ADVERTISEMENT

‘അമ്മേ  ദേ  നോക്കിയേ...’

ഒരു മുറം കൂണുമായി വന്നു നിൽക്കുന്ന അപ്പുവിനെ കണ്ട് അമ്മ ചിരിച്ചു. 

‘ഇതൊക്കെ എന്തിനാ.?’

‘ഞാൻ കൂൺ കൃഷി തുടങ്ങാൻ പോകുന്നു.’ അപ്പു പ്രഖ്യാപിച്ചു . ‘ഇതെല്ലം ഞാൻ ആ ഗ്രോ ബാഗിൽ നടാൻ പോകുകയാ.’

‘നല്ല ഒരു തീരുമാനമാണ്. പക്ഷേ കൂൺ ഇങ്ങനെയല്ല നടുന്നത്. മാത്രവുമല്ല എല്ലാ കൂണുകളും കഴിക്കാൻ കൊള്ളില്ല. ചിലതു വിഷം ഉള്ളതും ആയിരിക്കും. അതുകൊണ്ട് ചുറ്റും കാണുന്ന കൂണുകളൊന്നും പെറുക്കി തിന്നാൻ പറ്റൂല്ല.’ അമ്മ പറഞ്ഞു 

‘അപ്പൊ എങ്ങനെയാ അറിയുന്നേ, വിഷമുള്ളത് ഏതാ വിഷമില്ലാത്തത് ഏതാ എന്ന്?’

‘സത്യം പറഞ്ഞാൽ അപ്പു, അമ്മയ്ക്കും അത് കൃത്യമായിട്ടു പറഞ്ഞു തരാൻ അറിയില്ല.’

അപ്പുവിന് വിഷമം ആയി. 

‘അപ്പൊ എനിക്ക് കൂൺ കൃഷി ചെയ്യാൻ പറ്റില്ലേ?’

‘ചെയ്യാല്ലോ. കൂൺ ഉണ്ടകുന്നത് കൂണുകൾ നട്ടിട്ടല്ല. അതിന്റെ വിത്തുകൾ പാകിയിട്ടാ. അതിനെ സ്പോൺ (spawn) എന്ന് പറയും.’

‘അത് എവിടുന്നു കിട്ടുo?’

‘അതിനു കാർഷിക കോളേജുമായി ബന്ധപ്പെട്ടാൽ മതിയാകും.’

‘നാളെ പോകാം അമ്മേ വിത്തു വാങ്ങിക്കാൻ.’

‘എന്റെ അപ്പു... അത് നീ വിചാരിക്കുന്ന പോലെയല്ല. സാധാരണ ചെയ്യുന്നതു പോലെ മണ്ണിലൊന്നും അല്ല കൂൺ കൃഷി ചെയ്യുന്നത്... കുറച്ചു മെനക്കെട്ട പരിപാടികളാണ്. കുറെ സാധനങ്ങളും വാങ്ങിക്കണം. നീ കൂൺ വിട്ടേക്ക്. വേറെ എന്തെങ്കിലും നടൂ.’

അമ്മ ഇതും പറഞ്ഞു അകത്തു കയറി പോയി. അപ്പുവിന് ആകെ സങ്കടമായി. അവനു ദേഷ്യവും സങ്കടവും വന്നു. അവൻ പിണങ്ങി  ഉമ്മറത്തുള്ള പടിയിൽ ചെന്നിരുന്നു. തല കുമ്പിട്ടിരിക്കുന്ന അവനെ അച്ഛൻ  കണ്ടു.

‘എന്താടാ... ഒരു മ്ലാനത?’

അവൻ അച്ഛനെ ഒന്ന് നോക്കി... എന്നിട്ട് ആ ഇരിപ്പു തുടർന്നു.

‘നീ കാര്യം പറ. നമുക്ക് പരിഹാരമുണ്ടാക്കാം.’

‘അമ്മ എന്നെ കൂൺ നടാൻ സമ്മതിക്കുന്നില്ല.’

‘ഇത്രേ ഉള്ളോ... നമുക്ക് ശരിയാക്കാം.’

 

അകത്തോട്ടു കയറിപ്പോയ അച്ഛനെ കുറെ നേരം അവൻ കാത്തു. പിന്നെ പമ്മി പമ്മി അവൻ അകത്തേക്ക് കയറിച്ചെന്നു. അവിടെ അച്ഛനും അമ്മയും കൂൺകൃഷി ചർച്ച ചെയ്യുന്നു

‘ഒന്നാമത്തെ കാര്യം സ്പോൺ പോയി വാങ്ങണം. വൈക്കോൽ വാങ്ങണം. അതു പുഴുങ്ങണം, ഉണക്കണം .. പിന്നെ അത്...’

‘താൻ ഒന്ന് സമാധാനത്തിൽ പറയടോ...’

‘ശരി. ആദ്യം 7 –12 മണിക്കൂർ വൈക്കോൽ വെള്ളത്തിൽ കുതിർത്ത്. 20 – 30 മിനിറ്റു വരെ വെള്ളത്തിൽ തിളപ്പിക്കണം. വെള്ളം തോരനായി മുറ്റത്തു വിരിച്ചിടണം. പിഴിഞ്ഞാൽ വെള്ളം ഇറ്റു വീഴാത്തതും എന്നാൽ ഈർപ്പം ഉള്ളതുമായ രീതിയിൽ ആക്കിയെടുക്കണം. 200 ഗേജിന്റെ 10 x 20 ഇഞ്ച് വലുപ്പവുമുള്ള പ്ലാസ്റ്റിക് കവറുകളിൽ വൈക്കോലിനെ ചെറിയ ചുമ്മാടുകൾ ആക്കി കവറിന്റെ ഉള്ളിലോട്ട് ഇറക്കി വയ്ക്കണം.’

‘ചുമ്മാടോ?’ ഒളിച്ചിരിക്കുന്ന അപ്പുവിന്റെ വായിൽനിന്നും അറിയാതെ വന്നു പോയി.

‘ഓ... കർഷകൻ ഇവിടുണ്ടായിരുന്നോ?’ അമ്മ ഉറക്കെ ചോദിച്ചു

‘ചുമട് തലയിൽ വയ്ക്കുമ്പോൾ നീ കണ്ടിട്ടില്ലേ തുണി ചുരുട്ടി ചുമടിന്റെ അടിയിൽ വയ്ക്കുന്നത്.’

‘ആ കണ്ടിട്ടുണ്ട്... മീൻ കൊണ്ടുവരുന്ന ആന്റീടെ തലയിൽ ഞാൻ കണ്ടിട്ടുണ്ട്.’

‘അതുപോലെ വൈക്കോലിൽ ഉണ്ടാക്കി എടുക്കണം. വാങ്ങിച്ചുകൊണ്ട് വന്ന സ്പോൺ പൊട്ടിച്ചു ചുമ്മാടിന്റെ അരികിലൂടെ വിതറണം. എന്നിട്ട് അടുത്ത ചുമ്മാട്  വയ്ക്കണം. ഇങ്ങനെ ആ കവറിൽ ഒന്നിനു മുകളിൽ ഒന്നായി ചുമ്മാടുകൾ വയ്ക്കണം. അഞ്ചോ ആറോ ചുമ്മാടുകൾ ഒരു കവറിൽ വയ്ക്കാൻ പറ്റും. അവസാനത്തെയും ചുമ്മാടു വയ്ക്കുമ്പോൾ അതിന്റെ മുകളിൽ അരികുകളിൽ മാത്രമല്ല മുഴുവനും സ്പോൺ വിതറണം. എന്നിട്ടു കവറിന്റെ വായ്ഭാഗം റബർ ബാൻഡുകൊണ്ട് കെട്ടിവയ്ക്കണം. ഇങ്ങനെ ഉണ്ടാക്കി എടുത്ത ബാഗുകൾ നമ്മൾ കൂൺ ബെഡ്ഡുകൾ എന്ന് പറയും. ’

ഇത്രെയും കേട്ടപ്പോൾ തന്നെ അച്ഛന്റെ മുഖത്ത് ആദ്യം ഉണ്ടായിരുന്ന ഉത്സാഹം കുറഞ്ഞു.

‘ഇനി അണുവിമുക്തമാക്കിയ ഒരു സ്ക്രൂഡ്രൈവർ  ഉപയോഗിച്ച്...’

‘എങ്ങനെ അണുവിമുക്തമാക്കും?’

‘സ്ക്രൂഡ്രൈവർ  തീയിൽ കാണിച്ചു ചൂടാക്കിയാൽ മതി. എന്നിട്ട് അതുവച്ച് കൂൺ ബെഡ്ഡുകളിൽ ചെറിയ ദ്വാരങ്ങൾ ഉണ്ടാക്കുക. അതിനു ശേഷം ബെഡ്ഡുകളെ ഇരുട്ടുമുറിയിൽ തൂക്കിയിടണം. 12 മുതൽ 18 ദിവസത്തിനുള്ളിൽ കൂൺ മുളയ്ക്കാൻ തുടങ്ങും. ഇനി കുറച്ചു വെളിച്ചമൊക്കെ ആകാം. സ്പ്രേയോ മറ്റോ ഉപയോഗിച്ച് ഈർപ്പം എപ്പോഴും നിലനിർത്തണം. ഇനി കൂൺ കൃഷി  തുടങ്ങിക്കോളൂ.’ എന്നും പറഞ്ഞു അമ്മ അവിടെനിന്ന് തടി തപ്പി.

അപ്പു പ്രതീക്ഷയോടെ അച്ഛന്റെ മുഖത്ത് നോക്കി. 

‘അടുത്ത... അടുത്ത അവധിക്കാലത്തു പോരെ?’

അപ്പു കടുപ്പിച്ചൊന്നു അച്ഛന്റെ മുഖത്ത് നോക്കി.

‘വേണ്ട... നമുക്ക് ഇപ്പൊ ചെയ്യാം.’

അച്ഛൻ തലപുകഞ്ഞാലോചിച്ചു... ‘എവിടുന്നാ വൈക്കോൽ സംഘടിപ്പിക്കുക?’

 

‘സുഖമല്ലേ...’ അപ്പുറത്തെ വീട്ടിലെ ജോസഫ് കൈ കാണിച്ചു കുശലം ചോദിച്ചു.

‘സുഖം... അവിടെ നിന്നേ...’ അച്ഛൻ ഓടി ജോസെഫിന്റെ അടുത്തേക്കു പോയി.

‘ജോസെഫിന്റെ അച്ഛന് ഇപ്പോഴും പശു ഒക്കെ വളർത്തുന്നുണ്ടോ?’

‘ആ ഉണ്ട്... ഇനി ഇതൊക്കെ വച്ച് കെട്ടാൻ പറഞ്ഞാൽ അച്ഛൻ കേൾക്കത്തില്ല. ഇപ്പോഴും പഴയ പോലെ വൈക്കോലും പച്ച പുല്ലും ഒക്കെ കൊടുത്തു ഫുൾ ജൈവമാ...’

‘അച്ഛൻ വീട്ടിൽ എപ്പോ കാണും?’

‘ഉച്ചക്ക് കാണും... എന്ത് പറ്റി?’

‘കുറച്ചു വൈക്കോലിന്റെ ആവശ്യമുണ്ടായിരുന്നു... ശരി അപ്പൊ.’

ജോസഫിന്റെ  അച്ഛൻ വൈക്കോൽ സംഘടിപ്പിച്ചു കൊടുത്തു. ഒരു വലിയ വൈക്കോൽ കെട്ട്! അവിടെ കാർ കൊണ്ട് പോകാൻ പ്രയാസം. 

‘അതിനെന്താ... ഇതിനു വലിയ ഭാരമൊന്നും ഇല്ല’ എന്നും പറഞ്ഞു ജോസാഫിന്റെ അച്ഛൻ ആ വലിയ വൈക്കോൽ കേട്ടെടുത്ത് അപ്പുവിന്റെ അച്ഛന്റെ തലയിൽവച്ച് കൊടുത്തു. തപ്പിത്തടഞ്ഞു പൊരി വെയിലത്ത് നടന്നു നടന്നു അച്ഛൻ എങ്ങനെയൊക്കെയോ വീട്ടിലെത്തി. വൈക്കോൽ കെട്ട് താഴെ ഇറക്കിയിട്ടു വീട്ടിന്റെ പടിക്കെട്ടിൽ മലർന്നു കിടന്നു.

‘ഹായ് വൈക്കോൽ... താങ്ക്സ്  അച്ഛാ...  നമുക്ക് തുടങ്ങാം.’

അച്ഛനെ വലിച്ചിഴച്ചു അവൻ വീട്ടിന്റെ പിന്നാമ്പുറത്തേയ്‌ക്കുപോയി... അടുക്കളയോടു ചേർന്ന ഒരു ചെറിയ മുറി അവൻ ഒഴിച്ചിട്ടിരിക്കുന്നു. എന്നിട്ട് അമ്മ വാങ്ങിച്ചു കൊണ്ട് വന്ന സ്പോണും കാണിച്ചു കൊടുത്തു.  പിന്നെ അച്ഛൻ തന്നെ വൈക്കോൽ പുഴുങ്ങുകയും ചുമ്മാട് ഉണ്ടാക്കുകയും ചെയ്തു... അപ്പു സ്പോൺ വിതറി...

കൂൺ ബെഡ്ഡുകൾ വരി വരി ആയി തൂക്കി ഇട്ടു. രാവിലെയും വൈകിട്ടും വെള്ളം സ്പ്രേ ചെയ്തു... ദിവസങ്ങൾ ചെല്ലുന്തോറും അതിന്റെ ഉള്ളിൽ പഞ്ഞി പോലത്തെ വെള്ള നിറത്തിലുള്ള പൂപ്പൽ കണ്ടു തുടങ്ങി. അപ്പു വല്ലാതെ പരിഭ്രമിച്ചു.

‘അയ്യോ... അമ്മേ... എന്റെ കൂൺ ബെഡ്ഡുകൾ മുഴുവൻ പൂത്തു പോയി...’

‘ഇല്ലടാ... അത് വളരുന്നതാ... കൂൺ പൂപ്പലിന്റെ  കുടുംബത്തിലെ അംഗമാണ്.’

അപ്പുവിന് സമാധാനമായി... അങ്ങനെ ഏകദേശം 2  ആഴ്ച കഴിഞ്ഞപ്പോൾ.

‘അമ്മേ. അച്ഛാ... കൂൺ മൊട്ടു വന്നേ...’

രണ്ടു പേരും ഓടി എത്തി. 

‘ങാ... ഇനി ഈ പോളിത്തീന് കവർ മാറ്റാം... സൂക്ഷിച്ചു മാറ്റണേ... ആ മൊട്ടു താഴെപ്പോകാതെ...’

 

അച്ഛനും അപ്പുവും മുഴുവൻ ബെഡ്ഡുകളുടെയും കവറുകൾ മാറ്റി. അന്ന് അങ്ങനെ ഓഫീസിൽ എത്താൻ വൈകി. വീട്ടിലെ കൂൺ കൃഷിയും വയ്ക്കോൽ ചുമന്നതും കവർ മാറ്റിയതും എല്ലാം അച്ഛൻ ആവേശത്തോടെ ഒരു സിനിമാക്കഥ പറയുന്ന പോലെ പറഞ്ഞു. എല്ലാവർക്കും കൂൺ കട്‌ലെറ്റും വാഗ്‌ദാനം ചെയ്തു. 

അങ്ങനെ 2 -3 ദിവസം കടന്നു പോയി. കൂൺ ആവേശത്തോടെ വളർന്നു. എല്ലാവരുടെയും പ്രതീക്ഷകളും. 

‘അപ്പു... ദാ നോക്കിയേ.. .ഇന്ന് കൂൺ പറിക്കാം കേട്ടോ.’

അപ്പു നേരെ കൂൺ മുറിയിലോട്ടു പോയി. പിന്നെ പുറത്തോട്ടും. കുളിമുറിയിലായിരുന്ന അച്ഛൻ കുറച്ചു കഴിഞ്ഞു കൂൺ മുറിയിലോട്ടു പോയി.

‘കൂൺ എന്തിയേ?’ അച്ഛൻ നീട്ടി ചോദിച്ചു ...

‘ങാ... അപ്പു പറിച്ചു കാണും.’ അമ്മ ഉത്തരം പറഞ്ഞു. 

ഉമ്മറത്ത് അപ്പു കാശു എണ്ണിക്കൊണ്ടു ഇരിക്കുന്നു.

‘അപ്പു കൂൺ എവിടെ?’

അവൻ കൈയിൽ ഇരിക്കുന്ന കാശു കാണിച്ചു കൊടുത്തു.

അച്ഛന് ഒന്നും മനസിലായില്ല.

‘അച്ഛാ... എന്റെ കൂൺ ബിസിനസ്. കൃഷി തുടങ്ങുന്നേനെ മുൻപേ, ഞാൻ  എല്ലാരുടെയും അടുത്തുനിന്ന് ഓർഡർ  എടുത്തു. എല്ലാവർക്കും  വിറ്റു. നല്ല ലാഭമുള്ള ബിസിനസ്!’

‘നമുക്കില്ലേ? വഴിയിൽ കൂൺ കൊണ്ടുപോകുന്ന കണ്ടപ്പോൾ ലിലി ആന്റിയും അപ്പുറത്തെ വേറെ ഒരു ആന്റിയും വേണമെന്ന് പറഞ്ഞു. അപ്പൊ അടുത്ത വിളവെടുപ്പും ബുക്ക്ഡ്  ആണ്. അമ്മ പറഞ്ഞു മൂന്നു പ്രാവശ്യം വരെ ഇങ്ങനെ വിളവെടുക്കാൻ പറ്റും എന്ന്.’

അച്ഛൻ തിരികെ വന്നു ഊണ് മുറിയിൽ ഇരുന്നു.

‘ഇന്ന് ഓഫീസിൽ പോണില്ല?’

‘ഓ ഇല്ല. ഇന്ന് ഞാൻ ലീവാ...’

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com