ADVERTISEMENT

ഡോക്ടറെ... നിങ്ങളുടെ മൃഗങ്ങൾക്കും ഈ ബ്ലഡ്‌ ഗ്രൂപ്പ്‌ ഒക്കെ ഉണ്ടോ എന്ന് തെല്ലതിശയത്തോടെയാണ് ഇന്ന് സനൂപ് വിളിച്ചപ്പോൾ ചോദിച്ചത്. അതൊക്കെ ഉണ്ടെടോ എന്നു പറഞ്ഞിട്ട്, നമ്മുടെ മണ്ണുത്തി വെറ്ററിനറി യൂണിവേഴ്സിറ്റി ആശുപത്രിയിൽ നായ്ക്കൾക്കും പൂച്ചയ്ക്കുമൊക്കെ ബ്ലഡ്‌ ട്രാൻസ്ഫ്യൂഷനോക്കെ  നടത്താറുണ്ടെന്നു കൂടി പറഞ്ഞപ്പോൾ സനൂപിന്റെ ആശ്ചര്യം ഇരട്ടിയായി. രക്തദാന സമയത്തും, ബ്ലഡ്‌ ട്രാൻസ്ഫ്യൂഷൻ നടത്താനും, ഗർഭാവസ്ഥയിലുമൊക്കെ സാധാരണ രക്തഗ്രൂപ്പുകളുടെ നിർണയം നടത്താറുണ്ടല്ലോ? എന്താണ് രക്ത (ബ്ലഡ്‌) ഗ്രൂപ്പുകൾ? എന്താണ് അവയുടെ  പ്രാധാന്യം? മൃഗങ്ങളിലെ രക്ത ഗ്രൂപ്പുകൾ ഏതൊക്ക എന്ന് നോക്കാം. 

ബ്ലഡ്‌ ഗ്രൂപ്പുകൾ അഥവാ ബ്ലഡ്‌ ടൈപ്പുകൾ തരംതിരിക്കപ്പെട്ടിരിക്കുന്നത് രക്തത്തിൽ കാണപ്പെടുന്ന ചുവന്ന രക്ത കോശങ്ങളുടെ (RBC) മുകളിൽ കാണപ്പെടുന്ന ആന്റിജനുകൾക്ക് അനുസരിച്ചാണ്. അതോടൊപ്പം രക്തത്തിൽനിന്ന് വേർതിരിച്ചെടുക്കുന്ന രക്തനീരിലെ (പ്ലാസ്മ) ആന്റിബോഡികളും ഇവയുടെ നിർണയത്തിൽ പ്രധാനമാണ്. മനുഷ്യരിൽ കണ്ടെത്തിയിട്ടുള്ളത് A, B, AB, O എന്നീ ബ്ലഡ്‌ ടൈപ്പുകളാണ്. A ബ്ലഡ്‌ ഗ്രൂപ്പ്‌ ഉള്ളവരുടെ രക്തത്തിൽ,  A ആന്റിജനും B ആന്റിബോഡിയുമാണ് ഉണ്ടാവുക. ഇത് അങ്ങനെ തന്നെ  നിലനിൽക്കേണ്ടത് ആവശ്യമാണ്. അല്ലാതെ,  A ആന്റിജൻ,  A ആന്റിബോഡി എന്നിവ ഒന്നിച്ചു ചേരുന്ന സമയത്ത് രക്തം കട്ടപിടിക്കാനും (Agglutination), അതുമൂലം മരണം സംഭവിക്കാനും കാരണമാകും. അതിനാലാണ് രക്ത ഗ്രൂപ്പ്‌ നോക്കി മാത്രം ബ്ലഡ്‌ ട്രാൻസ്ഫ്യൂഷൻ നടത്തുന്നത്. ഇതു പോലെ B ഗ്രൂപ്പ്‌കാർക്ക് B ആന്റിജനും A ആന്റിബോഡിയുമാണ് ഉണ്ടാവുക. എന്നാൽ, AB ബ്ലഡ്‌ ഗ്രൂപ്പുകാർക്ക്  A, B എന്നീ ആന്റിജനുകൾ ഉണ്ടാവുമെങ്കിലും ആന്റിബോഡികൾ ഒന്നുമുണ്ടാകില്ല. തിരിച്ച് O ബ്ലഡ്‌ ഗ്രൂപ്പുകാർക്ക് ആന്റിജനുകൾ രണ്ടും ഇല്ലെങ്കിൽ കൂടി ആന്റിബോഡികൾ Aയും Bയും ഉണ്ടാകും. ഈ രീതി മനസിലാക്കിയാണ് O-ve ഗ്രൂപ്പുകാരെ മറ്റാരിലേക്കും രക്തം നൽകാവുന്ന യൂണിവേഴ്സൽ ഡോണർ ആയിട്ടും,  AB +ve കാരെ ആരിൽനിന്നും രക്തം സ്വീകരിക്കാവുന്ന യൂണിവേഴ്സൽ റെസിപിയന്റ് ആയിട്ടും കണക്കാക്കിയിരിക്കുന്നത്. 

blood-1

രക്തഗ്രൂപ്പിന് പുറമെ ചുവന്ന രക്തകോശങ്ങളുടെ ആവരണത്തിനുമേൽ കാണപ്പെടുന്ന ഒരു പ്രോട്ടീൻ ആണ് Rh (Rhesus) factor. ഈ പ്രോടീനുള്ള വിഭാഗക്കാരെ +ve എന്നും ഇല്ലാത്തവരെ -ve എന്നും ബ്ലഡ്‌ ഗ്രൂപ്പുകളുടെ ഉപവിഭാഗങ്ങൾ ആയി തരം തിരിച്ചിട്ടുണ്ട്. ഗർഭം ധരിക്കുന്ന അവസ്ഥയിൽ Rh നിർണയം സാധാരണയായി  നടത്താറുണ്ട്. അച്ഛൻ Rh +ve, അമ്മ Rh -ve ഗ്രൂപ്പിൽ പെട്ടവരാണെങ്കിൽ ഗർഭസ്ഥ ശിശുവിന് (Rh +ve)  erythroblastosis faetalisis എന്ന ഗുരുതരമായ അവസ്ഥയ്ക്കും,  പ്രത്യേകിച്ച് അത് രണ്ടാമത്തെ കുഞ്ഞിന്റെ മരണത്തിനു വരെയും കാരണമായേക്കാം. ഈ സാഹചര്യം  ഒഴിവാക്കാൻ ഇന്ന്  പ്രത്യേക കുത്തിവയ്പ്പുകൾ ലഭ്യമാണ്. ഇതെല്ലാം സാധ്യമായത്  രക്തഗ്രൂപ്പ് നിർണയത്താലാണ്.

മനുഷ്യരിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്നത്  O+ve (37%) രക്ത ഗ്രൂപ്പും,  ഏറ്റവും അപൂർവമായത് AB -ve (ഒരു ശതമാനത്തിൽ താഴെ) ഗ്രൂപ്പുമാണ്. മനുഷ്യരിലെ  രക്ത ഗ്രൂപ്പു നിർണയമായ ABO സിസ്റ്റം കണ്ടെത്തിയത് 1901 ഇൽ  അമേരിക്കൻ ശാസ്ത്രജ്ഞനായ കാൾ ലാൻഡ്സ്റ്റെയ്നറാണ്.1930ൽ പ്രസ്തുത കണ്ടു പിടിത്തത്തിന് അദ്ദേഹത്തിന് നൊബേൽ സമ്മാനം ലഭിക്കുകയും ചെയ്തു. മനുഷ്യരെക്കൂടാതെ ചിമ്പാൻസി,  ഗൊറില്ല തുടങ്ങിയ വാലില്ലാക്കുരങ്ങുകൾക്കും (apes) ABO ബ്ലഡ്‌ ഗ്രൂപ്പിങാണ്.

ഇന്ന് വെറ്ററിനറി മേഖലയിലും ബ്ലഡ്‌ ട്രാൻസ്ഫ്യൂഷൻ ഒരു പുതുമയല്ല. നായ്ക്കളിലും പൂച്ചകളിലും അത്യാവശ്യ സന്ദർഭങ്ങളിൽ ബ്ലഡ്‌ ട്രാൻസ്ഫ്യൂഷൻ, ഡയാലിസിസ് എന്നിവ നടത്തുന്നുണ്ട്. മണ്ണുത്തിയിലെ വെറ്ററിനറി സർവകലാശാല ക്ലിനിക്കൽ മെഡിസിൻ ഡിപ്പാർട്ട്മെന്റിലും ഈ മേഖലകളിൽ  ഗവേഷണങ്ങൾ പുരോഗമിക്കുന്നു. നായ്ക്കളിലെ ബ്ലഡ്‌ ടൈപ്പുകൾ DEA (Dog Erythrocytic Antigen) എന്ന പേരിലാണ് അറിയപ്പെടുന്നത്. DEA 1.1,  1.2,  1.3, DEA 3, 4, 5, 6, 7 & 8 ആണ് അവ. ഇതിൽ തന്നെ 40% നായ്ക്കളിലും  കാണപ്പെടുന്നത്   DEA 1.1 സിസ്റ്റമാണ്. 

പൂച്ചകളിൽ A, B, AB എന്നീ രക്തഗ്രൂപ്പുകൾ കണ്ടെത്തിയതിനു പുറമെ Mic എന്ന പുതിയ വിഭാഗവും അടുത്ത് കണ്ടെത്തുകയുണ്ടായി. ഇതിൽ തന്നെ ബഹുഭൂരിപക്ഷവും A ടൈപ്പ് ആണ്,  മറ്റുള്ളവ Bയും അപൂർവത്തിൽ അപൂർവമായി ABയും കാണാം. 

പശുക്കളിൽ 11 ബ്ലഡ്‌ ഗ്രൂപ്പുകൾ ആണ് കണ്ടെത്തിയിട്ടുള്ളത്. Bയും Jയുമാണ് അവയിൽ പ്രധാനം. ഇത് പോലെ ചെമ്മരിയാടിൽ 7 ബ്ലഡ്‌ ഗ്രൂപ്പും, സാധാരണ ആടിൽ 5 ബ്ലഡ്‌ ഗ്രൂപ്പുമുണ്ട്. പന്നികളിൽ 16 തരം ബ്ലഡ്‌ ഗ്രൂപ്പുണ്ട്. A മുതൽ O വരെയും പിന്നെ S എന്നിവയാണ് പന്നികളിൽ. കുതിരകളിൽ  A, C, D, K, P, Q, U, T എന്നിങ്ങനെ 8 ഗ്രൂപ്പുകളുണ്ട്. ഇതിൽ ആദ്യത്തെ 7 എണ്ണമാണ് International Society of Animal Blood Grouping Research അംഗീകരിച്ചിരിക്കുന്നത്. വളർത്തുപക്ഷികളിലും രക്ത ഗ്രൂപ്പുകൾ നിർണയിക്കപ്പെട്ടിട്ടുണ്ട്. കോഴികളിൽ A, B, C, D, E എന്നിങ്ങനെ അഞ്ച് വിഭാഗങ്ങൾ കാണാം. അതിൽ A, B എന്നിവയാണ് ഏറ്റവും പ്രധാനപ്പെട്ടവ. ഇത്തരത്തിൽ ഓരോ മൃഗങ്ങളിലും വൈവിധ്യമാർന്ന രക്ത ഗ്രൂപ്പുകൾ ഗവേഷണത്തിനായി അനന്ത സാധ്യതകളാണ് തുറന്നിട്ടിരിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com