ADVERTISEMENT

പശുവിന് അസുഖം വന്ന് മരണം ഉറപ്പായിട്ടും അതിനെ പരിചരിച്ചു. വാങ്ങാൻ ആളുകൾ വന്നിട്ടും അതിനെ വിറ്റൊഴിവാക്കിയില്ല. കർഷകർ നേരിടുന്ന ബുദ്ധിമുട്ടുകൾ ചൂണ്ടിക്കാട്ടി പി. ആസിഫ് എന്ന യുവാവിന്റെ കുറിപ്പ്.

ഈ അനുഭവക്കുറിപ്പ് എഴുതുന്നത് പ്രയാസത്തോടെയാണ് കാരണം കഴിഞ്ഞ മാർച്ച് രണ്ടാം വാരത്തിൽ 50,000 രൂപ കൊടുത്ത് ഒരു പശുവിനേയും കുട്ടിയേയും വാങ്ങിച്ചിരുന്നു. എനിക്ക് ഓർമവച്ച കാലം മുതൽ വളർത്തു മൃഗങ്ങളെ കണ്ട് വളർന്നതുകൊണ്ടും, അരുമകളോട് ഇഷ്ടമുള്ളതു കൊണ്ടുമാണ് ഇങ്ങിനേ ഒരു തീരുമാനമെടുത്തത് . നമ്മുടെ മൃഗസംരക്ഷണ വകുപ്പ് നിലവിൽ നല്ല ചികിത്സയും മറ്റും നൽകുന്നുണ്ട്. എന്നാൽ, ലോക് ഡൗൺ വന്നതുകൊണ്ട് എനിക്കുണ്ടായ ഒന്നു രണ്ട് അനുഭവങ്ങൾ പങ്കുവയ്ക്കുന്നു.

പശുക്കളെ വാങ്ങിച്ചു കഴിഞ്ഞ് ഇൻഷുർ ചെയ്യാൻ വേണ്ടി ഡോക്ടർ വീട്ടിലേക്കു വന്നിരുന്നു. ഫോട്ടോയും മറ്റും എടുത്തു. ഇൻഷുർ തുക അടയ്ക്കാനുള്ള സമയം ആയാൽ വിളിക്കും അപ്പോൾ എങ്ങിനായാലും (ഓൺലൈൻ/ഓഫ്‌ലെൻ) വന്ന് അടയ്ക്കണം എന്നു പറഞ്ഞ് സാർ മടങ്ങി. പിറ്റേ ദിവസം ജനതാ കർഫ്യൂ, അങ്ങിനേ കോവിഡ് കാരണം ലോക് ഡൗൺ തുടങ്ങി. അതുകൊണ്ടുതന്നേ പ്രീമിയം അടയ്ക്കാനുള്ള സൗകര്യവും മറ്റും കിട്ടിയില്ല.

പശുവും കിടാവും നിലവിൽ നല്ല രീതിയിൽ ആരോഗ്യത്തോടെ കണ്ടപ്പോൾ സ്വാഭാവികമായും ലോക് ഡൗൺ കഴിഞ്ഞ് പ്രീമിയം അടയ്ക്കാമെന്നു കരുതി. മേയിൽ കിടാവിന്ന് പനി വന്ന് ഡോക്ടറുടെ നിർദ്ദേശപ്രകാരം മരുന്നു കൊടുത്ത് മാറി. എന്നാൽ, അടുത്ത ദിവസത്തിൽ തന്നേ പശുവിന്നും വയ്യാതായി. ഡോക്ടർ സാധാരണ തരുന്ന മരുന്ന് കൊടുത്തു, മാറിയില്ല. ഡോക്ടറെ വിളിച്ച് കാര്യം പറഞ്ഞു. ഒഴിവ് ദിവസമായിട്ടും, ലോക് ഡൗൺ ആയിട്ടുപോലും വിളിച്ചപ്പോൾ ഓടിവന്ന് പശുവിനേ പരിശോധിച്ചു. സാർ പറഞ്ഞു സ്ലൈഡ് വേണം. ഈ നേരത്ത് എവിടെ കിട്ടും, എല്ലാം പ്രതികൂലം. തൊട്ടടുത്ത ക്ലിനിക്കിലേക്ക് ഓടി. അവർ പറഞ്ഞു ഞങ്ങൾ ഫാർമസിസ്റ്റുകളാണ്, ഞങ്ങൾക്കു തരാൻ കഴിയില്ല. നിങ്ങൾ സർജിക്കൽ മെഡിസിൻ ഉള്ള സ്ഥലത്ത് പോണം. ഇവിടെ ലാബിലെ ആവശ്യത്തിനു മാത്രമേയുള്ളൂ. എന്നാൽ എന്ത് വന്നാലും സ്ലൈഡ് കൊണ്ടേ പോകൂ എന്ന മാനസികാവസ്ഥയിൽ ഞാനും. അവസാനം അവർ 25 രൂപയ്ക്ക് സ്ലൈഡ് തന്നു രണ്ടെണ്ണം. 

വൈകീട്ട് വീട്ടിൽ എത്തി വെറ്ററിനറി ഡോക്ടർ സാമ്പിൾ എടുത്തുതന്ന് പറഞ്ഞ് നാളെ ജില്ലാ വെറ്ററിനറി ആശുപത്രിയിൽ പോകണം റിസൾട്ട് കിട്ടിയിട്ട് പറയാം എന്നു പറഞ്ഞ് മടങ്ങി. പിറ്റേ ദിവസം ജില്ലാ ഹോസ്പിറ്റലിൽ പോയി തലേ ദിവസം സ്ലൈഡ് കിട്ടാനുള്ള പ്രയാസം മനസിലാക്കിയതുകൊണ്ട് മലപ്പുറത്തേ സർജിക്കൽ ഷോപ്പുകളിൽ കയറി, കിട്ടിയില്ല. കുറേ അന്വേഷിച്ചു. അവസാനം Diagnosis പാർട്ട്സ് കിട്ടുന് ഷോപ്പ് കണ്ടെത്തി. അവിടുന്ന് ഒരു പാക്കറ്റ് സ്ലൈഡ് (50 എണ്ണം 70 രൂപയ്ക്ക് ) പഞ്ചായത്തിലെ വെറ്ററിനറി  ആശുപത്രിയിലേക്കു വാങ്ങിച്ച് മടങ്ങി .

സാംപിൾ പരിശോധിച്ചപ്പോൾ ഡൈലേറിയ (dileria) എന്ന് പറഞ്ഞു. പിറ്റേ ദിവസം സാർ പറഞ്ഞു രക്തത്തിൽ നല്ലോണം അണുക്കളുണ്ട് ഇൻജക്ഷൻ എടുക്കണം, എന്നാലും മാറുമെന്ന് ഉറപ്പില്ല എന്ന ഭാവത്തിലാണ് വാങ്ങിക്കേണ്ട മരുന്നുകൾ പറഞ്ഞു തരുന്നത്. സാർ പറഞ്ഞു, ഒരുപാട് കാശ് ആകും എന്താ ചെയ്യേണ്ടത്. അന്നേരം ഞാൻ പറഞ്ഞു നമുക്ക് ചികിത്സിക്കാം ബാക്കി പിന്നീട്. Zubaine 1250 രണ്ട് എണ്ണം, WRC, മറ്റു മരുന്നുകളും വാങ്ങിച്ച് മടങ്ങി. വീട്ടിലെത്തിയപ്പോൾ പശുവിനെ വാങ്ങാൻ ആളുകൾ എത്തിയിരിക്കുന്നു.

ഞാൻ ചിന്തിച്ചു ഈ കാര്യങ്ങൾ ആരും അറിഞ്ഞിട്ടില്ല. പിന്നേ അല്ലേ വിൽപന എന്തിന് ഇവർ വന്നു. 60,000 വരെ വില പറഞ്ഞ കച്ചവടക്കാരുണ്ട്. മരുന്നു കണ്ടപ്പോൾ വിൽക്കാനുള്ള തീരുമാനം വന്നാൽ വിളിക്ക് എന്ന് പറഞ്ഞ് ചിലർ മടങ്ങി. തൊട്ടടുത്ത ദിവസം മറ്റു ചിലർ വന്നു. കൊടുക്കില്ല എന്ന് അറിഞ്ഞതുകൊണ്ടാവാം ഇതിനേ കിട്ടുന്ന വിലയ്ക്ക് കൊടുത്ത് തടിയൂരിക്കോളൂ അസുഖമുള്ള പശുവാ ഇത് രക്ഷപെടില്ല, ഞങ്ങൾ ഇതിനെ അറുത്ത് വിറ്റോളാം എന്നു പറഞ്ഞ് മടങ്ങി. മറ്റു ചിലർ വയർ വീർത്തിരിക്കുന്നു ഇതു ബാക്കിയാകില്ല എന്ന് പറഞ്ഞ് ഉമ്മച്ചീനേ പേടിപ്പിച്ചു. 

വീട്ടുകാർ പറഞ്ഞു കൊടുത്താലോ? അന്നേരം അവരെ കാര്യങ്ങൾ പറഞ്ഞ് മനസിലാക്കി. പശു ഗർഭിണിയാണ്, പിന്നേ അസുഖവും, ഇതിനേ അവർ കൊണ്ടുപോയാൽ ഏതെങ്കിലും ആൾക്കാർക്ക് ഇറച്ചിയായി വിൽക്കും. കൊടുത്ത നമ്മളും അവരും സേഫ് ആകും. നമുക്ക് വരുമാനം കിട്ടും അതുപോലെ അവർക്കും, അതുകൊണ്ട് എല്ലാം തീർന്നോ ഉമ്മാ? എന്ന് ഞാൻ ചോദിച്ചു. തൽക്കാലം അസുഖങ്ങൾ മാറട്ടേ എന്നിട്ട് ചിന്തിക്കാം എന്ന് ഉമ്മനോട് ഞാൻ പറഞ്ഞു മനസിലാക്കി. മെഡിസിനോട് പ്രതികരിച്ചു തുടങ്ങി കുറച്ച് അസുഖങ്ങൾ മാറിത്തുടങ്ങി. എങ്കിലും മുമ്പ് വന്നിരുന്ന കച്ചവടക്കാർ വീണ്ടും വന്ന് പഴയ വില പറഞ്ഞില്ല, നിങ്ങൾക്ക് കിട്ടിയത് ലാഭം. കൊടുക്കുന്നോ എന്നു ചോദിച്ച്? ഇതിന്റെ ലാഭവും നഷ്ടവും ഞാൻ സഹിച്ചോളാം നിങ്ങൾ വിട്ടോളിം എന്ന് ഞാൻ പറഞ്ഞു. അവര് മടങ്ങി .

ഡോക്ടറോട് കഴിഞ്ഞ ദിവസം പ്രീമിയം അടയ്ക്കുന്ന കാര്യം പറഞ്ഞപ്പോൾ അദ്ദേഹം പറഞ്ഞു കുറച്ച് ദിവസം കഴിയട്ടേ എന്ന്. മാർച്ചിൽ എല്ലാ ഫോട്ടോയും, ടാഗ് , മറ്റു നടപടികൾ തീർത്ത് മടങ്ങിയതാ എന്നിട്ടെന്താ ഇങ്ങനേ എന്ന് ഞാൻ ചിന്തിച്ചു.

അങ്ങിനേ എന്റെ പശു ഇന്നു രാവിലെ, പതിവിലും നല്ല രീതിയിൽ പുല്ല്, വെള്ളം എല്ലാം കഴിച്ചു. ഉച്ചയ്ക്കു ശേഷം പുല്ല് തിന്നാൻ വേണ്ടി തൊടിയിലേക്ക് കൊണ്ടുപോകും വഴി കിടന്നു. വൈകീട്ട് ആള് പോയി. എന്ത് ചെയ്യാൻ! വിധി! എന്നിട്ടും ചാവുന്നതിന് 10 മിനുട്ട് മുമ്പ് ചിലർ വന്നിരുന്നു പശുവിനെ വാങ്ങാൻ. ലോക് ഡൗൺ ആയതുകൊണ്ട് ഏത് ഇറച്ചിയും നല്ല വിലയ്ക്ക് വിൽക്കാമെത്രേ. എന്താ ല്ലേ!

വിവരം അറിഞ്ഞ സുഹൃത്തുകൾ കുഴിച്ച് മൂടാൻ വരാം എന്നു പറഞ്ഞ് വിളിച്ചു. കൂലി വേണ്ട പകരം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തുക കഴിയുന്നത് തന്നാ മതിയെന്ന് പറഞ്ഞു. ഈ രാത്രിയിൽ അവർക്ക് പ്രയാസമാകുമല്ലോ എന്നോർത്ത് ജെസിബി വിളിച്ച് പെട്ടന്ന് കാര്യങ്ങൾ ചെയ്തു.

ഇങ്ങിനുള്ള സന്ദർഭങ്ങളിൽ പാവപെട്ട കർഷകർ എന്ത് ചെയ്യും?  എങ്ങിനേ ചിന്തിച്ചാലും ഒരു വശത്ത് കിടാങ്ങളോടുള്ള സ്നേഹം, സാമൂഹ്യ നന്മ, ധാർമികത. മറ്റേ വശത്ത് സാമ്പത്തിക നഷ്ടം. എന്തു ചെയ്യും?

എല്ലാവരോടും ഒരു കാര്യമേ പറയാനുള്ളൂ. കർഷകർ നിർബന്ധമായും പശുക്കളേ വാങ്ങിച്ചാൽ ഇൻഷുർ ചെയ്യലുമായി ബന്ധപ്പെട്ട എല്ലാ നടപടികളും പൂർത്തിയാക്കുക. എന്തായാലും ഞാൻ ആദ്യം പറഞ്ഞ മൃഗ സ്നേഹം, സാമൂഹ്യ നന്മ, ധാർമികത എന്നതിന് വില കൊടുത്തു. കോവിഡ് കഴിഞ്ഞാ ഇനിയും സമയമുണ്ടല്ലോ എല്ലാം തിരിച്ചു പിടിക്കാൻ.

English summary: Problems of a Dairy Farmer

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com