ADVERTISEMENT

ഒരു ഫാം എന്ന് മനസിലേക്കു വരുമ്പോൾ പശു, കോഴി, പന്നി, ആട് എന്നിവയൊക്കെ ഒരുപാട് എണ്ണമുള്ളതായിരിക്കുമല്ലോ. എന്നാൽ, തേനീച്ചക്കൃഷിയിൽ അത്തരത്തിലൊരു രീതി പറ്റില്ല. നല്ലൊരു തേനീച്ച വളർത്തൽ കേന്ദ്രത്തിൽ ചെന്നാൽ കാണുക വളരെ കുറച്ച് തേനീച്ചപ്പെട്ടികൾ മാത്രം. പലരും അവർ മനസിൽ കണ്ടതുപോലെയല്ല തേനീച്ച ഫാം എന്ന് തിരിച്ചറിയുമ്പോൾ ഇതാണോ ഇത്ര വലിയ ഫാം എന്നു പറഞ്ഞ് പുച്ഛിക്കാറുണ്ടെന്ന് തേനീച്ചക്കർഷകനും തേനീച്ചക്കൃഷി പരിശീലകനുമായ ബിജു ജോസഫ് പറയുന്നു. അദ്ദേഹം പങ്കുവച്ച കുറിപ്പ് വായിക്കാം.

പലരും ബീ ഫാം കാണാൻ വീട്ടിൽ വരാറുണ്ട്. തേനീച്ച കൃഷി പരിചയമില്ലാത്ത പലരുടെയും തേനീച്ചക്കൃഷി സങ്കൽപം ആയിരത്തിൽപ്പരം തേനീച്ചക്കൂടുകളുടെ ഒരു ശേഖരമാണ്. എന്നാൽ കാണാൻ പറ്റുക 20-30 കൂടുകൾ മാത്രം. 

എന്നാൽ, നമ്മൾ അറിയേണ്ട ഒരു കാര്യം മറ്റു ഫാം സങ്കൽപം പോലെയല്ല തേനീച്ച വളർത്തൽ എന്നതാണ്. പശു, ആട്, കോഴി, കാട തുടങ്ങിയ ഫാമുകൾ ഒരു സ്ഥലത്തു കേന്ദ്രീകരിച്ചു ചെയ്യുമ്പോൾ തേനീച്ചക്കൂടുകൾ വികേന്ദ്രീകരണ രീതിയിലാണ് വയ്ക്കുക. 

ഒരു സ്ഥലത്ത് 20-30 കൂടുകൾ മാത്രം വച്ചു ചെയ്യുന്നതാണ് തേനീച്ച വളർത്തൽ രീതി. അതിനായി ഞങ്ങൾ മറ്റുള്ളവരുടെ കൃഷിസ്ഥലത്താണ് തേനീച്ചപ്പെട്ടികൾ സ്ഥാപിച്ചു കൃഷി വിപുലപ്പെടുത്തുന്നത്. എല്ലാ പെട്ടികളും ഒരേ സ്ഥലത്തുവച്ചാൽ തേനീച്ചകളുടെ വളർച്ചയ്ക്ക് ആവശ്യമായ പൂമ്പൊടി (pollen) അവർക്ക് ലഭിക്കാതെ വരികയും തന്മൂലം മുട്ടയിടീൽ കുറച്ചു കോളനികൾ ക്ഷയിച്ചു നശിച്ചു പോകാൻ ഇടവരികയും ചെയ്യും. 

ഓരോ സൈറ്റും തമ്മിൽ കുറഞ്ഞത് 500 മീറ്റർ ദൂരം കാണും. അങ്ങനെ നാടിന്റെ പല ഭാഗത്തും തേനീച്ചപ്പെട്ടികൾ സ്ഥാപിക്കുന്നതുമൂലം തേൻ ശേഖരണത്തിനൊപ്പം പരാഗണം നടക്കുകയും ചെയ്യും.  അങ്ങനെ നാടിന്റെ കാർഷികവളർച്ചയ്ക്ക് വലിയൊരു സംഭാവന തേനീച്ചക്കർഷകർ പരോക്ഷമായി നൽകുന്നുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com