ADVERTISEMENT

ലോക് ഡൗൺ മൂലം വിമാന സർവീസ് ഇല്ലാത്ത അവസ്ഥയിലും ചാർട്ടേഡ് വിമാനത്തിലാണ് കൊൽക്കത്തയിൽനിന്ന് കേരളത്തിലേക്ക് മത്സ്യങ്ങളെത്തുന്നത്. മത്സ്യക്കുഞ്ഞുങ്ങളെ വാങ്ങിയ ഒരു യുവാവിന്റെ കുറിപ്പ് ‘മത്സ്യക്കുഞ്ഞുങ്ങൾക്കായി വിമാനത്താവളത്തിൽ എത്തിയപ്പോൾ കണ്ടത്’ എന്ന പേരിൽ കഴിഞ്ഞ ദിവസം കർഷകശ്രീ ഓൺലൈനിൽ പ്രസിദ്ധീകരിച്ചിരുന്നു. നിശ്ചയിച്ചതിലും വൈകിയെത്തുകയും നടപടിക്രമങ്ങൾ പൂർത്തിയായി ലോഡ് പുറത്തെത്തിച്ചപ്പോൾ വൈകുകയും ചെയ്തുവെന്ന് ആ കുറിപ്പിൽ പറഞ്ഞിരുന്നു. മത്സ്യക്കുഞ്ഞുങ്ങൾ തീർത്തും അവശനിലയായിരുന്നു. അതുകൊണ്ടുതന്നെ ആ മത്സ്യക്കുഞ്ഞുങ്ങൾക്ക് എന്തു സംഭവിച്ചു? ഒരന്വേഷണം.

ആൽവിൻ എടാട്ടുകാരൻ എന്ന യുവാവാണ് കഴിഞ്ഞ ദിവസം മത്സ്യക്കുഞ്ഞുങ്ങൾ എത്തിയ വിവരം ചൂണ്ടിക്കാട്ടി സോഷ്യൽ മീഡിയയിൽ കുറിപ്പു പങ്കുവച്ചത്. അദ്ദേഹത്തിനു ലഭിച്ച മത്സ്യക്കുഞ്ഞുങ്ങൾ അവശനിലയിയായിരുന്നു. രക്ഷപ്പെടുന്ന കാര്യത്തിൽ ഉറപ്പില്ല എന്ന് യുവാവ് കഴിഞ്ഞ ദിവസംതന്നെ വ്യക്തമാക്കുകയും ചെയ്തിരുന്നു. 

ആൽവിന് ലഭിച്ച മത്സ്യങ്ങൾ പൂർണമായും ചത്തുപോയെന്ന് അദ്ദേഹത്തിന് മത്സ്യങ്ങളെ കൈമാറിയ ഡീലർ വാഴൂർ ഫിഷ് ഫാം ഉടമ രാംകുമാർ അറിയിച്ചു. ജീവനോടെ കൈമാറിയെങ്കിലും ഒരു ദിവസത്തിനുള്ളിൽ മത്സ്യക്കുഞ്ഞുങ്ങൾ പൂർണമായും ചെത്തതിനാൽ ആൽവിന്റെ പണം തിരികെ നൽകിയെന്നും രാംകുമാർ കർഷകശ്രീയോടു പറഞ്ഞു. കോട്ടയം വാഴൂർ സ്വദേശിയാണ് രാംകുമാർ. 

ഇത് ഒറ്റപ്പെട്ട സംഭവമല്ല. കഴിഞ്ഞ ദിവസം, അതായത് മേയ് 23 ന് ചാർട്ടേഡ് വിമാനത്തിലാണ് നെടുമ്പാശേരിയിൽ മത്സ്യക്കുഞ്ഞുങ്ങളെത്തിയത്. അവിടെനിന്ന് വടക്കൻ ജില്ലകളിലേക്കും തെക്കൻ ജില്ലകളിലേക്കും മത്സ്യങ്ങൾ പോയി. എന്നാൽ, ഏതാണ്ട് 60 ശതമാനത്തിലധികം മത്സ്യക്കുഞ്ഞുങ്ങൾ ചത്തുപോകുകയാണുണ്ടായത്. വിമാനം വൈകിയതും കാർഗോ വിഭാഗത്തിലെ നടപടിക്രമങ്ങൾ പൂർത്തിയാകാൻ വൈകിയതുമാണ് ഇത്രവലിയ നഷ്ടത്തിനു കാരണമെന്ന് രാംകുമാർ പറഞ്ഞു.

നഷ്ടം വലുത്

ഒരു കുഞ്ഞിൽനിന്ന് അഞ്ചു പൈസ, പത്തു പൈസ ലാഭമെടുത്തിട്ടാണ് ഓരോ കച്ചവടക്കാരനും വിൽപന നടത്തുന്നത്. മത്സ്യക്കുഞ്ഞുങ്ങൾ നഷ്ടപ്പെട്ടതിലൂടെ കേരളത്തിലെയും കൊൽക്കത്തയിലെയും വിതരണക്കാർക്കാണ് കനത്ത നഷ്ടം നേരിടേണ്ടിവന്നിട്ടുള്ളത്. മേയ് അവസാനം മുതലാണ് കേരളത്തിൽ മത്സ്യക്കൃഷിയുടെ സീസൺ ആരംഭിക്കുന്നത്. അതുകൊണ്ടുതന്നെ മത്സ്യക്കുഞ്ഞുങ്ങൾക്ക് ആവശ്യക്കാരേറെയാണ്. ലോക് ഡൗണിനെത്തുടർന്ന് വീട്ടിൽ കുളങ്ങൾ നിർമിച്ച് മത്സ്യക്കുഞ്ഞുങ്ങളെ കാത്തിരിക്കുന്നവരുമുണ്ട്. അതുകൊണ്ടുതന്നെ മുൻ വർഷങ്ങളെ അപേക്ഷിച്ച് ഇപ്പോൾ മത്സ്യക്കുഞ്ഞുങ്ങൾക്ക് ഡിമാൻഡ് കൂടുതലുണ്ട്. തദ്ദേശീയമായി കുഞ്ഞുങ്ങളെ ലഭിക്കാനുമില്ല. ഈ സാഹചര്യത്തിലാണ് കേരളത്തിലെ കർഷകരെ സഹായിക്കാനായി ചാർട്ടേഡ് വിമാനങ്ങളിൽവരെ ഇവിടേക്ക് കുഞ്ഞുങ്ങളെ അയയ്ക്കുന്നത്.

എന്താണ് സംഭവിച്ചത്?

മേയ് 23ന് മത്സ്യക്കുഞ്ഞുങ്ങളുമായി സ്പൈസ്ജെറ്റിന്റെ ചാർട്ടേഡ് വിമാനം നെടുമ്പാശേരിയിൽ ലാൻഡ് ചെയ്തത് വൈകുന്നേരം ഏഴോടെയാണ്. നിശ്ചയിച്ചിരുന്നതിനേക്കാൾ ഒന്നര മണിക്കൂർ വൈകി. പിന്നീട് ഡീലർമാരുടെ പക്കൽ മത്സ്യക്കുഞ്ഞുങ്ങളടങ്ങിയ ബോക്സ് എത്തിയപ്പോൾ രാത്രി ഒരു മണിയോളമായി. ലോക് ഡൗൺ ആയതിനാൽ ജീവനക്കാരുടെ എണ്ണത്തിൽ കുറവുണ്ടായതാണ് ഈ താമസത്തിനു കാരണമെന്നാണ് കാർഗോ വിഭാഗം നൽകുന്ന വിവരം. എന്നാൽ, ഇത്തരത്തിൽ ജീവനക്കാരുടെ അഭാവമുള്ളപ്പോൾ ചരക്കുനീക്കത്തിന് അനുമതി നൽകാൻ പാടില്ലായിരുന്നുവെന്ന് രാംകുമാർ പറയുന്നു. പാക്കറ്റുകളിൽ വെള്ളവും ഓക്സിജനും നിറച്ച് വരുന്ന മത്സ്യങ്ങൾക്ക് സമയം വൈകുന്തോറും മരണനിരക്ക് ഉയരും. അതാണ് കഴിഞ്ഞ ദിവസം സംഭവിച്ചത്. സാധാരണ വിമാനം ലാൻഡ് ചെയ്ത് 2 മണിക്കൂറിനുള്ളിൽ ബോക്സുകൾ ഡീലർമാർക്ക് ലഭിക്കാറുള്ളതാണ്. 

40 ലക്ഷം മീനുകൾ

14 ടൺ ചരക്കാണ് കഴിഞ്ഞ ദിവസം എത്തിയത്. ഇത് ഏകദേശം 40 ലക്ഷം മത്സ്യക്കുഞ്ഞുങ്ങൾ വരും. എംഎസ്‌ടി (മോണോ സെക്സ് തിലാപ്പിയ), നട്ടർ (റെഡ് ബെല്ലീഡ് പാക്കു), അനാബസ്, വാള എന്നീ ഇനം മത്സ്യങ്ങളാണ് ഉണ്ടായിരുന്നത്. 1250–1500 മത്സ്യക്കുഞ്ഞുങ്ങളാണ് ഒരു പാക്കറ്റിൽ ഉണ്ടാവുക. വലുപ്പമനുസരിച്ച് ഈ എണ്ണത്തിൽ ഏറ്റക്കുറച്ചിലുണ്ടാകും. ചാർട്ടേഡ് ഫ്ലൈറ്റ് ആയതിനാൽ സമയനഷ്ടമില്ലാതെ ഇവിടെത്തും എന്ന പ്രതീക്ഷയിലാണ് ഇത്രയധികം മത്സ്യങ്ങളെ ഒരു കവറിൽ പായ്ക്ക് ചെയ്യുന്നത്. സാധാരണ സർവീസുകളിൽ ഇത്രയും എണ്ണം ഉണ്ടാവാറില്ല. 

സർക്കാർ ഭാഗത്തുനിന്ന് ശ്രദ്ധ വേണം

കേരളത്തിലെ കർഷകർക്ക് ആവശ്യാനുസരണം മത്സ്യക്കുഞ്ഞുങ്ങളെ ലഭ്യമാക്കാനുള്ള സംവിധാനം സംസ്ഥാനത്തില്ല. അതിനാണ് ഇത്തരത്തിൽ മറുനാട്ടിൽനിന്ന് കുഞ്ഞുങ്ങളെ എത്തിക്കേണ്ടിവരുന്നത്. കേരളത്തിലെ കർഷകർക്ക് ആവശ്യാനുസരണം മത്സ്യക്കുഞ്ഞുങ്ങളെ ലഭ്യമാക്കാനുള്ള സംവിധാനം സർക്കാർ ഒരുക്കണമെന്ന് രാംകുമാർ പറഞ്ഞു. സർക്കാർ ഹാച്ചറികൾ തുടങ്ങുകയോ സ്വകാര്യ ഹാച്ചറികൾക്ക് അനുമതി നൽകുകയോ വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം കേരളത്തിലെ മത്സ്യക്കർഷകർക്ക് കൃഷിയിറക്കാൻ കഴിയാതെവരുമെന്നും അദ്ദേഹം പറയുന്നു. 

Englih summary: Fish Seeds for Kerala Farmers

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com