ADVERTISEMENT

പുത്തൂരം വീട്ടിൽ ജനിച്ച്‌, ആറ്റുമ്മണമ്മേലെ കുഞ്ഞിരാമന്റെ ഭാര്യയായി ആരോമൽ ഉണ്ണിയുടെ അമ്മയായി മൂന്നു വയസു മുതൽ കളരി അഭ്യസിച്ച ഉണ്ണിയാർച്ച വലിയ സുന്ദരിയും മിടുക്കിയും, നാടിനെ വിറപ്പിച്ച അഭ്യാസിയും, പെൺ കരുത്തിന്റെ പ്രതികവും ആയിരുന്നുവെന്ന് പാണന്മാർ പാടിനടക്കുന്നു. പക്ഷേ, പാലക്കാട് ജില്ലയിൽ അണക്കര കുമ്പിടിയിലെ ശശികലയെ പരിചയപ്പെട്ടപ്പോൾ ആറ്റുമ്മണമ്മെലേ ഉണ്ണിയാർച്ച ഒക്കെ എന്ത് എന്നു തോന്നിപ്പോയി. പിള്ളേരുടെ ഭാഷേൽ പറഞ്ഞാൽ എടുത്തു തോട്ടിലിടാൻ തോന്നി. ശശികല എന്ന ഉണ്ണിയാർച്ചയെപ്പോലെ എത്രയോ ശ്രദ്ധിക്കപ്പെടാത്ത താരങ്ങളെ കണ്ടിരിക്കുന്നു ഞാൻ!

പോളിടെക്‌നിക് പാസായി കഴിഞ്ഞപ്പോൾ കുമ്പിടി മേമ്പള്ളി തറവാട്ടിലേക്ക് വിവാഹം. ഭർത്താവ് രാജഗോപാലൻ ഓട്ടോ ഓടിക്കുന്നു. ‘എന്നെയും കൂടി ഡ്രൈവിംഗ് പഠിപ്പിക്കൂ. ചേട്ടൻ റെസ്റ്റ് എടുക്കുമ്പോൾ ഞാൻ ഓടിക്കാം.’രാജഗോപാലിന് അത് നല്ല ഒരു ഐഡിയ ആയി തോന്നി. ശശികലയെ ഡ്രൈവിംഗ് പഠിപ്പിച്ചു. അതി രാവിലെയും രാത്രിയും ഭർത്താവ് വണ്ടി ഓടിച്ചു. അദ്ദേഹം വിശ്രമിക്കുമ്പോൾ ശശികല ഡ്രൈവിങ് സീറ്റിൽ കയറി.

വണ്ടി മേടിച്ചതിന്റെ തിരിച്ചടവും, വീട്ടുചെലവും ഒക്കെയായി രണ്ടറ്റം കൂട്ടിമുട്ടിക്കാൻ പറ്റാത്തതിനാൽ ശശികല തയ്യലും തുടങ്ങി. രണ്ട് മക്കളായി, ചെലവുകൾ കൂടി.

അറക്കാൻ കൊണ്ടുപോയ ഒരു വയസിപ്പശുവിനെ 9,000 രൂപ കൊടുത്തു വാങ്ങി. അവളേ നന്നായി പരിപാലിച്ചു. അവൾ പ്രസവിച്ചു. പാലിൽനിന്നു കൂടി വരുമാനം കിട്ടിയപ്പോൾ പിടിച്ചുനിൽക്കാറായി.

ഓട്ടോയെക്കാളും തയ്യലിനെക്കാളും സ്ഥിരവരുമാനം തരുന്ന പശുവളർത്തൽ ഉണ്ണിയാർച്ചയ്ക്കങ്ങു പിടിച്ചു. പടിപടിയായി പശുവിന്റെ എണ്ണം കൂട്ടി, 6 എണ്ണമായി. ദിവസേന 15 ലീറ്റർ പാൽ തരുന്ന പശുക്കൾ. അതും ഒന്നാമത്തെയോ രണ്ടാമത്തെയോ പ്രസവം കഴിഞ്ഞ് വാങ്ങാവൂ, വളർത്താവൂ എന്ന് അനുഭവം ഉണ്ണിയാർച്ചയെ പഠിപ്പിച്ചു.

ആടു വളർത്തൽ തുടങ്ങിയത് ആറവുകാരന്റെ പക്കൽനിന്ന് വാങ്ങിയ ആടിൽനിന്ന്. ഗർഭിണി ആണോ എന്നു സംശയം ഉള്ളതുകൊണ്ട് രണ്ട് ആട്ടിൻ കുഞ്ഞുങ്ങളെ അറവുകാരൻ വിറ്റു വെറും 4000 രൂപയ്ക്ക്. രണ്ടിനും ഗർഭമുണ്ടായിരുന്നു. പ്രസവിച്ചു. ഇന്ന് തള്ളമാരും മക്കളുമായി എട്ടുപേർ. ആടിന്റെ പാൽ കറക്കാറില്ല. മുഴുവൻ കുഞ്ഞുങ്ങൾ കുടിക്കും. അതുകൊണ്ടുതന്നെ അതിവേഗം വളർച്ച. കുഞ്ഞുങ്ങൾക്ക് 6 മാസം പ്രായമായാൽ വിൽക്കും. മുട്ടന് 6000 രൂപയും പെണ്ണിന് 5000 രൂപയും കിട്ടും.

shasikala
ശശികലയും കുടുംബവും

കോഴിവളർത്തലുമുണ്ട് ശശികലയ്ക്ക്. നാടൻ കോഴികളെയാണ് പ്രിയം. അടവച്ചു വിരിയിക്കും. മക്കൾക്ക് കഴിക്കാനെടുത്തിട്ടു ബാക്കിയുള്ള മുട്ടകൾ 10 രൂപയ്ക്കു വിൽക്കും. പിന്നെ കുറച്ച് അലങ്കാരക്കോഴികളും ഉണ്ട്.

ചെറിയതോതിൽ ഒരാണും രണ്ടു പെണ്ണുമായി മുയൽ വളർത്തൽ അടുത്തിടെ തുടങ്ങി. ചെറിയ ടാങ്കിൽ ഗപ്പിയും, മോളിയും വളരുന്നു. മീൻ കുഞ്ഞുങ്ങളുടെ വിൽപന മക്കളുടെ പോക്കറ്റ് മണിയാണ്. ചെറിയ തോതിൽ അസോള കൃഷി. അത് കോഴികൾക്കു തീറ്റയാകും.

പശുക്കളാണ് കുടുംബത്തിന്റെ നട്ടെല്ല്. തൈരുണ്ടാക്കി വിപണനം നടത്തുന്ന പ്രസ്ഥാനം വീടിനടുത്തുള്ളതുകൊണ്ട് പാലെത്രയുണ്ടെങ്കിലും ലീറ്ററിന് 40 രൂപയ്ക്കെടുക്കും. വീടുകളിൽ പാലെത്തിച്ചു കൊടുത്താൽ അതിൽ കൂടുതൽ കിട്ടും. ഡിഗ്രിക്കും സ്കൂളിലും പഠിക്കുന്ന മക്കൾ ശരത്തിനും ദേവകൃഷ്ണയ്ക്കുമാണ് പാൽവിതരണത്തിന്റെ ചുമതല.

ചാണകത്തിൽനിന്നും കിട്ടും നല്ല വരുമാനം. ഒരു കുട്ടയ്ക്ക് 30 രൂപ. ഉണങ്ങിയതാണെങ്കിൽ ഒരു പാട്ടയ്ക്കു 30.

വീട്ടിലെ പക്ഷിമൃഗാദികളെയും മനുഷ്യരെയും കാക്കാൻ രണ്ടു നായ്ക്കളുണ്ട് മണിയും ജിമ്മിയും. ഒരു പൂച്ചയുമുണ്ട്, പേര് പൊന്നു. അവർ മക്കളെപ്പോലെ എപ്പോഴും കൂടെയുണ്ട് .

കോഴികൾ പച്ചക്കറിക്കൃഷി ചെയ്യാൻ സമ്മതിക്കില്ല. ടെറസ് വീടല്ലാത്തതുകൊണ്ട് അതും പറ്റില്ല. എങ്കിലും ആവും പോലെ ചെറിയ കൃഷിയുമുണ്ട്. 

കർഷക മാത്രമല്ല, കവയത്രികൂടിയാണ് ശരികല. ജീവിത പ്രാരാബ്ദത്തിനിടയിൽ ശശികലയിലെ കവയത്രി വീർപ്പു മുട്ടും. കടലാസിലേക്ക് പകർത്തിക്കഴിയുമ്പോൾ ആശ്വസമാകും. ആ കവിതകളെല്ലാം ചേർത്തൊരു പുസ്തകം പ്രകാശനം ചെയ്തു‘കോടി മുണ്ടിന്റെ ചിരി.’ അഭിനന്ദനങ്ങളും പുരസ്കാരങ്ങളും നേടിയെടുത്ത കൃതി.

യാത്രചെയ്യാൻ ഏറെ ഇഷ്ടമുള്ള ശശികല 73 വയസുള്ള അമ്മയുമൊത്ത് കാശിക്കു പോയി. പിന്നെ തനിക്കിഷ്ടമുള്ള ഹിമാലയം, തിരുപ്പതി, മധുര മുതലായ പുണ്യസ്ഥലങ്ങളിൽ എല്ലാം യാത്ര പോയി. അതിനെല്ലാം സമയം കണ്ടെത്തി. സമയമില്ല എന്ന വാക്ക് ഒരിക്കലും ശശികല പറയാറില്ല. ശശികലയ്ക്ക് വിശ്രമിക്കാനും, യാത്രകൾ ചെയ്യാനും അങ്ങനെ എന്തു കാര്യത്തിനും സമയമുണ്ട്.

ഒരു ബയോഗ്യാസ് പ്ലാന്റ് സ്ഥാപിക്കണമെന്നതാണ് അടുത്ത സ്വപ്നം. പാചകത്തിനുള്ള ഗ്യാസ് കിട്ടിയാൽ നല്ലൊരു തുക ലാഭം ആകുമല്ലോ. പുല്ലു നട്ടുവളർത്താൻ സ്ഥലമില്ല. ആകെയുള്ളത് 14 സെന്റ് ആണ്. അത് ഒരു വിഷമമാണെങ്കിലും ഹൈവേയുടെ വശങ്ങളിലെ പുല്ലാണ് പ്രധാന തീറ്റ സ്രോതസ്.

റോസാ പൂക്കൾ നിറഞ്ഞ വീഥികളിലൂടെ ഒന്നുമല്ല ശശികല ഇതുവരെ നടന്നത്. പശുക്കൾക്കും ആടിനും ഒക്കെ ഇതിനിടെ രോഗങ്ങളുണ്ടായി മരണങ്ങളും. ശശികലയ്ക്കും ഭർത്താവിനും പല രോഗങ്ങളും വന്നു ഇതൊന്നും ശശികലയെ പിറകോട്ടു വലിച്ചില്ല. ഏതു കാര്യത്തിനും സഹായവും സഹകരണവും തുണയുമായി നിൽക്കുന്ന ഭർത്താവും മക്കളുമാണ് ശശികലയെന്ന യഥാർഥ ഉണ്ണിയാർച്ചയുടെ ശക്തി.

English summary: Success Story of a Woman Farmer 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com