ADVERTISEMENT

കേരളത്തിലെ കർഷകർക്കായി മത്സ്യക്കുഞ്ഞുങ്ങളെത്തുന്നത് പ്രധാനമായും കൊൽക്കത്തയിൽനിന്നാണ്. എന്നാൽ, ലോക് ഡൗണും ബംഗാളിലെ പ്രകൃതിക്ഷോഭവും മത്സ്യക്കർഷകരെയും വിതരണക്കാരെയും വലച്ചത് കുറച്ചൊന്നുമല്ല. ചാർട്ടേഡ് വിമാനത്തിലാണ് കഴിഞ്ഞ ദിവസങ്ങളിൽ ഇവിടെ മത്സ്യക്കുഞ്ഞുങ്ങളെത്തിയത്. വിമാനത്താവളത്തിൽ കുഞ്ഞുങ്ങളെ കൈപ്പറ്റാൻ ചെന്നപ്പോൾ താൻ കണ്ട കാഴ്ചകൾ പറയുകയാണ് ആൽവിൻ എടാട്ടുകാരൻ എന്ന യുവാവ്. അദ്ദേഹത്തിന്റെ കുറിപ്പ് ചുവടെ..

കാത്തിരുന്നു കാത്തിരുന്നു അവസാനം ഇന്നലെ (23/05) കൊച്ചി അന്തരാഷ്‌ട്ര വിമാനത്താവളത്തിൽ എയർകാർഗോ മീൻ കുഞ്ഞുങ്ങളുമായി പറന്നിറങ്ങി. വൈകിട്ട് 5:30ന് ലാൻഡ് ചെയ്യേണ്ട വിമാനം എത്തിയപ്പോൾ രാത്രി 9 മണിയോടടുത്തു. അവിടത്തെ ഒരു എയർപോർട്ട് ജീവനക്കാരനോട് നടത്തിയ ഒരു സൗഹൃദസംഭാഷണത്തിൽ അദ്ദേഹം ഞങ്ങളോടു പറയുകയുണ്ടായി; ലോക്‌ഡൗണിടയിൽ ബംഗാളിലെ പ്രകൃതി ദുരന്തവും കഴിഞ്ഞ് എത്തിയ ആദ്യ ലോഡ് ആണ്. ഉദ്ദേശം 7000ലധികം ബോക്സുകൾ, ഉദ്ദേശം 16 ടൺ മത്സ്യക്കുഞ്ഞുങ്ങൾ. (കേട്ടത് ശരിയാവണം) ഇത്രയും വരുന്നത് അപൂർവം! അതെങ്ങനെയാ ഞാനടക്കം ഉള്ള എല്ലാവരും ആദ്യ ലോഡ് തന്നെ സാധനം വരുന്നതും നോക്കി ഇരിക്കുവല്ലേ!

കാർഗോയുടെ മുന്നിലെ പാർക്കിങ്ങിൽ മാത്രം മീൻകുഞ്ഞുങ്ങളുടെ വരവും കാത്ത് നിർത്തിയിട്ടിരുന്ന വാഹനങ്ങൾ കണ്ടാൽ പേടിയാകും (ലോക് ഡൗൺ കാലമാണ്!). ഇനി എയർപോർട്ടിലെ സ്ഥിതിയോ, പകുതിയിൽ കുറവ് ജീവനക്കാരും! മൂന്ന്-മൂന്നര മണിക്കൂർ വൈകിയെത്തിയ വീമാനത്തിൽനിന്ന് ഇത്രയും പാഴ്സലുകൾ തിട്ടപ്പെടുത്തി ബിൽ ആക്കി പുറത്തെത്തിക്കണം! വേറെന്തു സാധനവും പോലല്ലിത്. ജീവനുള്ള മീനുകളാണ്. ഏജന്റുമാർ ടെൻഷനടിച്ച് ഓടിനടക്കുന്നു. അവസാനം പിന്നെയും 2 മണിക്കൂറിലധികം കഴിഞ്ഞ് ഒരു 11.30 ആയപ്പോഴേക്ക് ഓരോ ഏജന്റിന്റെയും വണ്ടികളിൽ ലോഡ് കയറ്റി മീൻ കുഞ്ഞുങ്ങൾ പുറത്തേക്ക്. 

മുമ്പും എയർപോർട്ടിൽനിന്ന് മീൻ കുഞ്ഞുങ്ങളെ എടുക്കാൻ വന്നിട്ടുണ്ടെങ്കിലും ഇങ്ങനെ ഒരു കാഴ്ച ആദ്യം! ഏജന്റുമാർ അവരുടെ കസ്റ്റമേഴ്സിന് ബോക്സുകൾ എത്രയും വേഗം കൊടുത്ത് പറഞ്ഞയയ്ക്കുന്നു. ഇങ്ങനത്തെ അവസ്ഥയിൽ വരുന്ന മീൻ അല്ലേ, ആദ്യം സാമ്പിൾ എടുത്ത് നോക്കാം എന്നു മുൻപേ തീരുമാനിച്ചതുകൊണ്ട് ഞങ്ങൾക്ക് വെറും 3 ബോക്സേ ഉണ്ടായുള്ളൂ. അതേതായാലും നന്നായി എന്ന് അപ്പോൾ ഞങ്ങൾക്ക് മനസിലായി. മീനുകൾ അവശരായിരുന്നു. കേരളത്തിന്റെ പല ഭാഗത്തുനിന്നും ആളുകൾ ഉണ്ടായിരുന്നു. തിരുവനന്തപുരം, കോട്ടയം, പാലക്കാട്‌, മലപ്പുറം.... അവരുടെ മീനുകളൊക്കെ എന്തായോ എന്തോ!

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com