ADVERTISEMENT

ഗൾഫ് യുദ്ധത്തിനും നിതാഖാത്തിനും (സ്വദേശിവൽക്കരണം) ശേഷം നമ്മുടെ പ്രവാസികൾ കൂട്ടത്തോടെ മടങ്ങിയെത്തുന്ന മറ്റൊരു സാഹചര്യമാണു കോവിഡ് സൃഷ്ടിക്കുന്നത്. പലർക്കും ഇനി തിരിച്ചുപോകാനാകാത്ത സ്ഥിതി. നാട്ടിലുള്ളവർ തന്നെ തൊഴിൽ നഷ്ടത്തിന്റെ ആശങ്കയിൽ കഴിയുമ്പോൾ എല്ലാവർക്കും കൂടി ചെയ്യാൻ ജോലിയെവിടെ? 

‘സംരംഭം’ എന്ന ഒറ്റവാക്കാണ് ആദ്യമറുപടി. കച്ചവടവും ബിസിനസും രക്തത്തിൽ അലിഞ്ഞുചേർന്ന മലബാറുകാരൻ പക്ഷേ സംരംഭ സാധ്യതകൾ വേണ്ടവിധം ഇനിയും ഉപയോഗിച്ചിട്ടുണ്ടോ എന്നു സംശയം. പുത്തൻ ആശയങ്ങളും പഴയ അനുഭവങ്ങളും വിദഗ്ധമായി ചേരുംപടി ചേർക്കുന്നവർക്കു വിജയിക്കാം. കോവിഡനന്തര ചെറുകിട സംരംഭങ്ങൾക്ക് വൻ പദ്ധതികളൊരുക്കി സർക്കാരുകളും കൈപിടിക്കുമെന്നുറപ്പ്. 

നമ്മുടെ നാട്ടിൽ പരീക്ഷിക്കാവുന്ന പുതിയ സംരംഭ മാതൃകകൾ ഏതൊക്കെയാണ്? മുൻപ് വീണുപോയവരുടെ അനുഭവങ്ങളോ? നൂതന മത്സ്യക്കൃഷി മേഖഴയിലെ ചതിക്കുഴികൾ എന്തൊക്കെയാകാം?

ആ കുളത്തിൽ ചാടരുത് 

ആട്, തേക്ക്, മാഞ്ചിയം, നെറ്റ്‌വർക്ക് മാർക്കറ്റിങ് പരമ്പരയുടെ തുടർച്ചയായി ഇനി മലയാളിയെ കെണിയിൽ വീഴ്ത്താൻ എത്തുന്നതെന്താണ്? സംശയമില്ല ബയോഫ്ലോക് മത്സ്യകൃഷിയുടെ പേരിലുള്ള പാക്കേജുകളാണ്. പ്രവാസം മതിയാക്കി നാട്ടിലെ സംരംഭ മോഹവുമായി എത്തുന്നവർ കരുതിയിരിക്കേണ്ട തട്ടിപ്പ്. ചില ഏജൻസികളുടെ വാഗ്ദാനങ്ങളിൽ വീണ് ലക്ഷങ്ങൾ നഷ്ടമായവർ ഏറെയുണ്ട്. 

ജലത്തിൽ അമോണിയയെ വിഘടിപ്പിക്കുകയും സ്വയം മത്സ്യത്തിനു തീറ്റയാവുകയും ചെയ്യുന്ന ബാക്ടീരിയയെ ഉപയോഗിച്ചു നടത്തുന്ന ബയോഫ്ലോക് മികച്ച സാധ്യതകളുള്ള മത്സ്യക്കൃഷിരീതിയാണെന്നതിൽ സംശയമില്ല. എന്നാൽ, അതൊരുക്കാനെന്ന പേരിൽ യഥാർഥ ചെലവിന്റെ പലയിരട്ടി തട്ടിയെടുക്കാനെത്തുന്നവരെ തിരിച്ചറിയണമെന്നുമാത്രം.

എന്താണ് ബയോഫ്ലോക് 

ഇസ്രയേലിൽ ആവിഷ്കരിച്ച അതിസാന്ദ്രതാ മത്സ്യക്കൃഷി രീതിയാണ് ബയോഫ്ലോക്. കുളങ്ങളിലും ടാങ്കുകളിലും  സാധാരണ രീതിയിൽ വളർത്താവുന്ന മത്സ്യത്തിന്റെ പലയിരട്ടി ഇതിലൂടെ വളർത്താം. തീറ്റച്ചെലവ് കുറയ്ക്കാമെന്നതും താരമത്യേന രുചികരമായ മത്സ്യം ലഭിക്കുമെന്നതും രോഗബാധ പ്രശ്നമാകില്ലെന്നതും ഒട്ടേറെ കർഷകരെ ബയോഫ്ലോക്കിലേക്ക് ആകർഷിക്കുന്നുണ്ട്. ഇതു തിരിച്ചറിഞ്ഞ് സംസ്ഥാനത്ത് 25,000 വീടുകളിൽ ബയോഫ്ലോക് ടാങ്കുകൾ സ്ഥാപിക്കാനുള്ള വൻ പദ്ധതി സംസ്ഥാന സർക്കാർ അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. 

സദാ എയ്റേഷൻ (വായുസഞ്ചാരം) സൗകര്യമുള്ള ടാങ്കിൽ ഹെറ്ററോട്രോഫിക് ബാക്ടീരിയയെ വളർത്തി മത്സ്യം പുറന്തള്ളുന്ന അമോണിയ, നൈട്രേറ്റ്, നൈട്രൈറ്റ് തുടങ്ങിയ ഘടകങ്ങളെ വിഘടിപ്പിക്കുകയും സൂക്ഷ്മജീവി സാന്ദ്രത വർധിപ്പിക്കുകയും ചെയ്യുന്നതാണു ബയോഫ്ലോക് രീതി. വൻ തോതിൽ ഉണ്ടാകുന്ന ഈ ബാക്ടീരിയകൾ തന്നെ പിന്നീട് മത്സ്യത്തിനു ഭക്ഷണമാവുകയും ചെയ്യും. ഏതുതരം മത്സ്യവും ചെമ്മീനും ഇങ്ങനെ വളർത്താം. വെള്ളം മാറ്റുകയേ വേണ്ടാത്തതിനാൽ ജലദൗർലഭ്യമുള്ള സ്ഥലങ്ങളിൽ പരീക്ഷിക്കാവുന്ന ഏറ്റവും മികച്ച കൃഷി രീതിയാണിത്. 

fish-tank
ബയോഫ്ലോക്ക് മത്സ്യക്കൃഷിക്കായി തയാറാക്കിയിട്ടുള്ള ടാങ്ക്

വലയിലാക്കാൻ ഏജൻസികൾ 

മത്സ്യകർഷകരെ സഹായിക്കാനും ഈ രംഗത്തെ തട്ടിപ്പുകൾ തുറന്നുകാട്ടാനുമായി പ്രവർത്തിക്കുന്ന ‘മുറ്റത്തെ മീൻകുളം’ കൂട്ടായ്മയുടെ കണക്കനുസരിച്ച് വീട്ടുമുറ്റത്ത് 10,000 ലീറ്റർ ശേഷിയുള്ള ബയോഫ്ലോക് ടാങ്ക്, സ്ഥാപിക്കാൻ 30,000 രൂപയിൽ താഴെ മതി. എന്നാൽ 50,000 മുതൽ ലക്ഷങ്ങൾ വരെയാണ് ചില ഏജൻസികൾ കർഷകരിൽനിന്ന് ഈടാക്കുന്നത്. 

25,000 ബയോഫ്ലോക് യൂണിറ്റുകൾ കർഷകർക്ക് വിതരണം ചെയ്യാൻ സംസ്ഥാന സർക്കാർ കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു. ഇതിനായി വകയിരുത്തിയ 1150 കോടി രൂപ വളരെ കൂടുതലാണെന്നും ഈ രംഗത്തെ ബോധവൽക്കരണത്തിന് കൂട്ടായ ശ്രമമുണ്ടാകണമെന്നും വിദഗ്ധർ പറയുന്നു. 

English summary: Fish Farming Scam in Kerala, Biofloc fish farming, Fish Farming

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com