ADVERTISEMENT

പണ്ട് ബി.സി., എ.ഡി. എന്നൊക്കെയായിരുന്നെങ്കിൽ പുതിയ കാലവും ചരിത്രവുമൊക്കെ ബിസി, എസി എന്നാവാം അടയാളപ്പെടുത്തുക! ബിഫോർ കൊവിഡ്  & ആഫ്റ്റർ കൊവിഡ്!   

കൃഷി കർഷകനെ പോറ്റുന്നു. കർഷകൻ ലോകത്തിനെ പോറ്റുന്നു എന്നൊക്കെയാണ് സങ്കൽപം. എന്നാൽ, നമ്മുടെ നാട്ടിൽ കൃഷി കർഷകനെയല്ല മറ്റു പലരെയുമാണു പോറ്റിക്കൊണ്ടിരിക്കുന്നത് എന്നത് യാഥാർഥ്യം. കൃഷി ഉപജീവനമാർഗമാക്കിയ കർഷകരിൽ പലരും പട്ടിണിയും പരിവട്ടവുമായി വട്ടം കറങ്ങുമ്പോൾ, കാർഷികമേഖലയെ ഉദ്ധരിക്കാൻ നിയോഗപ്പെട്ടവരിൽ പലരും സ്വയം ഉദ്ധരിച്ചുദ്ധരിച്ച് മുന്നേറി!

ഹെൽത്ത് ഈസ് വെൽത്ത്

അന്യസംസ്ഥാനങ്ങളിൽനിന്നും മൂല്യവർധിത ഭക്ഷ്യവസ്തുക്കൾ (കീടനാശിനികൾക്കൊക്കെ ഇപ്പോ എന്താ വില!) സുലഭമായി ലഭിക്കുമ്പോൾ മലയാളികളും ഹാപ്പി! നാട്ടിൽ വന്ധ്യത മുതൽ അർബുദം വരെ സർവസാധാരണമായപ്പോൾ, ‘ഹെൽത്ത് ഈസ് വെൽത്ത്’ സിദ്ധാന്തത്തിലെ പൊരുൾ, ആശുപത്രി ബിസിനസുകാർ ശരിക്കും തിരിച്ചറിഞ്ഞു! അവരും ഹാപ്പി!

വൈറസല്ല അതിനപ്പുറവും കടന്നിട്ടുള്ളവനാണീ...

വൈറസ് രോഗങ്ങൾ കർഷകർക്ക് പുത്തരിയല്ല! കപ്പ, തക്കാളി, മുളക്, വെണ്ട, മത്തൻ തുടങ്ങിയ വിളകളിൽ ഇലകളുടെ മഞ്ഞളിപ്പും ചുരുളലും കുരുടിക്കലുമൊക്കെയായി തുടങ്ങി തുടർന്ന് ചെടികളുടെ വളർച്ച മുരടിപ്പിക്കുകയും ആരോഗ്യം ക്ഷയിപ്പിക്കുകയും ചെയ്യുന്ന ‘മൊസെയ്ക്ക്’ രോഗം, പലപ്പോഴും വെല്ലുവിളി സൃഷ്ടിക്കാറുമുണ്ട്. പല പ്രതിസന്ധികളെയും അതിജീവിച്ചവരാണവർ!

ഉണരൂ ഉപഭോക്താവേ ഉണരൂ

എന്നാൽ, മനുഷ്യനുമേൽ സൂക്ഷ്മാണുക്കൾ മേൽക്കോയ്മ സ്ഥാപിച്ചുകഴിഞ്ഞ ഇക്കാലത്ത്, കൊറോണാ വൈറസ് ഭീതിയിൽ ലോകം തന്നെ പൂട്ടിക്കെട്ടിയിരിക്കുമ്പോൾ, നമ്മളെ ഊട്ടാൻ, തുടർന്നും  ഇതേയളവിൽ എവിടെയെങ്കിലുമൊക്കെ ആരെങ്കിലുമൊക്കെ എന്തെങ്കിലുമൊക്കെ വിളയിച്ചു തരും എന്നു ചിന്തിക്കുന്നത് പോലും മണ്ടത്തരമാകാം.

പിന്നെന്തു ചെയ്യണം?

ഭക്ഷ്യവിളകൾ - സാധ്യമായതെന്തും മനുഷ്യനു കഴിക്കാവുന്നതെന്തും വിശപ്പടക്കാവുന്നതെന്തും – അമിത പരിചരണമോ പരിലാളനമോ വേണ്ടാത്തവയായാൽ ഏറെ നന്ന് – വീട്ടുവളപ്പിൽ സ്വന്തം ഉപയോഗത്തിനായി വളർത്തുക. സൂര്യപ്രകാശത്തിന്റെ ലഭ്യതയ്ക്കനുസൃതമായി വിളകൾ ക്രമീകരിക്കുക. വിവിധ ധാന്യ, പയർ, കിഴങ്ങ്, പച്ചക്കറി, പഴവർഗവിളകൾ (പയർ, ചേന, കാച്ചിൽ, ചേമ്പ്, കപ്പ, പച്ചച്ചീര, മുരിങ്ങ, കുമ്പളം, നിത്യവഴുതന, ഇഞ്ചി, കാന്താരി, വാഴ, കപ്പളം തുടങ്ങിയവയ്ക്കൊപ്പം ക്വിനോവ പോലുള്ള ധാന്യവിളകളും പരീക്ഷിക്കാം) ഇവയിൽ പലതിന്റെയും നാടൻ ഇനങ്ങളും നടീൽവസ്തുക്കളും നാട്ടിൻപുറങ്ങളിൽ ലഭ്യവുമായിരിക്കും.

സ്ഥലദൗർലഭ്യമുള്ളവർക്ക് ടെറസ് കൃഷി, ബാൽക്കണി കൃഷി, പോളിഹൌസ് കൃഷി തുടങ്ങിയവയെ ആശ്രയിക്കാം. അനുയോജ്യ വിളകൾ വളർത്താം. ചെറിയ ഒരു കോഴിക്കൂടും മൂന്നാലു നാടൻകോഴികളെയും ഒപ്പം കൂട്ടാം. അവയുടെ പരിചരണം കുട്ടികളെ ഏൽപ്പിക്കാം.

ഒരു നാടൻപശു കൂടെയുണ്ടെങ്കിൽ ഉഷാർ! (പ്രായോഗികമായി പത്തു വീട്ടുകാർക്ക് ഒരു പശു എന്നുമാകാം) ചാണകത്തിന്റെ ഷെയർ മാത്രം കിട്ടിയാൽ പോലും ജോർ (ചാണകമില്ലാത്ത ജൈവകൃഷി ഉപ്പിടാത്ത കഞ്ഞിക്ക് സമം).

ഒപ്പം വേറിട്ട കൃഷികളും ശീലമാക്കാം. ഉദാ: സൂര്യപ്രകാശം ആവശ്യമില്ലാത്ത കൂൺ കൃഷി. വീട്ടുവളപ്പിലെ ഉണക്കപ്പുല്ലും വാഴക്കച്ചിയും മറ്റും കൂൺകൃഷിക്ക് നല്ല മാധ്യമമാണ്‌. ശരീരത്തിന് ആവശ്യമായ ഗുണനിലവാരമുള്ള മാംസ്യത്തിനു വേറെ വഴികൾ തേടേണ്ടതുമില്ല! പഞ്ചായത്ത് / വാർഡ് അടിസ്ഥാനത്തിൽ കൂൺ വിത്തുൽപാദനം ആരംഭിച്ചാൽ നല്ലൊരു വരുമാനമാർഗവുമാകും.

ഗാർഹിക ഹരിതവിപ്ലവം

ഒരു വാർഡിലെ നൂറോ നൂറ്റമ്പതോ വീടുകളെ കോർത്തിണക്കി കേരളത്തിൽ അങ്ങോളമിങ്ങോളം പടർന്നു പന്തലിച്ചു കിടക്കുന്ന റെസിഡൻസ് അസോസിയേഷനുകൾക്ക് ഈ ഗാർഹിക ഹരിതവിപ്ലവത്തിന്റെ നെടുനായകത്വം വഹിക്കാൻ കഴിയും.

കൃഷി - കടലാസിൽനിന്നു മണ്ണിലേക്ക്

സംസ്ഥാന കൃഷിവകുപ്പിന്റെ കൃഷിഭവനുകൾ ഓരോ പഞ്ചായത്തിലുമുണ്ട്. പഞ്ചായത്തുകളിലെ തരിശുഭൂമിയിൽ, പാടങ്ങളിൽ, നെൽകൃഷിയിലെ സർക്കാർ - കർഷക സംയുക്ത ഗ്രൂപ്പ് ഫാമിംഗ് സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിനൊപ്പം ഓരോ പഞ്ചായത്തിലും ഓരോ വീട്ടുവളപ്പിലും ലഭ്യമായ കൃഷിയോഗ്യമായ ഭൂമിയുടെ അളവ് കൂടി തിട്ടപ്പെടുത്തുക.

സ്വന്തം മണ്ണിലെ അമ്ലത്വം, ജൈവാംശം, പോഷകമൂല്യം തുടങ്ങിയവ തിരിച്ചറിയാൻ മണ്ണ് പരിശോധനയ്ക്ക് വിധേയമാക്കുക. അതാത് പ്രദേശത്തെ മണ്ണിനും ഭൂപ്രകൃതിക്കും അനുയോജ്യമായ വിളകൾ ഇനങ്ങൾ തുടങ്ങിയവയെക്കുറിച്ചുള്ള വിവരങ്ങൾ കൃഷി ഓഫീസർമാരിൽനിന്നു ചോദിച്ചു മനസിലാക്കുക.

അനുയോജ്യമായ ആവശ്യമായ മുന്തിയ ഇനം വിത്തും നടീൽ വസ്തുക്കളും കൃഷിഭവനുകൾ വഴി ഓരോ വാർഡിലും ലഭ്യമാക്കണം. തുടർന്ന്, ആവശ്യമായ മാർഗനിർദ്ദേശങ്ങളും പ്രോത്സാഹനവും പിന്തുണയും കൃഷിയിലുടനീളം ലഭിക്കുമെന്ന് ഉറപ്പു വരുത്തുകയും വേണം.

കാർഷികവിജ്ഞാനം - കടലാസിൽനിന്നു മണ്ണിലേക്ക്

കേരള കാർഷിക സർവകലാശാലയുടെ / കേന്ദ്ര സർക്കാരിന്റെ, കുറഞ്ഞത് ഒരു കാർഷിക വിജ്ഞാന വ്യാപന / കാർഷിക ഗവേഷണ സ്ഥാപനമെങ്കിലുമില്ലാത്ത ഒരു ജില്ലയും കേരളത്തിലില്ല. നൂതന സാങ്കേതികവിദ്യകൾക്കും ശാസ്ത്രീയ കൃഷിരീതികൾക്കും വിളപരിപാലനമുറകൾക്കും പരിശീലനപരിപാടികൾക്കും പുതിയ വിത്തിനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾക്കുമൊക്കെ ഈ സ്ഥാപനങ്ങളുമായി ബന്ധപ്പെടുകയും ആവശ്യമായ സാങ്കേതികപിന്തുണ കൃഷിയിലുടനീളം ലഭിക്കുമെന്ന് ഉറപ്പു വരുത്തുകയും വേണം.

ജീവൻ - മനുഷ്യന്റെയും സസ്യങ്ങളുടെയും മണ്ണിന്റെയും

ചാണകത്തിനും കോഴിക്കാഷ്ഠത്തിനും പുറമെ വീട്ടിലെ / അടുക്കളയിലെ മാലിന്യങ്ങളൊക്കെ കമ്പോസ്റ്റാക്കി വിളകൾക്ക് നൽകാം. ജൈവവളമോ ജീവാണുവളമോ വിപണിയിൽനിന്നു വാങ്ങി വഞ്ചിതരാകാതിരിക്കുക. കമ്പോസ്റ്റും ചപ്പുചവറുമൊക്കെയിട്ട് മണ്ണിലെ ജൈവാംശം വർധിപ്പിക്കുക രാസവളങ്ങളും രാസകീടനാശിനികളും ഒഴിവാക്കുക. സ്വാഭാവികമായും, ജീവാണുക്കളൊക്കെ മണ്ണിൽ പെരുകിക്കൊള്ളും ഭക്ഷ്യസുരക്ഷക്കൊപ്പം മണ്ണിന്റെ ജീവനും പരിസ്ഥിതി സന്തുലനവുമൊക്കെ നമുക്ക് ഉറപ്പുവരുത്താം. ചെലവ് കുറഞ്ഞ രീതിയിൽ കണികജലസേചന സൗകര്യമൊരുക്കി ജലത്തിന്റെ അമിതോപയോഗം ഒഴിവാക്കാം.

ശത്രുക്കളുമായി സാമൂഹ്യഅകലം

ലളിതമായ ജൈവിക / ജൈവപ്രതിരോധ മാർഗ്ഗങ്ങളിലൂടെ വിളകളിലെ കീട-രോഗ നിയന്ത്രണവും ഉറപ്പാക്കാം. ശത്രുക്കളുമായി സാമൂഹ്യ അകലം പാലിക്കാം മിത്രകീടങ്ങൾ അവരുടെ ജോലി ചെയ്തുകൊള്ളും. ചിലവോ തുച്ഛം; ഗുണമോ മെച്ചം; പണമോ മിച്ചം!

സ്വന്തം മൂക്കും വായും മാസ്ക്കുപയോഗിച്ച് ‘ലോക്ക് ഡൌൺ’ ചെയ്തും കൈകൾ ഇടയ്ക്കിടയ്ക്ക് സോപ്പുപയോഗിച്ച് കഴുകിയും അനാവശ്യമായി വിരലുകൾ മൂക്കിലും കണ്ണിലും വായിലുമൊക്കെ ഇടുന്ന സ്വാഭാവമൊക്കെ അവസാനിപ്പിച്ചും ചുറ്റുവട്ടത്തുള്ള കൊറോണാസുരനെ നമുക്ക് കൂടെ കൂട്ടാതിരിക്കാം. കബളിപ്പിക്കാം! ഗൃഹനാഥന്റെയോ / നാഥയുടെയോ ദൃഷ്ടി കൂടി സ്ഥിരമായി ലഭിക്കുമ്പോൾ വിളകളും ഹാപ്പി!

English summary: We need a new Green Revolution, Green Revolution, Home Garden

 

 



ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com