ്യുന്നത്. 

അങ്കണവാടിയുടെ കഥകൾ പറഞ്ഞാൽ തീരില്ല. കേരളത്തിൽ ബ്ലോക്ക് പഞ്ചായത്ത് നടപ്പാക്കിയ ആദ്യ ഹൈ ടെക് അങ്കണവാടി, 2018–19ൽ സംസ്ഥാനത്തെ ഏറ്റവും മികച്ച അങ്കണവാടി അവാർഡ്, 2019–20ൽ കൊല്ലം ജില്ലയിലെ സ്വച്ഛ് സുന്ദർ അവാർഡ് എന്നിങ്ങനെ ഒട്ടേറെ പുരസ്കാരങ്ങൾ ഈ അങ്കണവാടിയെ തേടിയെത്തിയിട്ടുണ്ട്. കൂടാതെ ബ്ലോക്ക്, ഗ്രാമപഞ്ചായത്ത് തലത്തിൽ ഏറ്റവും മികച്ച അങ്കണവാടി ടീച്ചർക്കുള്ള പുരസ്കാരം ജെനറ്റ് ടീച്ചർക്കും ലഭിച്ചിട്ടുണ്ട്. വാർഡ് മെംബർ രാധാമണിയമ്മ, ബ്ലോക്ക് പഞ്ചായത്തു മെംബർ കൃഷ്ണകുമാർ എന്നിവർ ജെനറ്റ് ടീച്ചർക്ക് ആവശ്യമായ സഹായങ്ങളുമായി പിന്തുണ നൽകുന്നു.

ഓച്ചിറ പഞ്ചായത്തിലെ ഈ 59–ാം നമ്പർ അങ്കണവാടിയുടെ പേരിൽ ഇൻസ്റ്റഗ്രാം അക്കൗണ്ട്, യുട്യൂബ് ചാനൽ, ഫെയ്‌സ്ബുക്ക് പേജ് എന്നിവയുണ്ട്. കുട്ടികളുടെ പ്രവർത്തനങ്ങൾ പൊതുജനങ്ങളിലെത്തിക്കാനാണ് ഈ സോഷ്യൽ മീഡിയ സൗകര്യങ്ങൾ പ്രയോജനപ്പെടുത്തുന്നത്. കൂടാതെ ഇപ്പോൾ ലോക്ക് ഡൗൺ ആയതിനാൽ കുട്ടികളോട് വാട്‌സാപ് വഴി സംവദിക്കുന്നു. വൈകുന്നേരമാണ് ഇതിനായി സമയം കണ്ടെത്തുന്നത്.

അങ്കണവാടിയിലെ കുട്ടികളെക്കൂടാതെ കൗമാക്കാരായ കുട്ടികളെ ഉൾപ്പെടുത്തിയുള്ള വാട്‌സാപ് ഗ്രൂപ്പും ടീച്ചറിനുണ്ട്. 10 മുതൽ 18 വയസുവരെയുള്ള കുട്ടികളാണ് ഇതിലുള്ളത്. കുട്ടികൾക്കാവശ്യമായ മാർഗനിർദേശങ്ങൾ നൽകാൻ ഈ ഗ്രൂപ്പ് പ്രയോജനപ്പെടുത്തുന്നു. കൂടാതെ അമ്മമാർക്കും ഗർഭിണികൾക്കും പാചക മത്സരം, കൗമാരക്കാരായ പെൺകുട്ടികൾക്ക് കവിതാ രചന എന്നിവയും സംഘടിപ്പിക്കുന്നുണ്ട്. 

കുട്ടിക്കർഷകർ തങ്ങൾ വിളവെടുത്ത പച്ചക്കറിയുമായുള്ള ചിത്രങ്ങളും ജെനറ്റ് ടീച്ചർ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്. വിഡിയോ കാണാം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA