ADVERTISEMENT

തന്നേപ്പോലെ സഹജീവികളെയും കാണുന്നവരാണ് കർഷകർ. ജീവന്റെയും വിശപ്പിന്റെയും അധ്വാനത്തിന്റെയും വില അറിയുന്നവർ. തന്റെ മാസങ്ങളോളമുള്ള അധ്വാനത്തിന്റെ ഫലം പാഴാകുമെന്നറിഞ്ഞിട്ടും വാഴക്കുലയിൽ കൂടുകൂട്ടിയ പക്ഷികളെ പരിഗണിച്ച കർഷകനുണ്ട്. കോഴിക്കോട് സ്വദേശിയായ സുനിൽ വെള്ളനൂരാണ് വാഴക്കുലയിൽ കൂടുകൂട്ടിയ കരിയിലക്കിളിക്കുവേണ്ടി ആ കുല വിളവെടുക്കാതെ ഉപേക്ഷിച്ചത്. അദ്ദേഹം പങ്കുവച്ച ഹൃദയസ്പർശിയായ കുറിപ്പ് വായിക്കാം.

കഴിഞ്ഞ ആഴ്ച എന്റെ നേന്ത്രവാഴത്തോട്ടത്തിൽ വിളവെടുപ്പിനെത്തിയപ്പോൾ പതിവില്ലാതെ 'ചിതല പക്ഷികൾ' (കരിയിലക്കിളി) കലപില കൂട്ടുന്നു. വാഴ കുലച്ചു തട്ട് വിരിയുമ്പോൾ ഈ ചിതലക്കാടകൾക്ക് ഒരു പതിവുണ്ട് നാരുകൾ കൊണ്ട് വളരെ ഭംഗിയുള്ള കൂട് വാഴക്കുലയിൽ ഒരുക്കി മുട്ടയിട്ട് കുല പാകമാകും മുമ്പെ മുട്ട വിരിഞ്ഞ് കുഞ്ഞുങ്ങളുമായി അവർ പോകും. ആർക്കും ശല്യമില്ലാത്ത പാവങ്ങൾ. 4 ദിവസം മുമ്പ് കുല വെട്ടിയെടുക്കാൻ വന്നപ്പോൾ ഇവരിത്ര പ്രശ്നം കാണിച്ചില്ല. ഇഴജന്തുക്കൾ കാണുമോ? ഞാൻ സംശയിച്ചു.

ഞാൻ കുല വെട്ടിത്തുടങ്ങി ഒരു വാഴക്കുലയിൽ 2 കായ പഴുത്തിരിക്കുന്നു. ആ വാഴയ്ക്കരികിൽ ഞാൻ എത്തിയപ്പോൾ പക്ഷികൾ വല്ലാതെ സമ്മർദ്ദം കൂട്ടുന്നു. കാര്യം എനിക്ക് മനസിലായി, തന്റെ പറക്കമുറ്റാത്ത കുഞ്ഞുങ്ങൾ പഴുത്ത വാഴക്കുലയിൽ പെട്ടിരിക്കുന്നു. ഇന്നത് വെട്ടിയെടുക്കുമെന്ന് ആ ‘മാതൃഹൃദയം’ നേരത്തെ അറിഞ്ഞു. ഒരിക്കലും അവരുടെ കണക്കു തെറ്റാതെ കൃത്യമായി കുഞ്ഞുങ്ങളുമായി പോകാറുണ്ട്, ഒട്ടേറെപ്പേർ പോയിരിക്കുന്നു. ഇതെന്തേ വൈകിയത്. ആർക്കറിയാം.

ഞാൻ എന്തായാലും ആ വാഴക്കുല മാറ്റി നിർത്തി. ‘പഴുത്ത് ചീഞ്ഞ് പോയാലും ഒരു മാതൃഹൃദയവും തേങ്ങരുത്’അതെന്റെ തീരുമാനമായിരുന്നു. 5 ദിവസത്തിനു ശേഷം ഇന്നലെ വീണ്ടും വിളവെടുപ്പിനു പോയപ്പോൾ അവരെല്ലാം പോയിരിക്കുന്നു. ആരെയും കാണാനില്ല. പക്ഷേ, എന്റെ വാഴക്കുലയിൽ അവരുപേക്ഷിച്ച കൂടുണ്ട്. നേന്ത്രക്കുലയിൽ 10 കായയിലധികം പഴുത്ത് തീർന്നിരിക്കുന്നു. അവർ തിന്നില്ല. ഏകദേശം 5 കിലോ നഷ്ടം. അതൊരു നഷ്ടമായി തോന്നിയില്ല. അതിലും എത്രയോ വലുതല്ലേ ആ കുഞ്ഞു ജീവനുകളും ആ മാതൃത്വവും. അല്ലേ?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com