sections
MORE

തിലാപ്പിയയിൽ തോറ്റപ്പോൾ ഗൗരാമിയുടെ നെഞ്ചത്തേക്ക്; ഇതാണ് ഇപ്പോഴത്തെ മത്സ്യകൃഷി അവസ്ഥ

HIGHLIGHTS
  • 4 മീറ്റർ വ്യാസമുള്ള ടാങ്കുകളിൽനിന്ന് 600 കിലോഗ്രാം മത്സ്യം
  • സദാ സമയവും ശ്രദ്ധ വേണം
gourami
SHARE

തലവാചകത്തിൽ സൂചിപ്പിപ്പിച്ചതുപോലെ ഇതാണ് കേരളത്തിലെ മത്സ്യകൃഷിയുടെ അവസ്ഥ. കേട്ട പാതി കേൾക്കാത്ത പാതി മത്സ്യക്കൃഷി ചെയ്ത് ലാഭമുണ്ടാക്കാൻ തുനിഞ്ഞിറങ്ങിയവരിൽ നല്ലൊരു ശതമാനവും ചാടിയ കുളത്തിനുള്ളിൽനിന്ന് കരകയറാനാവാത്ത അവസ്ഥയിലാണ്. തിലാപ്പിയ വളർത്തി കാശു പോയവർ ഇപ്പോൾ ജയന്റ് ഗൗരാമികളിലേക്കാണ് തിരിഞ്ഞിരിക്കുന്നത്. വ്യക്തമായ ധാരണയും അറിവും ഇല്ലാതെ തിലാപ്പിയ വളർത്തിയാലും ജയന്റ് ഗൗരാമികളെ വളർത്തിയാലും നഷ്ടംതന്നെയായിരിക്കും ഫലം.

കേരളത്തിൽ ഏറ്റവുമധികം കൃഷി ചെയ്തുവരുന്ന മത്സ്യങ്ങളിലൊന്നാണ് തിലാപ്പിയ. തിലാപ്പിയയുടെ വിവിധ വകഭേദങ്ങളായ ഗിഫ്റ്റും (ജെനറ്റിക്കലി മോഡിഫൈഡ് ഫാംഡ് തിലാപ്പിയ) എംഎസ്‌ടിയും (മോണോ സെക്സ് തിലാപ്പിയ), ചിത്രലാഡയുമൊക്കെ മത്സ്യക്കർഷകരിലേക്ക് ലക്ഷക്കണക്കിന് എത്തുന്നുണ്ട്. ഇതിൽ ഗിഫ്റ്റ് ആർജിസിഎ (രാജീവ് ഗാന്ധി സെന്റർ ഫോർ അക്വാകൾച്ചർ) ആണ് വിതരണം ചെയ്യുക. കേരളത്തിൽ വല്ലാർപാടത്താണ് ആർജിസിഎയുടെ ഔട്ട്‌ലെറ്റ്. ഇതുകൂടാതെ ഫിഷറീസ് വകുപ്പ് തങ്ങളുടെ ഹാച്ചറികൾ വഴി ലൈസൻസുള്ള കർഷകർക്ക് ഗിഫ്റ്റ് വിതരണം ചെയ്യുന്നുണ്ട്. ആർജിസിഎയുടെ വിജയവാഡയിലെ ഹാച്ചറിയിൽനിന്നുള്ള കുഞ്ഞുങ്ങൾത്തന്നെയാണ് ഫിഷറീസ് വകുപ്പും വിതരണം ചെയ്യുന്നത്. ഇവ രണ്ടുമല്ലാതെ ലൈസൻസുള്ള വ്യക്തികൾ ആർജിസിഎയിൽനിന്നോ ഫിഷറീസിൽനിന്നോ കുഞ്ഞുങ്ങളെ വാങ്ങി മറിച്ചു വിൽക്കുന്ന പ്രവണതയുമുണ്ട്. എന്നാൽ, ഇത് നിയമവിരുദ്ധമാണെന്നു മാത്രമല്ല ബംഗാളിൽനിന്നെത്തുന്ന ഗുണമേന്മ കുറഞ്ഞ തിലാപ്പിയക്കുഞ്ഞുങ്ങളുമായി ചേർത്ത് വിൽക്കുന്നവരുമുണ്ട്. ഇത്തരം തട്ടിപ്പുകൾക്ക് തടയിടാൻ സംസ്ഥാന ഫിഷറീസ് വകുപ്പാണ് ശ്രദ്ധിക്കേണ്ടത്.

കേരളത്തിലെ മത്സ്യക്കൃഷി മേഖല ഏതാണ്ട് തകരുന്ന അവസ്ഥയിലേക്കാണ് നീങ്ങിക്കൊണ്ടിരിക്കുന്നത്. കേവലം 4 മീറ്റർ വ്യാസമുള്ള ടാങ്കുകളിൽനിന്ന് 600 കിലോഗ്രാം മത്സ്യങ്ങൾ ഉൽപാദിപ്പിക്കാം എന്നു വിശ്വസിപ്പിച്ച് ആളുകളെ പ്രലോഭിപ്പിക്കുന്ന സ്വകാര്യ ഏജൻസികളും വ്യക്തികളും ഇന്ന് കേരളത്തിൽ അങ്ങോളമിങ്ങോളമുണ്ട്. അതോടൊപ്പം മൂന്നു മാസംകൊണ്ട് പ്രജനനം തുടങ്ങുന്ന നിലവാരമില്ലാത്ത തിലാപ്പിയകൾ കർഷകർക്ക് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. ഇത്തരത്തിൽ പെരുകിത്തുടങ്ങിയാൽ മത്സ്യങ്ങൾക്കു വളർച്ച ലഭിക്കില്ലെന്നു മാത്രമല്ല കർഷകർക്ക് തീറ്റച്ചെലവ് കൂടുകയും ചെയ്യും.

കുറഞ്ഞ സ്ഥലത്ത് കൂടുതൽ മത്സ്യങ്ങളെ വളർത്താം എന്നതാണ് ആധുനിക മത്സ്യക്കൃഷി രീതികളുടെ സവിശേഷതകളായി ചിലർ ഉയർത്തിക്കാട്ടുന്നത്. റാസ് (റീസർക്കുലേറ്ററി അക്ക്വാകൾച്ചർ സിസ്റ്റം), ബയോഫ്ലോക്ക്, പെൻപാക്ക് തുടങ്ങിയവ ഇതിൽപ്പെടും. എന്നാൽ, മുടക്കുമുതലും ചെലവും എല്ലാം കൂട്ടിക്കിഴിച്ച് നോക്കിയാൽ ലാഭം കിട്ടിയവർ വളരെ ചുരുക്കമാണ്. മാത്രമല്ല കൊച്ചു കുഞ്ഞിനെ പരിചരിക്കുന്നതുപോലെ സദാ സമയവും ശ്രദ്ധയും വേണം. വൈദ്യുതി നിലച്ചാൽ അതിജീവിക്കാൻ കഴിയാത്ത അവസ്ഥയാണ് ഇത്തരം ചെറു ജലാശയങ്ങളിൽ അതിതീവ്ര എണ്ണത്തിൽ നിക്ഷേപിക്കുന്ന മത്സ്യങ്ങൾക്കുള്ളത്.

മാറ്റം വേണം

വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങളിൽ തിലാപ്പിയക്കൃഷി വ്യാപകമായി ചെയ്യുന്നത് പൊതു ജലാശയങ്ങൾക്കും അതുപോലെ നാടൻ മത്സ്യങ്ങൾക്കും ഭീഷണിയാണ്. ഗിഫ്റ്റ് ആണെങ്കിലും മറ്റിനങ്ങളാണെങ്കിലും ലൈസൻസ് നൽകുമ്പോൾ ഇക്കാര്യംകൂടി സംസ്ഥാന ഫിഷറീസ് വകുപ്പ് പരിഗണിക്കേണ്ടത് അത്യാവശ്യമാണ്. വലിയ തോതിൽ പെറ്റുപെരുകാൻ ശേഷിയുള്ള തിലാപ്പിയകളെ വളർത്തുമ്പോൾ ജൈവ സുരക്ഷാ മാർഗങ്ങൾ സ്വീകരിക്കണമെന്നാണ് കേന്ദ്രസർക്കാരിന്റെ മാനദണ്ഡം. എന്നാൽ, കേരളത്തിൽ അത് കാര്യക്ഷമമായി പാലിക്കപ്പെടുന്നില്ല. വെള്ളം കയറുന്ന പ്രദേശങ്ങളിൽ വ്യാപകമായി കൃഷിചെയ്തുവരുന്നത് തിലാപ്പിയകളാണ്. പൂർണമായും പിടിച്ചെടുക്കാൻ പറ്റാത്ത കുളങ്ങളിലും പാറമടകളിലും പോലും തിലാപ്പിയകളെ വളർത്താൻ പാടില്ലെന്ന് വിദഗ്ധർ പറയുന്നു.

കേരളത്തിലേക്ക് വരുന്നത് ലക്ഷക്കണക്കിന് കുഞ്ഞുങ്ങൾ

വിമാനസർവീസ് ഇല്ലാത്തതിനാൽ പ്രധാന മത്സ്യവിൽപന ഹബ്ബായ കൊൽക്കത്തയിൽനിന്ന് ചാർട്ടേഡ് വിമാനങ്ങളിലാണ് അടുത്ത ദിവസങ്ങളിൽ കേരളത്തിൽ മത്സ്യങ്ങളെത്തിയത്. ഈ മാസം 12ന് വന്ന ആദ്യ വിമാനത്തിൽ ഏകദേശം 30 ലക്ഷത്തോളം മത്സ്യക്കുഞ്ഞുങ്ങളെത്തി. വാള, റെഡ് ബെല്ലി, അനാബസ് എന്നിവയും ഇക്കൂട്ടത്തിലുണ്ടെങ്കിലും തിലാപ്പിയയാണ് എണ്ണത്തിൽ മുന്നിൽ. മേയ് 12, 20, 23 തീയതികളിലായി മൂന്നു ഷിപ്പ്മെന്റുകളാണുള്ളത്. പല ബ്രീഡർമാരിൽനിന്നെത്തുന്ന ഇത്തരം കുഞ്ഞുങ്ങളിൽ തിലാപ്പിയ ലേക്ക് വൈറസിന്റെ (tilapia lake virus) സാന്നിധ്യം തള്ളിക്കളയാനാവില്ല.  അതുകൊണ്ടുതന്നെ കർഷകർ ശ്രദ്ധിക്കണം. ഇത്തരത്തിൽ വൻതോതിൽ എത്തുന്ന മത്സ്യങ്ങൾക്കും വിൽപനയ്ക്കും നിയന്ത്രണം വരേണ്ടതും ഇപ്പോഴത്തെ സാഹചര്യത്തിൽ അത്യാവശ്യമാണ്.

തിലാപ്പിയ നഷ്ടത്തിലായെങ്കിൽ ജയന്റ് ഗൗരാമിയെ ഇടാം

ചെറിയ ടാങ്കിൽ ആയിരക്കണക്കിന് തിലാപ്പിയക്കുഞ്ഞുങ്ങളെ നിക്ഷേപിക്കുകയും തന്മൂലം അവയ്ക്ക് അകാലമരണം സംഭവിക്കുകയും ചെയ്ത സംഭവങ്ങൾ കേരളത്തിൽ അങ്ങോളമിങ്ങോളമുണ്ട്. അതുപോലെതന്നെ ഒരു ജലാശയത്തിൽ ഉൾക്കൊള്ളേണ്ടതിന്റെ പല മടങ്ങ് കുഞ്ഞുങ്ങളെ കർഷരേക്കൊണ്ടു വാങ്ങിപ്പിക്കുന്ന കച്ചവടക്കാരുമുണ്ട്. മത്സ്യങ്ങളെക്കുറിച്ച് യാതൊരു അറിവും ഇല്ലാതെ എടുത്തുചാടുന്നവരെയും ഇവിടെ മറക്കാൻ പറ്റില്ല. ഇങ്ങനെ കച്ചവടക്കാരുടെ വാക്കുകൾ കേട്ട് നഷ്ടം വന്ന പലർക്കും അടുത്ത ഓപ്ഷനായി നിർദേശിക്കപ്പെടുന്നത് ജയന്റ് ഗൗരാമികളെയാണ്. ചെറിയ കുളത്തിൽ ബ്രീഡ് ആകും, വലിയ പരിചരണം വേണ്ട, ഒരു ജോടിയിൽനിന്ന് 3000 കുഞ്ഞുങ്ങൾ എന്നൊക്കെ പറഞ്ഞ് പ്രലോഭിപ്പിച്ചാണ് പലരും തങ്ങളുടെ കച്ചവടം നടത്തുന്നത്.

എന്താണ് ജയന്റ് ഗൗരാമി

സസ്യഭുക്ക് എന്നു മേണമെങ്കിൽ ഇക്കൂട്ടരെ വിളിക്കാമെങ്കിലും തരംകിട്ടിയാൽ നോൺ വെജും കഴിക്കുന്ന കൂട്ടത്തിലാണിവർ. എന്നാൽ, സസ്യാഹാരമാണ് ആരോഗ്യത്തിന് നല്ലത്. മാത്രമല്ല വളർച്ചാനിരക്ക് തീരെ കുറവായതിനാൽ പെല്ലറ്റ് തീറ്റകൾ നൽകി വളർത്തൽ മുതലാവില്ല. ചേമ്പ്, ചേന, മൾബറി മുതലായവയുടെ ഇലകൾ, അസോള, ഡക്ക് വീഡ്, തീറ്റപ്പുല്ലുകൾ, പച്ചക്കറികൾ എന്നിവയൊക്കെ തീറ്റയായി നൽകാം. നാരുള്ള ഭക്ഷണം ദഹിപ്പിക്കാനുള്ള കഴിവാണ് ഇവയുടെ ദഹനവ്യൂഹത്തിനുള്ളത്. അതുകൊണ്ടുതന്നെ സ്ഥിരമായി പെല്ലറ്റ് (പ്രോട്ടീൻ അടങ്ങിയ തീറ്റ) നൽകിയാൽ ഇവയുടെ ദഹനവ്യൂഹത്തിന് തകരാർ സംഭവിച്ച് മരണത്തിന് കാരണമാകാം. നാലു വയസിലാണ് ഇക്കൂട്ടർ പ്രായപൂർത്തിയാകുക. ഒന്നര വയസിലും മൂന്നു വയസിലുമൊക്കെ ഇവ പ്രായപൂർത്തിയാകുമെന്ന് അവകാശപ്പെടുന്നവരും ഇന്ന് കച്ചവടരംഗത്തുണ്ട്.

അന്തരീക്ഷത്തിൽനിന്നു ശ്വസിക്കാനുള്ള പ്രത്യേക ശ്വസനാവയവം ഉള്ളതിനാൽ ഓക്സിജന്റെ അളവ് കുറഞ്ഞ ജലാശയത്തിൽ വളരാൻ ഇക്കൂട്ടർക്കു കഴിയും. മാത്രമല്ല വെള്ളത്തിന്റെ പിഎച്ച്, അമോണിയ എന്നിവയിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകളെ അതിജീവിക്കാനും ഇവയ്ക്കു കഴിയും. അതുകൊണ്ടുതന്നെ കേവലം 4 മീറ്റർ വ്യാസമുള്ള ടാങ്കുകളിൽ നൂറുകണക്കിന് ജയന്റ് ഗൗരാമിക്കുഞ്ഞുങ്ങളെ നിക്ഷേപിക്കാമെന്ന് കച്ചവടക്കാർ പറയുന്നു. എണ്ണം കൂടുതോറും മത്സ്യങ്ങളുടെ വളർച്ച കുറയുമെന്ന കാര്യം മനസിലാക്കണം. ഒരു കുഞ്ഞിന് 30 രൂപയിലധികം വില വരുന്നതിനാൽ നേരിട്ടു ഫാമിൽ ചെന്ന് കണ്ടശേഷം കുഞ്ഞുങ്ങളെ വാങ്ങാനും കർഷകർ ശ്രദ്ധിക്കണം. ഫംഗസ് അണുബാധയ്ക്കു വളരെ സാധ്യതയുള്ള മത്സ്യമായതിനാൽ പണം മുടക്കുമ്പോൾ കരുതൽ വേണമെന്ന് സാരം.

ഗൗരാമികളെ വളർത്തുന്നവരുടെ ഫാമുകൾ സന്ദർശിച്ച് അവയേക്കുറിച്ചു പഠിക്കുന്നതും നല്ലതാണ്. പറഞ്ഞുവരുന്നത്, ജയന്റ് ഗൗരാമികളെ വളർത്താൻ പാടില്ല എന്നല്ല. അവയെക്കുറിച്ച് നന്നായി അറിഞ്ഞതിനുശേഷം മാത്രം വളർത്തുക എന്നാണ്. മാത്രമല്ല തിലാപ്പിയ വരുത്തിവച്ച കനത്ത നഷ്ടം നികത്താൻ ഗൗരാമികളെ ആശ്രയിക്കുമ്പോൾ അതും നഷ്ടമാകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.

ജയന്റ് ഗൗരാമികളെക്കുറിച്ച് കൂടുതൽ അറിയാൻ ചുവടെയുള്ള ലിങ്കുകൾ സന്ദർശിക്കുക

കേരളത്തിലുണ്ട് നാലിനം ജയന്റ് ഗൗരാമികൾ

എത്ര തീറ്റ കൊടുത്താലും ജയന്റ് ഗൗരാമികൾ അതിവേഗം വളരില്ല

ജയന്റ് ഗൗരാമികളുടെ കൃത്യമായ ലിംഗനിർണയം മൂന്നു വയസ് കഴിഞ്ഞ്

ജയന്റ് ഗൗരാമി ബ്രീഡിങ്: ഏറെ പഠിക്കാനുണ്ട്

കൂട് നിർമിക്കാൻ സാഹചര്യമൊരുക്കിയാൽ മുട്ടയിടാൻ ജയന്റ് ഗൗരാമികൾ തയാർ

ജയന്റ് ഗൗരാമിക്കു​ഞ്ഞുങ്ങളെ കാണാം, മൂന്നാഴ്ചയ്ക്കുശേഷം

English summary: Now  Fish Farmers Turn to Giant Gourami, Giant gourami, Fish Farming

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA