ADVERTISEMENT

ശുഭകാര്യങ്ങൾക്ക് മധുരം നല്ലതാണ്. ആ മധുരത്തിനായി നാം പലപ്പോഴും ഉപയോഗിക്കുന്നത് ഐസ്ക്രീം ആയിരിക്കും. സത്യത്തിൽ ഐസ്‌ക്രീം എന്ന പേരിൽ നാം വാങ്ങുന്നതും കഴിക്കുന്നതുമെല്ലാം ഐസ്ക്രീം തന്നെയാണോ? അല്ല എന്ന് പറയേണ്ടിവരും. വാണിജ്യാടിസ്ഥാനത്തിൽ ഉൽപാദിപ്പിക്കുന്നവയിൽ ചിലത് ഫ്രോസൺ ഡെസേർട്ടുകൾ എന്ന ഗണത്തിലാണ് ഉൾപ്പെടുത്തുക.

ഇന്ത്യയിലെ ഐസ്ക്രീം വിപണിയുടെ ഏതാണ്ട് 40 ശതമാനത്തോളം ഫ്രോസൺ ഡെസേർട്ടുകളാണ്. അതുകൊണ്ടുതന്നെ ഐസ്ക്രീം എന്നു കരുതി കഴിക്കുന്ന പലതും ഐസ്ക്രീം ആയിരിക്കില്ല. 

അപ്പോൾ എന്താണ് ഐസ്ക്രീം എന്നും എന്താണ് ഫ്രോസൺ ഡ‍െസേർട്ടെന്നും മനസിലാക്കണം. പാലും പാലുൽപന്നങ്ങളും ഉപയോഗിച്ച് നിർമിക്കുന്നതാണ് ഐസ്ക്രീം. രുചി വർധിപ്പിക്കാനായി ഇതിൽ മുട്ട, പഴങ്ങൾ, മധുരം, രുചികൾ എന്നിവ ചേർക്കുന്നു. എന്നാൽ, ഫ്രോസൺ ഡെസേർട്ടിൽ ഉപയോഗിക്കുന്നത് സസ്യ എണ്ണകളാണ്. രണ്ട് ഉൽപന്നങ്ങളും തമ്മിൽ കാഴ്ചയിലോ രുചിയിലോ വ്യത്യാസമില്ല. ഇവയിൽ ഉപയോഗിക്കുന്ന കൊഴുപ്പിന്റെ സ്രോതസിൽ മാത്രമാണ് വ്യത്യാസം. അതുകൊണ്ടുതന്നെ ആർക്കും പെട്ടെന്ന് തിരിച്ചറിയാൻ കഴിഞ്ഞെന്നുവരില്ല. 

പോഷകത്തിലുണ്ടോ വ്യത്യാസം?

പാലിന്റെയും പാലുൽപന്നത്തിന്റെയും സാന്നിധ്യം ഉള്ളതുകൊണ്ടുതന്നെ കാത്സ്യത്തിന്റെ അളവ് ഐസ്ക്രീമിലാണ് കൂടുതൽ. അതേസമയം, സസ്യ എണ്ണകൾ ഉപയോഗിക്കുന്നതിനാൽ ഫ്രോസൺ ഡെസേർട്ട് കൊളസ്ട്രോൾ വർധിപ്പിക്കുമെന്ന് പഠനങ്ങളുണ്ട്. അതുപോലെതന്നെ സാച്ചുറേറ്റഡ് ഫാറ്റിന്റെയും ട്രാൻസ് ഫാറ്റിന്റെയും അളവ് കൂടുതലാണ്. അതുകൊണ്ടുതന്നെ ശരീരത്തിന് നല്ലതല്ല. രണ്ടുൽപന്നങ്ങളും കൊഴുപ്പു കൂടുതലുള്ളവയായതിനാൽ അമിതമായ ഉപയോഗം ആരോഗ്യത്തിന് ഹാനികരമാണ്. 

എന്തുകൊണ്ട് ഫ്രോസൺ ഡെസേർട്ട്?

സസ്യ എണ്ണകൾക്ക് വിപണിയിലുള്ള വിലക്കുറവുതന്നെയാണ് കമ്പനികൾ ഫ്രോസൺ ഡെസേർട്ടുകളിലേക്കു തിരിയാൻ കാരണം. ഉൽപാദനച്ചെലവ് കുറയുന്നതിനൊപ്പം വരുമാനം ഉയർത്താൻ ഇതുവഴി കമ്പനികൾക്കു കഴിയുന്നു. 

എങ്ങനെ തിരിച്ചറിയാം?

രാജ്യത്തെ ഭക്ഷ്യസുരക്ഷാ നിയമപ്രകാരം ഓരോ ഉൽപന്നത്തിന്റെയും പേര് അതിന്റെ ലേബലിൽ രേഖപ്പെടുത്തിയിരിക്കണം. ഫ്രോസൺ ഡെസേർട്ടിനെ ഐസ്ക്രീം എന്ന പേരിൽ വിൽക്കാൻ കഴിയില്ല. അതുകൊണ്ടുതന്നെ, പാക്കറ്റിനു പറത്ത് ഐസ്ക്രീം എന്നോ ഫ്രോസൺ ഡെസേർട്ട് എന്നോ രേഖപ്പെടുത്തിയിരിക്കും. അതുപോലെതന്നെ അതിലുള്ള ഫാറ്റിന്റെ ശതമാനവും രേഖപ്പെടുത്തിയിരിക്കും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com