ഒരു വശത്ത് പകൽക്കൊള്ള, മറുവശത്ത് സർക്കാർ സഹായം; ആരെ വിശ്വസിച്ച് കൃഷിയിറക്കണമെന്ന് മത്സ്യകർഷകർ

HIGHLIGHTS
  • സത്യത്തിൽ എന്തിനാണ് ഈ കൊള്ള?
  • ലക്ഷങ്ങൾ നഷ്ടപ്പെട്ടവർ ഏറെയുണ്ട്
fish-farming-1
മൈക്കിളിന്റെ കൃഷിയിടത്തിൽനിന്ന് മത്സ്യങ്ങളെ പിടിക്കുന്നവർ. മൈക്കിൾ (ഇടത്ത്)
SHARE

പണമിറക്കി സ്വന്തമോ പാട്ടത്തിനെടുത്തതോ ആയ സ്ഥലത്ത് മത്സ്യക്കൃഷി നടത്തിയാൽ, കർഷകരെ കടക്കെണിയിലേക്കു തള്ളിവിടാൻ ഒരു പറ്റം സാമൂഹികദ്രോഹികൾ രംഗത്ത്. ഏതാനും ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ ചർച്ചയായ, ഭിന്നശേഷിക്കാരന്റെ മത്സ്യക്കൃഷി കൊള്ളയടിച്ച വാർത്തയിൽനിന്നുതന്നെ തുടങ്ങാം. 13 വർഷം മുമ്പ് ബൈക്ക് അപകടത്തിൽ പരുക്കേറ്റതിനു ലഭിച്ച ഇൻഷുറൻസ് തുക ഉപയോഗിച്ചാണ് കണ്ണമാലി സ്വദേശി മൈക്കിൾ വളമംഗലം കളിത്തറയിൽ മത്സ്യകൃഷി ആരംഭിച്ചത്. സ്ഥലം പാട്ടത്തിനെടുത്ത് ഇൻഷുറൻസ് തുകയായ 7.5 ലക്ഷം രൂപ ഇറക്കിയായിരുന്നു അദ്ദേഹം കൃഷി ചെയ്തത്. അപകടത്തെത്തുടർന്ന് വലതു കൈയുടെ സ്വാധീനം നഷ്ടപ്പെട്ട അദ്ദേഹം ഒറ്റയ്ക്കായിരുന്നു ഇവിടെ പണികളെല്ലാം ചെയ്തത്. എന്നാൽ, ഭിന്നശേഷിക്കാരനായ അദ്ദേഹത്തിന്റെ അധ്വാനം അസ്ഥാനത്താക്കിക്കൊണ്ട് നൂറു കണക്കിനു വരുന്ന സാമൂഹിക വിരുദ്ധർ ഫാമിൽ കയറി മത്സ്യങ്ങളെ മുഴുവൻ പിടിച്ചുകൊണ്ടുപോയി. മൊത്തം 12 ലക്ഷം രൂപയോളം വരുന്ന തിലാപ്പിയ, കരിമീൻ, കാരച്ചെമ്മീൻ തുടങ്ങിയവയെയാണ് പൂർണമായും കൊള്ളയടിച്ചത്. സോഷ്യൽ മീഡിയയിൽ ഈ വാർത്ത തരംഗമായതോടെ പൊതുപ്രവർത്തകരും സംഘടനകളും രംഗത്തെത്തിയെങ്കിലും ഇതിനു മുമ്പ് ഇത്തരം കൊള്ളയ്ക്കിരയായവരെ ആരും പരിഗണിച്ചിട്ടില്ല, അറിഞ്ഞിട്ടില്ല. 

സത്യത്തിൽ എന്തിനാണ് ഈ കൊള്ള?

ഉൾനാടൻ മത്സ്യക്കർഷകർക്ക് ഭീഷണിയാകും വിധത്തിലാണ് ഇത്തരം ആളുകളുടെ കടന്നുകയറ്റവും കൊള്ളയും. ഉൾനാടൻ മത്സ്യബന്ധനത്തിന്റെ പേരും പറഞ്ഞ്, സ്വകാര്യ സ്ഥലങ്ങളിൽ സ്വകാര്യ വ്യക്തികൾ നടത്തുന്ന കൃഷിയാണ് ഇത്തരം സംഘങ്ങൾ കവരുന്നത്. കർഷകർ ലക്ഷങ്ങൾ മുടക്കി, ഒരുപാട് സ്വപ്നങ്ങൾ നെയ്തുകൂട്ടി, വിയർപ്പൊഴുക്കി വളർത്തിയെടുക്കുന്ന മത്സ്യങ്ങൾ തങ്ങളുടെ അവകാശമാണെന്നു പറഞ്ഞാണ് കൊള്ളസംഘങ്ങൾ പിടിച്ചെടുക്കുന്നത്. 

അങ്ങനൊരു അവകാശമുണ്ടോ?

1960കളിൽ ഭക്ഷ്യക്ഷാമം നേരിട്ട കാലത്ത് കേരളത്തിൽ പ്രധാനമായും നെൽകൃഷിയെയായിരുന്നു പ്രോത്സാഹിപ്പിച്ചിരുന്നത്. അന്ന് മത്സ്യക്കൃഷിക്ക് വേണ്ടത്ര പ്രചാരം പോലുമില്ലായിരുന്നു. അതുകൊണ്ടുതന്നെ അന്ന് നെൽക്കൃഷിക്കു മുമ്പ് പാടശേഖരങ്ങളിലെ മത്സ്യങ്ങളെ പിടിക്കാൻ പ്രദേശവാസികൾക്ക് അനുമതി കൊടുക്കാറുണ്ടായിരുന്നു. ഏപ്രിൽ ഒന്നു മുതൽ 15 ദിവസത്തേക്ക് അവിടങ്ങളിലെ കരിമീനും പള്ളത്തിയും ചെമ്മീനും കൊഞ്ചുമൊക്കെ നാട്ടുകാർ യഥേഷ്ടം പിടിച്ചെടുത്തു. ഏപ്രിൽ 15നു ശേഷം ഇവിടെ മത്സ്യക്കൃഷി പാടില്ല എന്നും ഉണ്ടായിരുന്നു. ഈ മീൻ പിടിത്തം ഒരു ശീലമാക്കി. ഈ രീതിയാണ് കാലം മാറിയപ്പോൾ തങ്ങളുടെ അവകാശം എന്ന പേരിൽ കൊള്ളയായി മാറിയത്.

കാലം മാറി, മറ്റേതു കൃഷിയും പോലെ മത്സ്യക്കൃഷിക്കും പ്രധാന്യമുണ്ട്. അതുകൊണ്ടുതന്നെ കർഷകർ വിത്തിറക്കി (മത്സ്യക്കുഞ്ഞുങ്ങൾ) ആണ് കൃഷി ചെയ്യുക. പണ്ട് പാടങ്ങളിൽ വളരുന്നതോ പുഴകളിലും തോടുകളിലും നിന്ന് വരുന്നതോ ആയ മത്സ്യങ്ങളായിരുന്നു പാടശേഖരങ്ങളിലുള്ളതെങ്കിൽ ഇന്ന് കർഷകർ ഇറക്കുന്ന മത്സ്യങ്ങളാണുള്ളത്. അതും സ്വകാര്യമോ പാട്ടത്തിനെടുത്തതോ ആയ ഭൂമിയിൽ. 

സ്വകാര്യഭൂമിയിലെ കൃഷിയുടെ അവകാശം ഭൂവുടമയ്ക്കോ അദ്ദേഹം നിശ്ചയിച്ചിട്ടുള്ള വ്യക്തിക്കോ ആണെന്ന് കോടതി വർഷങ്ങൾക്കു മുമ്പ് ഉത്തരവിട്ടിട്ടുള്ളതാണ്. ഏതെങ്കിലും രാഷ്‌ട്രീയ നേതാവ് അനുമതി നൽകി എന്ന പേരിൽ സ്വകാര്യ ഭൂമിയിൽ കയറി കൊള്ള ചെയ്യാൻ ആർക്കും അവകാശമില്ല. അതായത് വ്യക്തികളുടെ ജീവനും സ്വത്തിനുംമേലുള്ള കടന്നുകയറ്റത്തിൽനിന്ന് സംരക്ഷണം നൽകണമെന്ന് ഇന്ത്യൻ ഭരണഘടന അനുശാസിക്കുന്നുണ്ട്. ഇതുകൂടാതെ 2010ൽ കേരള ഇൻലാൻഡ് ഫിഷറീസ് ആൻഡ് അക്വാകൾച്ചർ ആക്ട് പാസാക്കിയിരുന്നു. ഇതിന്റ നിയമങ്ങളും ചട്ടങ്ങളും തയാറാക്കിയിരിക്കുന്നത് 2013–15 കാലഘട്ടത്തിലാണ്. ഏതൊരു സ്വകാര്യ വെള്ളക്കെട്ടിലെയും മത്സ്യം പിടിക്കാനുള്ള അവകാശം ആ ഭൂമിയുടെ ഉടമയ്ക്ക് (അദ്ദേഹം നിശ്ചയിച്ചിരിക്കുന്ന ആൾക്ക്, പാട്ടത്തിനെടുത്ത വ്യക്തിക്ക്) മാത്രമായിരിക്കും എന്ന് അതിൽ വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്. പണ്ടുണ്ടായിരുന്ന ഉത്തരവിന് അടിവരയിട്ടു എന്നതാണ് ഇതിലൂടെ ചെയ്തത്. എന്നാൽ, ഇക്കാര്യം ഇപ്പോഴും വകവയ്ക്കാൻ, അല്ലെങ്കിൽ സമ്മതിച്ചുനൽകാൻ ചില തൽപര കക്ഷികൾക്കും രാഷ്‌ട്രീയപ്രവർത്തകർക്കും കഴിയില്ല. 

കേരള ഇൻലാൻഡ് ഫിഷറീസ് ആൻഡ് അക്വാകൾച്ചർ ആക്ട്–2010 വരുന്നതിനു മുമ്പ്, ഒരു തർക്കമുണ്ടായപ്പോൾ 2002ൽ ഡപ്യൂട്ടി ഡയറക്ടർ ഓഫ് ഫിഷറീസ് ഒരു ഉത്തരവിറക്കിയിരുന്നു. ഏപ്രിൽ 14നു ശേഷം നാടൻ കെട്ട് നടത്താൻ പാടില്ലെന്നും ലൈസൻസുള്ള മത്സ്യത്തൊഴിലാളികൾ മാത്രമേ പൊതു ജലാശയങ്ങളിൽനിന്നോ പുമ്പോക്കിൽനിന്നോ മത്സ്യം പിടിക്കാൻ പാടുള്ളൂവെന്നുമാണ് ആ ഉത്തരവിൽ പറഞ്ഞിരുന്നത്. അതിനർഥം സ്വകാര്യ ഭൂമിയിലെ മത്സ്യങ്ങൾ പിടിക്കാമെന്നായിരുന്നില്ല. ഏപ്രിൽ 14നു ശേഷം നാടൻ കെട്ട് പാടില്ല എന്ന് ഉത്തരവിൽ പറയുമ്പോൾ അതിനുശേഷം അവിടുത്തെ മത്സ്യങ്ങൾ അതായത് സ്വകാര്യ ഭൂമിയിലെ മത്സ്യങ്ങൾ തങ്ങൾക്ക് പിടിക്കാമെന്ന രീതിയിൽ അവർ വ്യാഖ്യാനിച്ചു. എന്നാൽ, ഈ കടന്നുകയറ്റത്തിനെതിരേ കർഷകർ സംഘടിച്ചപ്പോൾ വിരോധംവച്ചുള്ള കൊള്ളയായിരുന്നു പിന്നീട് നടന്നത്. അതുതന്നെയാണ് സമീപ ദിവസങ്ങളിൽ സംഭവിച്ചതും.

മൈക്കിൾ മാത്രമല്ല ലക്ഷങ്ങൾ നഷ്ടപ്പെട്ടവർ വേറെയുമുണ്ട്

ഇൻഷുറൻസ് ഇനത്തിൽ ലഭിച്ച തുക മത്സ്യക്കൃഷിയിൽ മൈക്കിൾ ഇറക്കിയപ്പോൾ മറ്റു പല കർഷകരും ബാങ്ക് വായ്പകളെടുത്താണ് മത്സ്യക്കൃഷിയിലേക്ക് ഇറങ്ങിയത്. നാട്ടുകാരുടെ ചൂഷണങ്ങൾക്കിരയായ നാലു കർഷകരെക്കൂടി വായനക്കാർക്കുമുമ്പിൽ അവതരിപ്പിക്കുകയാണ്. അവർക്കുണ്ടായ നഷ്ടങ്ങൾ ലക്ഷങ്ങളാണ്.

fish-farming-premsas
സാജി പ്രേംദാസിന്റെ കൃഷിയിടം

തൃശൂർ ജില്ലയിലെ പൊയ്യയിൽ 21 ഏക്കറിലാണ് സാജി പ്രേംദാസിന്റെ കൃഷി. ഭർത്താവ് പ്രേംദാസ് സ്ഥലത്തില്ലാത്തതിനാൽ സാജിയാണ് കൃഷി നോക്കിനടത്തുന്നത്. 21 ഏക്കർ സ്ഥലത്ത് കഴിഞ്ഞ ഫെബ്രുവരിയിൽ മത്സ്യക്കുഞ്ഞുങ്ങളെ ഇറക്കി. കാരച്ചെമ്മീൻ–21000, കരിമീൻ–10000, വറ്റ–10000, പൂമീൻ–7000, ചെമ്പല്ലി–5000, ഞണ്ട്–5000 എന്നിങ്ങനെയായിരുന്നു ഇറക്കിയത്. പാട്ടത്തുക 10 ലക്ഷം രൂപയും കുഞ്ഞുങ്ങൾക്ക് ആറു ലക്ഷം രൂപയും ചെലവായി.  കൂടാതെ തീറ്റയ്ക്ക് 3 ലക്ഷം രൂപയും ജലാശയം ഒരുക്കുന്നതിനും മറ്റുമായി വേറെ മൂന്നു ലക്ഷം രൂപയും ചെലവായി. മൊത്തം ചെലവ് 22 ലക്ഷം രൂപ. ഓഗസ്റ്റ് മുതൽ വിളവെടുക്കാനായിരുന്നു പദ്ധതി. എന്നാൽ, കഴിഞ്ഞ മാസം ഈ ഫാമിലെ മത്സ്യങ്ങളെ പ്രദേശവാസികളും മറ്റും കൊള്ളയടിച്ചു. പോലീസിൽ പരാതിപ്പെട്ടിരുന്നെങ്കിലും നടപടിയുണ്ടായില്ല. പ്രതിസ്ഥാനത്തുണ്ടായിരുന്നവരെ പൊലീസ് ബോധവൽക്കരിച്ചു പറഞ്ഞയച്ചു. ഹൈക്കോടതിയിൽ സംരക്ഷണത്തിനുവേണ്ടി ഹർജി നൽകിയിരിക്കുകയാണ്. 

fish-farming-vinod
വിനോദിന്റെ കൃഷിയിടം. വിനോദിന്റെ ഫാമിൽനിന്നു മത്സ്യം പിടിക്കുന്നവർ ഇൻസെറ്റിൽ.

ആലപ്പുഴ ജില്ലയിലെ കുത്തിയതോട്ടിലെ വിനോദ് നായർക്കും പറയാൻ നഷ്ടങ്ങൾ മാത്രമേയുള്ളൂ. 11 ഏക്കറിൽ 30,000 മത്സ്യങ്ങളെ നിക്ഷേപിച്ചു. ചെലവ് 1.3 ലക്ഷം കുഞ്ഞുങ്ങൾക്കും 20,000 രൂപ തീറ്റയ്ക്കുമായി. 2019 ഒക്ടോബറിലായിരുന്നു കുഞ്ഞുങ്ങളെ നിക്ഷേപിച്ചത്. 2020 ഏപ്രിലിൽ വിളവെടുക്കാൻ ഉദ്ദേശിച്ചിരുന്നെങ്കിലും ലോക്ഡൗണിനെത്തുടർന്ന് സാധിച്ചില്ല. ഇവിടെയും കൊള്ള  നടന്നു. മത്സ്യങ്ങളെ പിടിക്കുമെന്നുള്ള ഭീഷിയുണ്ടായതിനാൽ രണ്ടു തവണ പൊലീസിൽ പരാതിപ്പെട്ടിരുന്നു. പൊലീസ് ഫാം സന്ദർശിച്ചു എന്നല്ലാതെ ഭീഷണി മുഴക്കിയവരെ താക്കീത് ചെയ്യുകയോ ശാസിക്കുകയോ ചെയ്തതായി അറിവില്ല എന്ന് വിനോദ് പറയുന്നു. 

തൃശൂർ പൊയ്യയിൽ ഡോ. ഹമീദലി 16 ഏക്കറിലായി നിക്ഷേപിച്ചത് തിരുത (5000), കണമ്പ് (25,000), കരിമീൻ (10,000), കാരച്ചെമ്മീൻ (1,60,000) എന്നിവയെയാണ്. കുഞ്ഞുങ്ങൾക്കായി രണ്ടര ലക്ഷം രൂപയും തീറ്റയ്ക്ക് നാലു ലക്ഷം രൂപയും ചെലവായി. മേയ്–ജൂൺ കാലയളവിൽ വിളവെടുപ്പിന് തീരുമാനിച്ചിരിക്കുകയായിരുന്നു. ഇതിനിടയിലാണ് കൊള്ള നടന്നത്. പരാതി നൽകി, എഫ്ഐആർ റജിസ്റ്റർ ചെയ്തിട്ടുണ്ട്. പൊലീസ് സംരക്ഷണത്തിന് ഹൈക്കോടതിയിൽ ഹർജി നൽകിയിരിക്കുന്നു.

സിഫ(സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫ്രഷ് വാട്ടർ അക്വാകൾച്ചർ)യുടെ പ്രിൻസിപ്പൽ സയന്റിസ്റ്റായിരുന്ന അരവിന്ദാക്ഷന്റെ ഭാര്യ സേതുലക്ഷ്മി അരവിന്ദാക്ഷനു നേരിട്ട അനുഭവവും സമാനമാണ്. 15 ഏക്കർ സ്ഥലത്ത് 4 ലക്ഷം കാരച്ചെമ്മീൻ കുഞ്ഞുങ്ങളെ നിക്ഷേപിച്ചിരുന്നു. കുഞ്ഞുങ്ങൾക്ക് ചെലവ് ഒരു ലക്ഷം രൂപ. തീറ്റയിനത്തിൽ ചെലവ് 2.75 ലക്ഷം രൂപ. കൂടാതെ ബണ്ടുകളുടെ അറ്റകുറ്റപ്പണി, നിലമൊരുക്കൽ, അണുനശീകരണം, തൊഴിലാളികളുടെ കൂലി എന്നിവ ഇനത്തിൽ 2.5 ലക്ഷം രൂപയും ചെലവായിട്ടുണ്ട്. മാർച്ചിൽ കുഞ്ഞുങ്ങളെ ഇറക്കി. ജൂലൈയിൽ വിളവെടുക്കാമെന്ന പ്രതീക്ഷയിലായിരുന്നു. ഫിഷറീസ് വാട്സാപ് ഗ്രൂപ്പ് വഴി പൊയ്യ ഒന്നാം വാർഡ് മെംബർ പരസ്യമായി കെട്ടുകളിൽ ഇറങ്ങുമെന്നു വെല്ലുവിളിച്ചു. ഇതേത്തുടർന്ന് പൊലീസിൽ പരാതിപ്പെട്ടിരുന്നു. പ്രതിയെ ബോധവൽക്കരിച്ചു വിട്ടതല്ലാതെ കാര്യമായ നടപടിയുണ്ടായില്ല. ഒരു സംഘം ആളുകൾ ഫാമിൽ കടന്ന് ഉപദ്രവമുണ്ടാക്കി, ഫാം തൊഴിലാളിയെ കയ്യേറ്റം ചെയ്തു. പരാതി നൽകിയതിനെത്തുടർന്ന് പൊലീസ് നടപടി എടുത്തുതുടങ്ങിയിട്ടുണ്ടെന്ന് സേതുലക്ഷ്മി അരവിന്ദാക്ഷൻ പറയുന്നു. കേരള ഹൈക്കോടതിയിൽ സംരക്ഷണത്തിനായി ഹർജി നൽകിയിരിക്കുകയാണ്.

കർഷകർക്കൊപ്പം നിൽക്കാൻ കേരള അക്വാ ഫാർമർ അലൈൻസ്

ഉൾനാടൻ മത്സ്യക്കർഷകർ നേരിടുന്ന ചൂഷണങ്ങൾക്കെതിരേ പ്രതികരിക്കാൻ കർഷകർക്കൊപ്പം നിൽക്കുന്ന സംഘടനയാണ് കേരള അക്വാ ഫാർമർ അലൈൻസ്. 2017ൽ നായരമ്പലത്ത് പ്രശ്നമുണ്ടായപ്പോൾ സംഘടനയുടെ നേതൃത്വത്തിൽ ‘നമ്മുടെ അവകാശങ്ങൾ സംരക്ഷിക്കുക’ (Protect our rights) എന്ന ലക്ഷ്യത്തോടെ കർഷകർക്കുവേണ്ടി ബോധവൽക്കരണ ക്ലാസുകൾ എടുക്കുന്നുണ്ട്. 2018ൽ മാള പൊയ്യയിൽ പ്രശ്നമുണ്ടാപ്പോൾ സംഘടന പരാതി കൊടുത്തതിന്റെയും അന്നത്തെ സിഐ, എസ്ഐ എന്നിവർ കർശന നടപടി സ്വീകരിച്ചതിന്റെയും ഫലമായി 2019ൽ കർഷകരുടെ കൃഷിടത്തിലേക്കുള്ള കടന്നുകയറ്റം ഉണ്ടായില്ല. എന്നാൽ, ഈ വർഷം രാഷ്‌ട്രീയ നേതാക്കളുടെയൊപ്പം ഗൂഢാലോചന നടത്തിയാണ് കർഷകരുടെ മത്സ്യക്കൃഷിയിടങ്ങളിലേക്ക് വൻ കടന്നുകയറ്റം ഉണ്ടായത്. 

കർഷകർ നേരിട്ട പ്രശ്നങ്ങളും മറ്റും ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി, ഫിഷറീസ് മന്ത്രി, ഡിജിപി എന്നിവർക്ക് പരാതികൾ അയച്ചിട്ടുണ്ടെങ്കിലും കാര്യമായ നടപടിയുണ്ടായില്ല. വോട്ട് ബാങ്ക് ലക്ഷ്യമിട്ട് ഇത്തരം ചൂഷണങ്ങൾക്കെതിരേ കണ്ണടയ്ക്കുന്ന സമീപനമാണ് സർക്കാർ സ്വീകരിക്കുന്നതെന്ന് സംഘടന ആരോപിക്കുന്നു. കേരളത്തിൽ മത്സ്യക്കൃഷി പ്രോത്സാഹിപ്പിക്കാൻ വിപുലമായ പദ്ധതികൾ സർക്കാർ ആവിഷ്കരിക്കുമ്പോൾ ഉൾനാടൻ മത്സ്യക്കർഷകരായ തങ്ങൾ എന്തു വിശ്വസിച്ച് കൃഷിയിറക്കുമെന്ന് ഈ കർഷകർ ചോദിക്കുന്നു. മത്സ്യക്കൃഷി ചെയ്ത് ലക്ഷങ്ങളുടെ കടത്തിലാണ് പല കർഷകരും ഇപ്പോൾ.

അവസരം മുതലാക്കാനും ചിലർ

2000 ത്തിന്റെ മധ്യത്തിൽ മത്സ്യക്കർഷകർക്കുവേണ്ടി രൂപീകൃതമായ ഒരു സംഘടന ഇപ്പോൾ മൈക്കിളിന്റെ കാര്യത്തിൽ ഇടപെട്ടിട്ടുണ്ട്. എന്നാൽ, ഇതേ പ്രശ്നം അഭിമുഖീകരിക്കുന്ന മറ്റു കർഷകരുടെ കാര്യത്തിൽ കണ്ണടയ്ക്കുന്ന സമീപനമാണ് ഈ സംഘടന സ്വീകരിച്ചിരിക്കുന്നത്. രൂപീകൃതമായ കാലത്ത് കർഷകർ നേരിടുന്ന ചൂഷണങ്ങൾക്കെതിരേ പ്രതികരിക്കണമെന്ന ആവശ്യം സംഘടനയിൽ ഉയർന്നപ്പോൾ അത് തൊഴിലാളികളുടെ അവകാശമാണ് എന്ന പേരിൽ അവഗണിക്കുകയാുണ്ടായത്. സമീപ നാളുകളിൽ മുകളിൽ പരാമർശിച്ചിട്ടുള്ള കർഷകരുടെ പ്രശ്നങ്ങളുമായി സമീപിച്ചപ്പോഴും ഈ സംഘടന അവഗണിക്കുകയാണ് ചെയ്തതെന്ന് കേരള അക്വാ ഫാർമർ അലൈൻസ് പറയുന്നു. 

English summary: Problems of Kerala Inland Aqua Farmers

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA