ADVERTISEMENT

ഫോർ എവർ ലോക്ക്

‘അമ്മേ, അമ്മേ, അമ്മേ, ഒരു പഗ് കുഞ്ഞാപ്പിയെ വാങ്ങിയാലോ..?’

കഴിഞ്ഞ വർഷങ്ങളിലെ മകരമാസ മഞ്ഞിനേം കുളിരിനേം ഓർത്ത് നൊസ്റ്റു അടിച്ച് പണ്ടാരമടങ്ങി ഉറങ്ങണ എനിക്ക് നേരെ ജോഷിന്റെ ചാട്ടുളി പ്രയോഗം. എന്റെ നല്ലോരു ഞായറാഴ്ച്ച ഇവനോട് ഇടികൂടി പടമാകാൻ പോകുന്നു എന്ന യാഥാർഥ്യം ഞാൻ വേദനയോടെ മനസിലാക്കി. 

പത്തിരുപതിനായിരം രൂപ ആവിയായിപ്പോകാനുള്ള സാധ്യതയും ഇവന്റെ ആക്രാന്തം തീരുമ്പോൾ എന്റെ മാത്രം തലയിലാകാൻ പോകുന്ന ഉണ്ടക്കണ്ണുള്ള ചപ്പിയ മൂക്കനേയും മുന്നിൽക്കണ്ട കെട്ടിയോൻ സ്വയരക്ഷയ്ക്കായി കൃത്യസമയത്ത് ചാടിവീണു. അല്ലേലും കാശ് ചെലവാക്കാനുള്ള സാധ്യത മണത്തറിഞ്ഞാൽപ്പിന്നെ ആശാന്റെ ടൈമിങ് അപാരമാണ്.

‘ജോഷേ, നമ്മുടെ ഫ്ലാഷിന് സങ്കടമാവൂല്ലേടാ’ 

വാട്ട് എ ടാക്ടിക്കൽ മൂവ്...!!!

ഇമോഷണൽ ബ്ലാക്ക്‌മെയിലിങ്ങിനുള്ള ശ്രമമാണ്. ഏതു നൂറ്റാണ്ടിലാണെന്നും ഏതു യുഗമാണെന്നും നമ്മടെ ചേട്ടൻ ഇടക്കിടയ്ക്കങ്ങു മറക്കും. നുരഞ്ഞ് പൊങ്ങിയ ആളെ ആസ്സാക്കണ ചിരി ചവിട്ടിപ്പിടിച്ച് വെറുതേ എന്തിനാ ഒരവധി ദിവസം ചോരക്കളമാക്കുന്നത് എന്നിങ്ങനെ ആലോചിച്ചു കൊണ്ടിരിക്കുന്നേരം ദേ , വന്നു അടുത്ത വെടി...

‘ഊപ്സ് , അപ്പാ, യൂ നോ, നമ്മളെല്ലാരും കെട്ടിപ്പിടിച്ചല്ലേ ഉറങ്ങുന്നത്? ഫ്ലാഷിന് കെട്ടിപ്പിടിക്കാൻ 

ആരൂല്ലല്ലോ’ 

അപ്പന്റെ ടാക്ടിക്കൽ മൂവ് തകർത്തെറിയുന്ന ന്യൂജെൻ ബാല്യം. അപ്പനലിയാൻ ആവശ്യമുള്ള സെന്റിമെൻസ് ഇടാൻ കുഞ്ഞൻ മിടുക്കൻ തന്നെ.

രംഗം പന്തിയല്ല എന്നു മനസിലാക്കി മമ ആര്യപുത്രൻ പശുവിനെ അഴിച്ചുകെട്ടാൻ എന്ന വ്യാജേന മുങ്ങി.

എന്തായാലുമെന്റെ പതിനയ്യായിരത്തിന് തീരുമാനമാക്കിയിട്ടാണു പുള്ള ചൂണ്ടയിടുന്നതെന്ന് മനസിലാക്കിയ ഞാൻ കാര്യങ്ങൾ ഇച്ചിരി നീട്ടിപ്പിടിക്കാൻ തീരുമാനിച്ചു. അല്ലെങ്കിൽ സംസ്ഥാന ഖജനാവ് പോലെയാകും. ഒരു മൂന്നു മാസം നീട്ടിയെറിഞ്ഞു നോക്കി

‘മോനേ, ബർത്ത് ഡേ ആവട്ടേഡാ, പക്ഷേ, പഗ് പറ്റില്ലാട്ടോ. പഗിനെപ്പോഴും വാവൂ വരൂടാ. നീയ്യ് കണ്ടിട്ടില്ലേ, പഗുകൾ വരിവരിയായി ഡെയ്‌ലി വരുന്നത്. നമുക്കൊരു ഡാഷിനെ വാങ്ങാം അല്ലെങ്കിൽ ഒരു കൈസറിനെ സംഘടിപ്പിക്കാടോ’

അവന്റെ ഡിക്ഷണറിയിൽ എല്ലാ നാടൻ നായ്ക്കുട്ടികളും കൈസർ ആണ്.

‘അമ്മേ. എനിക്ക് തൂവെള്ള വേണം, കറുത്തത് വേണ്ടാട്ടോ അമ്മേ...’

കുഞ്ഞിലെ റേസിസം വർക്ക് ഔട്ടായതല്ലെന്ന്.

ചെക്കനിത്തിരി ഡാർക്കാ. സ്കൂളിൽ പോയിത്തുടങ്ങിയപ്പോത്തൊട്ട് ഓന് എല്ലാം വെള്ള വേണം. വെളുത്തവർക്ക് എന്തോ എവിടെയോ ഒരു മുൻതൂക്കം കിട്ടുന്നുണ്ട്, സ്കൂളിൽ.

നമ്മുടെ പഴയ ടാൾ, ഡാർക്ക്, ഹാൻസം കഥകളിറക്കി നോക്കി. നോ രക്ഷ. ബറാക്ക് ഒബാമ, അബ്ദുൾ കലാം, പെലെ, പോൾ ദ്രോഗ്ബ, യായാടൂറേ, മാരിയോ ബെലോട്ടിലി കഥകൾക്കു പോലും അവന്റെ വെളുപ്പിനോടുള്ള ആക്രാന്തത്തെ കുറയ്ക്കാനായിട്ടില്ല.

dog-1
ഫ്ലാഷ്

ബൈ ദ ബൈ, ഫ്ലാഷിന്റെ ഒരു ചെറിയ ഫ്ലാഷ്ബാക്ക്

ഫ്ലാഷ് എന്ന ലാബ്രഡോർ മൂന്ന് വയസുള്ള 60 കിലോ തൂക്കമുള്ള ഒത്ത ഒരു സവാരി ഗിരിഗിരി ഞങ്ങളുടെ മനസ് കീഴടക്കിയിട്ടു മൂന്ന് വർഷം പിന്നിടുന്നു . അയലോക്കക്കാരൻ ബ്രീഡറുടെ സർപ്രൈസ് ഗിഫ്റ്റ്. എന്നുവച്ചാൽ ഒരു ലാർജ് ആനിമൽ പ്രാക്ടീഷണർ ആയിരുന്ന വെറ്റിനെ സ്മോൾ ആനിമൽ പ്രാക്ടീസിലേക്ക് ആകർഷിക്കാൻ ഒരു ബ്രീഡർ നടത്തിയ ടാക്ടിക്കൽ മൂവ്.

അദ്ദാണ് ഫ്ലാഷ്!

ഓൻ ഇരുപത്തി എട്ടാം ദിവസം വീട്ടിലെത്തുമ്പോൾ ജോഷിന് 9 വയസ്. ആറ് മാസം വരെ രണ്ടും ഒരുമിച്ചുണ്ടുറങ്ങി. പക്ഷേ, ഫ്ലാഷിനന് വലുപ്പംവച്ചതോടു കൂടി ജോഷിന് പേടിയായിത്തുടങ്ങി. ഫ്ലാഷിനെ അഴിച്ചുവിടുമ്പോൾ ജോഷ് ഓടി വീട്ടിൽക്കയറും. എങ്ങാനും ഫ്ലാഷ് വീട്ടിൽ കയറിയാൽ പിന്നെ ജോഷ് ജനാലയിൽ അള്ളിപ്പിടിച്ച് കയറിത്തൂങ്ങുന്ന അവസ്ഥ വരെ എത്തിനിൽക്കുന്ന അവസ്ഥ.

അങ്ങനെയിരിക്കെയാണ് ആദ്യം കൊറോണയും പുറകെ ലോക്‌ഡൗണും എത്തിച്ചേർന്നത്. കൂടെ ജോഷിന്റെ ബർത്ത്ഡേയും. എമർജൻസി സർവീസ് എന്ന നെട്ടോട്ടത്തിനിടെ എന്ത് ബർത്ത് ഡേ! എന്ത് പട്ടിക്കുട്ടി!

ബർത്ത്ഡേയുടെ തലേന്ന് നമ്മുടെ മോഹന വാഗ്ദാനങ്ങളോരോന്നും ചെക്കൻ അക്കമിട്ട് നിരത്തിത്തുടങ്ങി .

അങ്ങനെ നമ്മുടെ റഡാറിൽ നാളിതു വരെ പതിഞ്ഞിട്ടുള്ള സകല ബ്രീഡർമാർക്കും പെറ്റ് സ്പെഷലിസ്റ്റു മാർക്കും വാട്ട്സാപ് അപേക്ഷ പറപറന്നു ‘വാണ്ടഡ്’  ലോക്കിൽ കെട്ടിക്കിടക്കുന്ന സകലമാന നായക്കുട്ടികളുടേം പടങ്ങൾ ഞൊടിയിടയിൽ പറന്നു വന്നു. മൊത്തം 72 പടങ്ങൾ. ഓരോന്നും സസൂക്ഷ്മം പഠനവിധേയമിക്കിയ ജോഷ് ആ നഗ്നസത്യം തിരിച്ചറിഞ്ഞു. ഫോൺ അടച്ചുവച്ചു.

‘അമ്മേ, ഫ്ലാഷിനെ ഞാൻ തുറന്നു വിടട്ടെ...?’

‘വേണ്ടടാ കണ്ണാ, അവൻ നിന്നെ മറിച്ചിടും’

രണ്ടര വർഷങ്ങൾക്കു ശേഷം ജോഷ് ഘഡാഘഡിയൻ ഫ്ലാഷിന്റെ കൂടിനടുത്തേക്ക്. എന്റേം ഫ്ലാഷിന്റേം കണ്ണുകൾ പുറത്തേക്ക്. ‘ഈ ചെക്കനിതെന്തിന്റെ പുറപ്പാടാണ്’ എന്ന ഭാവം ആവാഹിച്ച് ഫ്ലാഷ് ഘനത്തിൽ മുരണ്ടു നോക്കി. ഭാവാഭിനയത്തിൽ ഓനെ തോൽപ്പിക്കാൻ ആർക്കെങ്കിലുമാകുമോ...

ദശരസങ്ങൾ കണ്ണിലൊളിപ്പിച്ച രാവണനാണവൻ (രാവണനായതു കൊണ്ട് ഒരു രസം ബോണസ്)

ജോഷ് കൂടു തുറന്നതോടെ ശാന്തനായി ഫ്ലാഷ് പുറത്തേക്ക്. 

ജോഷിന്റെ കാലും കൈയും തലയും നക്കിത്തുടച്ച് രണ്ടര വർഷത്തെ ഗ്യാപ്പ് ഫിൽ ചെയ്ത് ഫ്ലാഷ് ഗോളടിച്ചത് ജോഷിന്റെ മനസിൽ എന്നും മായാതെ കിടക്കും.

‘സോറിഡാ കുട്ടാ , എനിക്ക് നിന്നെ മതീട്ടോ , നിന്നെ മാത്രം മതീട്ടോ.’ 

ഫ്ലാഷിന്റെ തടിയൻ ബെൽറ്റ് ഊരിയെറിഞ്ഞ് കഴുത്തിൽ വട്ടമിട്ട് ജോഷ് പുതിയ ഈണത്തിലുള്ള താരാട്ട് മൂളിത്തുടങ്ങി.

നമ്മൾ ഔട്ട്. ഇനിയവരുടെ കൊഞ്ചൽക്കാലം, കളിക്കാലം...

അല്ലെങ്കിലും പൂച്ചയ്ക്ക് പൊന്നുരുക്കുന്നിടത്ത് ഇനിയെന്ത് കാര്യം....!!!

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com