മൂങ്ങക്കുഞ്ഞ് മാതാപിതാക്കൾക്കൊപ്പം വന്നു, തന്റെ ജീവൻ രക്ഷിച്ച മനുഷ്യനെ കാണാൻ–വിഡിയോ

HIGHLIGHTS
  • കാക്കകൾ തൂവൽ മുളയ്ക്കാത്ത രണ്ടു കുഞ്ഞുങ്ങളെ ആക്രമിച്ചു
  • കമിഴ്ന്നും മലർന്നും ചെരിഞ്ഞും ഒക്കെ കിടന്നുറങ്ങും
owl
SHARE

നന്നേ ചെറുപ്പത്തിൽ ജീവൻ നഷ്ടപ്പെട്ടേക്കാവുന്ന അവസ്ഥയിൽ തന്നെ എടുത്തു വളർത്തിയ മനുഷ്യനെ കാണാൻ അവൻ എത്തി, തന്റെ മാതാപിതാക്കൾക്കൊപ്പം. പറഞ്ഞുവരുന്നത് ഒരു പുള്ളിനത്തിന്റെ കാര്യമാണ്. നന്നേ ചെറുതായിരുന്നപ്പോൾത്തന്നെ പാടത്ത് മരണം കാത്തു കിടന്ന മൂങ്ങക്കുഞ്ഞിനെ എടുത്തു വളർത്തിയത്  തൃശൂർ സ്വദേശി ജവാഹിർ ആണ്. പറക്കാനും ഇരപിടിക്കാനും പഠിപ്പിച്ച് കഴിഞ്ഞ ഏപ്രിൽ 19ന് അദ്ദേഹം ആ കുഞ്ഞിനെ സ്വതന്ത്രമായി പുറത്തേക്കുവിട്ടു. നാളുകൾ കഴിഞ്ഞപ്പോൾ ഈ മാസം പത്തിന് ആ നത്ത് നന്ദി പറയാൻ അദ്ദേഹത്തിന്റെ വീട്ടിലെത്തി. 

ജവാഹിറിന്റെ വീടിനു മുന്നിലുള്ള നെൽപ്പാടത്ത് ഉണങ്ങിയ തെങ്ങിലായിരുന്നു രണ്ടു പുള്ളിനത്തുകൾ കൂടുകൂട്ടിയത്. spoted owlet എന്നാണ് അവയുടെ ഇംഗ്ലീഷ് പേര്. ഒരു ദിവസം പുലർച്ചെയുണ്ടായ ശക്തമായ കാറ്റിലും മഴയിലും അവ കൂടുണ്ടാക്കിയ ഭാഗംവെച്ച് തെങ്ങ് ഒടിഞ്ഞു വീണു. ഉച്ചയോടെയാണ് തെങ്ങ് ഒടിഞ്ഞ കാര്യം ജവാഹിറിന്റെ ശ്രദ്ധയിൽപ്പെട്ടത്. അദ്ദേഹം പാടത്ത് ഓടിച്ചെല്ലുമ്പോൾ കാക്കകൾ കൂട്ടമായി തൂവൽ മുളയ്ക്കാത്ത രണ്ടു കുഞ്ഞുങ്ങളെ ആക്രമിക്കുന്നു. നല്ല വെയിലും ചൂടും ഏറ്റ് അവ ഏകദേശം ചാവാറായിരുന്നു. കിട്ടി 10 മിനിറ്റിനുള്ളിൽ ഒരണ്ണം ചത്തുപോയി. ജീവനുണ്ടായിരുന്ന മറ്റേ കുഞ്ഞ് അദ്ദേഹത്തിന്റെ ഉത്തരവാദിത്തമായി മാറി. ഗൂഗിളിൽ നോക്കി ഈ ഇനം പക്ഷികളുടെ എല്ലാ വിശേഷങ്ങളും പഠിച്ചു. ഇന്ത്യൻ വന്യജീവി സംരക്ഷണ നിയമം 1972, Scheduled 4ൽ വരുന്ന ജീവികളിൽ പെട്ടതാണ് പുള്ളിനത്തുകൾ. 

കുഞ്ഞിനെ കിട്ടുമ്പോൾ ഒരു നാലോ അഞ്ചോ ദിവസം പ്രായമായി കാണും. ഭക്ഷണകാര്യത്തിൽ ആക്രാന്തകാരനായിരുന്നു അത്. വയറു നിറയ്ക്കണം. അതു കഴിഞ്ഞാൽ ഉറക്കം. മനുഷ്യക്കുഞ്ഞുങ്ങളെ പോലെ, കമിഴ്ന്നും മലർന്നും ചെരിഞ്ഞും ഒക്കെ കിടന്നുറങ്ങും. അത് കൂട്ടിൽ മാത്രമല്ല മടിയിലോ കയ്യിലോ ആയാലും കിടന്നുറങ്ങിക്കൊള്ളും. എപ്പോഴും കൊഞ്ചിക്കണം. അതു വലിയ ഇഷ്ടവും നിർബന്ധവും ആണ്. കുറച്ച് വളർന്നു കഴിഞ്ഞപ്പോൾ ഇരുന്നും നിന്നും പിന്നെ ഒറ്റക്കാലിൽ നിന്നും ഉറങ്ങിത്തുടങ്ങിയെന്ന് അദ്ദേഹം പറയുന്നു. 

ഭക്ഷണമാണ് ഏറ്റവും പ്രത്യേകത. ഇറച്ചി, മീൻ, പാറ്റ, ചാടൻ, പല്ലി, തവള മുതലായവ പ്രിയ ആഹാരങ്ങൾ. വേവിച്ചത് ഒന്നും കഴിക്കില്ല. ഫ്രഷ് ആയി കിട്ടിയ ചെറിയ ജീവികൾ ഇഷ്ട വിഭവം. ഏറ്റവും അത്ഭുതം നത്തുകൾ വെള്ളം കുടിക്കില്ല എന്നതാണ്. ഈ രണ്ടര മാസം ഒരിറ്റു പോലും വെള്ളം കുടിച്ചിട്ടില്ല. ഗൂഗിൾ പറഞ്ഞു തന്നു അത് അങ്ങനെതന്നെ ആണെന്ന്. 

രണ്ടു ദിവസം കൂടുമ്പോൾ പൈപ്പിനടിയിൽ കാട്ടി കുളിപ്പിക്കുമായിരുന്നു. കൂടു വൃത്തിയാക്കലായിരുന്നു ഏറ്റവും വലിയ പണി. ഒരു കറിക്കലത്തിൽ ചകിരി നാര് നിറച്ച് കൂട്ടിൽ വച്ചുകൊടുത്താൽ രണ്ടു ദിവസം കഴിയുമ്പോഴേക്കും വൃത്തികേടാകും ഉറുമ്പും വരും. അതിനാൽ രണ്ട് സെറ്റ് കലങ്ങൾ ജവാഹിർ തയാറാക്കി വച്ചിരുന്നു. ഒന്ന് കൂട്ടിൽ വയ്ക്കുമ്പോൾ ഒന്ന് കഴുകി വെയിലത്തുവച്ച് ഉണക്കും. 

നത്ത് സ്വയം ഇരപിടിക്കാൻ (ഓടുന്ന പ്രാണികളെയും പല്ലിയെയും പിടിക്കാൻ) ഒന്നര മാസമെങ്കിലും പ്രായം ആകണം. അതുവരെ ആൾക്ക് ഉന്നം തീരെ കുറവായിരിക്കും. അത് ചെന്നു പിടിക്കുമ്പോഴേക്കും പ്രാണികൾ അവരുടെ വീടെത്തിയിട്ടുണ്ടാകും. കുറച്ച് നേരം പരുന്തിനെ പോലെ ഇരയുടെ മേൽ അമർന്നു കിടക്കും. പിന്നേ ആ പിടുത്തം വിടില്ല, കൊത്തിത്തിന്നു തീരുന്നതു വരെ. അതുകൊണ്ടുതന്നെ പ്രകൃതിയിൽ പറന്നു നടക്കുന്ന നത്തുകൾ ചെയ്യുന്നതുപോലെ ഇരപിടിക്കാൻ പ്രത്യേകം പഠിപ്പിച്ചെടുക്കുകയായിരുന്നു. ഭക്ഷണം നൽകുന്നത് കുറച്ചതിനുശേഷം പുറത്തേക്ക് അഴിച്ചുവിട്ടായിരുന്നു ഈ ഇരപിടിക്കൽ പരിശീലനം. 

പൂർണമായും പറക്കാറായി, ഇരപിടിക്കാറായി എന്നു തോന്നിയപ്പോഴാണ് കുഞ്ഞിനെ സ്വതന്ത്രമായി പ്രകൃതിയിലേക്കു തന്നെ മടക്കി അയച്ചത്. മൂന്നാഴ്ചയ്ക്കുശേഷം ആ കുഞ്ഞ് മാതാപിതാക്കൾക്കൊപ്പം ജവാഹിറിന്റെ വീടിനു സമീപത്തെ മരത്തിൽ വന്നിരുന്നശേഷം പറന്നുപോയി. അവ ഇപ്പോഴും തന്റെ വീടിന്റെ പരിസരപ്രദേശത്തുണ്ടെന്നും അവയുടെ ശബ്ദം കേൾക്കാമെന്നും ജവാഹിർ പറയുന്നു.

ഇത്തരം വന്യജീവികളെ ഇണക്കി വളർത്തുന്നത് നല്ല കാര്യമല്ല. ഇണങ്ങുക എന്നാൽ അതിന്റെ പ്രകൃത്യാ ഉള്ള ‘പേടി’ ഇല്ലാതാക്കലാണ്. ആ പേടിയാണ് അവരുടെ ശത്രുക്കൾ വരുമ്പോൾ പെട്ടന്ന് പറന്നു പോകാനോ ഓടി പോകാനോ ഇവരെ സജ്ജമാക്കുന്നത്. അതില്ലാത്ത പക്ഷം ഒരു പൂച്ച ചാടി വന്നാലും ഇവ നോക്കി ഇരിക്കും.

വന്യജീവികളെ വളർത്താൻ നിയമം അനുശാസിക്കുന്നില്ലെങ്കിലും അവയുടെ ജീവൻ രക്ഷിക്കുന്നത് വളരെ നല്ല കാര്യമാണ്. അതുകൊണ്ടുതന്നെ അപകടത്തിൽപ്പെട്ട് മരണത്തോടു മല്ലിടുന്ന ഇത്തരം ജീവികളെ മരണത്തിലേക്ക് തള്ളിവിടാതെ ചികിത്സിച്ച് പ്രകൃതിയിലേക്ക് തിരികെ വിടാൻ ശ്രമിക്കണം.

ജവാഹിറിനെ കാണാൻ പുള്ളിനത്തുകൾ വന്നപ്പോൾ, വിഡിയോ...

English summary: Owl Recognizes The Man Who Saved Him, Spotted owl

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA