പനനൂറ് കഴിച്ചാ പന പോലെ വളരും, എന്താണ് ഈ പനനൂറ്? അറിയാൻ പഴമയിലേക്കു പോണം

HIGHLIGHTS
  • പന നൂറ് എടുക്കുന്നത് മൂപ്പെത്തിയ കുടപ്പനയിൽനിന്ന്
  • ഒട്ടേറെ ഉൽപന്നങ്ങൾ തയാറാക്കാം
pana
SHARE

കുടപ്പന നൂറ് പണ്ട് പഴമക്കാരുടെ ഒരു നേരത്തെ വിശപ്പ് അടക്കിയിരുന്ന പോഷക സമ്പുഷ്ടമായ ആഹാരം. കുടുംബാംഗങ്ങൾ ഒത്തൊരുമിച്ച് പനനൂറ് എടുത്ത് കഴിക്കാറുണ്ടായിരുന്നു. കുറുക്കി തേങ്ങ ചേർത്ത് കാട്ടുതാളിന്റെ ഇല ചുരുട്ടി കറി ഉണ്ടാക്കിയായിരുന്നു പനംകുറുക്കിന്റെ കൂടെ കഴിച്ചിരുന്നത്. പഴമക്കാരുടെ ഒരു ചൊല്ലുണ്ട് പനനൂറ് കാഴിച്ചാ പന പോലെ വളരും എന്ന്. എന്തായാലും ഞങ്ങളും ഒത്തൊരുമിച്ച് പനം നൂറ് ഉണ്ടാക്കി. 25 വർഷങ്ങൾക്കുശേഷമാണ് ഞങ്ങൾക്ക് ഇതുപോലെ ഒന്നുണ്ടാക്കിക്കഴിക്കാനുള്ള അവസരം ലഭിച്ചത്. എന്തായാലും സംഭവം അടിപൊളി. പഴയ ഉരലും ഉലക്കയും ഒന്നു പൊടിതട്ടി എടുത്തു. മക്കൾക്കും അനുജന്മാരുടെ ഭാര്യമാർക്കും കുട്ടികൾക്കും ഇത് എന്താന്നു മനസിലാക്കാനും കഴിക്കാനുമുള്ള ഭാഗ്യം ഉണ്ടായി. 

നൂറ് എടുക്കുന്ന വിധം

മൂപ്പെത്തിയ കുടപ്പന കണ്ടുപിടിക്കുക, എന്നിട്ട് വെട്ടിമറിച്ചിടുക. തടിയിൽ ഉരുളിമ കൂടിയ ഭാഗം വെട്ടിപ്പൊളിച്ച് പനം ചോർ എടുത്ത് ചെറിയ കഷണങ്ങൾ ആക്കി ഉരലിൽ ഇട്ട് ഇടിച്ച് ചതച്ച് എടുക്കുക. വലിയ പാത്രത്തിൽ (കലമോ, ബക്കറ്റോ) വെള്ളം നിറച്ച് ഒരു നല്ല തോർത്ത് വെള്ളത്തിൽ മുങ്ങിക്കിടക്കുന്ന വിധത്തിൽ ചുറ്റികെട്ടുക. ഇതിൽ ചതച്ച പനം ചോറ് തിരുമ്മി എടുത്തു മാറ്റുക. അപ്പോൾ ഇതിലുള്ള നൂറ് പാത്രത്തിൽ അടിയും. മുഴുവൻ ചോറും ഇതുപോലെ ഇടിച്ച് വെള്ളത്തിൽ തിരുമ്മിയെടുക്കുക. ഒരു മണിക്കൂറിനു ശേഷം തോർത്ത് അഴിച്ച് മാറ്റി വളരെ സാവധാനത്തിൽ പാത്രത്തിലെ വെള്ളം ഊറ്റിക്കളയുക. അപ്പോൾ പാത്രത്തിന് അടിയിൽ വെളുത്ത നിറത്തിൽ നൂറ് അടിഞ്ഞിരിക്കുന്നത് കാണാം. 

pana-1

അതിനു ശേഷം പാത്രം നിറയെ വെള്ളം ഒഴിക്കുക. നൂറ് നന്നായി ഇളക്കി ഒഴിച്ച വെള്ളത്തിൽ ലയിപ്പിക്കുക. രണ്ടു മണിക്കൂറിനു ശേഷം വീണ്ടും വെള്ളം സാവധാനം ഒഴിച്ചുകളയുക. ഇതുപോലെ അഞ്ചു പ്രാവശ്യമെങ്കിലും ചെയ്യുക. നൂറിലെ കട്ട് കളയാനാണ് ഇങ്ങനെ ചെയ്യുന്നത്. 

അതിനു ശേഷം നല്ല ഡബിൾ മുണ്ടിൽ ഈ നൂറ് ഒരു തവിക്ക് പകർത്തി ഇടുക. ഒരു കിഴിപോലെ കെട്ടിത്തൂക്കിയി‌ടണം. അപ്പോൾ നൂറിനുള്ളിലെ വെള്ളം തുള്ളിയായി ചാടുന്നതു കാണാം. വെള്ളം മുഴുവൻ വാർന്നു പോയ ശേഷം നല്ലപോലെ വെയിലത്തുവച്ച് ഉണക്കിയെടുത്ത് സൂക്ഷിക്കാം. പോഷക സമ്പുഷ്ടമായ പനം നൂർ തയാർ. ഇതുപയോഗിച്ച് കുറുക്ക്, ഹൽവ, പുട്ട്, അവലോസ് പൊടി, അട, പായസം എന്നിവ ഉണ്ടാക്കാം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA