ADVERTISEMENT

സ്വന്തം കുഞ്ഞുങ്ങളെ പാലൂട്ടാന്‍ അന്യന്റെ പാല്‍പാത്രത്തെ ആശ്രയിക്കേണ്ട ഗതികെട്ട ഒരു കാലം നമ്മുടെ രാജ്യത്തിനുണ്ടായിരുന്നു. എന്നാല്‍, ഇന്നു ലോകത്ത് ഏറ്റവുമധികം പാലുൽപാദിപ്പിക്കുന്ന രാജ്യമാണ് ഇന്ത്യ. എഴുപതു ദശലക്ഷത്തോളം  വരുന്ന ക്ഷീരകര്‍ഷകര്‍ ഒത്തുചേരുമ്പോൾ പാൽപ്പാത്രത്തിൽ നിറയുന്നത് പ്രതിവര്‍ഷം 187.7 മില്ല്യണ്‍ മെട്രിക് ടണ്‍ പാൽ. ഓരോ ഇന്ത്യാക്കാരനും ഒരു ദിവസം 394 ഗ്രാം പാല്‍ വീതം നല്‍കാന്‍ കഴിയുന്ന മികച്ച ഉൽപാദനം. സമാനതകളില്ലാത്ത ഈ നേട്ടത്തിലേക്കു നാടിനെ നയിച്ചത് ധവളവിപ്ലവ പിതാവായ ഡോ. വർഗീസ് കുര്യന്‍ മുന്നോട്ടുവച്ച  'ഒരു ബില്ല്യണ്‍ ലീറ്റര്‍' എന്ന ആശയമായിരുന്നു.

എല്ലാവരും ആനന്ദിലേക്ക്

ത്രിഭുവൻദാസ് പട്ടേലിന്റെ കറ കളഞ്ഞ രാഷ്ട്രീയ നേതൃത്വവും കുര്യന്റെ പഴുതുകളില്ലാത്ത സാമ്പത്തിക മാനേജ്മെന്റും കൈ കോർത്തതിനാൽ 1950കളുടെ തുടക്കത്തിൽ തന്നെ ഗുജറാത്തിലെ കെയ്‌റ ജില്ലയിലെ ക്ഷീരകര്‍ഷകസഹകരണ സംഘം വിജയപാതയിലെത്തിയിരുന്നു. 1955 ഒക്‌ടോബര്‍ 31ന് കെയ്‌റ ജില്ലയിലെ ആനന്ദ് എന്ന കൊച്ചുഗ്രാമത്തില്‍ അത്യാധുനികമായ ഒരു ഡെയറി പ്ലാന്റ് പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു ഉദ്ഘാടനം ചെയ്തു. അമൂല്‍ എന്ന ബ്രാന്‍ഡില്‍ ഇവിടെ നിന്നുള്ള ഉൽപന്നങ്ങള്‍ പിന്നീട് വിപണി കയ്യടക്കുകയും ചെയ്തു. 

രാജ്യത്തിന്റെ മറ്റൊരിടത്തും ക്ഷീരമേഖലയിൽ സംഭവിക്കാതിരുന്ന വിജയത്തേക്കുറിച്ചറിയാന്‍  രാഷ്ട്രീയ സാമ്പത്തിക മേഖലകളിലെ പ്രമുഖര്‍ ആനന്ദിലേക്കു നിരന്തരം എത്തിയിരുന്നു. എന്നാൽ, അവരൊന്നും മുന്നിൽക്കണ്ട വിജയമാതൃകയെ തിരിച്ചുപോകുമ്പോൾ കൂടെ കൊണ്ടുപോകാൻ മെനക്കെട്ടില്ലായെന്നു മാത്രം. 1964ല്‍ ആനന്ദിൽ സ്ഥാപിക്കപ്പെട്ട കാലിത്തീറ്റ ഫാക്ടറി ഉദ്ഘാടനം ചെയ്യാനെത്തിയ അന്നത്തെ പ്രധാനമന്ത്രി ലാല്‍ ബഹദൂര്‍ ശാസ്ത്രിയാണ് ആനന്ദ് മാതൃക ഇന്ത്യയൊട്ടാകെ വ്യാപിപ്പിക്കണമെന്ന നിര്‍ദ്ദേശം വര്‍ഗീസ് കുര്യനു നല്‍കുന്നത്. അമുലിന്റെ വിജയത്തിനാധാരം ക്ഷീരകർഷകരുടെ ക്ഷേമത്തിന്  മുഖ്യ പ്രാധാന്യം നൽകുന്നതിനാലാണെന്ന് കുര്യൻ പ്രധാനമന്ത്രിയോടു തുറന്നു പറഞ്ഞിരുന്നു.  അമുലിന്റെ ജോലിക്കാരനായി തുടര്‍ന്നുകൊണ്ട് പദ്ധതി നടപ്പിലാക്കാനുള്ള സന്നദ്ധത കുര്യന്‍ പ്രധാനമന്ത്രിയെ അറിയിച്ചു. 

പദ്ധതി നടത്തിപ്പിനായി സ്ഥാപിക്കപ്പെടുന്ന ദേശീയ ക്ഷീരവികസന ബോര്‍ഡിന്റെ (National Dairy Development Board-NDDB) കേന്ദ്രം ആനന്ദിലായിരിക്കണമെന്ന കുര്യന്റെ ആവശ്യവും പ്രധാനമന്ത്രി അംഗീകരിച്ചു. ‘ആനന്ദ് മാതൃക രാജ്യമെങ്ങും നടപ്പിലാക്കുകയെന്നത് താങ്കളുടെ ജീവിതദൗത്യമായി സ്വീകരിക്കുക, അതിനുവേണ്ടി താങ്കള്‍ക്ക് ആവശ്യമായി വരുന്നതെല്ലാം സര്‍ക്കാര്‍ നല്‍കുന്നതായിരിക്കും’ ഇതായിരുന്നു കുര്യന് പ്രധാനമന്ത്രി നല്‍കിയ ഉറപ്പ്. പ്രധാനമന്ത്രിക്കും കൂടെയെത്തിയ വിശിഷ്ടാതിഥികൾക്കും മുന്നിൽ വര്‍ഗീസ് കുര്യൻ പറഞ്ഞതിന്റെയെല്ലാം സാരാംശം ഇതായിരുന്നു. ‘അമുല്‍ എന്നത് ഇന്ത്യയില്‍ ഇന്നുള്ള ഒരേയൊരു മാതൃകയായിരിക്കാം. പക്ഷേ, ലോകമെമ്പാടും ക്ഷീരമേഖല മാതൃകാപരമായി വികസിച്ച രാജ്യങ്ങളെല്ലാം പിന്തുടരുന്നത് സഹകരണ പ്രസ്ഥാനങ്ങളുടെ വഴി തന്നെയാണ്.’ ക്ഷീര കർഷകസഹകരണത്തിലൂന്നിയ ആനന്ദ് മാതൃകയാണ് ക്ഷീരവികസനത്തിനായി രാജ്യത്തിന് അനുകരിക്കാവുന്നതെന്ന ഉത്തമബോധ്യത്തോടെയാണ്  പ്രധാനമന്ത്രി ഡൽഹിയിൽ തിരിച്ചെത്തിയത്. കെയ്‌റയിലേതുപോലുള്ള സഹകരണ സംഘങ്ങള്‍ സ്ഥാപിക്കാനുള്ള തീരുമാനം കേന്ദ്രമന്ത്രിമാരേയും സംസ്ഥാന മുഖ്യമന്ത്രിമാരേയും എഴുതി അറിയിക്കുകയാണ് ശാസ്ത്രി ആദ്യം ചെയ്തത്. കേന്ദ്ര കൃഷി ഭക്ഷ്യ മന്ത്രിയായിരുന്ന സി. സുബ്രഹ്മണ്യം പുതിയ ആശയത്തിന് ശക്തമായ പിന്തുണ നല്‍കുകയും ചെയ്തു.

ആഗോളവിജയം നേടിയ സഹകരണ മാതൃക

ലോകത്തെ  മികച്ച പാലുൽപാദക രാജ്യങ്ങളെല്ലാം തന്നെ ഏറെ വര്‍ഷങ്ങള്‍ക്കു മുമ്പു തന്നെ സഹകരണപ്രസ്ഥാനങ്ങള്‍ക്ക് രൂപം നല്‍കിയിരുന്നു. ക്ഷീരോൽപാദനത്തില്‍ ഏറെ മുന്നില്‍ നില്‍ക്കുന്ന ന്യൂസിലൻഡില്‍ 1871ല്‍  തന്നെ സഹകരണപ്രസ്ഥാനങ്ങള്‍ നിലവില്‍ വന്നിരുന്നു. 1900ന്റെ തുടക്കത്തില്‍ ന്യൂസിലൻഡിലെ ബഹുഭൂരിപക്ഷം ഡെയറി ഫാക്ടറികളും സഹകരണപ്രസ്ഥാനങ്ങളുടെ ഉടമസ്ഥതയിലെത്തുന്ന അവസ്ഥയുമുണ്ടായി. പാലിന്റെയും ഉൽപന്നങ്ങളുടെയും കയറ്റുമതി കുതിച്ചുയർന്നപ്പോൾ  200ൽപ്പരം സഹകരണ സ്ഥാപനങ്ങളെ ഒരു കുടക്കീഴിലാക്കി  ‘ദ ന്യൂസിലൻഡ് ഡെയറി ബോര്‍ഡ്’ രൂപീകരിച്ച അവർ ലോകക്ഷീരവിപണിയിലെ മുന്‍നിരക്കാരായി സ്ഥാനംപിടിച്ചു. ബെല്‍ജിയം, നെതര്‍ലന്‍ഡ്‌സ്, അയര്‍ലണ്ട്, ജര്‍മ്മനി, ഫിന്‍ലൻഡ്, ഡെന്‍മാര്‍ക്ക് തുടങ്ങിയ രാജ്യങ്ങളെല്ലാം ക്ഷീരമേഖലയില്‍ സഹകരണപാതയില്‍ നടന്നു വിജയം നേടിയവരാണ്. അമേരിക്കയില്‍ പോലും 1950കളില്‍ മൊത്തം ഉൽപാദനത്തിന്റെ പകുതിയും സഹകരണമേഖലയിലായിരുന്നു. എന്നാൽ ഇന്ത്യയിലാകട്ടെ സ്വാതന്ത്ര്യം കിട്ടി രണ്ടു ദശാബ്ദങ്ങൾ കഴിഞ്ഞിട്ടും ക്ഷീരമേഖലയിലെ ഒരേയൊരു വിജയമാതൃക കെയ്റ മാത്രമായി തുടർന്നു.

ഇന്ത്യയില്‍ സംഭവിച്ചുകൊണ്ടിരുന്നത്

1950–60കളില്‍ ഇന്ത്യയിൽ പാല്‍ക്ഷാമം അതിരൂക്ഷമായിരുന്നു. ജനസംഖ്യയുടെ മൂന്നിലൊന്നിനുപോലും തികയാത്ത അളവിലായിരുന്നു രാജ്യത്തെപാലുൽപാദനം. അമേരിക്കയുടെ  PL480 പദ്ധതി വഴി സൗജന്യമായി ലഭിക്കുന്ന പാല്‍പ്പൊടിയും, അക്കാലത്ത് ഏറെ വിലപ്പെട്ടതായിരുന്ന വിദേശനാണ്യം മുടക്കിയുള്ള പാൽപ്പൊടിയുടെ ഇറക്കുമതിയെയും ആശ്രയിച്ചായിരുന്നു ക്ഷീരമേഖല നിലനിന്നിരുന്നത്.  സൗജന്യമായും ഇറക്കുമതിയിലൂടെയും ലഭിക്കുന്ന പാല്‍പ്പൊടിമൂലം ആഭ്യന്തര വിപണിയില്‍ പാലിന് വിലസ്ഥിരതയില്ലായിരുന്നതിനാൽ ക്ഷീരവൃത്തി ആദായകരമാക്കാന്‍ കര്‍ഷകര്‍ക്കും കഴിയുന്നുണ്ടായിരുന്നില്ല. 

ആദ്യത്തെ പഞ്ചവത്സര പദ്ധതി രേഖയില്‍ ഏകദേശം 2000 വാക്കുകള്‍ മൃഗസംരക്ഷണ മേഖലയിലെ പ്രശ്‌നങ്ങളേക്കുറിച്ച് വിവരിക്കാന്‍ മാറ്റിവച്ചിരുന്നെങ്കിലും, പരിഹാരമായി കൊണ്ടുവരാന്‍ കാര്യമായ പദ്ധതികളൊന്നുമില്ലായിരുന്നില്ല. രണ്ടാം പദ്ധതിയിലാകട്ടെ ഉൽപാദനം ഏറെ കുറവാണെന്ന തിരിച്ചറിയലുണ്ടായി എന്ന മാറ്റം മാത്രമാണുണ്ടായിരുന്നത്. 1961ല്‍ തുടങ്ങിയ മൂന്നാം പഞ്ചവത്സരപദ്ധതിയാകട്ടെ പാലിന്റെ പ്രതിശീര്‍ഷലഭ്യതയിലെ വർധന പരിതാപകരമാണെന്ന വെളിപ്പെടുത്തലുണ്ടായി.  അപ്പോഴും കെയ്‌റ സംഘത്തിന്റെ വിജയമാതൃക  ആസൂത്രണ വിദഗ്ധരുടെ കണ്ണില്‍  പ്രത്യക്ഷപ്പെട്ടിരുന്നില്ല. അല്ലെങ്കിൽ അവർ അതിനു ശ്രമിച്ചില്ലായെന്നു പറയാം. സമീകൃതമായ ആഹാരമെന്ന നിലയിലും, കര്‍ഷകരുടെ വരുമാനമാര്‍ഗമെന്ന നിലയിലും പാലുൽപാദനത്തെ കാണാന്‍ ആദ്യത്തെ മൂന്നു പഞ്ചവത്സരപദ്ധതികളും വിജയിച്ചില്ലായെന്നു തന്നെ പറയേണ്ടി വരുന്നു. പാല്‍ ലഭ്യതയെന്നത് നഗരവാസികളുടെ പ്രശ്‌നമാണെന്ന രീതിയില്‍ സബ്‌സിഡിയിലധിഷ്ഠിതമായ  മില്‍ക്ക് സ്‌കീമുകള്‍ പട്ടണങ്ങളില്‍ നടത്തുന്നതായിരുന്നു ആ സമയത്തെ പ്രധാന ക്ഷീരവികസന പ്രവർത്തനം. 

കുര്യന്‍ നേരിടുന്ന പ്രതിസന്ധികള്‍

കെയ്‌റയില്‍ വിജയം നേടിയ കുര്യനോട്  ആനന്ദ് മാതൃക രാജ്യമെങ്ങും വ്യാപിപ്പിക്കാന്‍ പ്രധാനമന്ത്രി തന്നെ നിര്‍ദ്ദേശം നല്‍കിയെങ്കിലും കാര്യങ്ങള്‍ അത്ര എളുപ്പമായിരുന്നില്ല. ദേശീയ ക്ഷീരവികസന ബോര്‍ഡ് (NDDB) സ്ഥാപിക്കപ്പെട്ടാല്‍ തങ്ങളുടെ അധികാരങ്ങള്‍ നഷ്ടപ്പെടുമെന്നു ഭയന്ന  ഉദ്യോഗസ്ഥര്‍  നിരന്തരം തടസങ്ങള്‍ സൃഷ്ടിച്ചു. ഒരേ സമയം ഉൽപാദകരുടെയും ഉപഭോക്താക്കളുടെയും മേൽ സ്വാധീനം ചെലുത്താൻ ശക്തിയുള്ള സഹകരണ സംഘങ്ങളുടെ വരവിനെ രാഷ്ട്രീയ നേതാക്കളും പ്രോത്സാഹിപ്പിച്ചില്ല. ബോര്‍ഡിന്റെ ഓഫീസ് ആനന്ദില്‍  സ്ഥാപിക്കാനായി ആവശ്യപ്പെട്ട കേവലം 30,000 രൂപ പോലും കുര്യന് നിഷേധിക്കപ്പെട്ടു. യാചനാശീലമില്ലാതിരുന്ന കുര്യനാകട്ടെ കേന്ദ്ര സഹായത്തിനു പിന്നാലെ പോകാതെ  കെയ്‌റ സഹകരണ സംഘത്തിന്റെ പിന്‍ബലത്തില്‍ NDDB ഓഫീസ് സ്ഥാപിച്ചു. 

1965 സെപ്റ്റംബര്‍ 27ന് കേന്ദ്രകൃഷി മന്ത്രാലയത്തിന്റെ കീഴില്‍ ഒരു സൊസൈറ്റിയായി NDDB റജിസ്റ്റര്‍ ചെയ്യപ്പെട്ടു. വിവിധ സംസ്ഥാനങ്ങള്‍ സന്ദര്‍ശിച്ച്, മുഖ്യമന്ത്രിമാരേയും  കൃഷിമന്ത്രിമാരേയും, ഉദ്യോഗസ്ഥരെയും കണ്ട് തന്റെ പദ്ധതി കുര്യന്‍ വിശദീകരിച്ചുകൊണ്ടിരുന്നു. പ്രോത്സാഹനം  നല്‍കുന്ന നിലപാടുകള്‍ ഏറെ വിരളമായിരുന്നു. എന്നാല്‍, ജന്മനാ വ്യവസ്ഥിതിയോട് റിബലായിരുന്ന കുര്യനെ അവരുടെ എതിര്‍പ്പുകള്‍ കൂടുതല്‍ വാശിയുള്ളവനാക്കുകയായിരുന്നു. നിര്‍ദ്ദിഷ്ട പദ്ധതി നടപ്പിലാക്കാനുള്ള മൂലധനം സംസ്ഥാനങ്ങളില്‍നിന്നു പ്രതീക്ഷിക്കുന്നതിനു പകരം സ്വയം കണ്ടെത്തുകയാണ് ഏകവഴിയെന്ന് കുര്യന്‍ തിരിച്ചറിഞ്ഞു. ആനന്ദ് മാതൃക നടപ്പിലാക്കാനുള്ള മൂലധനം  NDDBയും, സാങ്കേതിക സഹായം കെയ്‌റ സംഘവും സംസ്ഥാനങ്ങള്‍ക്ക് നല്‍കുമെന്ന് കുര്യന്‍ പ്രഖ്യാപിച്ചു. പക്ഷേ കാര്യങ്ങള്‍ എളുപ്പമായിരുന്നില്ല. മൂലധനമായി ആവശ്യമായിരുന്നത് 650 കോടി രൂപയോളമായിരുന്നു. 

ഓര്‍ക്കാപ്പുറത്തെത്തിയ സുവർണാവസരം

താന്‍ വിഭാവനം ചെയ്ത പദ്ധതി രാജ്യമെമ്പാടുമായി നടപ്പിലാക്കാനുള്ള മൂലധനത്തിനായി കുര്യനും സംഘവും  വിഷമിക്കുന്ന സമയത്താണ് ഓര്‍ക്കാപ്പുറത്ത് ഗുണകരമാകുന്ന ചില സംഭവവികാസങ്ങളുണ്ടായത്. 1967-68 കാലത്ത് ആഗോളവിപണിയില്‍ പാലും പാലുല്‍പന്നങ്ങളും നിറഞ്ഞൊഴുകാന്‍ തുടങ്ങി. പാലും, പാല്‍പ്പൊടിയും അധികമായതിനാല്‍ ദ യൂറോപ്യന്‍ ഇക്കണോമിക്  കമ്മീഷന്‍ (EEC) തങ്ങളുടെ അധിക സ്റ്റോക്ക്  കുറഞ്ഞ വിലയിലോ സൗജന്യമായോ ദരിദ്ര രാഷ്ട്രങ്ങള്‍ക്ക് നല്‍കാമെന്ന അറിയിപ്പു നല്‍കി. എന്നാല്‍ സൗജന്യമായി ലഭിക്കുന്ന പാല്‍പ്പൊടിയും, പാലുല്‍പന്നങ്ങളും അത്യന്തികമായി വിപണിക്ക് ഗുണകരമാകില്ലായെന്ന ബോധ്യം കുര്യനുണ്ടായിരുന്നു. സൗജന്യം വാങ്ങിയാല്‍ പിന്നീടത് സ്ഥിരമായി ഇറക്കുമതിയെ  ആശ്രിയിക്കുന്ന അവസ്ഥയിൽ എത്തുമെന്നും ആഭ്യന്തര ഉൽപാദനത്തെ തകര്‍ക്കുമെന്നും കുര്യനറിയാമായിരുന്നു. അമേരിക്കയുടെ PL480 പദ്ധതിയുടെ സഹായം രാജ്യത്തെ കാർഷിക വികസനത്തെ പിന്നോട്ടടിച്ച അനുഭവം കുര്യന്റെ മുൻപിലുണ്ടായിരുന്നു. ഇന്ത്യയിൽ രൂക്ഷമായിക്കൊണ്ടിരുന്ന പാല്‍ക്ഷാമവും പട്ടിണിയും പോഷകാഹാരക്കുറവും കാരണം സര്‍ക്കാര്‍ സൗജന്യമായി ലഭിക്കുന്ന പാല്‍പ്പൊടി വാങ്ങുമെന്നും കുര്യനറിയാമായിരുന്നു.

‘ബില്ല്യണ്‍ ലീറ്റര്‍ ആശയം’ പിറക്കുന്നു

നേരിടുന്ന വെല്ലുവിളിയെ വലിയൊരു അവസരമാക്കാന്‍ കുര്യന്‍ തീരുമാനിച്ചുറച്ചു. സൗജന്യമായി ലഭിക്കുന്ന പാല്‍പ്പൊടി സ്വീകരിക്കാനും അതു പാലാക്കി വിപണിയില്‍ വില്‍പ്പന നടത്താനും  അതുവഴി ലഭിക്കുന്ന പണം NDDBക്ക് നല്‍കാനുമുള്ള ഒരു പദ്ധതി കുര്യന്‍ മുന്നോട്ടുവച്ചു. ഈ പണമായിരിക്കും ആനന്ദ് മാതൃക ഇന്ത്യയിലാകെ വ്യപിപ്പിക്കുന്നതിനുള്ള മൂലധനമായി  NDDB ഉപയോഗിക്കുക. അതുവഴി രാജ്യമെങ്ങും ക്ഷീരകര്‍ഷക സഹകരണസംഘങ്ങളുണ്ടാവുകയും, ക്ഷീരമേഖല വികസനപാതയിലാവുകയും ചെയ്യുമെന്ന ബില്ല്യണ്‍ ലീറ്റര്‍ ആശയം കുര്യന്‍ മുന്‍പോട്ടുവച്ചു. തന്റെ പദ്ധതി വിശദമായി തയാറാക്കി കുര്യന്‍ സര്‍ക്കാരിനു നല്‍കിയെങ്കിലും പതിവുപോലെ ഡല്‍ഹിയിലെ ഉദ്യോഗസ്ഥവൃന്ദങ്ങളുടെ ഫയലുകളിൽ ആശയം കുരുക്കപ്പെട്ടു.

കലുഷിത രാഷ്ട്രീയം, കടുത്ത പാല്‍ക്ഷാമം

ശാസ്ത്രിയുടെ മരണം, ഇന്ദിരാഗാന്ധിയുടെ പ്രധാനമന്ത്രിപദവി, കോണ്‍ഗ്രസിലെ പിളര്‍പ്പ് എന്നിവ മൂലം ദേശീയ രാഷ്ട്രീയം കലുഷിതമായ നാളുകളായിരുന്നു അത്. രാഷ്ട്രീയ പ്രതിസന്ധികള്‍ക്കൊപ്പം ഇന്ത്യയുടെ പാല്‍ക്ഷാമവും രൂക്ഷമായി. മില്‍ക്ക് സ്‌കീമുകളും ക്ഷീരവികസന പദ്ധതികളും അവതാളത്തിലായി. പാലുൽപാദനത്തിലെ വളര്‍ച്ച കേവലം 0.7 ശതമാനം എന്ന നിലയിലെത്തി. 1951 മുതല്‍ 1968 വരെയുള്ള സമയത്ത് പാലുൽപാദനത്തിലെ വളര്‍ച്ച പ്രതിവര്‍ഷം ശരാശരി ഒരു ശതമാനത്തില്‍ താഴെ മാത്രമായിരുന്നു. പ്രതിശീര്‍ഷ പാല്‍ ലഭ്യത. 1950ല്‍ 124 ഗ്രാം ആയിരുന്നത് 114 ഗ്രാമിലേക്ക് താഴ്ന്നു. പോഷണരംഗത്തെ അന്താരാഷ്ട്ര വിദഗ്ധര്‍ പോഷകാഹാരക്കുറവിനെ നേരിടാന്‍ ഇന്ത്യ പാല്‍ ലഭ്യത കൂട്ടണമെന്ന് മുന്നറിയിപ്പ് നല്‍കി. എന്നാൽ, കുര്യന്റെ ബില്ല്യണ്‍ ഡോളര്‍ ആശയം അപ്പോഴും ഫയലുകളിൽ വിശ്രമിക്കുകയായിരുന്നു. 

ഓപ്പറേഷന്‍ ഫ്ലഡിലേക്ക്

വകുപ്പുകളില്‍നിന്ന് വകുപ്പുകളിലേക്ക് സര്‍ക്കാര്‍ പിന്തുണ തേടി നടന്നു പരാജയപ്പെട്ട്  തന്റെ സ്വപ്ന പദ്ധതി ഏകദേശം ഉപേക്ഷിക്കാന്‍ തയാറെടുക്കുകയായിരുന്നു കുര്യന്‍. ആ സമയത്താണ് കേന്ദ്ര ആഭ്യന്തര സെക്രട്ടറിയായിരുന്ന എല്‍.പി. സിങ്ങ് അവിചാരിതമായി ആനന്ദ് സന്ദര്‍ശിക്കാനെത്തുന്നത്. ഡെയറിയുടെ പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടനായ അദ്ദേഹം വഴിയാണ് കുര്യന്റെ പദ്ധതിക്കു വീണ്ടും ജീവന്‍ ലഭിക്കുന്നത്. ഉന്നത ഭരണകേന്ദ്രങ്ങളില്‍ സ്വാധീനമുണ്ടായിരുന്ന സിങ്ങ് മുന്‍കയ്യെടുത്തതിനാല്‍, അന്നത്തെ കാബിനറ്റ് സെക്രട്ടറി ശിവരാമനുമായി കുര്യന് ഒരു കൂടിക്കാഴ്ച തരപ്പെട്ടു. അനൗദ്യോഗികമായി നടന്ന ആ കൂടിക്കാഴ്ചയിലാണ് പദ്ധതി വീണ്ടും ചലിച്ചു തുടങ്ങിയത്. അങ്ങനെ 1969 ഏപ്രില്‍ മാസത്തില്‍ വൈകിയാണെങ്കിലും ഇന്ത്യ ഭക്ഷ്യകാര്‍ഷിക സംഘടന-ലോകഭക്ഷ്യപദ്ധതി  (FAO-WFP) കൗണ്‍സിലില്‍  പദ്ധതി അവതരിപ്പിച്ചു. കുര്യന്റെ പഴുതുകളില്ലാത്ത അവതരണത്തിലൂടെ  WFP-618 എന്ന പേരിലുള്ള പദ്ധതി ഇന്ത്യയ്ക്കു ലഭിച്ചു. കുര്യനാകട്ടെ ഓപ്പറേഷന്‍ ഫ്ലഡ്-1, (OF-1) എന്ന പേരാണ് പദ്ധതിക്ക് നല്‍കിയത്. OF-2 , OF-3 എന്നീ പേരുകളില്‍ 1996-വരെ മൂന്നു ഘട്ടങ്ങളായി പദ്ധതി തുടരുകയും ചെയ്തു. പദ്ധതിയുടെ അദ്യഘട്ടത്തില്‍ ലഭിച്ച പാല്‍പ്പൊടി പാലാക്കി മാറ്റി വില്‍പ്പന നടത്തി ലഭിച്ച 100 കോടി രൂപ NDDB യുടെ മൂലധനമായി. ബറോഡയില്‍ സ്ഥാപിച്ച ഇന്‍ഡ്യന്‍ ഡെയറി കോര്‍പ്പറേഷന്‍ (IDC) വഴിയാണ് ഇന്ത്യ ഈ അന്താരാഷ്ട്ര സഹായം സ്വീകരിച്ചത്. ഡെയറി കോർപ്പറേഷന്റെ തലപ്പത്തും കുര്യന്‍ തന്നെ നിയമിക്കപ്പെട്ടതിനാൽ ചിന്തയിലും പ്രവര്‍ത്തനത്തിലും NDDB - IDC സഖ്യം ഐക്യത്തോടെ പ്രവർത്തിച്ചു.

മാറുന്ന ക്ഷീരമേഖല

ത്രിതല (ഗ്രാമ, ജില്ല, സംസ്ഥാന)  ക്ഷീരസഹകരണസംവിധാനം രാജ്യമെങ്ങും നടപ്പിലാക്കുകയെന്ന കുര്യന്റെ ദൗത്യം ആരംഭിച്ചു. ഉദാഹരണത്തിന് 1973ല്‍ ഗുജറാത്തില്‍ സംസ്ഥാനതലത്തില്‍  GCMMF സ്ഥാപിതമായി. അമുല്‍ ബ്രാന്‍ഡില്‍ ഉല്‍പന്നങ്ങൾ വിപണിയിലെത്തിച്ചു. ആ സമയത്ത് സംസ്ഥാന ഫെഡറേഷന്റെ കീഴില്‍ 17 ജില്ലാ സഹകരണ യൂണിയനുകള്‍ ഉണ്ടായിരുന്നു. കെയ്‌റ സംഘം അതിലൊരു ജില്ലാ യൂണിയനായി മാറി. 17 ജില്ലാ യൂണിയനുകളിലായി 16, 117 ഗ്രാമ സംഘങ്ങളും അവയില്‍ പാലളക്കുന്ന 3.18 ദശലക്ഷം കര്‍ഷകരുമുള്ള പ്രസ്ഥാനമായിരുന്നു അന്ന് GCMMF.

പാല്‍പ്രളയത്തിലേക്ക്

1947  മുതല്‍ 68 വരെയുള്ള രണ്ടു ദശാബ്ദങ്ങള്‍ക്കൊണ്ട് ഇന്ത്യയുടെ പാലുൽപാദനത്തിലുണ്ടായ വർധന 4 മില്ല്യണ്‍ ടണ്‍ മാത്രമായിരുന്നു. 17 MTയില്‍നിന്ന് 21.2 MTയിലേക്കുള്ള നാമമാത്രമായ വളര്‍ച്ച. വളർച്ചാനിരക്ക് പ്രതിവര്‍ഷം ഒരു ശതമാനത്തിൽ താഴെ മാത്രവുമായിരുന്നു.  ഓപ്പറേഷന്‍ ഫ്ലഡിനു ശേഷം, 1970 മുതല്‍ 1996വരെയുള്ള സമയംകൊണ്ട് പാലുൽപാദനം മൂന്നിരട്ടിയായി വർധിച്ചു. 1970ലെ 22 MTയില്‍ നിന്ന് 1996-ലെ 60 MT യിലേക്ക്, 1970ല്‍നിന്ന് 1996ല്‍ എത്തുമ്പോള്‍ പാലിന്റെ പ്രതിശീര്‍ഷ ലഭ്യത 107 ഗ്രാമില്‍ നിന്ന് 196 ഗ്രാമിലെത്തിയിരുന്നു. 2018-19 ല്‍ മൊത്തം പാലുൽപാദനം 187.7 MTയും പ്രതിദിന പ്രതിശീര്‍ഷ ലഭ്യത 394 ഗ്രാമും ആയി കുതിച്ചുയര്‍ന്നു. രാപകൽ അധ്യാനിക്കുന്ന കർഷകനെ സഹകരണത്തിന്റെ പാതയിൽ കൊണ്ടുവന്ന് അവന്റെ വിയർപ്പിനു വില നൽകി നാടിനു മെച്ചപ്പെട്ട പോഷണം നൽകിയപ്പോൾ രാജ്യത്ത് പാൽ പ്രളയമുണ്ടായി. ഓപ്പറേഷൻ ഫ്ലഡിൽ നീന്തിക്കയറിയ  ഭാരതം 2012-13 മുതൽ പാലുൽപാദനത്തില്‍ ലോകത്തിന്റെ നെറുകയിൽ വിരാജിക്കുന്നു.

English summary: World Milk Day

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com