നമ്മൾ നിരന്തരം കർഷകരെക്കുറിച്ച് പറയുന്നു, കർഷകൻ എന്ന വാക്കിന് ഒരു നിർവചനം നൽകാമോ?

HIGHLIGHTS
  • ദേശീയ കർഷക കമ്മീഷൻ പറയുന്നതെന്ത്?
  • നിർവചനങ്ങൾക്കപ്പുറം സംഭവിക്കുന്നത്
farmer
SHARE

പ്രഖ്യാപിക്കുന്ന പദ്ധതികളൊക്കെ കർഷകക്ഷേമത്തിനുള്ളതായിരിക്കും. പ്രസംഗിക്കുന്ന വാക്കുകളില്ലെല്ലാം കർഷക സ്നേഹം വഴിഞ്ഞൊഴുകുന്നുണ്ടാവും. കർഷകർ എന്നും എപ്പോഴും നാടിന്റെ വാഴ്ത്തപ്പെടാത്ത നായകരാണെന്ന് നിരന്തരം ഓർമിപ്പിക്കുന്നുമുണ്ടാവും. കോവിഡ് തകർത്ത രാജ്യത്തിന്റെ സാമ്പത്തികരംഗത്തെ ഉത്തേജിപ്പിക്കാനുള്ള ബഹുമുഖ പാക്കേജുകളിലെല്ലാം കാർഷികമേഖലയെ ഉയിർത്തെഴുന്നേൽപ്പിക്കണ്ടതിനായി പദ്ധതികളുമുണ്ട്. എങ്കിലും ഒരു ചോദ്യം ഉത്തരം തേടി മുൻപിൽ വന്നു നിൽക്കുന്നു. ആരാണ് ഒരു കർഷകൻ? കർഷകൻ എന്ന വാക്കിന്റെ ഔപചാരിക നിർവചനം എന്താണ്?

ഉത്തരം മുട്ടിയ പാർലമെന്റിലെ ചോദ്യം

ആരാണൊരു കൃഷിക്കാരൻ? കർഷകനെന്ന വാക്കിന് സർക്കാർ നൽകുന്ന നിർവചനമെന്താണ്? നിർവചനമനുസരിച്ച് ഇന്ത്യയിൽ എത്ര കർഷകരുണ്ട്? രാജ്യത്തെ കർഷക കുടുംബങ്ങളുടെ എണ്ണമറിയാൻ ഏന്തെങ്കിലും പഠനങ്ങൾ നടന്നിട്ടുണ്ടോ? കഴിഞ്ഞ നവംബർ മാസത്തിൽ പാർലമെന്റിൽ ഉയർന്ന ഒരു ചോദ്യമാണ് മുകളിൽ കൊടുത്തത്. ‘കോട്ടയത്ത് എത്ര മത്തായിമാരുണ്ട്’ എന്ന ചോദ്യം പോലെ ഉയർത്തപ്പെട്ട ഒന്ന്. 

നിർഭാഗ്യകരമെന്നു പറയട്ടെ. ചോദ്യത്തിനു കൃത്യമായ ഉത്തരം നൽകാൻ കൃഷിയുടെ, കർഷക ക്ഷേമത്തിന്റെ ചുമതലയുള്ള മന്ത്രിക്ക് കഴിഞ്ഞില്ലായെന്ന് പത്രങ്ങൾ റിപ്പോർട്ട് ചെയ്യുകയും ചെയ്തു. കർഷകനെ നിർവചിക്കുന്നതിൽ സർക്കാരിനു തന്നെയുള്ള അവ്യക്തത ഗൗരവമായ കുരുക്കുകൾ സൃഷ്ടിക്കാൻ പര്യാപ്തമാണെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു. കാർഷിക പദ്ധതികളുടെ രൂപകൽപനയിലും ഗുണഭോക്താക്കളുടെ തിരഞ്ഞെടുപ്പിലുമൊക്കെ ഇതു പ്രതിഫലിക്കും. കേന്ദ്ര സർക്കാരിന്റെ നിലവിലുള്ള ഏറ്റവും പ്രധാന കാർഷിക പദ്ധതിയായ പിഎം കിസാൻ ( Pradhan Mantri Kisan Samman Nidhi) പദ്ധതിയുടെ നിർവഹണത്തിലും ഇത്  കുഴപ്പങ്ങളുണ്ടാക്കിയെന്നു വരാം. എന്തായാലും മേൽപ്പറഞ്ഞ ചോദ്യത്തിന് എഴുതി നൽകിയ ഉത്തരത്തിൽ കൃഷിക്കാരന്റെ നിർവചനത്തിന് പകരം കൃഷി ഒരു സ്റ്റേറ്റ് വിഷയമാണെന്ന ഉത്തരമാണ് മന്ത്രിയിൽനിന്നും ലഭിച്ചത്. ഒപ്പം കൃഷിഭൂമിയുടെ കൈവശാവകാശത്തെക്കുറിച്ചുള്ള വിവരങ്ങളും നൽകുകയുണ്ടായി. 

സ്വന്തമായി കൃഷിഭൂമിയുള്ള എല്ലാ കർഷക കുടുംബങ്ങൾക്കും വരുമാന സ്ഥിരതയ്ക്കുള്ള സഹായം പി എം- കിസാൻ പദ്ധതി പ്രകാരം നൽകുന്ന കാര്യവും രാജ്യസഭയിൽ എഴുതി നൽകുകയുണ്ടായി. തുടർന്നു നടന്ന ചർച്ചയിലാണ് കൃഷിക്കാരൻ എന്നതിന്റെ നിർവചനം  കൈവശഭൂമിയുടെ അടിസ്ഥാനത്തിൽ നിർവചിക്കുന്നതു മൂലമുണ്ടാകുന്ന പരിമിതികൾ ചൂണ്ടിക്കാണിക്കപ്പെട്ടത്. സ്വന്തമായി കൃഷിഭൂമിയുള്ളതു മാത്രമാണ് കാർഷിക കുടുംബമെന്നതിനെ നിർവചിക്കുന്നതെങ്കിൽ ക്ഷീരകർഷകർ, മീൻ വളർത്തുന്നവർ, പഴങ്ങളും പൂക്കളും  കൃഷിചെയ്യുന്നവർ, മറ്റുള്ളവരുടെ ഭൂമിയിൽ പണിയെടുക്കുന്ന കർഷകത്തൊഴിലാളികൾ എന്നിവർ ഇതിലുൾപ്പെടാതെ പുറത്താകുന്ന അവസ്ഥയുണ്ടാക്കില്ലേയെന്ന ചോദ്യവുമുയർന്നു.

ദേശീയ കർഷക കമ്മീഷൻ പറയുന്നതെന്ത്?

പ്രസിദ്ധ കാർഷിക ശാസ്ത്രജ്ഞനായ എം.എസ്. സ്വാമിനാഥന്റെ നേതൃത്വത്തിൽ രൂപവൽക്കരിക്കപ്പെട്ട ദേശീയ കർഷക കമ്മീഷൻ, വ്യക്തവും സമഗ്രവുമായ നിർവചനം കർഷകനു നൽകിയിട്ടുണ്ട്. കമ്മീഷന്റെ റിപ്പോർട്ട് സംസ്ഥാന സർക്കാരുകളുമായുള്ള കൂടിയാലോചനകൾക്കു ശേഷം 2007ൽ കേന്ദ്ര സർക്കാർ അംഗീകരിച്ചതുമാണ്. മേൽ പറഞ്ഞ കമ്മീഷൻ കർഷകൻ എന്നതിനെ താഴെ പറയുന്ന രീതിയിലാണ് നിർവചിക്കുന്നത്.

  1. സാമ്പത്തികനേട്ടം അല്ലെങ്കിൽ ഉപജീവനം (അല്ലെങ്കിൽ രണ്ടും) ലക്ഷ്യം വച്ച് വിളകൾ വളർത്തുകയും മറ്റു പ്രാഥമിക കാർഷികോൽപന്നങ്ങൾ ഉൽപാദിപ്പിക്കുകയും ചെയ്യുന്ന പ്രവൃത്തിയിൽ  സജീവമായി ഉൾപ്പെട്ടിരിക്കുന്നയാൾ
  2. സ്വന്തമായി കൃഷിഭൂമിയുള്ളവർ, കൃഷി ചെയ്യുന്നവർ, കർഷകത്തൊഴിലാളികൾ, പങ്കു കൃഷിക്കാർ, പാട്ടകൃഷിക്കാർ, കന്നുകാലി–കോഴി വളർത്തലുകാർ, മത്സ്യക്കൃഷിക്കാർ, തേനീച്ച വളർത്തുന്നവർ, ഇടയന്മാർ, പൂ–പഴത്തോട്ടക്കാർ, കോർപ്പറേറ്റിതര തോട്ടമുടമകൾ, തോട്ടങ്ങളിലെ പണിക്കാർ എന്നിവർ കർഷകൻ എന്നതിൽ ഉൾപ്പെടുന്നു.
  3. കൃഷിയുമായി ബന്ധമുള്ള ജോലികളായ പട്ടുനൂൽപ്പുഴു വളർത്തൽ, വെർമിക്കൾച്ചർ, അഗ്രോ ഫോറസ്ട്രി എന്നിവയിൽ ഏർപ്പെട്ടിരിക്കുന്നവർ.
  4. സ്ഥലം മാറി മാറി കൃഷിയിറക്കുന്ന ഗോത്രവർഗ കുടുംബങ്ങൾ, വ്യക്തികൾ എന്നിവർ
  5. വനത്തിൽനിന്ന് തടിയല്ലാത്ത ചെറു ഉൽപന്നങ്ങൾ വിൽപനയ്ക്കോ ഉപയോഗത്തിനോ ശേഖരിക്കുന്നവർ

മേൽ പറഞ്ഞ വിശാലവും സമഗ്രമമായ നിർവചനത്തിൽ ഉൾപ്പെടുന്ന കൃഷിക്കാരുടെ അറ്റാദായത്താൽ പ്രകടമായ വർധനയുണ്ടാക്കുന്നതിനും അവർക്ക് സഹായകരമായ സേവനങ്ങൾ നൽകുന്നതിനും പ്രധാന്യം നൽകണമെന്ന് കമ്മീഷൻ പ്രത്യേകം ഓർമപ്പെടുത്തിയിരുന്നു. ഇത്തരമൊരു നിർവചനം കേവലം വാക്കുകളിൽനിന്ന് പ്രവൃത്തിയിലേക്ക് വരുന്നതായി കൃഷിക്കാർക്ക് അനുഭവപ്പെട്ടു തുടങ്ങിയിട്ടില്ലായെന്നതാണ് 13 വർഷങ്ങൾക്കിപ്പുറവും നിസംശയം  പറയാവുന്ന സത്യം.

നിർവചനങ്ങൾക്കപ്പുറം സംഭവിക്കുന്നത്

കർഷകൻ ആരാണെന്നതിന് കേന്ദ്ര സർക്കാർ പതിമൂന്നു വർഷങ്ങൾക്കു മുമ്പ് ഔദ്യോഗികമായി അംഗീകരിച്ച ഒരു നിർവചനമുണ്ടായിട്ടും അതംഗീകരിക്കാൻ സംവിധാനങ്ങൾക്ക് മടിയാണ്. താങ്ങുവില നൽകി ഗോതമ്പും അരിയും ശേഖരിക്കുന്നിടത്തു തുടങ്ങി, കർഷക ക്ഷേമപദ്ധതികളിൽ അംഗമായി ചേർക്കുന്നിടത്തു വരെ സ്വന്തമായി കൃഷിഭൂമിയുള്ളവർ മാത്രം കർഷകരായി എണ്ണപ്പെടുന്നുള്ളൂ. മണ്ണിൽ പണിയെടുക്കുന്നവർ ആത്മഹത്യ ചെയ്താൽ അത് കർഷക ആത്മഹത്യയുടെ കണക്കിൽ വരവു വയ്ക്കപ്പെടാറില്ലെന്ന് കാർഷികനിരീക്ഷകർ പറയുന്നു.

2011ലെ സെൻസസ് പ്രകാരം 11.8 കോടി പേർ കൃഷിക്കാരായും, 14.4 കോടി കർഷകത്തൊഴിലാളികളായും രേഖകളിൽ ചേർക്കപ്പെട്ടിരിക്കുന്നു. കാർഷിക വായ്പകളും പലിശയിളവും കടാശ്വാ സവും സ്വന്തമായി ഭൂമിയില്ലാത്ത കർഷകർക്ക് അന്യമാകുന്നു. വിള ഇൻഷുറൻസും, കടം എഴുതിത്തള്ളലുമൊക്കെ ഇവർക്ക് കേട്ടുകേൾവി മാത്രമാകുന്നു. കൃഷിഭൂമിയുടമയെന്ന ലേബലില്ലാത്തവർക്ക് പിഎം കിസാൻ പദ്ധതി സഹായം പോലും പരിധിക്കു പുറത്തു തന്നെ. കൃഷി ചെയ്യാതെ ഭൂമി തരിശിട്ടാലും, സത്യവാങ്മൂലം തെറ്റായി നൽകി നികുതിയിളവ് വാങ്ങുന്നവരുമുണ്ട്.

തിരിച്ചറിയണം യഥാർഥ കർഷകരെ

കൃഷിക്കാരനാരെന്നു  നിയമപരമായി തിരിച്ചറിയാൻ സ്വാമിനാഥൻ കമ്മീഷൻ നിശ്ചയിച്ച മാനദണ്ഡം നിയമപരമായി ഉപയോഗിച്ചു തുടങ്ങണം. ഓരോ വർഷവും ഓരോ തുണ്ടു ഭൂമിയും യഥാർഥത്തിൽ കൃഷി ചെയ്യുന്നതാരെന്നു കണ്ടു പിടിക്കേണ്ടത് റവന്യൂ വകുപ്പാണ്. ജിപിഎസ്, ജി‌ഐസ്, ആധാർ എന്നിങ്ങനെ മാർഗങ്ങൾ നിരവധിയുള്ളപ്പോൾ ഇതത്ര ബുദ്ധിമുട്ടുള്ള കാലമല്ല ഇത്. യഥാർഥ കൃഷിക്കാരെ ഉൾപ്പെടുത്തി, കൃഷി ചെയ്യാത്ത ഭൂവുടമകളെ ഒഴിവാക്കി പദ്ധതികളുടെ ഗുണങ്ങൾ അവകാശികളിലെത്തിക്കേണ്ടിയിരിക്കുന്നു. ഏറ്റവും പ്രധാനമായ കാര്യം കൃഷിക്കാരിൽ 60-70 ശതമാനം സ്ത്രീകളാണെന്നതാണ്. പക്ഷേ ഭൂ ഉടമസ്ഥതയുടെ രേഖകളിൽ ചേർത്തു  നോക്കിയാൽ ഇവരുടെ പേരുകൾ തെളിയില്ലായെന്നു മാത്രം.

2019-ലെ നവംബറിലെ കണക്കുകൾ നോക്കിയാൽ പി എം കിസാൻ  പദ്ധതിക്കായി ബഡ്ജറ്റിൽ മാറ്റിവെച്ച തുകയുടെ 37 ശതമാനമാണ് ചെലവഴിക്കപ്പെട്ടിട്ടുള്ളത്. 14.5 കോടി ഗുണഭോക്താക്കളെ ലക്ഷ്യം വച്ചതിൽ എത്തിച്ചേർന്നത് 7.5 കോടി കൃഷിക്കാരിൽ മാത്രം. കാരണം സ്വന്തമായ ഭൂമിയിലെ  കൃഷി മാത്രമാണ് പരിഗണിക്കപ്പെടുന്നത്. കോവിഡ് അനന്തര കാർഷിക പദ്ധതികൾ ലക്ഷ്യം കാണണമെങ്കിൽ ദേശീയ കർഷക കമ്മീഷൻ വിഭാവനം ചെയ്ത വിശാലമായ നിർവചനം നിയമപരമായി കർഷകർക്ക് നൽകണം. അപ്പോൾ സ്വന്തമായി ഭൂമിയില്ലാതെ ആടിനെയും പശുവിനെയും മേയിച്ച് ജീവനം തേടുന്നവനും അന്യന്റെ  ഭൂമിയിൽ  പാട്ടത്തിന് കൃഷിയിറക്കുന്നവനും മീൻ വളർത്തുന്നവനും കാട്ടു തേൻ ശേഖരിക്കുന്നവനും  പ്രാഥമിക ഉൽപാദനമേഖലയിൽ എണ്ണപ്പെടുകയുള്ളൂ. അതുവരെ നമ്മൾ കൊയ്യും വയലൊന്നും നമ്മുടേതാകില്ല..

English summary: Who is a farmer?

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA