ADVERTISEMENT

റബർ മേഖലയിൽ മഹാമാരി സൃഷ്ടിക്കുന്ന മാറ്റങ്ങളെക്കുറിച്ച് അടുത്ത കാലത്തു നടന്ന വെബിനാർ ശ്രദ്ധേയമായിരുന്നു. റബർ ഉൽപാദകരാജ്യങ്ങളുടെ രാജ്യാന്തര സംഘടനയുടെ മുഖ്യ സാമ്പത്തിക വിദഗ്ധനും  മലയാളിയുമായ ജോം ജേക്കബായിരുന്നു ചർച്ചയ്ക്ക് നേതൃത്വം നൽകിയത്.

നാലു വിധത്തിലാണ് റബർ മേഖലയിൽ കോവിഡ് പ്രത്യാഘാതം സൃഷ്ടിച്ചതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. 

  1. റബർ ഉൽപാദനത്തെയും ഉൽപന്ന നിർമാണത്തെയും ബാധിച്ചു.
  2. അസംസ്കൃതവസ്തുക്കളുടെയും ഉൽപന്നങ്ങളുടെയും വിതരണശൃംഖല തടസപ്പെട്ടു.
  3. റബർ കർഷകരും റബർ വ്യവസായങ്ങളും പണ ഞെരുക്കത്തിലും കടക്കെണിയിലുമായി.
  4. പുത്തൻ സാഹചര്യങ്ങൾക്കനുസരിച്ച് ബിസിനസ് ഉടച്ചുവാർക്കേണ്ടിവരുന്നു.

 പ്രകൃതിദത്ത റബറിന്റെ മുഖ്യ ഉപഭോക്താക്കളായ ചൈനയുടെ മൊത്തം ആഭ്യന്തര ഉൽപാദനം കഴിഞ്ഞ വർഷം  നാലാം പാദത്തിൽ 6 ശതമാനം വളർച്ച നേടിയിരുന്നു. എന്നാൽ, കോവിഡിനെത്തുടർന്ന് ഈ വർഷം ആദ്യപാദത്തിൽ അവരുടെ  ജിഡിപി 6.8 ശതമാനം ചുരുങ്ങിയിരിക്കുകയാണ്. ലോക സമ്പദ്‌വ്യവസ്ഥയിലും ഇതേ  തളർച്ച പ്രകടമാണ്. ഐഎംഎഫിന്റെ കണക്കു പ്രകാരം  ലോകസാമ്പത്തികരംഗം 2020ൽ 3.3 ശതമാനം വളർച്ച നേടേണ്ടതായിരുന്നു. എന്നാൽ, മാറിയ സാഹചര്യത്തിൽ അവർ കണക്ക് പരിഷ്കരിച്ചിട്ടുണ്ട്. പുതുക്കിയ കണക്കനുസരിച്ച് ലോകസാമ്പത്തികവളർച്ച 3 ശതമാനം താഴേക്കാവും. 1929–33 കാലഘട്ടത്തിലെ സാമ്പത്തികമാന്ദ്യത്തിനു ശേഷമുള്ള ഏറ്റവും മോശം സ്ഥിതിയാണിതെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. എന്നാൽ അടുത്ത വർഷം (2021) ലോകമെമ്പാടുമായി 5.8 ശതമാനം സാമ്പത്തികവളർച്ച പ്രതീക്ഷിക്കാമെന്നും ഈ പഠനത്തിലുണ്ട്. ഈ വർഷം തന്നെ  കോവിഡ് നിയന്ത്രണവിധേയമാകുമെന്നും സാമ്പത്തികവളർച്ചയ്ക്ക് ഭരണകൂടങ്ങൾ ഫലപ്രദമായ നടപടികൾ സ്വീകരിക്കുമെന്നുമുള്ള ഊഹത്തിന്റെ അടിസ്ഥാനത്തിലാണ് ഈ കണക്കുകൂട്ടൽ. അത് എത്രമാത്രം യാഥാർഥ്യമാകുമെന്ന് കണ്ടറിയണം – ജോം ജേക്കബ് ചൂണ്ടിക്കാട്ടി.  രാജ്യാന്തരതലത്തിൽ ബഹുതല സഹകരണവും ഏകോപിത നയങ്ങളുമുണ്ടായാലേ ഇതു നടക്കൂ. മോശം ആരോഗ്യ പരിപാലന സംവിധാനങ്ങളുള്ള രാഷ്ട്രങ്ങളെ മറ്റുള്ളവർ സഹായിക്കണം. അതിനുള്ള സാധ്യതയാവട്ടെ വിരളവും. ഏതാനും മാസം മുൻപ് ചൈനയും അമേരിക്കയും തമ്മിലുണ്ടാക്കിയ സാമ്പത്തിക ധാരണപോലും പൊളിയുന്ന സ്ഥിതിയാണ് ഇപ്പോഴുള്ളത്. ധാരണയനുസരിച്ച് ചൈന 2017 ലേക്കാൾ 20,000 കോടി  ഡോളറിന്റെ അമേരിക്കൻ ഉൽപന്നങ്ങൾ വാങ്ങണം.  മാറിയ സാഹചര്യത്തിൽ ചൈന അതിനു സന്നദ്ധമാകാൻ വഴിയില്ല.

കോവിഡ് എത്ര കാലം തുടരുമെന്നും ഇനി എത്രമാത്രം നാശമുണ്ടാക്കുമെന്നും ഏറ്റവും മോശം കാലം കഴിഞ്ഞോയെന്നുമൊക്കെ ആർക്കും നിശ്ചയമില്ലാത്ത സാഹചര്യത്തിൽ കോവിഡ് അനന്തര റബർ വിപണിയുടെ സ്ഥിതി പ്രവചിക്കുക പ്രയാസമാണ്.  അമേരിക്കയും ചൈനയും യൂറോപ്പുമാണ് ലോകമാകെയുള്ള റബർ ഉപഭോഗത്തിന്റെ 57 ശതമാനവും നടത്തുന്നത്. മൂന്നിടങ്ങളെയും കോവിഡ് രൂക്ഷമായി ബാധിക്കുകയും ചെയ്തു. ചൈന സാധാരണ സ്ഥിതിയിലേക്കു മടങ്ങിത്തുടങ്ങിയെങ്കിലും മറ്റ് രണ്ടിടങ്ങളിലും കാര്യങ്ങൾ അത്ര പന്തിയല്ല. ഉപഭോഗത്തിൽ നാലാം സ്ഥാനമുള്ള ഇന്ത്യയിലും കോവിഡ് രൂക്ഷമായി വരികയാണല്ലോ. ചൈനയിലെ റബർ വ്യവസായം പ്രവർത്തനസജ്ജമായതുകൊണ്ടു മാത്രം കാര്യമില്ല. അവരുടെ  റബർ ഉൽപന്നങ്ങളുടെ നല്ലൊരു ശതമാനവും  യൂറോപ്പിലേക്കും അമേരിക്കയിലേക്കുമൊക്കെ കയറ്റുമതി ചെയ്യപ്പെടുകയാണ്. ആ രാജ്യങ്ങളിൽ  സ്ഥിതി സാധാരണഗതിയിലെത്തിയാൽ മാത്രമെ ചൈനീസ് റബർ വ്യവസായത്തിനു പൂർണഉൽപാദനത്തിലേക്ക് നീങ്ങാനാവൂ. 

രാജ്യങ്ങളും വ്യക്തികളുമൊക്കെ ചെലവ് കുറയ്ക്കുന്നതും വിതരണശൃംഖലകളിലെ തടസങ്ങളും കടത്തുകൂലിയിലെ വർധനയുമൊക്കെ റബർ ഉപഭോഗം വർധിക്കുന്നതിനു തടസം തന്നെ. ഈ വർഷം ചൈനയുടെ റബർ ഉപയോഗം 6.1 ശതമാനം കുറയുമെന്നാണ് ഇപ്പോഴത്തെ കണക്കുകൂട്ടൽ. ആകെ റബർ ഉപഭോഗത്തിന്റെ 40 ശതമാനവും നടക്കുന്ന രാജ്യത്ത് ഡിമാൻഡിൽ ആറു ശതമാനത്തിലേറെ ഇടിവുണ്ടാകുന്നത് രാജ്യാന്തരവിപണിയിൽ വലിയ മാറ്റങ്ങളുണ്ടാക്കും. ഉപഭോഗത്തിൽ രണ്ടാം സ്ഥാനത്തുള്ള ഇന്ത്യയിലും 7 ശതമാനം ഡിമാൻഡ് കുറയുമെന്നാണ് വിദഗ്ധരുടെ അനുമാനം. 2020 ന്റെ ആദ്യപകുതിയിലെ ഉപഭോഗത്തിൽ 16 ശതമാനം കുറവാണ് കണക്കാക്കുന്നത്– മാർച്ച് മുതൽ റബർ സംസ്കരണ യൂണിറ്റുകൾ അടഞ്ഞുകിടന്നതിനാൽ 40 ലേറെ പ്രവൃത്തിദിനങ്ങൾ നഷ്ടപ്പെട്ടുകഴിഞ്ഞു. യൂറോപ്യൻ യൂണിയനിൽ 8 ശതമാനവും അമേരിക്കയിൽ 9 ശതമാനവും റബർ ഉപഭോഗം കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്–   ലോകമെമ്പാടുമായി 5.1 ശതമാനം ഇടിവ്.

കോവിഡ് മൂലം റബർ ഉപയോഗം കൂടുന്ന മേഖലകളുമുണ്ട്. ആരോഗ്യമേഖലയിൽ റബർ കൈയുറകൾക്ക് വൻതോതിൽ ആവശ്യം വർധിക്കാൻ മഹാമാരി കാരണമായി. നമ്മുടെ സംസ്ഥാനത്തെ പല കയ്യുറ നിർമാതാക്കളും കയറ്റുമതിയിലൂടെ നേട്ടമുണ്ടാക്കിക്കഴിഞ്ഞു. എന്നാൽ ഈ രംഗത്തും റബറിനു വെല്ലുവിളികളുണ്ട്. നൈട്രൈൽ  കൈയ്യുറകളാണ് വിപണിയിൽ റബർ കൈയ്യുറകളെക്കാൾ പ്രിയം നേടുന്നത്. തന്മൂലം കയ്യുറ വിപണിയുടെ 30 ശതമാനം മാത്രമാണ് പ്രകൃതിദത്ത റബറിനു കിട്ടുക. എങ്കിൽ പോലും കോവിഡ് മൂലം 1,50,000 ടൺ റബർ ഈ വർഷം  കൈയ്യുറനിർമാണത്തിനായി കൂടുതൽ വേണ്ടിവരുമത്രെ.

റബർ ഉപഭോഗം മാത്രമല്ല ഉൽപാദനവും കോവിഡ് മൂലം കുറയുമെന്ന്  കണക്കാക്കുന്നു. ആദായകരമല്ലാത്ത വിലയും ലോക്ഡൗൺ നിയന്ത്രണങ്ങളും ഡിമാൻഡിലുണ്ടായ കുറവുമൊക്കെ ടാപ്പിങ്ങും വിളപരിപാലനവും മന്ദഗതിയിലാക്കും. വിപണിയിൽ ഡിമാൻഡ് ഇല്ലാത്തതു മൂലം പല ബ്ലോക്ക് റബർ ഫാക്ടറികളും ലാറ്റക്സ് സംസ്കരണകേന്ദ്രങ്ങളും അടച്ചുപൂട്ടിലിലാണ്. വ്യാപാരികൾ ചരക്കെടുക്കാൻ മടിക്കുന്നതിനാൽ റബർഷീറ്റുണ്ടാക്കുന്നതിനും കൃഷിക്കാർക്ക് വൈമുഖ്യമുണ്ട്. രോഗനിയന്ത്രണത്തിലുണ്ടാകുന്ന മുന്നേറ്റം, വില, വ്യവസായമേഖലയിലെ ചലനങ്ങൾ എന്നിവയ്ക്ക് അനുസൃതമായിരിക്കും ഇനിയുള്ള നാളുകളിലെ റബർ ഉൽപാദനമെന്ന്  ജോം ജേക്കബ് ചൂണ്ടിക്കാട്ടുന്നു.  എന്നാൽ ഈ മൂന്നു കാര്യങ്ങളിലും അനിശ്ചിതത്വം മാറിയിട്ടില്ല. അതുകൊണ്ടുതന്നെ ഉൽപാദനം സംബന്ധിച്ച് വ്യക്തമായി ഒരു പ്രവചനം പ്രയാസമാണ്. എങ്കിലും നിലവിലുള്ള സ്ഥിതിയനുസരിച്ച് ലോകമെമ്പാടുമായി റബർ ഉൽപാദനത്തിൽ ഈ വർഷം 2.3 ശതമാനം ഇടിവുണ്ടാകുമത്രെ. ഏറ്റവും വലിയ ഉൽപാദന ഇടിവ് പ്രതീക്ഷിക്കുന്നത് മലേഷ്യയിലാണ്– 14  ശതമാനം. ചൈനയിൽ 7.2 ശതമാനവും വിയറ്റ്നാമിൽ 9.9 ശതമാനവും  ഇന്തോനേഷ്യയിൽ 5.3 ശതമാനവും തായ്‌ലൻഡിൽ 0.9 ശതമാനവും ഉൽപാദനക്കുറവ് പ്രതീക്ഷിക്കുമ്പോൾ ഇന്ത്യയിൽ 4 ശതമാനം ഉൽപാദനവർധനയ്ക്കാണത്രെ സാധ്യത!. ആവശ്യകതയും ലഭ്യതയും മാത്രമല്ല ക്രൂഡ് ഓയിൽ വിലയും  ഓഹരിവിപണിയുമൊക്കെ റബറിന്റെ വിലയെ നിയന്ത്രിക്കുന്നുണ്ട്.

English summary: Covid-19 Impact on Natural Rubber Sector

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com