ADVERTISEMENT

രണ്ടാഴ്ചയായി സോഷ്യൽ മീഡിയ ഉൾപ്പടെയുള്ള മാധ്യമങ്ങളിൽ തരംഗമായി മാറിയ പച്ച മുട്ടയുടെ രഹസ്യം ചുരുളഴിയുകയാണ്. മേയ്‌ 10നാണ് മലപ്പുറം ഒതുക്കുങ്ങലിലെ ഷിഹാബുദീന്റെ കോഴികൾ പച്ച മുട്ടയിടുന്ന കഥ മാധ്യമങ്ങളിലൂടെ പുറംലോകം  അറിയുന്നത്. വാട്സാപ്പിലും മറ്റും അതിവേഗം പ്രചരിച്ച വാർത്തകൾക്കു പിന്നാലെ മുട്ടയെപറ്റിയും, അതു ഭക്ഷിക്കുന്നതിലെ സുരക്ഷയെപ്പറ്റിയും അനവധി ചോദ്യങ്ങൾ വന്നിരുന്നു. മുട്ടയുടെ മഞ്ഞക്കരുവിന്റെ സ്വാഭാവിക നിറം മഞ്ഞയും, അത് പരമാവധി ഓറഞ്ചു നിറം വരെയുമാകാമെന്ന്  സർവകലാശാല തുടക്കം മുതൽ വ്യക്തമാക്കിയിരുന്നു. 

എന്നാൽ, തന്റെ കോഴികൾക്ക്  സാധാരണ തീറ്റയാണ് നൽകുന്നതെന്നും, വിവിധ ഇനം ഫാൻസി കോഴികളുമായി നാടൻ കോഴികളെ ക്രോസ് ചെയ്തത് മൂലമാണ് ഈ നിറം മാറ്റമെന്നുമുള്ള  ഷിഹാബുദീന്റെ സംശയം മാധ്യമങ്ങളിൽ കൂടി  പ്രചരിച്ചപ്പോൾ വെറ്ററിനറി സർവകലാശാല വൈസ് ചാൻസലറുടെ നിർദേശപ്രകാരം സർവകലാശാല പൗൾട്രി ഫാം മേധാവി ഡോ. ബിനോജ് ചാക്കോ,  ഡോ. ശങ്കരലിംഗം എന്നിവരുടെ കൂടെ  ഞാനും 12–ാം തീയതി രാവിലെ  ഒതുക്കുങ്ങലിലെ  ശിഹാബുദീന്റെ വീടും തൊട്ടടുത്ത ഫാമും സന്ദർശിച്ചു. മലപ്പുറത്തെ  മൃഗസംരക്ഷണ വകുപ്പിലെ പ്രൊജക്ട് ഡയറക്ടറായ ഡോ. സുരേഷ്,  ഒതുക്കുങ്ങൽ വെറ്ററിനറി സർജൻ എന്നിവരും ഞങ്ങളോടൊപ്പം ഉണ്ടായിരുന്നു.  

പച്ച മുട്ടയിടുന്ന 6 കോഴികളും, രണ്ടു പൂവനും കുറച്ചു കോഴിക്കുഞ്ഞുങ്ങളും മാത്രമാണ് നിലവിൽ അദ്ദേഹത്തിനുണ്ടായിരുന്നത്. തുടക്കം മുതൽ ഞങ്ങളുടെ അന്വേഷണങ്ങളോടു പൂർണമായും സഹകരിച്ചിരുന്നു ഷിഹാബുദീൻ. തീറ്റയിലൂടെ മാത്രമാണ് മഞ്ഞക്കരുവിന്റെ നിറം മാറ്റത്തിന് സാധ്യതയെന്ന് അറിയാമായിരുന്നെങ്കിലും ഷിഹാബുദീൻ അത്തരത്തിലുള്ള സാധ്യതകൾ തള്ളിക്കളഞ്ഞതിനാൽ വിശദമായി പഠിക്കാൻ സർവകലാശാലാതലത്തിൽ തീരുമാനിക്കുകയായിരുന്നു. ഭക്ഷണത്തിൽ വരുന്ന മാറ്റമാണെന്നുറപ്പിക്കാൻ പകുതി കോഴികൾക്ക് സർവകലാശാലയിൽ നിർമിച്ച സാന്ദീകൃത തീറ്റ നൽകാനും, ബാക്കി പകുതിക്കു നിലവിലെ ഭക്ഷണ രീതി തുടരുവാനും നിർദേശിച്ചതിനൊപ്പം രണ്ടാഴ്ച കഴിഞ്ഞ് വിവരമറിയിക്കാൻ ഷിഹാബുദീനോട്  നിർദേശിച്ച ശേഷം ഞങ്ങൾ മടങ്ങി. 

തുടർന്ന്  സർവകലാശാലയിലെ പൗൾട്രി സയൻസ് ഉന്നത പഠന വിഭാഗം മേധാവി ഡോ. പി. അനിതയുടെ നേതൃത്വത്തിൽ വിവിധ പഠന വിഭാഗങ്ങൾ കൂടി ഉൾപ്പെടുത്തി വിശദമായി കാര്യങ്ങൾ പഠിക്കാൻ  തീരുമാനിച്ചു. ഒരാഴ്ചയ്ക്ക് ശേഷം  കോഴികളുടെ രക്തവും മറ്റും എടുത്ത്  പഠിക്കാനായി പച്ച മുട്ടയിടുന്ന രണ്ട് പിടക്കോഴികളെയും ഒരു പൂവൻ കോഴിയെയും ഷിഹാബുദീന്റെ വീട്ടിലെ സാഹചര്യത്തിൽനിന്നും മാറ്റി,  സർവകലാശാലയുടെ നിരീക്ഷണത്തിൽ ഇവിടെ ഉൽപാദിപ്പിക്കുന്ന സാന്ദീകൃത തീറ്റ നൽകി പാർപ്പിച്ചു.  

അതേസമയം, തന്നെ സർവകലാശാലയുടെ സെൻട്രൽ ഇൻസ്ട്രുമെന്റേഷൻ വിഭാഗത്തിൽ  മുട്ടയുടെ ഉണ്ണിയിൽ അടങ്ങിയിട്ടുള്ള വിവിധ  ഘടകങ്ങളെക്കുറിച്ചും പഠിക്കാനും  തീരുമാനിച്ചിരുന്നു. കാര്യങ്ങൾ ഇത്തരത്തിൽ പുരോഗമിക്കുമ്പോൾ ഇന്നലെ വൈകിട്ട് ഷിഹാബുദീന്റെ വിളി എത്തി. രണ്ടാഴ്ച പിന്നിട്ടപ്പോൾ തന്നെ മുട്ടകൾ ഏതാണ്ട്  മഞ്ഞ നിറമായെന്നും, തീറ്റയിലൂടെ തന്നെയാണ് ഈ മാറ്റമെന്ന് ഉറപ്പായെന്നും,  ജനിതക വ്യതിയാനമൊക്കെ ആകുമെന്ന ആശകൾ അസ്ഥാനത്തായെന്നും  ശിഹാബുദീൻ പറഞ്ഞു. തുടർന്ന് പഠന സംഘം  സർവകലാശാലയിൽ പാർപ്പിച്ചിരുന്ന കോഴികളുടെ മുട്ടകൾ കൂടി പൊട്ടിച്ചു നോക്കി നിറം മാറ്റം ഉറപ്പിക്കുകയും ചെയ്തു.

1930കളിൽ തന്നെ കൊഴുപ്പിൽ അലിയുന്ന നിറങ്ങൾ  മൂലം മുട്ടയുടെ ഉണ്ണിയുടെ  നിറം പച്ചയാകുമെന്ന ശാസ്ത്ര ലേഖനങ്ങൾ വന്നിട്ടുണ്ട്. കൂടാതെ ചില ചെടികൾ,  ഗ്രീൻ പീസ്,  പരുത്തിക്കുരു എന്നിവ കഴിക്കുന്നത് മൂലവും വിവിധ കാഠിന്യത്തിലുള്ള  പച്ചനിറങ്ങൾ മുട്ടയുടെ ഉണ്ണിയിൽ വന്നിട്ടുള്ളതായും റിപ്പോർട്ടുകളുണ്ട്. നിലവിൽ ഷിഹാബുദീന്റെ വീട്ടിൽ  ഇതിലേതാണ് ഇത്തരത്തിൽ നിറം മാറ്റത്തിന് കാരണമായതെന്ന് മാത്രമാണ് ഇനി കണ്ടെത്താനുള്ളത്.

English summary: Facts behind Green Yolked Eggs, Green Egg

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com